വളർത്തുന്ന വായന
***********************
"വായിച്ചാൽ വളരും" എന്ന വാക്യം കേൾക്കാത്തവർ വിരളം ആയിരിക്കും. എന്തിനാണ് വായിക്കുന്നത് ? എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളിൽ പ്രധാനവും ഇതാണ്; "വളരാൻ വേണ്ടി". ശെരിക്കും വായിച്ചാൽ വളരുമോ? വായിച്ചവരൊക്കെയും വളർന്നിട്ടുണ്ടോ? വായിക്കാതിരുന്നവർ ആരും വളർന്നിട്ടില്ലേ?........!
ട്രെയിൻ യാത്രകളിലും പാർക്കുകളിലും പാതയോരങ്ങളിലുമെല്ലാം പുസ്തകങ്ങളിൽ മുഖം കുത്തിയിരിക്കുന്ന ഒരുപാട് പേരെ നാം കാണാറുണ്ട്. തൊട്ടടുത്ത് ഇരിക്കുന്നവരുടെ മുഖത്തേക്ക് ഒന്ന് നോക്കാനോ, പുഞ്ചിരിക്കാനോ, നല്ല സഹയാത്രികനാവാനോ ശ്രമിക്കുന്ന എത്ര വായനക്കാരെ നാം കണ്ടിട്ടുണ്ടെന്നത് നാം ചിന്തിക്കേണ്ട വിഷയമാണ്. സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെ തണുപ്പൻ മട്ടിൽ പ്രതികരിക്കുന്ന അസ്വാരസ്യമെന്നോണം ചുറ്റുപാടിനെ വീക്ഷിക്കുന്ന മുഖങ്ങൾ കണ്ടവരുണ്ടാവാം. ഇത്തരം പ്രതികരണങ്ങൾക്ക് 'വളർച്ച'യുടെ പരിവേഷം നൽകാൻ മൂല്യബോധമുള്ള ആർക്കും സാധിക്കില്ലെന്ന് തോന്നുന്നു. ഇതാണോ വായനക്കാരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.
വായിച്ചാൽ വളർച്ച സുനിശ്ചിതമാണോ എന്ന് ചിന്തിക്കുന്ന നേരത്താണ് Stephan Daldry സംവിധാനം ചെയ്ത 'THE READER' എന്ന ചലച്ചിത്രം ഓർമ വരുന്നത്. അതിലെ നായിക Hanna Schmitz നിരക്ഷരയായ ഒരു സ്ത്രീയാണ്. എങ്കിലും സാഹിത്യ കൃതികൾ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന, സാകൂതം ശ്രവിക്കുന്ന പുസ്തക പ്രേമികൂടിയാണ് Hanna. ഈ അഭിവാജ്ഞ അവരെ എത്രത്തോളം വളർത്തിയിട്ടുണ്ടന്ന് കഥാഗതി മുന്നോട്ട് പോവുമ്പോഴാണ് മനസ്സിലാവുക. നാസി ജർമനിയിൽ ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയുടെ ഏടിന് കൂട്ടുനിന്ന ഒരാളായി ആ സ്ത്രീ മാറുകയാണ്.
വായിക്കുന്ന 'എല്ലാവരും' വളരുന്നില്ല എന്ന് നാം കണ്ടു. അപ്പോൾ ' വളർത്തുന്ന' വായന എതാണ്? ഇവിടെയാണ് 'إقرأ' ന്റെ പൊരുൾ അനാവൃതമാവുന്നത്. പ്രവാചകൻ മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങൾക്ക് ആദ്യ വഹ് യായി അവതരിച്ചത് ഉൽബുദ്ധതയുടെ ആ ഫോർമുലയാണ്. 'നിന്നെ സൃഷ്ടിച്ച (അല്ലാഹു ) രക്ഷിതാവിന്റെ നാമത്തിൽ വായിക്ക്!' ആ വായനയാണ് വളർത്തുന്ന വായന എന്ന് സൃഷ്ടാവായ റബ്ബ് തന്നെ നമ്മെ പഠിപ്പിക്കുകയാണ്.
നാഥന്റെ നാമത്തിന്റെ തുടങ്ങാൻ കഴിയുന്നതേ ഉപകാരപ്പെടുന്ന വായനയാവൂ എന്ന ധ്വനിയും ഇതിലുണ്ട്. പിന്നീട് നമ്മുടെ ചിന്തയെ തേടുകയാണ് തുടർന്നുള്ള ആയത്തുകളിൽ [ രക്തക്കട്ടയിൽ നിന്നും മനുഷ്യരെ സൃഷ്ടിച്ചവൻ..] കേവല വായനക്കപ്പുറം വിശാലമായ ചിന്താ മണ്ഡലം അനിവാര്യമാണ്. എങ്കിലേ വായന ഫലപ്രദമാവുന്നുള്ളു.' വായിച്ചതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുകയല്ല, അതിന്റെ വാസ്തവം അറിഞ്ഞ് കൊണ്ടാകണം വായിക്കേണ്ടത് '. പരിശുദ്ധ ഖുർആനും തിരുഹദീസുകളും പോലെ കുറ്റമറ്റതല്ല മാനുഷികത ചേരുന്ന എഴുത്തുകൾ എന്നോർമ്മ വേണം.
"Every Art is political" എന്നൊരു പ്രശസ്ത വാക്യമുണ്ട്.അത് പോലെ 'every literature is political'
എന്ന് പറഞ്ഞാലും അത് തെറ്റാവില്ല.കാരണം ഓരോ പുസ്തകത്തിൻ്റെ പിന്നിലും പ്രത്യേകമായ അജണ്ടകൾ ഉണ്ട്. പ്രസാധകർക്ക്,എഴുത്തുകാർക്ക്,പ്രചാരകർക്കുൾപ്പെടെ പല ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതിന് പിന്നിലുണ്ട്.ആദ്യ കണ്ണിൽ അത് തിരിച്ചറിയലാണ് നല്ല വായനയുടെ അടയാളം. 'വില്ല്യം ഷേക്സ്പിയറു'ടെ 'Merchant of Venice' എന്ന പുസ്തകം അറിയാത്തവർ അപൂർവമായിരിക്കും. കേവലം ഒരു പ്രണയകഥ എന്നാണ് അതേ കുറിച്ച് പറയാനുള്ളതെങ്കിൽ വായന ഇനിയും വളരേണ്ടിയിരിക്കുന്നു. പ്രണയകഥ എന്നതിനപ്പുറം രാഷ്ട്രീയമായ ഒരു അടര് ആ പുസ്തകത്തിനുണ്ട്. അതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ 'ഷയ്ലോക്ക് ' പിശുക്കനും പരുക്കനുമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഷയ്ലോക് ഒരു ജൂതനാണ്. ഇങ്ങനെ ഒരു കഥാപാത്രമാവാൻ എന്ത് കൊണ്ട് ഷയ്ലോക്ക് ? എന്ന് ചിന്തിക്കുമ്പോഴാണ് എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യം അറിയൽ ആവശ്യമായി വരുന്നത്. Anti-Semitism എന്ന കൊടിയ വിഷത്തിലേക്കാണ് അവയുടെ പേരുകൾ ചെന്നെത്തുന്നത് എന്ന് കാണാനാവും. ഇരുണ്ട പല ചരിത്രാധ്യായങ്ങളും കുത്തിക്കോറിയിട്ട അതിന്റെ ഇന്നലകളും ഇന്നുകളും നാളെകളും കാണുമ്പോഴാണ് വായന പൂർത്തിയാകാനടുക്കുന്നത്.
ഇന്ന് ഒരുപാട് വായിക്കപ്പെടുന്ന സെൽഫ് ഹെൽപ് പുസ്തകങ്ങൾ പോലും സൂക്ഷ്മ വായന തേടുന്നുണ്ട്. മോട്ടിവേഷണൽ സ്റ്റോറി കൾക്കും സെൻ കഥകൾക്കും പിന്നിൽ പോലും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് ഓരോ പുസ്തകത്തിന്റെയും സ്വത്വം നാം മനസ്സിലാക്കിയിരിക്കണം. ഉദാഹരണമായി വളരെ പ്രശസ്തമായ ഒരു പുസ്തകമാണ് 'റോബിൻ ശർമ'യുടെ 'The monk who sold his Ferrari ' എന്നത് . ഇവാഞ്ചലിക് ചർച്ചുകളുടെ മൂല്യങ്ങളും ലോക വീക്ഷണവും പ്രോപഗേറ്റ് ചെയ്യലാണ് അന്തരോദ്ദ്യശ്യമെന്ന് നാം അറിഞ്ഞിരിക്കണം.
ഇസ്ലാമിനെ വികലമായവതരിപ്പിക്കുന്ന, ഉള്ളറകളിൽ ഇസ്ലാം ഭീതി ഒളിപ്പിച്ചുവെച്ച എത്രയെത്ര പുസ്തകങ്ങൾ ! അതൊക്കെയും ജാഗ്രതയോടെ നാം സമീപിക്കണം. ഏതെങ്കിലും പ്രശസ്ത സാഹിത്യകാരൻ ഉദ്ധരിച്ചു എന്നതുകൊണ്ട് ആ ഭാഗം ഹൈലൈറ്റ് ചെയ്തു സ്റ്റാറ്റസ് വെക്കും മുമ്പ് ഉദ്ദരണിയുടെ കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. ആരു പറഞ്ഞു, എന്നത് എല്ലാം ശരിയാവാൻ മാനദണ്ഡമല്ല.കാര്യം ശരിയാവണം എന്നതാണ് മുഖ്യം. കിട്ടിയതെന്തും വായിക്കലുമല്ല, എഴുത്തുകാരനെ മനസ്സിലാക്കി, എഴുത്തിന്റെ ഉദ്ദേശം മനസ്സിലാക്കി, സ്വന്തത്തിനു വേണ്ടത് എന്തെന്ന് തിരിച്ചറിഞ്ഞു വേണം വായിക്കാൻ . പലരും പുസ്തകങ്ങളുടെ ആമുഖവും അവതാരികയും ഒക്കെ വായിക്കാതെ വിടുന്നത് കാണാറുണ്ട്. അവിടെയാണ് എഴുത്തുകാരന്റെ ആത്മാവ് കൂടിയിരിക്കുന്നത് എന്ന് മറന്നു പോവരുത്.
വായന നമുക്ക് അറിവ് തരുന്നു എന്നതിലുപരി തിരിച്ചറിവുകൾക്ക് വഴിയൊരുക്കുന്നു എന്നതാണ്. ചരിത്രം പോലും പൂരിപ്പിക്കാൻ വിട്ട കളങ്ങൾ നിറക്കാൻ നോവലുകൾക്ക് കഴിഞ്ഞേക്കും . ടൈംപാസിനോ കേവല വായനക്കോ അവ കാണിച്ചു തരാൻ കഴിയില്ല എന്ന് മാത്രമല്ല അത്തരം നോവൽ വായനകൾ വ്യർത്ഥമാണെന്ന് പോലും തോന്നുന്നു.
മാധ്യമങ്ങൾ മാറിയെങ്കിലും മനുഷ്യൻറെ വായനാശീലം മാറുന്നില്ല എന്നാണ് ഡിജിറ്റൽ വായനകൾ കാട്ടിത്തരുന്നത്. മരത്തിൻറെ പൾപ്പിൽ നിന്ന് നിർമ്മിക്കപ്പെടുന്ന പേപ്പറുകൾ സ്പർശിച്ചു വായിക്കണം; അതിൽ ജൈവികതയുണ്ടെന്നൊക്കെയുള്ള അതികാല്പനിക വാദങ്ങൾ പോയത്തമെന്നല്ലാതെ എന്ത് പറയാൻ! മാധ്യമം ഏതായാലും വായന മരിക്കുന്നില്ല എന്നതാണ് പ്രധാനം.
കണ്ണുകൾക്ക് ചുറ്റുപാടിനെ വായിക്കാനാവണം,കാതുകൾക്കുണ്ട് വായന , സാന്ത്വന സ്പർശനങ്ങൾക്ക് പിന്നിൽ പോലും നോവിന്റെ ഹൃദയ വായനയുണ്ടെന്നതാണ്. 'നെപ്പോളിയൻ ബോണപ്പാർട്ട് ' പറഞ്ഞിട്ടുണ്ട്:വായിക്കുന്ന ഒരു കുടുംബത്തെ നിങ്ങളെനിക്ക് കാണിച്ചു തരൂ, ലോകത്തെ ചലിപ്പിക്കുന്നത് ആരാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.
അതൊക്കെ ഒരുപാട് ഘടകങ്ങൾ ചേർന്ന് സംഭവിക്കുന്നതാണെങ്കിലും പുസ്തകങ്ങളുടെ പങ്കും നിസ്തുലമാണ്.യുദ്ധവേളകളിൽ,വിവേചനങ്ങൾക്കെതിരെ,പ്രതിസന്ധികളിൽ,ഏകാന്ത തളങ്ങളിൽ,അങ്ങനെ പുസ്തകങ്ങൾ കൂട്ടിനെത്തിയ,വഴികാട്ടിയ വേളകളനവധിയാണ്.എന്നിട്ടും വായിക്കുന്നവർ എന്നും ന്യൂനത പക്ഷമാകുന്നതെന്തേ? എന്ന ചോദ്യം പ്രസക്തമാണ്.
വായന മറ്റു പ്രവർത്തികൾ പോലെ ഉൾക്കൊള്ളാൻ എളുപ്പമല്ല
എന്നത് തന്നെ കാരണം. ധിഷണയേയും ബൗദ്ധിക ശേഷിയെയും അത് തേടുന്നുണ്ട്. സിനിമ കാണും പോലെ ആർക്കും ഉൾകൊള്ളാവുന്നതല്ല textual വായന എന്നത് . പ്രതീകാത്മകമായ അക്ഷരങ്ങളെ ഡീകോഡ് ചെയ്യുക എന്നത് ധിഷണയെ അനിവാര്യമാക്കുന്നു.ഭാവനയുടെ വിസ്ഫോടനം സംഭവിക്കുന്നതിനാൽ തന്നെ വായന ബൗദ്ധിക ശേഷിയെ വളർത്തുന്നു എന്ന് പഠനങ്ങൾ പറയുന്നു.
എന്തുതന്നെയായാലും നല്ല വായനാശീലം വളർത്തിയെടുക്കാൻ,വായനയെ വളർത്തുന്നതാക്കാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഉപസംഹരിക്കുന്നു.
"A reader lives a
thousand lives
before he dies
The man who never reads
lives only one.
-George R.R Martin
Swaliha M
STEA Maniyoor

0 Comments