ഇതര മതാഘോഷങ്ങൾ:

 ഇസ്ലാമിക നിലപാട്




 ആധുനിക ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മുസ്ലിം അഭിമുഖീകരിക്കുന്ന ഒരു സുപ്രധാന  പരമായ വെല്ലുവിളിയാണ്  ഇതര മതസ്ഥരുമായുള്ള സഹവർത്തനവും അവരോടുള്ള ഇടപെടലുകളും. ഇതര മതസ്ഥരുമായുള്ള ഇടപടലുകൾ കൂടാതെ ജീവിക്കാൻ ഈ യുഗത്തിൽ മനുഷ്യരാശിക്ക് അസാധ്യമാണ്. എല്ലാ മേഖലകളിലും സഹവർത്തിത്വം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. എന്നാൽ ഒരു മുസ്ലിം മറ്റു മതസ്ഥരോടുള്ള ഇടപടലുകളിൽ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കൽ അനിവാര്യമാണ്.


   ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ചാവിഷയമായി ഒന്നാണ് ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് സന്തോഷം പങ്കുവെക്കുന്നതും ആശംസകൾ അർപ്പിക്കുന്നതും .മതാതീ മായ പൊതു ഇടങ്ങളിൽ സ്നേഹബന്ധങ്ങൾ പലപ്പോഴും വിശ്വാസികളെ ഒഴിച്ചു   കൂടാനാവാത്ത അവസരം ഒരുക്കുന്നു. നമ്മുടെ സമൂഹത്തിൽ ഓണം, ക്രിസ്തുമസ്,വിഷു തുടങ്ങിയ ആഘോഷങ്ങളുടെ പേരിൽ മത ആഘോഷങ്ങൾ ആണെങ്കിലും  പ്രയോഗത്തിൽ അതത് മത സമൂഹങ്ങളുടെ പരിമിതികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. പുതിയ ജനാധിപത്യ ഘടനയിൽ ഇത്തരം അവസരങ്ങളിൽ മനുഷ്യ രാശിക്ക് മുമ്പിൽ രണ്ട് നിലപാടുകൾ ആണ് പൊതുവായി കടന്നുവരുന്നത്. ഒന്നുങ്കിൽ സെക്യുലർ സമൂഹത്തിന്റേത് പോലെ ആഘോഷങ്ങൾകിടയിൽ വേർതിരിവ് ഇല്ലാത്ത ആഘോഷങ്ങളും ബന്ധം പുതുക്കാനും സന്തോഷം പങ്കിടാനുമുള്ള അവസരം എന്ന നിലയിൽ പൂർണമായും പങ്കു ചേരുക. അല്ലെങ്കിൽ ഇത്തരം സന്ദർഭത്തിൽ നിന്നും പൂർണമായി വിട്ട് നിൽക്കുക.


     എന്നിരുന്നാലും ഇസ്ലാമിക വൃത്താകൃതിയിൽ ജീവിക്കുന്ന മുസ്ലിം ജനങ്ങൾ നേരിടുന്ന ചോദ്യമാണ് മുസ്‌ലിമായ മനുഷ്യൻ തന്റെ ചുറ്റുമുള്ള അമുസ്‌ലിംകളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നുള്ളത് .അവരോടുള്ള പെരുമാറ്റത്തിലും ഇടപെടലിലും ഇസ്‌ലാം നിശ്ചയിക്കുന്ന പരിമിതിയും പരിധിയും എന്തെല്ലാമാണ് ?  അമുസ്‌ലിംകളോട് ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നിലപാട് അമുസ്‌ലിമിന്റെ മുസ്‌ലിമിനോടുള്ള നിലപാടിനെ അടിസ്ഥാനമാക്കിയാണ് എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.


      അമുസ്‌ലിംകൾ അവരുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ടു വിഭാഗമാണെന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു:

لا يَنْهاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (8) إِنَّما يَنْهاكُمُ اللَّهُ عَنِ الَّذِينَ قاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيارِكُمْ وَظاهَرُوا عَلى إِخْراجِكُمْ أَنْ تَوَلَّوْهُمْ وَمَنْ يَتَوَلَّهُمْ فَأُولئِكَ هُمُ الظَّالِمُونَ (9)  سورة الممتحنة 8-9

മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വസതികളിൽ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നിങ്ങൾ നന്മയിലും നീതിയിലും വർത്തിക്കുന്നത് അല്ലാഹു നിങ്ങൾക്ക് വിലക്കുകയില്ല. നിശ്ചയം, അല്ലാഹു നീതി നിഷ്ഠയുള്ളവരെ ഇഷ്ടപ്പെടുന്നു. ദീനിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും, നിങ്ങളെ സ്വഭവനങ്ങളിൽ നിന്ന് ആട്ടിയോടിക്കുന്നതിൽ പരസ്പരം സഹായിക്കുകയും ചെയ്ത ജനങ്ങളോട് മൈത്രി പുലർത്തുന്നതിൽ നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലർത്തുന്നവർ അതിക്രമകാരികൾ തന്നെയാകുന്നു”.


മുസ്‌ലിം സമൂഹത്തോട് നല്ല രൂപത്തിൽ വർത്തിക്കുന്നവരെയും വിദ്വേഷം പുലർത്തുന്നവരെയും ഖുർആൻ വിവിധ തലത്തിൽ നിന്നാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. രണ്ട് വിഭാഗത്തോടും ഒരേ നിലപാട് സ്വീകരിക്കുക എന്നത് ബുദ്ധി ശൂന്യവും അചിന്തനീയവുമാണ്. മുസ്‌ലിംകളോട് നന്മയിൽ വർത്തിക്കുന്ന വിഭാഗത്തോട് നീതി പുലർത്താനും ഉദാരമായി പെറുമാറാനും മേൽ പറഞ്ഞ സൂക്തം നിർദ്ദേശിക്കുന്നു. ഈ ആശയം അവതരിപ്പിക്കാൻ ഖുർആൻ ഉപയോഗിച്ച പദാവലികൾ ഖിസ്ത്വ് , ബിർറ് എന്നിവയാണ്. ഖിസ്ത്വ് എന്നാൽ നീതി, ബിർറ് എന്നാൽ നന്മ, ഔദാര്യം എന്നൊക്കെയാണ് ഉദ്ദേശിക്കപ്പെടുന്നത്. ആദാന പ്രദാന മേഖലയിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. ലഭിക്കുക എന്ന രൂപേണയാണ് ഇവ ഉപയോഗിക്കപ്പെടുന്നതെങ്കിൽ ഖിസ്ത്വ് എന്നാൽ ഒരാൾക്ക് അയാൾ അവകാശപ്പെട്ടത് ലഭിക്കുക എന്നും ബിർറ് എന്നാൽ ഒരാൾ തനിക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങളിൽ നിന്നും സ്വയം പിൻവാങ്ങുക എന്നുമാകുന്നു വിവക്ഷ. ഇനി, നൽകുക എന്ന നിലക്കാണ് ഇവ ഉപയോഗിക്കപ്പെടുന്നത് എങ്കിൽ ഖിസ്ത്വ് എന്നതിന്റെ വിവക്ഷ ഒരാൾക്ക് അയാളുടെ അവകാശം ഒട്ടും കുറയാതെ കൊടുക്കുക എന്നും ബിർറ് എന്നതിന്റെ ഉദ്ദേശ്യം നന്മയുടെയും ഔദാര്യത്തിന്റെയും ഭാഗമായി ഒരാൾക്ക് അയാൾ അർഹിക്കുന്നതിനേക്കാൾ കൂടുതൽ നൽകുക എന്നുമാകുന്നു.

മുസ്‌ലിംകളോട് ശത്രുത പുലർത്തുകയും അവരോട് യുദ്ധം നടത്തുകയും ചെയ്യുന്നവരാണ് അമുസ്‌ലിംകളിലെ രണ്ടാമത്തെ വിഭാഗം. മുസ്‌ലിംകളെ അവർ സ്വഭവനങ്ങളിൽ നിന്ന് അന്യായമായി ആട്ടിപ്പുറത്താക്കുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികൾ നബി(സ) യോടും സ്വഹാബിമാരോടും ഈ നയമാണ് അനുവർത്തിച്ചിരുന്നത്.

നല്ല നിലയിൽ പെരുമാറുന്ന അമുസ്‌ലിംകളോടുള്ള ഇടപഴക്കത്തെ സൂചിപ്പിക്കാൻ വിശുദ്ധ ഖുർആൻ ഉപയോഗിച്ച അൻ തബർറൂഹും (ان تبروهم)..


      അമുസ്‌ലിംകളോട് മാന്യമായും സഹവർത്തിത്തത്തോടെയും കഴിഞ്ഞ് കൂടാനാണ് ഇസ്‌ലാം അതിന്റെ അനുയായികളെ പഠിപ്പിക്കുന്നത്. ആദം സന്തതികളെന്ന നിലക്ക് മുഴുവൻ മനുഷ്യരോടും സൗമ്യമായ പെരുമാറ്റമാണ് മുസ്‌ലിംകളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്ര ഗ്രന്ഥങ്ങളും അതിനുള്ള സാക്ഷ്യമാണ്. സാമുദായിക സംഘട്ടനമല്ല, സാമൂഹിക സഹവർത്തിത്തമാണ് ഇസ്‌ലാമിന്റെ മൗലിക അധ്യാപനം.

 

   ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ, അവർക്ക് ആശംസകൾ കൈമാറുന്നതിനെയോ, അവരുടെ ഭക്ഷണം കഴിക്കുന്നതിനെയോ, അതിൽ ഏതെങ്കിലും തരത്തിൽ ഭാഗഭമാകുന്നതിനെയോ അംഗീകരിക്കുന്നതോ, നിരാകരിക്കുന്നതോ ആയ ഖണ്ഡിത വിധി, ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളായ ഖുർആനിലോ, ഹദീസിലോ വന്നിട്ടില്ല. പിന്നീട് ഈ വിഷയകമായി വന്നിട്ടുള്ള മുഴുവൻ വിധികളും പണ്ഡിതന്മാർ ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ഇജ്തിഹാദ് ചെയ്തിട്ടുള്ളവയാണ്.


       മതപരമായ  ആഘോഷങ്ങൾക്ക് പുറമെ നടക്കുന്ന ദേശീയ ആഘോഷങ്ങളിൽ ഉദാഹരണമായി സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം എന്നിവയിൽ രാഷ്ട്രത്തിലെ ഒരു പൗരൻ എന്ന നിലക്ക് ഒരു മുസ്‌ലിം പങ്കെടുക്കുന്നതിനോ ആശംസകൾ കൈമാറുന്നതിനോ യാതൊരു വിരോധവുമില്ല. ഇസ്‌ലാം വിലക്കിയ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നുമാത്രം.

     ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം സമൂഹം നബി(സ്വ)യുടെ മാതൃക പിന്‍പറ്റിയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാണ് ഇതര മതസ്ഥരോട് പെരുമാറേണ്ടത്. ഇങ്ങോട്ട് വിരോധമുള്ളവരെയും സ്‌നേഹമുള്ളവരായി മാറ്റുന്ന സമീപനം. ഇതാണ് ഖുര്‍ആന്‍ നബിക്ക് (സ്വ) ക്ക്നല്‍കിയ നിര്‍ദ്ദേശം. മുസ്‌ലിംകളുടെ അവകാശങ്ങളിലോ മത സംസ്‌കാരമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലോ ഒരു വീട്ടുവീഴ്ചയും കാണിക്കാവതല്ല. ഇവക്ക് നേരെയുള്ള കയ്യേറ്റമുണ്ടായാല്‍ പ്രതിരോധം സമാധാന മാര്‍ഗത്തിലൂടെയായിരിക്കണം. അതിന്റെ ലംഘനം ശത്രുവിനെ സഹായിക്കലാകും. പ്രവാചകന്റെ നിര്‍ദ്ദേശ പ്രകാരം നജ്ജാശി ഭരിക്കുന്ന അമുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഹബ്ശ-എത്യോപ്യയിലേക്ക് അഭയാര്‍ത്ഥികളായി പോയ മുസ്‌ലിംകള്‍ ഒരു മാതൃകയാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ രാജാവിനും നാട്ടുകാര്‍ക്കും കൂടുതല്‍ മതിപ്പ് സൃഷ്ടിക്കുന്ന ഒരു സമീപനരീതിയാണ് അവര്‍ സ്വീകരിച്ചത്. അത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേരെ രാജാവിനും നാട്ടുകാര്‍ക്കും മതിപ്പ് സൃഷ്ടിക്കാനും പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും കാരണമായി..



FATHIMA HASHIRA

MUZAINA FIDA

IRSHADUL ATHFAL WAFIYYA ARTS PATTAMBI