ജനം മറന്ന മനീഷികൾ


78 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യം ഒരു നാൽക്കവലയിലാണ് എത്തിയിരിക്കുന്നത്. ജനാധിപത്യം മറന്ന ഇന്ത്യയുടെ  ഗുരുതര പോരായ്മകളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. വർഷങ്ങളുടെ രക്തച്ചൊരിച്ചിലിനു ശേഷം ചെങ്കോട്ടക്ക് മുകളിൽ ത്രിവർണ്ണ പതാക പാറിപ്പറക്കുന്നതിൽ നൂറോളം പിന്നാമ്പുറ കഥകൾ ഒളിഞ്ഞിരിപ്പുണ്ട്.  അത്തരം ചരിത്രങ്ങളെല്ലാം തലമുറകൾ മറന്നുപോകുന്നു എന്നത് തീർത്തും അപലപനീയമാണ്. അവഗണിക്കപ്പെട്ട മനുഷ്യരെ ചേർത്തുനിർത്തിയ ഗാന്ധിയും ഗതിമാറിയ ഭാരതത്തിന് വികസനത്തിന്റെ പാതയൊരുക്കിയ നെഹ്റുവും  ഓരോ വ്യക്തിക്കും പ്രതിഷ്ഠിതമായ സമത്വം രൂപകൽപ്പന ചെയ്ത ഭരണഘടനാ ശില്പിയായ അംബേദ്കറും സ്വപ്നം കണ്ട ഇന്ത്യയുടെ മാനവിക ജനാധിപത്യ ആശയങ്ങൾ ആവിയായി  പോകുന്നുണ്ടോ?

 

 *മതേതര ഇന്ത്യ*


അധ:പതിച്ച, വിദ്വേഷത്തിന്റെ വിത്തുകൾ മുളച്ച മനുഷ്യമനസ്സിലെ ആത്മീയ സംഘർഷങ്ങൾ ഭൗതികതലത്തിലെ ഭൂകമ്പങ്ങളെക്കാൾ  നാശോന്മുഖമാണ്. മമത, വിദ്വേഷം, ക്രോധം,അസൂയ മുതലായ വികാരങ്ങളിൽ നിന്നും മുക്തരാകണം എന്ന് പറഞ്ഞ ഗാന്ധിയുടെ ഭാരതത്തിൽ പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നു. ബാബരിക്ക് പകരം രാമ ക്ഷേത്രം തലയുയർത്തുന്നു.. വർഗീയതയുടെ വിഷം രാജ്യം എങ്ങും വ്യാപിച്ചു കിടക്കുന്നു. "നാനാത്വത്തിൽ ഏകത്ത്വം" 'എന്ന് വിളിച്ചോതുന്ന ജനത തന്നെ ലക്കും ലഗാനുമില്ലാതെ  കുതറിയോടുന്നവരായി ത്തീർന്നു . വിമോചന ദൈവ ശാസ്ത്ര ചിന്തകൾ പ്രത്യേകിച്ചും കേരളത്തിൽ വളർന്നുവരുന്നുണ്ട്. ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവ് അല്ലെന്ന് വാദിച്ചത് എന്തിനാണ്? ഗാന്ധിയെ കൊന്നതും, പള്ളി പൊളിച്ചതും, റാം റാം എന്ന് ജപിച്ചു കൊണ്ടായിരുന്നുവത്രെ. ഇന്ന് ഗാന്ധിജി,നാളെ വിവേകാനന്ദൻ, മറ്റന്നാൾ ശ്രീനാരായണഗുരു എന്നിവരെ ചവിട്ടി താഴ്ത്തണം. ഗോൾവാക്കറെയും ശ്യാമപ്രസാദ് മുഖർജിയെയും രാഷ്ട്രപിതാക്കളാക്കണം. സ്വതന്ത്ര സമര സേനാനികളായ മുസ്ലിം മാപ്പിളമാരുടെ പേരുകൾ സമരസേനാനികളുടെ ലിസ്റ്റിൽ നിന്നും എടുത്തു കളയപ്പെടുന്ന കാലം അടുത്തിരിക്കുന്നു. വാരിയം കുന്നത്തും ഉമർ ഖാളിയും കുഞ്ഞാലിമരക്കാറും മമ്പുറം തങ്ങളും പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും ഹൃദയത്തിൽ എന്നും സ്ഥാനം പിടിക്കണം.



*ഗാന്ധി കണ്ട ഇന്ത്യ*


 സ്വതന്ത്ര ഭാരതം ഒരു മതേതര രാഷ്ട്രം ആയിരിക്കണം എന്ന് ഗാന്ധിജിക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാ മതങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം സർവ്വമത പ്രാർത്ഥനയ്ക്ക് രൂപം നൽകിയത്. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഓരോ വിദേശത്തുണിയും ഇവിടുത്തെ പട്ടിണി പാവങ്ങളുടെ വായിൽ നിന്നും തട്ടിമാറ്റുന്ന ഒരു ഭക്ഷണ കഷ്ണമാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. വിദ്യാർത്ഥികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോട് മഹാത്മാജിക്ക് യോജിപ്പുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഗാന്ധിജിയുടെ സങ്കല്പങ്ങളായിരുന്നു ഗ്രാമ സ്വരാജ്.


              ഇന്ത്യ ഇന്ന് നേരിടുന്ന പല പ്രശ്നങ്ങൾക്കും കാരണം ഗാന്ധിജിയുടെ പാതയിൽ നിന്നും അകന്നതാണ്. മഹത്വങ്ങൾ ചാർത്തി വെറും ആരാധന വിഗ്രഹമാക്കി മാറ്റാനാണ്  പലരും ശ്രമിക്കുന്നത്. ഉദാത്തമായ സങ്കല്പങ്ങൾ ഉണ്ടായിരുന്നിട്ടും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തന്നെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഭരണകൂടത്തെ വിമർശിക്കുന്നത് പോലും രാജ്യദ്രോഹമായി കാണുന്ന കാലത്ത് ആവിഷ്കാര സ്വാതന്ത്ര്യം മുറുകെപ്പിടിച്ച് പുതിയൊരു ഭാരതത്തെ രൂപപ്പെടുത്താം.


Fathima Shifna AK

Algaith Valanchery