മരണം മല ഇറങ്ങുന്നു!

മനുഷ്യത്വം ഇന്ധനമാകുന്നു....!


മരണം മല ഇറങ്ങിയ രാത്രികൾ വയനാട്ടിൽ മാത്രം അവസാനിക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് അടുത്ത ദിവസങ്ങളിലായി  പ്രകൃതി നമ്മളെ പഠിപ്പിച്ചുക്കൊണ്ടിരിക്കു ന്നത്. നിലവിലെ റിപ്പോർട്ട് പ്രകാരം 93 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 10,042 പേരാണ്. മരണം 350ലേക്ക് കവിഞ്ഞിരിക്കുന്നു. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളും കണ്ടെത്താനാകാത്ത മൃതദേഹങ്ങളും ഇനിയും ബാക്കിയാണ്. 


മറ്റൊന്ന്,വയനാട്ടിൽ മരണത്തേക്കാൾ മനുഷ്യത്വം ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ  "അനാഥശിശുക്കൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ  എൻ്റെ ഭാര്യ സന്നദ്ധയാണ്" എന്നെഴുതിയ ഒരു പോസ്റ്റ് മനുഷ്യമനസ്സിനെ ഏറെ ശ്രദ്ധയാർജിച്ചിരുന്നു. ജാതി,മത,രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യത്വത്തെ ഇന്ധനമാക്കി രക്ഷാദൗത്യ കർത്തവ്യം നിർവഹിക്കുകയാണ് ആയിരക്കണക്കിന് മനുഷ്യർ. വിശ്രമമില്ലാതെ പ്രതിരോധത്തിന്റെ കോട്ട തീർത്ത് വീണ്ടെടുപ്പിന്റെ ദൗത്യമാണെങ്ങും. ജീവൻ്റെ അവസാന കണിക എവിടെയെങ്കിലുമൊക്കെ ഉണ്ടാവും എന്ന പ്രതീക്ഷയിൽ നൂറോളം കൂറ്റൻ യന്ത്രകൈകൾ എല്ലാ സ്ഥലങ്ങളിലും മണ്ണ് മാറ്റിയും പരിശോധന തുടർന്നുകൊണ്ടിരിക്കുന്നു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് അത്യാധുനിക ജി. പി. ആർ റഡാറിന്റെയും, പരിശീലനം ലഭിച്ച പോലീസ് നായ്ക്കളുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. സൈനിക വിഭാഗത്തിൽ നിന്നും 1500 പേരാണ് വയനാട്ടിൽ എത്തിയത്. കയ്യില്ലാത്തതും കാലില്ലാത്തതും തലയില്ലാത്തതുമായ മൃതദേഹങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന ബറ്റാലിയനിലെ അനിലിന്റെ വാക്കുകൾ കരളലിയിപ്പിക്കുന്നതാണ്. ശനിയാഴ്ച അനാമിക എന്നു പേരുള്ള  മകളെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഹാളിൽ നിന്നും സ്വന്തം അച്ഛൻ കണ്ടെത്തിയതും അസഹനീയമായ കാഴ്ചയാണ്.


വികസന രക്ഷസ്സിന്റെ അത്യാർത്തി  ശമിപ്പിക്കാൻ വയനാട്ടിലെ മനുഷ്യരുടെ ജീവൻ ഇനിയും എത്ര വേണ്ടിവരും എന്ന ചോദ്യമാണ് മുണ്ടക്കയവും, ചൂരൽ മലയും ഉയർത്തുന്നത്. 1948 ലാണ് വയനാട്ടിൽ ആദ്യ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. ആ സംഭവത്തിൽ 17 മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെടുത്തിരുന്നു. പക്ഷേ, പത്തോളം കാട്ടുനായ്ക്ക കുടുംബങ്ങളെക്കുറിച്ച് ഇന്നും ഒരു രേഖകളില്ല. 2020ൽ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും മനുഷ്യനാശമില്ലാത്തതിനാൽ ജനശ്രദ്ധ പതിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.


പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബലവും അതിലോലവും സങ്കീർണവുമായ ഭൂപ്രദേശങ്ങളുടെ മർമ്മ കേന്ദ്രമാണ് വെള്ളരിമല, ചെമ്പ്ര മലനിരകൾ. അതുകൊണ്ട് ഈ മേഖലകൾ ഏറെ സൂക്ഷ്മതയോടെ മനുഷ്യൻ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നാട്ടുരാജാക്കന്മാരിൽ നിന്ന് ബ്രിട്ടീഷ് കമ്പനികൾ 99 വർഷത്തെ പാട്ട വ്യവസ്ഥയിൽ സ്വന്തമാക്കിയ ഈ മലനിരകളുടെ കിഴക്കൻ ചെരുവിലെ ഭൂരിഭാഗം പ്രദേശങ്ങളും തോട്ടങ്ങളാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം തോട്ടങ്ങളുടെ ഉടമസ്ഥത ഇന്ത്യക്കാർക്ക് കൈവന്നതോടെ ഏലത്തോട്ടങ്ങളിലും തേയില വെച്ചുപിടിപ്പിച്ചു. ഈ മലനിരകളിലെ മണ്ണിനെ പിടിച്ചു നിർത്തിയിരുന്ന കൂറ്റൻ മരങ്ങൾ കല്ലായിലേക്ക് ഒഴുകി. 1971 ലെ കേരള സ്വകാര്യ വന നിയമം (Kerala Private Forest Vesting Assignment Act) വന്നതോടെ ശേഷിച്ച മലന്തലപ്പുകളും ഇല്ലാതായി. മണ്ണിന് ജലത്തെ പിടിച്ചുനിർത്താനുള്ള കഴിവ് ഇതോടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ ജൂലൈ 30ന് പുലർച്ചെയുണ്ടായ മുണ്ടക്കൈയിലെ ഉരുൾപൊട്ടലും ശക്തമായ ഒഴുക്കിൽ ചൂരൽമല അങ്ങാടി  മുഴുവനായി ഒലിച്ചുപോയതും ഉദാഹരണമാണ്. 


ബ്രിട്ടീഷ് കാലത്ത് ഏറനാട്ടിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അടിമത്തൊഴിലാളികളായി എത്തിയവരുടെ പിന്മുറക്കാരാണ് മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങി ചെമ്പ്ര വരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ. ഇവർക്ക് സ്വന്തമായി ഭൂപ്രദേശങ്ങളോ മറ്റു സമ്പത്തുകളോ ഒന്നുമില്ല.

ഈ സാഹചര്യത്തിൽ രക്ഷപ്പെട്ട അവരുടെ കുടുംബങ്ങൾക്ക് പുനരധിവാസത്തിനായ സഹായങ്ങൾ നൽകാനുള്ള പദ്ധതികൾ സർക്കാർ പെട്ടെന്ന് തന്നെ നടപ്പിലാക്കണം.


ജില്ലാ രൂപവൽക്കരണ ശേഷം വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ വികസനത്തെ കുറിച്ച് ചർച്ചകൾ ഒരു കാലത്ത് ഉയർന്നിരുന്നു. എങ്കിലും വയനാട്ടിലെ അടിസ്ഥാന വികസന പദ്ധതികൾ എന്തെന്നതിൽ പഞ്ചായത്തിനോ സർക്കാറിനോ ഇന്നും സമഗ്രമായ കാഴ്ചപ്പാട് ഉണ്ടായിട്ടില്ല. അമിതമായ ടൂറിസം പദ്ധതികൾ സുസ്ഥിരവികസനത്തെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നു എന്ന് ഉറപ്പിച്ചിട്ടും ഇതുവരെയും നിയന്ത്രിതമായ നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. ദുർഘടകരമായ പ്രദേശത്ത് പോലും വനവും ഭൂമിയും തരിശാക്കി കൂറ്റൻനിർമിതികൾ പണിതുയർത്തി. 


2020ലെ ദുരന്തത്തിനു ശേഷം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ്  അതോറിറ്റി നിയോഗിച്ച സംഘത്തിൻ്റെ റിപ്പോർട്ട് പ്രകാരം വയനാട്ടിലെ സുരക്ഷിതമല്ലാത്ത സ്ഥലത്ത് 4000ത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും അവരെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണമെന്നുമുള്ള ശിപാർശയുണ്ടായിരുന്നു. അതിൽ അരക്ഷിത പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏറ്റവും കൂടുതൽ മുണ്ടക്കൈ വെള്ളരിമലയിലെ പ്രദേശങ്ങളിലുള്ളവരായിരുന്നു. ഈ റിപ്പോർട്ടിനെ ആരും മുഖവിലക്കെടുത്തില്ല എന്ന യാഥാർത്ഥ്യമാണ് മരണസംഖ്യയെ 350 ലേക്ക് നയിച്ചത്. അതുപോലെ 2009ൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ഡോ: ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള പഠന റിപ്പോർട്ട് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുണ്ടക്കയം, കാമൽ ഹംബ് പർവതനിരയുടെ ചരിവുകളും, ചെമ്പ്ര പീക്കും കണ്ടെത്തിയിരുന്നു. 


അഞ്ചുവർഷം മുമ്പ് സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ടിൽ വ്യക്തമായി ചൂരൽ മലയെക്കുറിച്ചും വയനാടിന് ഇനിയൊരു ദുരന്തം താങ്ങാനുള്ള ശേഷിയില്ലെന്നും പാകമായ നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. അതുപോലെ ഒരു തരത്തിലുള്ള വികസനവും ഇവിടെ പാടില്ലെന്ന് അടിവരയിട്ട് സൂചിപ്പിച്ചിരുന്നു.പക്ഷേ, ഫലം ഉണ്ടായിട്ടില്ല. പാരിസ്ഥിതിക നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെടുന്നു എന്ന് ഗാഡ്ഗിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ന് മുണ്ടക്കയവും  പരിസരപ്രദേശങ്ങളും റിസോർട്ടുകളുടെയും ഹോംസ്റ്റേയുടെയും കേദാരമാണ്. വികസനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിൻറെ പശ്ചിമഘട്ടം നെടുകെ മുറിക്കുന്ന തുരങ്ക പാത പദ്ധതി വയനാടിന്റെ നാശം സമ്പൂർണ്ണമാക്കും. ആദ്യഘട്ട ക്ലിയറൻസ്, സ്ഥലമേറ്റെടുക്കൽ പദ്ധതി, ടെൻഡർ നടപടി തുടങ്ങിയവ നടത്തപ്പെട്ടെങ്കിലും പരിസ്ഥിതി ആഘാത പഠനം ഉണ്ടായിട്ടില്ല. 

അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ അത് ചെറുക്കാൻ മനുഷ്യരും ഭരണകൂടവും ഒന്നിക്കുകയാണ് വേണ്ടത്. നിർദ്ദേശങ്ങൾ നടപ്പാക്കുന്നില്ലെങ്കിൽ ചൂരൽമലയും മുണ്ടക്കയവും ഒന്നും അവസാനത്തേതാകില്ല.  വരൾച്ചയും  വെള്ളപ്പൊക്കവുമെല്ലാം  പ്രതിരോധിക്കുന്നതിന് പകരം അതിൻറെ കെടുതിക്ക് ആക്കം കൂട്ടുന്ന പദ്ധതികൾ നിർബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്.  സർക്കാറിന്റെയും പൊതുജനത്തിന്റെയും ഭാഗത്ത് നിന്ന് കാലേക്കൂട്ടിയുള്ള ആസൂത്രണം അത്യാവശ്യമാണ്.



Aayisha Fidha 

BKR, ALUVA