പാണക്കാട്ടെ വല്യ തങ്ങൾ


'ഏത് ഇലയും മധുരിക്കുന്ന കാട് ' എന്ന കൽപ്പറ്റ നാരായണ മാഷിന്റെ ഒരു പുസ്തകമുണ്ട് . അതെ, അത്തരത്തിൽ ഒരു കാട് തന്നെയാണ് കൊടപ്പനക്കൽ തറവാട്. അവിടുത്തെ ഏത് ഇലയ്ക്കും മധുരമാണ്. ആ കാട്ടിൽ നിന്നാണ് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ എന്ന പൂമരം കൊഴിഞ്ഞു പോയത്...

മലയാളക്കരയുടെ കണ്ണുനീർ പേമാരിയായി പെയ്ത ആ ദിനത്തിന് ഇന്നേക്ക് 15 വർഷം.

കിരീടം വെക്കാത്ത രാജകുമാരനായി അവിടുന്ന് ജീവിച്ച കാലം വസന്തമായിരുന്നു. തന്റെ സമയത്തെ,അറിവിനെ, ഊർജ്ജത്തെ, എന്തിനേറെ ഒരായുസ്സിനെ തന്നെ മറ്റുള്ളവർക്കായി പകർന്നു കൊടുത്ത ജീവിതത്തിന്റെ പേരായിരുന്നു ശിഹാബ് തങ്ങൾ. മതേതരമായ ഒരു കാലത്തെ അടയാളപ്പെടുത്തി ആ ദിവ്യ മനുഷ്യൻ നമ്മിലൂടെ നടന്നു പോയി. 

കേൾക്കാൻ ഒരാളുണ്ടാവുക എന്നതാണ് ഒരു മനുഷ്യന് ഏറ്റവും വലിയ ആശ്വാസം. ആരും കേൾക്കാത്ത പ്രയാസങ്ങളുമായി കടന്നു വരുന്ന മനുഷ്യർക്ക് വേണ്ടി പാണക്കാട്ടെ പൂമുഖത്ത് ഒരാൾ തല ചെരിച്ചങ്ങനെ ഇരുന്നു കൊടുക്കും. പ്രഭാതം വിടരുന്നതിന് മുമ്പ് കാതങ്ങൾ താണ്ടി കടലുണ്ടി തീരത്തേക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം ഒന്നടങ്കം സമാധാനപ്പെടുന്നത് പ്രയാസങ്ങളുടെയും പരിഭവങ്ങളുടെയും കെട്ട് അഴിച്ചാൽ "എല്ലാം ശെരിയാകും" എന്ന തങ്ങളുടെ ഒറ്റ വാക്കിലായിരുന്നു. 'പ്രയാസങ്ങളായി കടന്നു വരുന്നവരെ ഇങ്ങനെ കേൾക്കാൻ ആളുണ്ട് എന്ന് വരുമ്പോൾ തന്നെ ഒത്തിരി സമാധാനം ആണല്ലോ' ഇതായിരുന്നു ആ തറവാടിന്റെ നിലപാട്.


ബാബരി മസ്ജിദ് തകർക്കപ്പെട്ട് ജനം സംഘർഷ ഭരിതമായി നിൽക്കെ ആളിക്കത്തിയ ജനക്കൂട്ടത്തെ അണച്ചു പിടിച്ചത് അവിടുത്തെ വാക്കുകളായിരുന്നു. സമുദായത്തോടും സമൂഹത്തോടും അന്ന് ആ വലിയ മനുഷ്യൻ പറഞ്ഞു വെച്ചത് കാത്തിരിക്കൂ ഏത് ജലാശയവും തെളിയുമെന്നായിരുന്നു. അഭിപ്രായമാരാഞ്ഞ് എത്തിയ അഭിഭാഷകരുടെ ചോദ്യത്തിന് വല്യ തങ്ങളുടെ മറുപടി "മുസ്ലിമുകൾ ഇസ്ലാമിനെ മുറുകെ പിടിക്കുക, ഇസ്ലാമിന്റെ സന്ദേശമായ ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതന്മാരായി മുന്നോട്ട് പോവുക" എന്നായിരുന്നു. സഹോദര സമുദായത്തിന്റെ ഒരോടിന്റെ കഷ്ണം പോലും താഴെ വീഴാൻ പാടില്ലെന്ന് അന്ന് ലോകത്താദ്യമായി പ്രഖ്യാപിച്ചത് പാണക്കാട്ടെ മുഹമ്മദ്‌ അലി ശിഹാബ് തങ്ങളായിരുന്നു.എല്ലാത്തിനും തങ്ങളിൽ പരിഹാരമുണ്ടായിരുന്നു.


മലയാളത്തിന്റെ പ്രശസ്ത കവി ഒ എൻ വി ഒരിക്കൽ പറഞ്ഞു "പ്രിയപ്പെട്ട മലയാളികളേ രാത്രിയിൽ ഇരുട്ട് പടർന്നാൽ നിങ്ങളുടെ വീടിന്റെ ജനാലകളും വാതിലുകളും അടച്ചു കഴിയുമ്പോൾ ജാലക പഴുതിലൂടെ കടന്നു വരുന്ന പ്രകാശ രേണുക്കൾ ആകാശത്ത് അദൃശ്യമായ ചന്ദ്രന്റെ സാന്നിധ്യം അറിയിക്കുന്നത് പോലെ മൂന്നര കോടി മലയാളികളെ നിങ്ങളുടെ ജനാലകളിലൂടെ കടന്നു വരുന്ന പ്രകാശ വീതിയുടെ പേരാണ് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ എന്ന് "

പ്രതീക്ഷയുടെ പുലരികളസ്തമിച്ചവർക്കും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കും എല്ലാം വേണ്ടത് തങ്ങളെയായിരുന്നു.

വെളിച്ചമില്ലാത്തവർക്ക് വെളിച്ചമായി സ്വയം കത്തിയെരിഞ്ഞ തീ നാളമായിരുന്നു ശിഹാബ് തങ്ങൾ.

വല്യ തങ്ങളെ പറ്റി പറയാൻ ഓരോരുത്തർക്കും ഒരുപാട് കഥകളുണ്ട്. അത്തരത്തിൽ ഒന്നു മാത്രം ഇവിടെ സൂചിപ്പിക്കാം.

ഒരു ചെറിയ ഗ്രാമത്തിൽ ഒരു മുസ്ലിം പള്ളിയുണ്ടായിരുന്നു. അതിന് തൊട്ടടുത്ത് ജീവിക്കുന്നത് ഒരു ഹൈന്ദവ കുടുംബമായിരുന്നു. അവരുടെ പറമ്പിലെ തെങ്ങിൽ നിന്നും വീഴുന്ന തേങ്ങ കാരണമായി പള്ളിയുടെ ഒരുപാട് ഓടുകൾ പൊളിഞ്ഞു കൊണ്ടിരുന്നു. പരാതിയായെത്തിയ പള്ളി കമ്മിറ്റിക്ക്‌ അവിടുത്തെ അമ്മ തെങ്ങ് മുറിക്കാൻ അനുവാദം നൽകി എങ്കിലും മകന്റെ പിടിവാശിയിൽ പ്രശ്നം രൂക്ഷമായി. ഒടുവിൽ അത്‌ പാണക്കാട്ടെത്തി. പരാതി കേട്ട തങ്ങൾ പള്ളി യുടെ മേൽ നോട്ടക്കാരെ വിളിച്ച് പള്ളി പൊളിക്കണം എന്ന് പറഞ്ഞു. ഈ തീരുമാനം കേട്ട് സങ്കടപ്പെട്ട് തെങ്ങ് മുറിക്കാമെന്ന തീരുമാനവുമായി പാണക്കാട്ടേക്ക് ഓടിയെത്തിയ അമ്മയോട് തങ്ങൾ പറഞ്ഞത് "തെങ്ങ് ഒരു കല്പവൃക്ഷമല്ലേ അമ്മേ,അത്‌ മുറിക്കേണ്ട" എന്നായിരുന്നു. അങ്ങനെ പള്ളിയുടെ ഓട് മാറ്റി ടെറസ്സാക്കി എന്നതെല്ലാം തങ്ങൾ പുലർത്തിയ മതേതരത്വത്തിന്റെ വലിയ അടയാളമായിരുന്നു.

വലിയ നേതൃ സ്ഥാനങ്ങളുടെ അമരത്തിരിക്കുമ്പോഴും എതിരാളികളോടും മറ്റും സൗമ്യമായി തന്നെ തങ്ങൾ നിലകൊണ്ടു .കടുത്ത ലീഗ് വിരോധികൾ പോലും തങ്ങൾക്ക് മുമ്പിൽ ആദരവോടെ നിന്നു.സദാ സമയവും മിതമായി ഇടപെട്ട് സൗമ്യമായി സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് തങ്ങൾ ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു.അവിടുത്തെ മൗനം പോലും വാചാലമായിരുന്നു. എന്തിലും അവസാന വാക്ക് തങ്ങളായിരുന്നു.മനസ്സിനുള്ളിലെ വെളിച്ചം പുഞ്ചിരിയായ് തെളിഞ്ഞു വന്നപ്പോൾ ആ തെളിമയുള്ള പുഞ്ചിരിയിൽ സകലരും മനസിന്റെ വിഷമങ്ങളെ കഴുകിക്കളഞ്ഞു.ആർത്തിരമ്പുന്ന കടലിന്റെ മുന്നിൽ കടലിന്റെ മക്കൾക്ക്‌ ആശ്വാസമായത് അവിടുത്തെ പ്രാർത്ഥനയായിരുന്നു.ആയുഷ്കാലമത്രയും ചെയ്ത സുകൃതങ്ങളുടെ ശേഷിപ്പുകൾ കാലങ്ങൾക്കിപ്പുറവും തങ്ങളെ ജന മനസുകളിൽ ജീവിപ്പിക്കുന്നു.

ആധുനിക കാലത്ത് വിമർശിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയുന്ന ഇസ്ലാമിൽ നമുക്കെല്ലാം ഒരു ശിഹാബ് തങ്ങളാകാൻ കഴിയുമായിരുന്നെങ്കിൽ ദീൻ ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു.

2009 ഓഗസ്റ്റ്‌ 1 ന് കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി തങ്ങളെന്ന വസന്തം വിടവാങ്ങിയപ്പോൾ കേരളക്കര മലർക്കെ തുറന്നിട്ട കൊടപ്പനക്കലെ കവാടം ആദ്യമായി അടഞ്ഞു കണ്ടു. അന്ന് സി രാധാ കൃഷ്ണൻ എഴുതിയത് ഇങ്ങനെ യായിരുന്നു:നമുക്ക് ഇനി കുട്ടികൾക്ക് ഒരു കഥ പറഞ്ഞു കൊടുക്കാം... പണ്ട് പണ്ട് കേരളക്കരയിലെ മലപ്പുറം ജില്ലയിൽ പാണക്കാട്ടെ കൊടപ്പനക്കുന്നിൽ...... ഒരു ദിവ്യൻ ജീവിച്ചിരുന്നു. മുഴുവൻ മനുഷ്യരെയും ഒരു പോലെ സ്നേഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദിവ്യത്വം.. പാവപ്പെട്ടവൻ,സമ്പന്നൻ,പണ്ഡിതർ,പാമരർ, മുസ്ലിമുകൾ, ഇതര മതസ്ഥർ തുടങ്ങി എല്ലാവരെയും തങ്ങൾ നെഞ്ചോട് ചേർത്തു വെച്ചു.... ഓർമ്മിക്കപ്പെടാൻ യോഗ്യത നേടുക എന്നതാണ് ഒരായുസ് കൊണ്ട് ഒരു മനുഷ്യന് നിർവഹിക്കാവുന്ന ഏറ്റവും വലിയ ദൗത്യം... ആ ദൗത്യത്തെ അതിന്റെ ഉന്നതിയിൽ തന്നെ കൈവരിച്ച് ആ പുഞ്ചിരി പരാതികളില്ലാതെ പടിയിറങ്ങി...


Shahana KP

SMST WAFIYYA COLLEGE ANCHANGADI