സുഗന്ധത്തിലും വൈവിധ്യം പുലർത്തിയ സി എച്ച് ;തേജസ്


"ഞാൻ അടിയുറച്ച മുസൽമാനാണ്, അല്ലാഹുവിന്റെ മാർഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തിട്ടുള്ളവനാണ് . അന്യ സമുദായങ്ങളുടെ ഒരു മുടിനാരിക ഇഴ പോലും അപഹരിക്കുകയില്ല എന്റെ സമുദായത്തിന്റെ ഒരു മുടിനാരിക ഇഴ  പോലും ഞാൻ വിട്ടു കൊടുക്കുകയുമില്ല. എന്നിൽ നിശ്ചിതമായിട്ടുള്ള ചുമതല ശരിയാവണ്ണം നിർവഹിക്കും, മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണം കേരളത്തിന് ഒരു മാതൃകാ ഭരണമാണെന്ന് ഭാവി ചരിത്രകാരന്മാർ രേഖപ്പെടുത്തുമാർ ഞാൻ ഭരണം നടത്തും.

1979 ഒക്ടോബർ 12 വെള്ളിയാഴ്ച പാളയം പള്ളിയിൽ നിന്ന് ജുമാ നിസ്കാരം നിർവഹിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പവും ബീവി അബ്ദുല്ലക്കോയ യോടൊപ്പം രാജഭവനിലേക്ക് സി എച്ച് പുറപ്പെട്ടു. ഇന്ത്യയിലെ ആദ്യ മുസ്ലിം ലീഗ്  മുഖ്യമന്ത്രിയും കേരളത്തിലെ ആദ്യ മുസ്ലിം മുഖ്യമന്ത്രിയും,കേരളത്തിലെ പത്താം മുഖ്യമന്ത്രിയുമായി കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷൻ അധികാരമേറ്റു. അധികാരമേറ്റ ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിൽ നടന്ന സമ്മേളനത്തിൽ സിഎച്ച് നടത്തിയ പ്രസംഗത്തിലെ ചില വരികൾ ആണ് മേലെ ഉദ്ധരിച്ചത്. പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽ പതറാതെ മനക്കരുത്തോടെ സമുദായത്തെ നയിച്ച കരുത്തനായ ഒരു നേതാവ് എന്ന നിലയിലോ, പക്വമതിയായ ഭരണസാരഥി എന്ന നിലയിലോ, പ്രഗൽഭനായ പ്രസംഗകാരൻ എന്ന നിലയിലോ, എഴുത്തുകാരൻ എന്ന നിലയിലോ,മറ്റു ഔന്നിത്യത്തിന്റെ കാഴ്ചപ്പാടിലോ,  അല്ല സി എച്ച് മനുഷ്യഹൃദയങ്ങളെ സ്പർശിച്ചത്; അദ്ദേഹമൊരു 'പച്ച മനുഷ്യ സ്നേഹിയായിരുന്നു' എന്ന നിലയിലാണ്. സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം ആയിരുന്ന ഒരു സമുദായത്തിന്റെ ഉണർത്തുപാട്ടായി മാറി തന്റെ വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും ജനതയെ ഉശിര് പഠിപ്പിക്കുകയും പിടിപ്പിക്കുകയും ചെയ്തു. കാൽ നൂറ്റാണ്ടിലധികം കേരള മുസ്ലിംകളുടെ നവോന്മുക നവോത്ഥാനത്തിന്റെ ചരിത്രം സി എച്ചിന്റെ കൂടി ചരിത്രമായിരുന്നു . 


*മുഹമ്മദ് കോയയുടെ ബാല്യവും വിദ്യാഭ്യാസവും:-*

   1927 ജൂലൈ 15നാണ് പയ്യൻ പനത്തിൽ ആലി മുസ്ലിയാരുടെയും ചൊറിയാനും കണ്ടി മറിയമിന്റെയും മകനായി കോഴിക്കോട് ജില്ലയിലെ കക്കോടി പുഴയും  കനിയാ പുഴയും ചേരുന്ന കോരപ്പുഴ തീരത്തെളിയ ഗ്രാമത്തിലായിരുന്നു സി എച്ച് എന്ന ഇതിഹാസ പുരുഷന്റെ ജനനം.  സി എച്ചിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'ഓണം കേറാത്ത കുഗ്രാമത്തിലെ  അപ്രശസ്തമായ കുടുംബത്തിൽ  വായിൽ വെള്ളിക്കരണ്ടി ഇല്ലാതെ ജനിച്ച വിനീതൻ'. നാട്ടുവൈദ്യവും, യൂനാനി ചികിത്സയും, മരുന്നും മന്ത്രവുമായി നടന്ന് സഞ്ചരിക്കുന്ന നാട്ടുവൈദ്യനായിരുന്നു സി എച്ചിന്റെ പിതാവ്. അബ്ദുല്ല എന്ന സഹോദരനും ഫാത്തിമ എന്ന സഹോദരിയും സി എച്ചിനുണ്ടായിരുന്നു. ഓത്തു പള്ളിയിലെ മതപഠനത്തിനു ശേഷം അത്തോളി കോങ്ങന്നൂർ  എയ്ഡഡ് ലോവർ പ്രൈമറി സ്കൂളിൽ പഠിച്ചു. (1929 അഞ്ചാം വയസ്സിൽ)അത്തോളി വേളൂർ മാപ്പിള സ്കൂൾ, അത്തോളി വേളൂർ ബോർഡ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് യുപി വിദ്യാഭ്യാസം പൂർത്തിയാക്കി.  കണ്ടി സ്കൂളിലെ പ്രധാനധ്യാപകനായ ഈസക്കുട്ടി മാസ്റ്റർക്ക് പറ്റിയ കൈപിഴവിലൂടെയായിരുന്നു സി. കെ(ചെറിയാരം കണ്ടി ) എന്ന യഥാർത്ഥ ഇനിഷ്യൽ സി. എച്ച് ആയി മാറിയത്. അത്തോളിയിലെ Sir Syed എന്നാണ് പിൽക്കാലത്ത് സി എച്ച്  ഈസക്കുട്ടി മാസ്റ്ററെ വിശേഷിപ്പിച്ചത്. കോളേജ് പഠനകാലത്തെ ഈ തെറ്റായി ഇനിഷ്യലിനെ തിരുത്താൻ അധ്യാപകൻ (prof.Krishnayyar) തമാശ രൂപേണ ആവശ്യപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിൽ Companion of Honour എന്ന ബഹുമതിയുണ്ടെന്ന് മനസ്സിലാക്കിയ സി എച്ച് മുഹമ്മദ് കോയ "സർ, അത് തിരുത്തേണ്ടതില്ല അത് Companion of Honour ന്റെ ചുരുക്കമാണ്" എന്നാണ് മറുപടി നൽകിയത്.

കണക്കിൽ ആയിരുന്നു കോയ കരുത്ത് തെളിയിച്ചത്. അത്തോളി ഹയർ എലമെന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നമ്പ്യാര് മാഷ് കൊടുത്ത കണക്ക് ഒരിക്കൽ കോയയും തെറ്റിച്ചു. സഹപാഠിയായ മുഹമ്മദ് ആണ് ആദ്യം ഉത്തരം എഴുതി കാണിച്ചത്.മാഷ് മുഹമ്മദിനെ വെറുതെ വിട്ടു. കോയ ഉത്തരം കാണിച്ചപ്പോൾ "ദാ ഇവനും തെറ്റിച്ചിരിക്കുന്നു" എന്ന് പറഞ്ഞ് നമ്പ്യാർ കോയയുടെ  കുന്നി പിടിച്ചു തിരുമ്മി. കൊച്ചു കോയയുടെ പ്രതിഷേധക്കാരൻ എഴുന്നേറ്റുനിന്ന് ചോദിച്ചു: "ഓന്റെ ഐമൂന്ന് പതിമൂന്നൂം ഇന്റെ ഐമൂന്ന് പതിനഞ്ചുമാകുന്നതെങ്ങനെ?"


ഏഴിൽ പഠിക്കുമ്പോഴാണ്, സ്കൂൾ തുടങ്ങുന്നതിനു മുമ്പ് വന്ദേമാതരം ചൊല്ലുന്ന  വേളയിൽ കോയ എണീറ്റു നിന്നില്ല. മാപ്പിളക്കുട്ടികൾ അടക്കം എല്ലാവരും എണീറ്റു നിന്ന് വന്ദേമാതരം ചൊല്ലുന്നുണ്ട്. കോയയുടെ വികാരം കേസായി  കർക്കശക്കാരനും അച്ചടക്ക ലംഘനം  പൊറുപ്പിക്കാത്തവനുമായ പ്രധാനധ്യാപകൻ കോയയോട് ചോദിച്ചു:"എന്താ കോയാ ഇരിക്കുന്നത്?" "വന്ദേമാതരം  ചൊല്ലാൻ പാടില്ല എന്ന് എന്റെ നേതാവ് ജിന്നാ സാഹിബ് പറഞ്ഞിട്ടുണ്ട്"- കോയ. ഗോപാലൻ നായർ കുടുങ്ങി, കോയ കൂസലില്ലാതെ ഇരിക്കുകയാണ്."കോയക്ക് ഇഷ്ടമില്ലെങ്കിൽ അന്നേരം പൊറത്തു പൊയ്ക്കോ"-മാഷ്.  പിറ്റേന്ന് മുതൽ  വന്ദേമാതരത്തിന് ബെല്ലടിക്കുമ്പോൾ കോയ വരാന്തയിൽ കാറ്റുകൊള്ളാൻ പോകുന്നത് പതിവായി.

   ബാഫഖി തങ്ങളുടെ രക്ഷാകർതൃത്വത്തിൽ കൊയിലാണ്ടിയിലായിരുന്നു പിന്നീട് പഠിച്ചത്.തുടർ പഠനം ബാപ്പ നഖശിഖാന്തം എതിർത്തിരുന്നുവെങ്കിലും ബാഫഖി തങ്ങളുടെ വലിയകത്ത് ബംഗ്ലാവിലും ബീരാൻ ഹാജിയുടെ കൊല്ലം മാണിക്യം വീട്ടിലും താമസിച്ചു. കൊയിലാണ്ടിയിലെ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസംനേടി. പ്രാദേശിക വായനശാലകളിൽ അലഞ്ഞ് കൊയിലാണ്ടിയിലെ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സാമൂതിരി കോളേജിലാണ് വിദ്യ അഭ്യസിച്ചത്. 1943 ന് ശേഷം രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു.


*സി എച്ച് രാഷ്ട്രീയ കുതിപ്പുകൾ:-*

രാഷ്ട്രീയം ആത്മാർത്ഥത നിറഞ്ഞ പ്രവർത്തകർക്ക് പലപ്പോഴും കൈപ്പ് മാത്രമേ സമ്മാനിച്ചിട്ടുള്ളൂ എന്നത് ഒരു യാഥാർത്ഥ്യമാണ്. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ സി എച്ച് മുസ്ലിം വിദ്യാർത്ഥി സംഘടനയായ എം എസ് എഫിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സി എച്ച് എം എസ് എഫിന്റെ നേതാവായിരുന്ന കാലത്ത് സർവ്വേന്ത്യ മുസ്ലിംലീഗിന്റെ കോഴിക്കോട് നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ നവാബ് സാദ വന്നു, അന്ന് എം എസ് എഫിനെ പ്രതിനിധീകരിച്ച് സി എച്ച് ആയിരുന്നു പ്രസംഗിച്ചത്. സി എച്ചിന്റെ പ്രസംഗം കേട്ട് നവാബ് സാദ പറഞ്ഞു: "ഇവനെ നമുക്ക് അലിഗഡിൽ വിടാം".സി എച്ചിനെ അലിഗഡിൽ  കൊണ്ടുപോയി നേതാവാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലഷ്യം. അന്ന് ആ ശ്രമത്തിന് എതിര് നിന്നത് വിഭജനാനന്തരം പാക്കിസ്ഥാനിൽ പോയ ലീഗ് നേതാവ് ഹാജി അബ്ദുൽ സത്താർ ഇസ്ഹാഖ് സേട്ടും സീതീ സാഹിബും  ആയിരുന്നു.


1941ൽ എം എസ് എഫിന്റെ തുടക്കം തൊട്ടേ പ്രവർത്തിച്ച സി എച്ച് 1944 ൽ മലബാർ ജില്ലാ ജോയിൻ സെക്രട്ടറി ആയി.

1945 ഒക്ടോബർ 13 ന് കുറുമ്പനാട് താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റി അദ്ദേഹത്തെ ഓഫീസ് സെക്രട്ടറി ആക്കി. 1952 ലും 1955 ലും  കോഴിക്കോട് നഗരസഭാ മുനിസിപ്പൽ കൗൺസിലറായി.1957 ലും 1960 ലും താനൂർ നിയമസഭാ സമാജികൻ. 1962 സംസ്ഥാന ജനറൽ സെക്രട്ടറിയായി അധികാരമേൽക്കുകയും അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി ഒരു ദശാബ്ദ കാലം പ്രവർത്തിക്കുകയും ചെയ്തു. 1961 ജൂൺ 9 ന് തന്റെ 34-ാം വയസ്സിൽ സീതി സാഹിബിന്റെ    മരണത്തോടെ സ്പീക്കർ സ്ഥാനവും അലങ്കരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ ആയിരുന്നു അദ്ദേഹം. താരതമ്യേന പ്രസംഗത്തിന് അവസരം കുറഞ്ഞ സ്പീക്കർ പദവിയെ കുറിച്ച്  പറഞ്ഞു കഴുത്തിൽ വാഴനാര് പോലുമില്ലാത്ത പെണ്ണിന് 'പൊന്നമ്മ' എന്ന്  പേരിടും പോലെയാണ് നിയമസഭാ അധ്യക്ഷന് സ്പീക്കർ എന്ന പേരിടുന്നത്". അഞ്ചു മാസങ്ങൾക്കു ശേഷം കോൺഗ്രസ്, പി എസ് പി, ലീഗ് കക്ഷി സഖ്യം തകർന്നതോടെ രാജിവെച്ചു. 

     1962ൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് പാർലമെന്ററിലെത്തി. നിയമസഭയിലെ പോലെ തന്നെ ലോകസഭയിലും സി എച്ച് തിളങ്ങി.1967 ഫെബ്രുവരി 19ന് മങ്കട നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച അദ്ദേഹം നിയമസഭയിൽ തന്നെ തിരിച്ചെത്തി.1969 നവംബർ ഒന്നിന് സിപിഐ നേതാവ് സി അച്യുതമേനോന്റെ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായി.വിദ്യാഭ്യാസ വകുപ്പും സിഎച്ച് തന്നെ കൈകാര്യം ചെയ്തു. 1973 ൽ ബാഫഖി തങ്ങളുടെ വിയോഗാനന്തരം മുസ്ലിം ലീഗ് പിളർന്നു. സി എച്ചിനെ ഇത് മാനസികമായി തളർത്തി. ഒരിക്കൽ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "സമുദായ താൽപര്യത്തെ തൊട്ടു കളിച്ചാൽ ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്തിയത് പോലെ ആയിരിക്കും ലീഗിന്റെ നില. നാം ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ സൂര്യന് താഴെ ഒരു ശക്തിക്കും നമ്മെ പരാജയപ്പെടുത്താൻ ആവില്ല". ഖാഇദേ മില്ലത്തിന്റെ മരണത്തിൽ അദ്ദേഹം മന്ത്രി പദവി രാജിവെക്കുകയും തുടർന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.


         തൻറെ രാഷ്ട്രീയ ജീവിതത്തിൽ വിദ്യാഭ്യാസം, ആഭ്യന്തരം, സിവിൽ ആൻഡ് ക്രിമിനൽ, ജസ്റ്റിസ്, അഡ്മിനിസ്ട്രേഷൻ, അഴിമതി നിരോധനം,വഖഫ്, ഹജ്ജ്, തിരഞ്ഞെടുപ്പ്,ടൂറിസം എന്നീ വകുപ്പുകൾ കൂടി കൈകാര്യം ചെയ്തു. മുമ്പ്  പരാമർശിക്കപ്പെട്ടത് പോലെ മുഖ്യമന്ത്രിപദം വരെ അലങ്കരിച്ചു.

 

      സി എച്ച്  രാഷ്ട്രീയ യുഗത്തിൽ സമൂഹത്തിന് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന് ഉണ്ടാക്കിയ നേട്ടങ്ങൾ അനവധി നിരവധിയാണ്. കേരള മണ്ണിന്റെ മുഖച്ഛായ മാറ്റുന്നതിനും,  ജനതയുടെ ജീവിതനിലവാരം പ്രതീക്ഷകൾക്കതീതമായി മെച്ചപ്പെടുത്തുന്നതിനും,  സി എച്ചിന്റെ  ക്രാന്തദർശനവും ഭരണപടവും വഹിച്ച പങ്ക് ചെറുതല്ല. മലപ്പുറം ജില്ലയുടെ രൂപീകരണവും കാലിക്കറ്റ് സർവകലാശാലയുടെ നിർമ്മാണവും ഉൾപ്പെടെ നൂറുകണക്കിന് വിദ്യാലയങ്ങൾക്ക് പുറമെ കേരളത്തിന്റെ തെരുവോരങ്ങളെ വിദ്യാലയങ്ങൾ കൊണ്ട് നിറക്കുന്നതിൽ സിഎച്ച് വഹിച്ച പങ്ക് ചെറുതല്ല. ജനങ്ങളെ അറിവിലൂടെ മുന്നോട്ടു നയിക്കുകയും അധികാരത്തിലൂടെ ശക്തിപ്പെടുത്തുകയും ചെയ്തു.പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യം, മുസ്ലിം പെൺകുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിന് സ്കോളർഷിപ്പ്,മുസ്ലിം സമുദായത്തെ ഭൗതിക വിദ്യാഭ്യാസത്തിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടി അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളിൽ അറബി നിർബന്ധമാക്കുകയും വെള്ളിയാഴ്ച ലീവ് അനുവദിക്കുകയും ചെയ്തതടക്കം പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ആയുഷ്ക്കാലം മുഴുവൻ പോരാടിയ സി എച്ചിന് 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നത് ഏറ്റവും പ്രാപ്യമാണ്.


      രാഷ്ട്രീയ ജീവിതത്തിൽ പ്രതിപക്ഷത്ത് വളരെ ബഹുമാനപരമായും നർമ്മപരമായ തന്ത്രത്തിലൂടെയും നേരിട്ട ചരിത്രവും സി എച്ചിന് തന്നെ. എതിർകക്ഷികൾക്കടക്കം സി എച്ചിനെ കുറിച്ച് നന്മ പറയാൻ നൂറ് നാവായിരിക്കും. ജനലക്ഷങ്ങളെ ആകർഷിക്കാൻ കഴിയുന്ന വാചാലതയെ പുറമേ അവരെ അടക്കി വാഴാൻ കഴിയുന്ന നേത്ര പാഠവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്ത വീക്ഷണ ഗതികളുള്ള വിഭിന്ന വിഭാഗങ്ങളെ ഏകാഭിപ്രായക്കാരാക്കി മാറ്റാൻ നിമിഷങ്ങൾ കൊണ്ട് സാധിക്കുന്ന ഒരു മാസ്മിക്ക ശക്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തികഞ്ഞ മതവിശ്വാസിയായിരിക്കെ തന്നെ കറകളഞ്ഞ മതേതരവാദി ആകാനും അദ്ദേഹത്തിന് സാധിച്ചു. സി എച്ച് യഥാർത്ഥത്തിൽ തന്റെ  സ്വപ്നങ്ങളെ സിദ്ധാന്തമാക്കുകയും അവസരങ്ങളും അധികാരങ്ങളും ഉപയോഗിച്ച് അത് സാക്ഷാത്കരിക്കുകയും ചെയ്യുകയായിരുന്നു. ഉയർച്ചയുടെ സോപാനങ്ങൾ നമ്മുടെ സമുദായം ഇന്നെത്തിപ്പിടിക്കുമ്പോൾ, 'സിഎച്ച് സ്വപ്നം കണ്ടപോലെ' എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ അത് കാണിക്കുന്നത് സി എച്ചിന്റെ ദാർശനികതയുടെ വിജയമാണ്.


  *സി എച്ച് ജീവിതം വാമൊഴികളിലും വരമൊഴികളിലും ചന്ദ്രികയിലും:-*


ഒരു വാചകത്തിൽ തന്നെ ശോകത്തിൻറെ നിഴൽ പരത്താനും ക്ഷോഭത്തിന്റെ കടലിരമ്പമുണ്ടാക്കാനും  ഫലിതം കൊണ്ട് പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അനുപമ സിദ്ധിയുണ്ടായിരുന്നു സി എച്ചിന്.

   ചന്ദ്രിക, മുസ്ലിംലീഗിന്റെ ജിഹ്വയാണ് .സി എച്ച് മുഹമ്മദ് കോയയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ചന്ദ്രികയിലൂടെയാണ്. സാമൂതിരി കോളേജിൽ നിന്ന് വിട്ട അടുത്തവർഷം തന്നെ അദ്ദേഹം ചന്ദ്രികയിലെത്തി.1946 ൽ പത്രാധിപനായി.അന്ന് നടക്കാവിലെ അബ്ദുറഹ്മാൻ ഹാജിയുടെ വാടക കെട്ടിടത്തിലായിരുന്നു ചന്ദ്രിക ഓഫീസ് .1949 ൽ പത്രാധിപനും 1962 ൽ ചീഫ് എഡിറ്ററുമായി. ചീഫ് എഡിറ്ററായി ഒരാഴ്ച കഴിഞ്ഞ് തന്നെ അദ്ദേഹം ആഴ്ചപ്പതിപ്പിറക്കാൻ ക്രമീകരണങ്ങൾ നടത്തി. യഥാർത്ഥത്തിൽ സി എച്ചിനെ പുറംലോകമറിഞ്ഞത് ചന്ദ്രികയിലൂടെയായിരുന്നു. ചന്ദ്രികയ്ക്കായി  അഹോരാത്രം പരിശ്രമിച്ചതിനാൽ ചന്ദ്രികയുടെ ജീവത്മാവും പരമാത്മാവുമായിരുന്നു അദ്ദേഹം എന്ന് പറയുന്നതിൽ തെറ്റില്ല.


സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയക്കാർക്കിടയിലെ മികച്ച സാഹിത്യകാരനും സാഹിത്യക്കാർക്കിടയിലെ മികച്ച രാഷ്ട്രീയക്കാരനും ആയിരുന്നു. ഒരു ഡസനോളം പുസ്തകങ്ങൾ അദ്ദേഹമെഴുതി."നബിയും സ്വഹാബിമാരും, ഞാൻ കണ്ട മലേഷ്യ,എന്റെ ഹജ്ജ് യാത്ര, സോവിയറ്റ് യൂണിയനിൽ,കോ ലണ്ടൻ കൈറോ,ശ്രീലങ്കയിലെ അഞ്ചുദിവസം ,നിയമസഭാ ചട്ടങ്ങൾ, ലിബിയൻ ജമാഹിരിയയിൽ, ഗൾഫ് രാജ്യങ്ങളിൽ, മൗലാനാ മുഹമ്മദ് അലി, ലിയാഖത് അലി ഖാൻ,ഇന്ത്യൻ മുസ്ലിം ഭരണകാലം കഥകളിലൂടെ" എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.  ഇത്തരത്തിൽ പല പരമ്പരകളും അദ്ദേഹം ചന്ദ്രകയിലും മറ്റുമൊക്കെയായി എഴുതി. സി എച്ചിന്റെ എഴുത്തുകളിലും മനുഷ്യരോടുള്ള നിഷ്കളങ്കമായ സ്നേഹം പ്രകടമായിരുന്നു. മനുഷ്യനെ കാണാതെ നഗരത്തിന്റെയോ പ്രദേശത്തിന്റെയോ അമ്പരചുംബികളിലെ പ്രൗഢി സി എച്ചിലെ എഴുത്തുകാരൻ ആഘോഷിച്ചില്ല.  'സി എച്ച് മനോഹരമായ ഒരു കൊടുങ്കാറ്റായിരുന്നു' എന്നായിരുന്നു എഴുത്തുകാരനായ വൈക്കം മുഹമ്മദ്‌ ബഷീർ വിശേഷിപ്പിച്ചത്. സി എച്ച്, എം കെ അത്തോളി, എം കെ ഇങ്ങനെ പല തൂലികാ നാമത്തിലും അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ പ്രാസംഗിക കലയും അദ്ദേഹത്തെ വേറിട്ടതാക്കി.അദ്ദേഹം തന്റെ അളന്നു മുറിച്ച് കോർത്തിണക്കിയ വാക്കുകളിലൂടെ കേരള മുസ്ലിംകളുടെ സ്വത്വബോധത്തെ വളർത്തി വലുതാക്കി. സി എച്ചിന്റെ എഴുത്തും വായനയും നർമ്മവുമെല്ലാം സമുദായത്തിന് ഉണർവ്വേകി. സി എച്ചിന്റെ നിയമസഭാ പ്രസംഗങ്ങൾ പിൽക്കാലത്ത് അച്ചടിച്ചു വന്നു. പ്രഭാഷണ സദസ്സിലേക്ക് വരുന്ന പത്രാധിപർ പോലും വാർത്ത റിപ്പോർട്ട് ചെയ്യാനായിരുന്നില്ല വന്നത്, അവരെല്ലാം സിഎച്ചിന്റെ  പ്രസംഗം ശ്രവിക്കാനും ആസ്വദിക്കാനുമായിരുന്നു വന്നത്. പ്രസംഗം കേട്ട തലശ്ശേരിക്കാർ അദ്ദേഹത്തിന് മറ്റൊരു പേരിട്ടു വെടിപ്പൊട്ടിക്കോയ'.ഇങ്ങനെ പതിനായിരങ്ങളെ അഭിസംബോധനം ചെയ്ത അദ്ദേഹം ഒരു സമൂഹത്തെ തന്നെ കരുത്തുറ്റവരാക്കി. 

           ഇത്തരത്തിൽ അദ്ദേഹത്തിന്റെ ചന്ദ്രിക ജീവിതവും എഴുത്തും പ്രസംഗങ്ങളുമെല്ലാം സി എച്ച് എന്ന നാമത്തെ തന്നെ വീണ്ടും വീണ്ടും അനശ്വരമാക്കി.


 *സ്നേഹനിധിയായ മകനും വാപ്പയും:-*


 ഇത്രത്തോളം എത്തിപ്പിടിക്കാവുന്ന രാഷ്ട്രീയ സീമകൾ സി എച്ച് നടന്നു കയറിയപ്പോഴും അദ്ദേഹം മറിയുമ്മാക്ക് സ്നേഹനിധിയായ മകനും മകൾക്കും ഭാര്യക്കും വാത്സല്യനിധിയായ ഭർത്താവും പിതാവും ആയിരുന്നു. 1960 സി എച്ച് താനൂർ എംഎൽഎ ആയിരിക്കെയാണ് അദ്ദേഹത്തിൻറെ പിതാവ് ഇഹലോകവാസം വെടിയുന്നത്. 1949 ലാണ് അദ്ദേഹം വിവാഹിതനാവുന്നത്. അബൂബക്കർ ഹാജിയുടെ മകൾ ആമിനയായിരുന്നു ഭാര്യ.ആദ്യത്തെ 9 പ്രസവങ്ങളിൽ കുട്ടികൾ അവശേഷിച്ചില്ല.ശേഷമുണ്ടായ മൂന്നു മക്കളാണ് ജീവിച്ചത് (ഡോക്ടർ എം കെ മുനീർ, ഫൗസിയ,ഫരീദ). മകനായ മുനീർ ഓർക്കുകയാണ്, "രാഷ്ട്രീയക്കാരനായ പിതാവിനെ ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം അനുസ്മരണ പരിപാടികളിൽ നിന്നും ചില സ്മരണികകളിൽ നിന്നുമാണ്". മകൾ ഫരീദ ഒരിക്കൽ പറയുകയുണ്ടായി"ബാപ്പ എപ്പോഴും പോകുമ്പോഴും ചെറിയ കുഞ്ഞുങ്ങളോട് ചോദിക്കും പോലെ 'എന്താ വേണ്ടത്' എന്ന് ചോദിക്കും, അങ്ങനെ ബാപ്പാന്റെ അവസാന യാത്രയായ ഹൈദരാബാദിലേക്കുള്ള യാത്രയിലും ചോദിച്ചപ്പോൾ 'വളമതി' എന്നു പറഞ്ഞു. അങ്ങനെ ബാപ്പാന്റെ വിയോഗാനന്തരം ഒരുപാട് ദിവസങ്ങൾക്കു ശേഷം ബാപ്പാന്റെ എല്ലാ സാധനങ്ങളും അവിടെ നിന്ന് കൊടുത്തയച്ചപ്പോൾ ഒരു പെട്ടിക്കുള്ളിൽ കവറിൽ പൊതിഞ്ഞ വളയുണ്ടായിരുന്നു".


     സി എച്ചിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ അത്രത്തോളം മതഭക്തിയും ലാളിത്യവും കൊണ്ട് നടന്ന ഒരു മനുഷ്യനെ നമുക്ക് ദർശിക്കാം -സി എച്ചിന്റെ മകൻ മുനീർ. സി എച്ച് മന്ത്രി ആയിരിക്കുന്ന സമയത്ത് സ്കൂളിൽ കീറിയ കുപ്പായമിട്ടു പോയതും ചിലർ സി എച്ചിന്റെ വസതിയായ ക്രസന്റ് ഹൗസിൽ അതിഥിയായി എത്തിയപ്പോൾ ചായയിലിടാൻ പഞ്ചസാര ഇല്ലാത്ത സാഹചര്യവും മരണശേഷം അദ്ദേഹത്തിൻറെ കടം ജനങ്ങൾ പിരിവിട്ട് വീട്ടിയ അവസ്ഥാവിശേഷവും നാമെല്ലാം കേട്ടു മറന്നതാണ്.തനിക്കോ കുടുംബത്തിനോ ആയി  ഒന്നും കരുതി വെച്ചില്ല. വേദനിക്കുന്ന മനുഷ്യന്റെ നീറ്റലായിരുന്നു അദ്ദേഹത്തിനെന്നും മുഖ്യം.


*സി എച്ച്; പാണക്കാടും സമസ്തയും*


   സി എച്ച് മുഹമ്മദ് കോയ പാണക്കാട് കുടുംബവുമായും സമസ്ത നേതാക്കളുമായും വളരെ മഹത്തായ ബന്ധം വച്ചുപുലർത്തിയിരുന്നു. കൊടപ്പനക്കൽ തറവാട്ടിൽ ആഴ്ചയിൽ പലതവണ വരുമായിരുന്നു. സി എച്ചിന്റെ  സുപരിചിതമായ നാട്ടുകാർ അദ്ദേഹത്തിന്റെ വരവ് അനുഗമിച്ച് കൊടപ്പനയിൽ ഒത്തുകൂടും. പാണക്കാട്  തങ്ങന്മാരെ മുസ്ലിംലീഗിന്റെ അമരത്തെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമം ചെറുതല്ല.  തറവാട്ടിലെത്തുന്ന സി എച്ചിനെ അത്ഭുതം ഊറി നോക്കി നിന്ന അനുഭവങ്ങൾ അന്നത്തെ പാണക്കാട്ടെ കുട്ടികളായിരുന്ന സാദിഖലി തങ്ങളും അബ്ബാസലി തങ്ങളും ബഷീറലി തങ്ങളും  രേഖപ്പെടുത്തിയിട്ടുണ്ട്. സി എച്ചിന് ഇഷ്ടമുള്ള ഭക്ഷണമൊരുക്കാനും സ്വീകരിക്കാനും ആ കുടുംബം എന്നും തയ്യാറായിരുന്നു. ഇതുപോലെ തന്നെ സമസ്ത നേതാക്കളോടും അദ്ദേഹം വളരെ ഊഷ്മളമായി ഇടപഴകി. കെ വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് എഴുതുന്നു:- "പണ്ഡിതരെ ആദരിക്കാനും അംഗീകരിക്കാനും ഇത്രയേറെ തയ്യാറായ മറ്റധികം നേതാക്കൾ നമ്മുടെ നാട്ടിലുണ്ടാവില്ല. സമസ്തയോട് എന്നും അനുഭാവപൂർവ്വം പെരുമാറിയിട്ടുള്ള സി എച്ച് മതപണ്ഡിതരോട് എപ്പോഴും മതിപ്പും ബഹുമാനവും പ്രകടിപ്പിച്ചിരുന്നു.സമസ്ത പണ്ഡിതന്മാർ മതവിദ്യാഭ്യാസ രംഗത്ത് ചെയ്യുന്ന സേവനങ്ങളെ ഹൃദയം തുറന്ന് പ്രശംസിക്കാൻ എന്നും അദ്ദേഹം തയ്യാറായിരുന്നു. വിദ്യാഭ്യാസ ബോർഡിന്റെ മഹത്തായ സേവനം ഉണ്ടായിരുന്നില്ലെങ്കിൽ കേരള മുസ്ലിംകളുടെ നില മറ്റൊന്നാകുമായിരുന്നെന്ന് വളച്ചുകെട്ടില്ലാതെ ഒട്ടേറെ തവണ ആ വലിയ മനുഷ്യൻ തുറന്നു പറഞ്ഞു". ഒരു മുസ്ലിം ലീഗ് സമ്മേളനത്തിന് ദുആ ചെയ്യാൻ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെ ക്ഷണിക്കപ്പെട്ടു. അദ്ദേഹം ക്ഷണം സ്വീകരിച്ചു. ഇതിൽ സംശയപൂർവ്വം ചെന്ന ആനക്കര കോയകുട്ടി മുസ്ലിയാരോട് ചാപ്പനങ്ങാടി ഉസ്താദിന്റെ മറുപടി ഇതായിരുന്നു:-"  അത്രത്തോളം ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഒരു മനുഷ്യൻറെ ക്ഷണം ഞാനെങ്ങനെ നിരസിക്കും?".


അദ്ദേഹത്തിന്റെ നർമ്മബുദ്ധി വേറിട്ടത് തന്നെയായിരുന്നു. എതിർ കക്ഷിയെ പോലും പൊട്ടിച്ചിരിപ്പിക്കുമാർ അദ്ദേഹം സ്റ്റേജിലും പേജിലും നർമ്മക്കൊട്ടാരങ്ങൾ ഒരുക്കി. കുറിക്കു കൊള്ളുന്ന മറുപടികൊണ്ടും ഹാസ്യ വെടിക്കെട്ടുകൾ കൊണ്ടും പല കടലിരുമ്പങ്ങളും, കാറ്റും, കോളും അദ്ദേഹം തടഞ്ഞുനിർത്തി. പ്രായഭേദമന്യേ അദ്ദേഹം എല്ലാവരോടും സൗഹാർദ്ദത്തോടെ പെരുമാറി.ഖാഇദേ മില്ലത്തിൻറെ ആത്മാർത്ഥതയും ബാഫഖി തങ്ങളുടെ ആർദ്രതയും സീതി സാഹിബിന്റെ 

ധൈഷണികതയും ഉൾച്ചേർന്ന അദ്ദേഹം നമ്മെ മുന്നിൽനിന്ന് നയിച്ചു.


  തൊട്ടതൊക്കെ പൊന്നാക്കി, ഒരു സമൂഹത്തിന് മെയ് കരുത്തും മനക്കരുത്തുമേകി ചരിത്രത്താളുകളിൽ സ്വർണ്ണത്തകിട് കൊണ്ട് തന്റെ പേര് കൊത്തിവെച്ച് അദ്ദേഹം നമുക്കിടയിലൂടെ നടന്നുപോയി.1983 സെപ്റ്റംബർ 28ന് 05:20നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.പിറ്റേന്ന് 10:35 ന് കോയ സാഹിബെന്ന ആധുനിക മലബാറിന്റെ പടനായകൻ തന്റെ സ്വന്തം മണ്ണിലേക്ക് തന്നെ ചേർത്തുവയ്ക്കപ്പെട്ടു.

33-ാം വയസ്സിൽ സി എച്ച് നൊപ്പം കൂടിയതായിരുന്നു രോഗങ്ങൾ. ആരോഗ്യം ശ്രദ്ധിക്കാൻ നിർദ്ദേശിച്ചാൽ "താനൊരു സഞ്ചരിക്കുന്ന മയ്യത്താണ്, പോകുന്നവരെ പോകട്ടെ" എന്നതായിരുന്നു മറുപടി. അദ്ദേഹത്തിൻറെ സേവനങ്ങൾ എഴുതി പതിപ്പിക്കുന്നതിന് പരിധിയുണ്ട്. സി എച്ച് എന്ന വലിയ മനുഷ്യനെ കുറിച്ച് പകർത്താൻ ശ്രമിക്കുന്നതിനും..

 നികത്താനാവാത്ത നഷ്ടം ബാക്കിവെച്ച് അദ്ദേഹം പോയി. മുഹമ്മദലി തങ്ങളുടെ വാക്കുകൾ ഇവിടെ സ്മരിക്കുകയാണ്. "നികത്താൻ ആവാത്ത നഷ്ടം ഒരു പതിവ് പ്രയോഗമാണ്.പക്ഷേ, മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം സി എച്ചിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ നികത്താനാകാത്തത് തന്നെയാണ്. പ്രാപ്തരും പ്രഗൽഭരും പക്വമതികളുമായ പലരും നേതൃനിരയിലുണ്ടായിരുന്നെങ്കിലും അവർക്കിടയിൽ അതിമാനുഷനെ പോലെ അതിഗംഭീരമായി തലയുയർത്തി നിൽക്കുന്ന അനുഗ്രഹീതനായ സി എച്ച് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പകരം വെക്കാൻ മറ്റൊരു സിഎച്ചില്ല! 


അതെ, പല സുഗന്ധങ്ങൾ സമ്മേളിച്ച ആ പൂവ് സുഗന്ധത്തിലും വൈവിധ്യം പുലർത്തുകയായിരുന്നു. അദ്ദേഹത്തിൻറെ വഴിയേ സഞ്ചരിക്കാൻ നമുക്കാവട്ടെ....

  

Fathima Fidha KK 

Al Gaith Islamic And Arts College for Girls