ഇന്ത്യൻ ജനാധിപത്യവും ;മത പാഠശാലകളും
നിങ്ങളൊരു ഓട്ട മത്സരത്തിൽ പങ്കെടുത്തു ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ, കൂടെ ചിലർ ഓടിയിരുന്നു എന്ന് ഓർക്കുന്നതാണ് ജനാധിപത്യമെന്ന ഗാന്ധിയുടെ വാക്കുകളെ പൊള്ളയാക്കി മാറ്റി മത്സരബുദ്ധിയുടെ വിൽപ്പനോപകരണമായി ഇന്ത്യൻ ജനാധിപത്യം മാറിയിരിക്കുന്നു .ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഇന്ത്യൻ ജനാധിപത്യം മരണമടയുകയാണ് .രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ ഭൂരിപക്ഷം കൊണ്ട് പകരം വെക്കാനാകും എന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഡോ :ബി ആർ അംബേദ്‌കർ ഭരണഘടനാ നിർമാണ വേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു .വർത്തമാന കാലഘട്ടത്തിൽ അത് നടപ്പിലായികൊണ്ടിരിക്കുന്നു .ഭരണാധികാരികൾ ഭരണഘടനാ മൂല്യങ്ങളെ മാനിക്കുന്നില്ലെങ്കിൽ എത്ര മികവുറ്റ ഭരണഘടന കൊണ്ടും നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനാകില്ലെന്ന അദ്ദേഹത്തിന്റെ നിഗമനത്തെയും നമ്മുടെ കാലഘട്ടം ശരിവെക്കുന്നു .
രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഉൾപ്പെട്ട ഒരു തത്ത്വമാണ് ജനാധിപത്യത്തിന്റെ ശരിയായ ഉള്ളടക്കമെന്ന ആശയത്തിൽ നിന്ന് രാഷ്ട്രീയ ജനാധിപത്യം പോലും അനർഥമായ്‌ക്കൊണ്ടിരിക്കുന്ന പദനത്തിലേക്ക് രാജ്യം എത്തിക്കഴിഞ്ഞിരുന്നു . സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യമാകട്ടെ ,അതിന്റെ അസ്തമയ ചക്രവാളത്തിൽ ചെന്നു പതിച്ചുകൊണ്ടിരിക്കുന്നു .
മത സ്വാതന്ത്ര്യമെന്ന വാക്കിന്നർത്ഥത്തിലുള്ള വ്യാഖ്യാന പിഴവെന്ന പേരിൽ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെല്ലാം ജനാധിപത്യ സ്വേച്ഛാധിപത്യത്തിന്റെ കയ്പ്പേറിയ ആശയങ്ങൾ പിന്തുടരുന്നതിന്റെ അടയാളമായി കണക്കാക്കാം .എന്നാൽ ,എല്ലാ മതങ്ങളിലും വിദ്യാഭ്യാസം അതിന്റെ ഭാവി പൗരന്മാരുടെ അംഗങ്ങൾക്കിടയിൽ ആശയങ്ങളും, ധാർമികതയും, മൂല്യങ്ങളും, സംരക്ഷിക്കുന്നതിനും കൈമാറുന്നതിനുമുള്ള ഏറ്റവും ശക്തമായ മാധ്യമമായി കണക്കാക്കപ്പെടുന്നു .ഇസ്‌ലാമിൽ മദ്രസ്സ വിദ്യാഭ്യാസ സമ്പ്രദായം പൊതുവെ അവരുടെ ഭാവി പൗരന്മാരുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത നിറവേറ്റുന്നു .പക്ഷെ ,ബാലാവകാശ കമ്മീഷൻ അടുത്തിടെ സംസ്ഥാനങ്ങൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മദ്രസ്സകൾ മുസ്ലിം വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നത് തടയുന്നതായി വാദിക്കുന്നു .
2009 ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം തെറ്റായി വ്യാഖ്യനിച്ചാണ് ഇത് നടക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കുകയുണ്ടായി .ഇതിന്റെ അടിസ്ഥാനത്തിൽ മദ്രസ്സകൾക്കും മദ്രസ്സ ബോർഡുകൾക്കും നൽകുന്ന എല്ലാ സർക്കാർ സഹായങ്ങളും നിർത്തലാക്കണമെന്നും ,അവ അടച്ചു പൂട്ടണമെന്നും ഈ റിപ്പോർട്ടിൽ പരാമർശിക്കുകയുണ്ടായി .കുട്ടികളുടെ മൗലികാവകാശങ്ങളും ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളും പരസ്പ്പരം വൈരുധ്യം നിലനിൽക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷൻ ഈ റിപ്പോർട്ടിൽ പറയുന്നു .2009 ലെ R T E നിയമത്തിൽ [സൗജന്യവും നിർ ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം ] മത സ്ഥാപനങ്ങളെ ഒഴിവാക്കിയത് ഔപചാരിക വിദ്യാദ്യാസ സമ്പ്രദായത്തിൽ നിന്ന് മത സ്ഥാപനങ്ങളിൽ മാത്രം പഠിക്കുന്ന കുട്ടികളെ ഒഴിവാക്കുന്നതിലേക്കാണ് നയിച്ചത് .
ഭരണഘടനയുടെ ആർട്ടിക്കിൾ 29 ,30 എന്നിവ ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിച്ചപ്പോൾ, സ്കൂളുകളിലെ കുട്ടികൾക്ക് തുല്യാവകാശം നിഷേധിക്കപ്പെട്ടതായി ഈ കമ്മീഷൻ വാദിച്ചു .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂ ടെ കുട്ടികളെ ശാക്തീകരിക്കാനാണ് R T E നിയമം ഉദ്ദേശിക്കുന്നതെന്നും പരാമർശിച്ചു .ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ നേരത്തേ പുറത്തിറക്കിയ ഒരു റിപ്പോർട്ടും സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുത്തിട്ടുണ്ട് .'അവകാശങ്ങളെ അടിച്ചമർത്തുന്നവർ ;കുട്ടികളുടെ ഭരണഘടനാ പരമായ അവകാശങ്ങളും മദ്രസ്സകളും 'എന്ന തലക്കെട്ടിലായിരുന്നു റിപ്പോർട്ട് .11 അധ്യായങ്ങളുള്ള ഈ റിപ്പോർട്ടിൽ മദ്രസ്സകളുടെ ചരിത്രവും ,കുട്ടികളുടെ അവകാശങ്ങൾ ലംഘി ക്കുന്നതിൽ അവ വഹിക്കുന്ന പങ്കുകളിലും ഊന്നൽ നൽകിയതായും കമ്മീഷൻ വാദിക്കുന്നു .2009 ലെ R T E നിയമത്തിലെ സെക്ഷൻ 2 പ്രകാരം എല്ലാ കുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ കടമയാണെന്നും ഇതിൽ വിവരിക്കുന്നുണ്ട് .
കേവലം ഒരു ബോർഡ് രുപീകരിക്കുകയോ U D I S E കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസ്സകൾ R T E നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നു എന്ന് കരുതാനാകില്ല .ഇക്കാരണത്താൽ ,മദ്രസ്സകൾക്കും മദ്രസ്സ ബോർഡുകൾക്കുമുള്ള സംസ്ഥാന ധനസഹായം എല്ലാ സംസ്ഥാനങ്ങളിലും / U T കളിലും മദ്രസ്സ ബോർഡുകളിലും നിർത്താൻ ശുപാർശ ചെയ്തിട്ടുണ്ട് .അത് കൂടാതെ നിർത്തലാക്കുകയും അടച്ചു പൂട്ടുകയും വേണം .മുസ്ലിം ഇതര വിഭാഗത്തിൽ പെട്ട കുട്ടികളെയെല്ലാം മദ്രസകളിൽ നിന്നും പുറത്താക്കി സ്കൂളുകളിൽ പ്രവേശിപ്പിക്കാനും ശുപാർശ ചെയ്തിട്ടുണ്ട് .
കൂടാതെ ,മദ്രസ്സയിൽ ചേർന്ന മുസ്ലിം സമുദായത്തിൽ നിന്നുള്ള കുട്ടികൾ ഔപചാരിക സ്കൂളുകളിൽ വിദ്യാഭ്യാസം നേടണം ,അങ്ങനെ ചെയ്യുന്നതിലൂടെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ അർത്ഥവത്തായ സംഭാവന നൽകുവാൻ കുട്ടികൾക്ക് കഴിഞ്ഞേക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി .സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം 2009 ലാണ് മദ്രസ്സകൾക്കുള്ള ഇളവിനെ കുറിച്ച് പരാമർശിക്കുന്നത് .ഈ നിയമത്തിൽ അടങ്ങിയിരിക്കുന്ന ഒന്നും മദ്രസ്സകൾക്കും വേദപാഠശാലകൾക്കും ബാധകമല്ല .മതപരമായ പ്രബോധനം നൽകുന്ന മറ്റ് സ്ഥാപനങ്ങൾക്കും ബാധകമല്ല ,എന്നൊക്കെയാണ് വകുപ്പ് 1[5 ]പറയുന്നത് .മദ്രസ്സകൾക്കു മാത്രമല്ല ,മറ്റു വേദപാഠശാലകൾക്കും ഈ പരാമർശങ്ങൾ ബാധകമാണെന്നു മനസ്സിലാക്കാം .എന്നാൽ ,മദ്രസ്സകൾ കുറിച്ച് മാത്രമാണ് ബാലാവകാശ കമ്മീഷൻ ഇതിൽ എടുത്തുപറയുന്നത് .
ഇന്ന് മദ്രസ്സകളെയാണ് നോട്ടപുള്ളിയാക്കിയതെങ്കിൽ ,അത് നാളെ വേദപാഠശാലകളും സെമിനാറികളുമായ് മാറാം .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തെലങ്കാനയിലെ കത്തോലിക്ക സഭയിൽ കണ്ടത് .
2014 ൽ അധികാരത്തിലെത്തിയ ശേഷം ഭൂരിപക്ഷ
ദ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ട് ഇസ്ലാമോഫോബിയയും മറ്റും പരത്തുന്ന ബി ജെ പി യുടെ വിദ്വേഷ പ്രചാരങ്ങളെല്ലാം തന്നെ ഒരു വിഭാഗത്തിന്റെ മതപരമോ വംശീയപരമോ ആയ സ്വതം സംരക്ഷിക്കുന്നതിന്റെ പ്രശ്നം എന്ന നിലക്ക് മാത്രമായ് നമുക്ക് കാണാൻ കഴിയില്ല .ഇപ്പോൾ മദ്രസ്സകൾക്കെതിരായ നീക്കത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സൗകര്യപ്രദമായ സംവിധാനം എന്ന നിലയിൽ ലഭ്യമായ ഭരണാധികാരത്തെ മൗലികാവകാശ ലംഘനങ്ങളിലൂടെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം .എന്നാൽ അതാത് വ്യക്തികളിൽ തന്നെ നിക്ഷിപ്തമാണെന്നിരിക്കെ , വിശ്വാസികളുടെ മതം പ്രാക്ടീസ് ചെയ്യാനും തിരസ്ക്കരിക്കാനുമുള്ള സ്വാതന്ത്രത്തിലേക്ക് നുഴഞ്ഞു കയറാൻ ഒരു കമ്മീഷനും അധികാരമില്ല .
അവകാശങ്ങൾ നേടിയെടുക്കണമെങ്കിൽ കൂട്ടായ സംഘടന പ്രവർത്തനങ്ങളിലൂടെ അനീതിക്ക് മുമ്പിൽ അണിനിരക്കേണ്ടതിന്റെ ആവശ്യകതയേറെയാണ് .അനുദിനം വികാസം പ്രാപിക്കുന്ന ചിന്താഗതികളും വാക്കുകളും എഴുത്തുകളും ആയുധമാക്കി മാറ്റി ഇന്നത്തെ സ്വാതന്ത്രവും നാളത്തെ സമാധാനവും കരസ്ഥമാക്കാൻ നാം ഏവരും പ്രയത്നിക്കേണ്ടതുണ്ട്.
Naseehath M
Hope valley

0 Comments