لقد خلقنا الانسان في احسن تقويم
വിശുദ്ധ ഖുർആനിലെ സൂറത്തു "അത്തീനി"ലെ ശ്രദ്ധേയമായ ആയത്താണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുള്ള ഏറ്റവും ഭംഗിയും സുവ്യക്തവുമായ ആശയം ഈ സൂറത്തിലും അതിലെ ആയത്തുകളിലും ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യൻ, മൃഗം, മലക്ക് തുടങ്ങിയവയുടെ സൃഷ്ടാവ് അല്ലാഹുവാണ് . എങ്കിലും സൃഷ്ടിപ്പുകൾ വ്യതിരിക്തമാണ്. മനുഷ്യകുലം മുഴുവൻ ഒരു മാതാവിൻ്റെയും പിതാവിന്റെയും സന്താനങ്ങളാണെങ്കിലും ഭൂമിയിലെ പലയിടങ്ങളിലെ മണ്ണിനാലുള്ളതാണ്. വിവേകത്താലാണ് മലക്കുകളുടെ സൃഷ്ടിപ്പ്. എന്നാൽ, വികാരത്താലാണ് മൃഗങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിൽ നിന്നും വ്യതിരിക്തമായി വിവേകവും വികാരവും സമന്വയിപ്പിച്ച് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു.
മനുഷ്യൻ വിവേകം കൊണ്ട് വികാരത്തെ കീഴ്പ്പെടുത്തിയാൽ മലക്കുകളേക്കാൾ ഉയർന്ന സ്ഥാനത്തേക്ക് എത്തിപ്പെടും. പക്ഷേ, സത്യവിശ്വാസം സ്വീകരിക്കാത്ത പക്ഷം വികാരം കൊണ്ട് വിവേകത്തെ കീഴടക്കിയാൽ അധമരിൽ ഏറ്റവും വലിയ അധമനാക്കി അല്ലാഹു അവനെ തരംതാഴ്ത്തും. മനുഷ്യനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: "ولقد كرمنا بني آدم".
ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും അധോമുഖരായി സൃഷ്ടിച്ചപ്പോൾ മനുഷ്യനെ മാത്രം ഊർധമുഖത്തോടെ സൃഷ്ടിച്ചു. ബുദ്ധിയും, ബോധവും, സംസ്കാരവും, ജ്ഞാനവും, സംവേദന ശേഷിയും തികഞ്ഞവനായി രൂപകല്പന ചെയ്തു. ഇത്തരുണത്തിൽ ശാരീരിക, മാനസിക, യുക്തി തുടങ്ങിയ വീക്ഷണ കോണിൽ നിന്നുള്ള കഴിവിനാൽ മനുഷ്യനെ സജ്ജീകരിച്ചിരിക്കുന്നു. മനുഷ്യൻ ചിന്തിക്കാൻ ബാധ്യസ്ഥനാണ്. അവൻ കഴിക്കുന്ന ഭക്ഷണം മൃഗത്തെപ്പോലെ തിന്നു തീർക്കുക എന്നതിനപ്പുറം എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവിനെ സ്മരിക്കണം എന്ന് സാരം.
"تقويم" എന്ന വാക്കിന് تصوير، تعديل، تثقيف എന്നിങ്ങനെയുള്ള അർത്ഥങ്ങളാണുള്ളതെന്ന്
തഫ്സീറുൽ കബീറിൽ ഇമാം റാസി (റ) വ്യക്തമാക്കുന്നുണ്ട്.
പ്രസിദ്ധ ഖുർആൻ നിഘണ്ടുവായ المفردات ൽ ഇമാം റാഖിബ് (റ) ഈ ആയത്തിനെ സൂചിപ്പിച്ച് പറയുന്നത് ഈ ലോകത്ത് എല്ലാത്തിനെയും അടക്കിഭരിക്കുവാൻ പറ്റുമെന്ന് കാണിക്കുന്ന ബുദ്ധി, ഗ്രഹണശക്തി, നിവർന്ന ശരീര നില മുതലായവ മനുഷ്യന് മാത്രം പ്രത്യേകമായിട്ടുള്ളതാണ് . മനുഷ്യന്റെ നിലയും നിലവാരവും ഇപ്രകാരമായിരിക്കെ ഭൂമിയിലെ തൻ്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവൻ ബോധവാനാകേണ്ടതുമുണ്ട്.
ഒരിക്കൽ ശ്രീരാമനോട് ഭൂമിയിലെ മനോഹാരിത എന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ "മനുഷ്യൻ" എന്നാണ് ഉത്തരം നൽകുന്നത്. അല്ലാഹു നൽകിയ മനുഷ്യന്റെ ചിന്തകളും പ്രവർത്തനങ്ങളും കഴിവുകളുമാണ് യഥാർത്ഥത്തിൽ ഭൂമിയെ ഭംഗിയാക്കുന്നത്. قال الله تعالى : افحسبتم انما خلقناكم عبثا وانكم الينا لا ترجعون
(110: سورة المؤمنون)
(ഇപ്പോൾ നാം നിങ്ങളെ വ്യഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?)
ജഗനിയന്ത്രിതാവായ അള്ളാഹു മനുഷ്യനായ എന്നെ സൃഷ്ടിച്ചുള്ളത് എന്തിനെന്ന പക്വവും പാകവുമായ ചിന്താവൈഭവവും, കാലത്തിനനുസൃതമായി തന്റെ കടമകൾ നിറവേറ്റണമെന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടാകണം. അചഞ്ചലമായ വിശ്വാസത്തോടെയും വിവേകത്തോടെയും ഭൂമിയിൽ ജീവിക്കുമ്പോൾ മനുഷ്യനെ الله മലക്കുകളേക്കാൾ ഉയർന്ന സ്ഥാനത്ത് എത്തിക്കുമെന്ന വലിയൊരു ആശയം നമുക്ക് മനസ്സിലാക്കി ജീവിക്കാം.
Aayisha Fidha A.M
BKR ALUVA

0 Comments