അജബേറുന്ന റജബ് 27
പരിശുദ്ധ മിഅ്റാജിന്റെ പുണ്യം പെയ്തിറങ്ങുന്ന രാവ്, കാർമേഘം മൂടിയ ഹൃദയാന്തരത്തിന്റെ കിളിവാതിൽ തുറന്ന് പരിശുദ്ധ റമളാനിലേക്കുള്ള പശ്ചാതാപത്തിന്റെ ദിനരാത്രങ്ങളാണിനി. എല്ലാത്തിനുമുപരി നമസ്കാരത്തിന്റെ വാർഷിക ദിനം. ബുറാഖിന്റെ മടിത്തട്ടിലിരുന്ന് ആകാശത്തിന്റെ പടവുകൾ കടന്ന് പരിശുദ്ധാത്മാവ് നബി(സ), ആലമുൽ ഖാലിഖിന്റെ പ്രകാശ ഗോപുരം കൺകുളിർക്കെ കണ്ടു.അത്തഹിയ്യാത്തിന്റെ പരിശുദ്ധ വചനങ്ങൾ അർഷ് കണക്കെ വാചാലമായി. മലക്കുകൾ കാഴ്ച്ച മറഞ്ഞ് സലാമോതി. തെളിനീര് ഒഴുകുന്ന ആരാമങ്ങളും എരിഞ്ഞ് തീരുന്ന നരഗാഗ്നിയുടെ ഗർജനവും കണ്ട് ഹബീബ്(സ) യുടെ കണ്ണുടക്കി. പാതിരാവിന്റെ പാരമ്യതയിൽ ഏഴാനാകാശം നീന്തിത്തുടിച്ച് മടങ്ങുന്ന നേരം ഹബീബിലേക്ക് പൊതിഞ്ഞ് കൊടുത്ത സമ്മാനമത്രേ നമസ്കാരം. ഏതൊരാത്മാവും സർവ്വതും മറന്നു പോകുന്ന നേരത്തും ഉമ്മത്തിന്റെ ഭാരമോർത്ത് നമസ്കാരം ചുരുക്കിത്തരാൻ പടച്ചവനോട് തേടി. തേടിയ ദൂതനെ കൂട്ടിയണച്ച് നിസ്കാരത്തെ അഞ്ച് വഖ്താക്കി ചുരുക്കി സന്തോഷിപ്പിച്ചു.
മനുഷ്യസമൂഹത്തിനുള്ളതായ ഒരേ ഒരു കർമ്മമേ ഉള്ളൂ. ഈ കാണുന്ന സർവ്വചരങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണെന്ന ബോധ്യത്തോടെ അനുഗ്രഹങ്ങളിലൂടെ അവനെ സ്മരിക്കുക, അതിന്റെ ഒരു ശാസ്ത്രീയ രൂപം മാത്രമാണ് നമസ്കാരം. അഞ്ചുനേരവും നാമെല്ലാം ഓരോ മിഅ്റാജ് യാത്ര നടത്തുകയാണ്. എല്ലാത്തിനും അധിപൻ അവൻ മാത്രമാണെന്നും അവനിലേക്കാണ് നാം കീഴ്പ്പെടുന്നുമെന്ന ദൃഢതയോടെ തക്ബീറത്തുൽ ഇഹ്റാമിന്റെ അചഞ്ചല വിശ്വാസത്തോടെ അല്ലാഹുവുമായുള്ള മുനാജാത്ത് ആരംഭിക്കുന്നു, മടക്കത്തിന്റെ വർത്തമാനങ്ങൾ കൊണ്ട് അവസാനിക്കുകയും ചെയ്യുന്ന മുഅ്മിനിന്റെ യാത്ര, അതായിരിക്കണം ഓരോ നമസ്കാരത്തിലൂടെയുമുള്ള നമ്മുടെ തിരിച്ചറിവ്. തെറ്റുകൾ പടച്ച റബ്ബിലേക്ക് നിരത്തിവെച്ച് പാപമോചനത്തിനുള്ള രാവും പകലും നമ്മിലേക്ക് കടന്നുവന്നു. വസന്തങ്ങളിൽ ഒരുപാട് നന്മ കൊയ്തെടുക്കാനും ആഖിറത്തിൽ മുതൽക്കൂട്ടാവാനും റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ..ആമീൻ..
ഇനിയാ മഴയിലങ്ങനെ കറപുരണ്ട ഹൃദയങ്ങൾ കുളിരു പെയ്യട്ടെ...
مرحبا یا شہر رمضان...
Salma. Pk
STEA Maniyoor

0 Comments