റമളാന്‍ 15; ബീവി നഫീസത്തുൽ മിസ്‌രിയ്യ വഫാത്ത് ദിനം




ബീവി നഫീസത്തുൽ മിസ്‌രിയ്യ(റ): അറിവിന്റെ രാജകുമാരി



ഈജിപ്തിലെ ഒരു ഗ്രാമം. അവിടെയൊരു ജൂതകുടുംബം താമസിക്കുന്നുണ്ട്. പിള്ളവാതം പിടിച്ച് കാലുകൾ നിശ്ചലാവസ്ഥയിലായ ഏകമകളെയോർത്ത് ആ കുടുംബം കണ്ണീർവാർക്കാത്ത ദിവസങ്ങളില്ല. ഒരുനാൾ മാതാവ് മകളെ അടുത്ത വീട്ടിലാക്കി കുളിക്കാൻ പോയി. അതൊരു മുസ്‌ലിം ഗൃഹമായിരുന്നു. വീട്ടുകാരി നിസ്‌കാരത്തിനായി വുളൂഅ് ചെയ്യുന്നതിനിടെ അൽപം വെള്ളം അടുത്തിരുന്ന കുട്ടിയുടെ ദേഹത്തേക്ക് തെറിച്ചു, അത്ഭുതം. പിള്ളവാതം പിടിച്ച കുട്ടിയുടെ കാലുകൾ സാധാരണ ഗതിയിലായിരിക്കുന്നു. കുട്ടി സ്വയം എഴുന്നേറ്റുനിന്നു. ആരോഗ്യവതിയായി വീട്ടിലേക്ക് നടന്നുവന്ന മകളെ കണ്ട് കുടുംബം അതിശയിച്ചു. ആ വീട്ടുകാരിയുടെ ഖ്യാതി നാടാകെ പരന്നു.

ബീവി നഫീസത്തുൽ മിസ്‌രിയ്യ(റ)യായിരുന്നു അവർ.ജ്ഞാന സമ്പത്തും ആത്മീയ ഔനിത്യവും കാരണം മുസ്‌ലിംലോകം ആദരിച്ചുപോരുന്ന മഹതി.

ഹിജ്‌റ വര്‍ഷം 145 റബീഉല്‍ അവ്വല്‍ 11-ന് മക്കയിലാണ് സയ്യിദ നഫീസ ജനിച്ചത്. അലി(റ)ന്റെ പൗത്രന്മാരിൽപെട്ട സയ്യിദ് ഹസനുൽ അൻവറാണ് പിതാവ്. മാതാവ് ഉമ്മുസൽമയും. മകളെ ആത്മീയ ശിക്ഷണത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു. ചെറുപ്പം മുതലേ വിജ്ഞാനത്തോട് അടങ്ങാത്ത അഭിനിവേശം ബീവി കാണിച്ചു. അതീവ ബുദ്ധിമതിയായിരുന്നു.

എട്ടാം വയസ്സില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. അതിനു മുമ്പേ എഴുത്തും വായനയും പ്രാഥമിക വിജ്ഞാനങ്ങളും സ്വായത്തമാക്കി.പിന്നീട് മാതാപിതാക്കളോടൊപ്പം മദീനയിലേക്ക് പോയി. മദീനയിലെ പള്ളിയില്‍ പോകുകയും അവിടെയുള്ള പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നുകരുകയും ചെയ്തു. വിവാഹപ്രായത്തിനു മുമ്പുതന്നെ ‘നഫീസത്തുല്‍ ഇല്‍മ്'(അറിവിന്റെ മൂല്യം) എന്ന വിശേഷണത്തിനര്‍ഹയായി.ഖാസിം എന്ന ഒരു സഹോദരനുണ്ട്. മതബോധവും വിരക്തിയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ജഅ്ഫര്‍ സ്വാദിഖ് (റ)വിന്റെ പുത്രനായ ഇസ്ഹാഖ് അല്‍ മുഅ്തമിന്‍ ആയിരുന്നു മഹതിയെ വിവാഹം കഴിച്ചത്. നഫീസ സയ്യിദയുടെ പിതാമഹനാണ് ഇമാം ഹസന്‍. ഇമാം ഹുസൈന്‍ ഇസ്ഹാഖ് മുഅ്തമന്റെ പിതാമഹനുമായിരുന്നു. ഖാസിം, ഉമ്മുകുല്‍സൂം എന്നീ രണ്ടു മക്കളാണ് അവര്‍ക്കുണ്ടായിരുന്നത്.


وحجت ثلاثين حجة أكثرها ماشية وكانت تبكى بكاء كثيرا وتتعلق باستار الكعبة وتقول إلهي وسيدي ومولاى متعنى وفرحنى برضاك عنى


മഹതി മുപ്പത് തവണ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അതിലധികവും നടന്നിട്ടാണ് പോയത്. മഹതിയവർകൾ വല്ലാതെ കരയുമായിരുന്നു. കഅ്ബയുടെ കില്ല പിടിച്ച് കൊണ്ട് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: "എന്റെ ഇലാഹും സയ്യിദും യജമാനനുമായ നാഥാ എന്നെ നിന്റെ തൃപ്തികൊണ്ട് സന്തോഷിപ്പിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യേണമേ"

                                                       (നൂറുൽ അബ്സ്വാർ)


                  ഹറമില്‍ ദീര്‍ഘനേരം മഹതി കഴിച്ചുകൂട്ടിയിരുന്നു.പരലോകം മുഖ്യലക്ഷ്യമായി കണ്ടിരുന്നു. വീട്ടില്‍ സ്വന്തമായി ഖബര്‍ കുഴിച്ചു അതിലിറങ്ങി ദീര്‍ഘനേരം നമസ്‌കരിക്കാറുണ്ടായിരുന്നു. ഖുര്‍ആനുമായി ഉറ്റ ചങ്ങാത്തം സ്ഥാപിച്ചിരുന്നു.


وحفرت قبرها بيدها في بيتها وكانت تصلي فيه كثيرا وقرأت فيه مائة وتسعين ختمة وفي رواية عنه ألفي ختمة وقيل ألف وتسعمائة        

                                                                        (نور الأبصار)


മഹതി മിസ്റിലെ തന്റെ വീട്ടിൽ സ്വന്തം കൈകൊണ്ട് കുഴിച്ച ഖബ്റിൽ ധാരാളമായി നിസ്കരിക്കുമായിരുന്നു. അതിൽ ഇറങ്ങിയിരുന്ന് മഹതി 190 ഖത്മുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു രിവായത്ത് പ്രകാരം രണ്ടായിരം ഖത്മുകൾ എന്നാണ്. 1900 ഖത്മുകളെന്നും അഭിപ്രായമുണ്ട്.           

                                               (നൂറുൽ അബ്സ്വാർ) 


             സഹോദരന്റെ പുത്രി സൈനബ് മഹതിയുടെ സേവനത്തിനായി ഒഴിഞ്ഞിരുന്നു.സയ്യിദ നഫീസയെ കുറിച്ച് സൈനബ് വിവരിക്കുന്നു: എന്റെ പിതൃവ്യപുത്രി സയ്യിദ നഫീസക്കായി നാല്‍പത് വര്‍ഷം ഞാന്‍ സേവനം ചെയ്തു. രാത്രി ഉറങ്ങുന്നത് അപൂര്‍വമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. രണ്ട് പെരുന്നാളിനും അയ്യാമുത്തശ് രീഖിനും മാത്രമാണ് നോമ്പ് ഉപേക്ഷിച്ചിരുന്നത്. ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.  ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കരയുന്നത് കേള്‍ക്കാമായിരുന്നു.


قال زينب بنت يحيى وهو أخو سيدة نفيسة رضي الله عنها. خدمت عمتى نفيسة أربعين سنة، فما رأيتها نامت بليل ولا فطرت بنهار، فقلت أما ترفقين بنفسك؟ قالت: كيف أرفق بنفسي وقدامى عقبات لا يقطعهن الا الفائزون. 


                                                                    (نور الأبصار)


നഫീസാ ബീവി(റ)യുടെ സഹോദര പുത്രി സൈനബാ ബീവി(റ) പറയുന്നു: "ഞാൻ എന്റെ എളാമയായ നഫീസാ ബീവി(റ)യെ നാൽപത് വർഷം ഖിദ്മത്ത് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ഒരിക്കലും രാത്രി ഉറങ്ങുന്നതായോ, പകലിൽ നോമ്പ്കാരിയല്ലാതയോ ഞാൻ മഹതിയെ കണ്ടിട്ടില്ല. ഞാൻ മഹതിയോട് ചോദിച്ചു:" അങ്ങയ്ക്ക് ശരീരത്തത്തോട് ഒന്ന് കൃപ കാണിച്ചുകൂടേ?

മഹതി പറഞ്ഞു: "ഞാനെങ്ങനെ എന്റെ ശരീരത്തോട് മയം കാണിക്കും. എന്റെ മുന്നിൽ കുറേ കടമ്പകൾ കടക്കേണ്ടതുണ്ട്. വിജയികളല്ലാതെ അവകളെ മുറിച്ച് കടക്കുകയില്ല."

                                                                            (നൂറുൽ അബ്സ്വാർ).


              ഈജിപ്തില്‍ ഹിജ്‌റ വര്‍ഷം 193 റമദാന്‍ 26-ന് മഹതി നഫീസ കൈറോയില്‍ എത്തി.ജനങ്ങള്‍ തക്ബീര്‍ ധ്വനികളാലും അഭിമാനത്തോടെയുമാണ് മഹതിയെ വരവേറ്റത്. വിജ്ഞാനമന്വേഷിച്ചുകൊണ്ടുള്ള ജനങ്ങളുടെ അധികരിച്ച വരവ് മഹതിയുടെ ആരാധനകളെ വരെ തടസ്സപ്പെടുത്തിയപ്പോള്‍ സയ്യിദനഫീസ ഇപ്രകാരം പ്രതികരിച്ചു. ‘ നിങ്ങളുടെ ഇടയില്‍ താമസിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു, അതോടൊപ്പം ഞാന്‍ ഒരു വലിയ യോഗ്യതയൊന്നുമില്ലാത്ത സ്ത്രീയാണ്. ജനങ്ങളുടെ നിരന്തരമായ വരവ് എന്നെ ദിക്‌റുകളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും പരലോകത്തേക്കുള്ള വിഭവം കണ്ടെത്തുന്നതില്‍ നിന്നും അകറ്റിയിരിക്കുന്നു. എന്റെ പിതാമഹനായ മുത്ത് നബിയുടെ അരികിലേക്ക് എത്താന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു’.

മഹതിയുടെ ഈ പ്രഖ്യാപനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. അവിടെ നിന്നും പുറത്ത് പോകുന്നതിനെ അവര്‍ വിസമ്മതിച്ചു. അവിടെ തന്നെ താമസിക്കാന്‍ വേണ്ടി ജനങ്ങള്‍ മഹതിയുടെ ഭര്‍ത്താവിന്റെ മാധ്യസ്ഥത തേടി. മദീനയിലെ ഗവര്‍ണര്‍ സിര്‍റിയ്യ് ബ്‌നു ഹകം ബിന്‍ യൂസുഫ് ഇടപെടുകയും മഹതിക്ക് വലിയ വീട് സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. വിജ്ഞാനത്തിനും ഉപദേശങ്ങള്‍ക്കുമായി ആഴ്ചയില്‍ രണ്ടുദിവസം ജനങ്ങള്‍ക്കവിടെ സന്ദര്‍ശിക്കാമെന്ന് നിബന്ധനയും വെച്ചു. മറ്റു ദിവസങ്ങളില്‍ മഹതി ഇബാദത്തുകള്‍ക്കും മറ്റുമായി ഒഴിഞ്ഞിരുന്നു. അപ്രകാരം ഈജിപ്തുകാരുടെ ഇടയില്‍ മഹതി ‘നഫീസത്തുല്‍ ഇല്‍മ് ’ എന്ന വിശേഷണത്തിന് അര്‍ഹയായി. പിന്നീട് അവിടെ തന്നെ സ്ഥിര താമസമാക്കി. ഭരണാധികാരിയുടെ സഹായി ഒരാളെ ശിക്ഷിക്കാനായി പിടികൂടി. മഹതിയുടെ വീട്ടിനരികിലൂടെ കടന്ന് പോകുമ്പോള്‍ സഹായത്തിനായി അയാള്‍ വിലപിച്ചു. അവനെ രക്ഷപ്പെടുത്താന്‍ വേണ്ടി ‘അക്രമികളുടെ ദൃഷ്ടികളെ തൊട്ട് അല്ലാഹു താങ്കളെ തടയട്ടെ!’ എന്നു മഹതി പറഞ്ഞു. സഹായി അവനെയും കൊണ്ട് ഭരണാധികാരിയുടെ അരികിലെത്തിയപ്പോള്‍ മഹതിയുടെ പ്രാര്‍ഥനയെ കുറിച്ച് വിവരിച്ചു. ഉടന്‍ ഭരണാധികാരി ‘അല്ലാഹുവിന്റെയടുത്ത് എന്റെ അക്രമം രേഖപ്പെടുത്തപ്പെട്ടോ?’ എന്ന് പറഞ്ഞുകൊണ്ട് പശ്ചാത്തപിച്ചു. അദ്ദേഹത്തെ വെറുതെ വിടുകയും തന്റെ ധനത്തില്‍ നിന്നൊരു വിഹിതം ദരിദ്രര്‍ക്കും അഗതികള്‍ക്കുമായി വിതരണം ചെയ്യുകയും ചെയ്തു.

               ചരിത്രകാരനായ അഹ്മദ് ബിന്‍ യൂസുഫ് ഖിര്‍മാനി രേഖപ്പെടുത്തുന്നു: ഇബ്‌നു തൂലൂന്റെ അതിക്രമങ്ങള്‍ക്കെതിരെ ജനം സയ്യിദ നഫീസയുടെ സഹായം തേടിയപ്പോള്‍ ജനകീയ വിപ്ലവത്തിന് മഹതി നേതൃത്വം നല്‍കി. ഒരു കത്ത് തയ്യാറാക്കി അദ്ദേഹം സഞ്ചരിക്കുന്ന ഭാഗത്തേക്ക് പുറപ്പെട്ടു. മഹതിയെ കണ്ടപ്പോള്‍ അദ്ദേഹം കുതിരപ്പുറത്ത് നിന്ന് ഇറങ്ങി. തന്റെ കയ്യിലുള്ള എഴുത്ത് കുത്ത് ഭരണാധികാരിക്ക് നല്‍കി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ‘നിങ്ങള്‍ ഉടമപ്പെടുത്തി, നിങ്ങള്‍ അടിമകളാക്കി, നിങ്ങള്‍ കഴിവുള്ളവരായി, പീഢിപ്പിക്കുകയും ചെയ്തു, നിങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു, അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിഭവങ്ങള്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ടു, നിങ്ങള്‍ അത് തടഞ്ഞുവെച്ചു. മര്‍ദ്ധിതരുടെ തെറ്റുപറ്റാത്തതും തുളച്ചുകയറുന്നതുമായ പ്രാര്‍ഥനശരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക, പ്രത്യേകിച്ച് നിങ്ങള്‍ വേദനിപ്പിച്ച ഹൃദയങ്ങളുടെയും നിങ്ങള്‍ നഗ്നരാക്കിയ ശരീരങ്ങളുടെയും പ്രാര്‍ഥന. അക്രമി അവശേഷിക്കുകയും മര്‍ദ്ധിതന്‍ മരിച്ചുപോകുകയും ചെയ്യുക എന്നത് അസംഭവ്യമാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ പ്രവര്‍ത്തിക്കുക, തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അതിനുള്ള പ്രതികാരം ലഭിക്കുന്നതാണ്. അന്ന് അക്രമി തങ്ങള്‍ക്ക് ഏത് പര്യാവസാനമാണ് ലഭിക്കുക എന്ന് തിരിച്ചറിയും.’ -ഇതിനു ശേഷം ഭരണാധികാരിയുടെ ഭരണം പൂര്‍ണമായും നീതിയിലധിഷ്ടിതമായിരുന്നു എന്ന് ഖര്‍മാനി രേഖപ്പെടുത്തുന്നു.

               ഇമാം ശാഫി ഈജിപ്തിലേക്ക് വന്നപ്പോള്‍ സയ്യിദ നഫീസയുമായി ദൃഢ ബന്ധം സ്ഥാപിച്ചു. മസ്ജിദ് ഫുസ്ത്വാതില്‍ ദര്‍സ് ക്ലാസ് നിര്‍വഹിക്കാന്‍ പോകുന്നതിനിടെ മഹതിയെ സ്ഥിരമായി അദ്ദേഹം സന്ദര്‍ശിക്കാറുണ്ടായിരുന്നു. റമദാനില്‍ അവരുടെ പളളിയില്‍ അദ്ദേഹം തറാവിഹ്  നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നു. മഹതിയെ സന്ദര്‍ശിക്കുമ്പോഴെല്ലാം പ്രാര്‍ഥനക്കായി അദ്ദേഹം വസ്വിയത്ത് ചെയ്യുമായിരുന്നു.ശാഫിഈ ഇമാം(റ) രോഗ ശമനത്തിനായി തേടുന്നു


وكان الشافعي رضي الله عنه إذا مرض أرسل إليها إنسانا من أصحابه الربيع الجيزى أو الريع المرادي فيسلم المرسل إليها و يقول لها إن ابن عمك الشافعي مريض ويسألك الدعاء تدعو له فلا يرجع له القاصد إلا وقد عوفي من مرضه فلما مرض مرضه الذي مات فيه أرسل لها على جارى عادته يلتمس منها الدعاء ، فقالت للقاصد متعه الله بالنظر إلى وجهه الكريم فجاء القاصد له فرآه الشافعي فقال له ما قالت لك ؟ قال قالت لي كيت وكيت فعلم أنه ميت فأوصى.

                                                        

                                                                      (نور الأبصار)      


ശാഫിഈ ഇമാം(റ) രോഗബാധിതനാവുന്ന വേളയിലെല്ലാം ശമനത്തിനായി ബീവിയോട് ചെന്ന് ദുആ ചെയ്യാൻ ആവശ്യപ്പെടാൻ ശിഷ്യന്മാരെ പറഞ്ഞയക്കുമായിരുന്നു. തദ്ഫലമായി പോയവർ തിരിച്ചുവരും മുന്നെ സുഖം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ഇമാമിന്റെ മരണത്തിലേക്കെത്തിച്ച രോഗഘട്ടം പ്രാർത്ഥനാഭ്യർത്ഥനയുമായി ചെന്ന ശിഷ്യനോട് പ്രാർത്ഥനക്കു പകരം മഹതി പറഞ്ഞു: ‘അല്ലാഹു തിരുദർശനത്തിന് ഇമാമിനെ അനുഗ്രഹിക്കുമാറാകട്ടേ.’ തന്റെ മടക്കയാത്രക്കു സമയമായെന്ന് ബീവിയുടെ പ്രതികരണത്തിൽ നിന്നും ഇമാം മനസ്സിലാക്കി മരണത്തിനൊരുങ്ങി.

 

                                              (നൂറുൽ അബ്സ്വാർ)


ഇമാം ശാഫി തന്റെ മയ്യിത്ത് നമസ്‌കാരം മഹതിയെ കൊണ്ട് നിര്‍വഹിപ്പിക്കാന്‍ വസിയത്ത് ചെയ്തിരുന്നു. ഹിജ്‌റാബ്ദം 204-ല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ വസിയത്ത് പ്രയോഗവല്‍കരിക്കാന്‍ വേണ്ടി ജനാസ മഹതിയുടെ വീട്ടില്‍ കൊണ്ടുപോകുകയുണ്ടായി.

                  ഹിജ്‌റ 208 റജബ് മാസത്തില്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സയ്യിദ നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഡോ. മഹതിയോട് നോമ്പ് മുറിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു: ‘മുപ്പത് വര്‍ഷമായി നോമ്പ്കാരിയായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് ഇപ്പോള്‍ നോമ്പ് മുറിക്കാന്‍ ആവശ്യപ്പെടുകയോ..! അതൊരിക്കലും സംഭവിക്കുകയുമില്ല.’ പിന്നീട് സൂറത്തുൽ അന്‍ആം ഭക്തിയോടെ പാരായണം ചെയ്തു. ‘ അവര്‍ക്ക് അവരുടെ നാഥന്റെ അടുത്ത് ശാന്തിമന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്.’ (6:127) എന്ന ഭാഗം എത്തിയപ്പോള്‍ മഹതി ബോധ രഹിതയായി വീണു. സേവകയായ സൈനബ് രേഖപ്പെടുത്തുന്നു. ഞാന്‍ അവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ശഹാദ ചെല്ലുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചു. പിന്നീട് മഹതി അല്ലാഹുവിലേക്ക് യാത്രയായി.


ﻗﺎﻟﺖ ﺯﻳﻨﺐ ﺑﻨﺖ ﺃﺧﻴﻬﺎ: ﺗﺄﻟّﻤﺖ ﻋﻤّﺘﻰ ﻓﻰ ﺃﻭﻝ ﻳﻮﻡ ﻣﻦ ﺭﺟﺐ، ﻭﻛﺘﺒﺖ ﺇﻟﻰ ﺯﻭﺟﻬﺎ ﺇﺳﺤﺎﻕ اﻟﻤﺆﺗﻤﻦ ﻛﺘﺎﺑﺎ، ﻭﻛﺎﻥ ﻏﺎﺋﺒﺎ ﺑﺎﻟﻤﺪﻳﻨﺔ، ﺗﺄﻣﺮﻩ ﺑﺎﻟﻤﺠﻰء ﺇﻟﻴﻬﺎ، ﻭﻣﺎ ﺯاﻟﺖ «4» ﻛﺬﻟﻚ ﺇﻟﻰ ﺃﻥ ﻛﺎﻥ ﺃﻭﻝ ﺟﻤﻌﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺯاﺩ ﺑﻬﺎ اﻷﻟﻢ ﻭﻫﻰ ﺻﺎﺋﻤﺔ، ﻓﺪﺧﻞ ﻋﻠﻴﻬﺎ اﻷﻃﺒﺎء اﻟﺤﺬّاﻕ ﻭﺃﺷﺎﺭﻭا ﺑﺄﺳﺮﻫﻢ ﻋﻠﻴﻬﺎ ﺃﻥ ﺗﻔﻄﺮ ﻟﺤﻔﻆ اﻟﻘﻮﺓ، ﻟﻤﺎ ﺭﺃﻭا ﻣﻦ اﻟﻀﻌﻒ اﻟﺬﻱ ﺃﺻﺎﺑﻬﺎ، ﻓﻘﺎﻟﺖ: ﻭا ﻋﺠﺒﺎ! ﻟﻰ ﺛﻼﺛﻮﻥ ﺳﻨﺔ ﺃﺳﺄﻝ اﻟﻠﻪ ﻋﺰ ﻭﺟﻞ ﺃﻥ ﻳﺘﻮﻓّﺎﻧﻰ ﻭﺃﻧﺎ ﺻﺎﺋﻤﺔ ﻭﺃﻓﻄﺮ؟! ﻣﻌﺎﺫ اﻟﻠﻪ ﺗﻌﺎﻟﻰ-....ﺛﻢ ﺇﻧﻬﺎ ﺑﻘﻴﺖ ﻛﺬﻟﻚ ﺇﻟﻰ اﻟﻌﺸﺮ اﻷﻭاﺳﻂ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﺎﺷﺘﺪّ ﺑﻬﺎ اﻟﻤﺮﺽ ﻭاﺣﺘﻀﺮﺕ ، ﻓﺎﺳﺘﻔﺘﺤﺖ ﺑﻘﺮاءﺓ ﺳﻮﺭﺓ اﻷﻧﻌﺎﻡ، ﻓﻤﺎ ﺯاﻟﺖ ﺗﻘﺮﺃ ﺇﻟﻰ ﺃﻥ ﻭﺻﻠﺖ ﺇﻟﻰ ﻗﻮﻟﻪ ﺗﻌﺎﻟﻰ:.. ﻗُﻞْ ﻟِﻠَّﻪِ، ﻛَﺘَﺐَ ﻋَﻠﻰ ﻧَﻔْﺴِﻪِ اﻟﺮَّﺣْﻤَﺔَ

ﻓﻔﺎﺿﺖ ﺭﻭﺣﻬﺎ اﻟﻜﺮﻳﻤﺔ.. ﻭﻗﻴﻞ: ﺇﻧﻬﺎ ﻗﺮﺃﺕ: ﻟَﻬُﻢْ ﺩاﺭُ اﻟﺴَّﻼﻡِ ﻋِﻨْﺪَ ﺭَﺑِّﻬِﻢْ ﻭَﻫُﻮَ ﻭَﻟِﻴُّﻬُﻢْ ﺑِﻤﺎ ﻛﺎﻧُﻮا ﻳَﻌْﻤَﻠُﻮﻥَ

« ﻓﻐﺸﻰ ﻋﻠﻴﻬﺎ.. 


ബീവിയുടെ ഖാദിമത്തായ സൈനബ ബീവി പറയുന്നു: റജബ്മാസം ബീവി രോഗബാധിതനായി. ഭർത്താവ് ഇസ്ഹാഖ്(റ) നാട്ടിലില്ലായിരുന്നു. ഞാൻ അവർ തിരിച്ചുവരാൻ പറഞ്ഞ് അദ്ദേഹത്തിന് കത്തയച്ചു. റമളാനിലെ ആദ്യ വെള്ളിയാഴ്ച വരെ രോഗം തുടർന്നു. രോഗം കലശലായെങ്കിലും നോമ്പ് ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. നോമ്പൊഴിവാക്കാനുള്ള വൈദ്യനിർദേശത്തിന് മഹതി പ്രതികരിച്ചതിങ്ങനെ : മുപ്പത് വർഷമായി നോമ്പുകാരിയായിരിക്കെ മരിപ്പിക്കണമെന്ന് ഞാനെന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് അതിന് അവസരമെത്തിയപ്പോൾ നിങ്ങളെന്നോട് നോമ്പൊഴിവാക്കാൻ ആവശ്യപ്പെടുകയാണോ?’ റമളാൻ രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചു. ഇതേ അവസ്ഥ തന്നെ തുടർന്നു. മരണമാസന്നമായി. മഹതി സൂറത്തുൽ അൻആം പാരായണം ചെയ്യാൻ തുടങ്ങി. ”അവരുടെ രക്ഷിതാവിങ്കൽ അവർക്ക് രക്ഷയുടെ ഗേഹമുണ്ട്. അവൻ അവരുടെ രക്ഷാധികാരിയുമാകുന്നു; അവർ സ്വീകരിച്ച ശരിയായ കർമ മാർഗം കാരണമായി’ (അൽ അൻആം 127) എന്ന ആയത്ത് എത്തിയപ്പോൾ മഹതി ഈ ലോകത്തോട് വിട പറഞ്ഞു.

       

                                                  (മുർശിദുസ്സുവ്വാർ) 


സ്വന്തം കരങ്ങൾകൊണ്ട് ഖബർ തീർത്ത് മഹതി മരണത്തെ കാത്തിരുന്നു. ആ ഖബറിലിരുന്ന് തൊണ്ണൂറോളം തവണ വിശുദ്ധ ഖുർആൻ പൂർണമായി ഓതിത്തീർത്തു. ധാരാളം നിസ്‌കാരങ്ങളും ദിക്‌റുകളും പ്രാർത്ഥനകളും അവിടെവെച്ച് നിർവഹിച്ചു. തന്റെ വിശ്രമസ്ഥലം ഖുർആൻ പാരായണം, പ്രാർത്ഥനകൾ കൊണ്ട് ജീവിത കാലത്തേ ധന്യമാക്കുകയായിരുന്നു നഫീസ(റ). മരണം മുൻകൂട്ടി അറിഞ്ഞ് അതിനുവേണ്ടി ഒരുങ്ങുന്ന രീതിയിലായിരുന്നു ബീവിയുടെ അവസാന നാളുകൾ. മരണരോഗത്തിലിരിക്കുമ്പോൾ മദീനയിലായിരുന്ന ഭർത്താവിനെ കത്തയച്ചുവരുത്തി. ജീവിതത്തിൽ മിക്ക ദിവസങ്ങളിലും നോമ്പ് നോറ്റ ബീവി മരണവും നോമ്പുകാരിയായിരിക്കെ ആകണമെന്നാഗ്രഹിച്ചു. അപ്രകാരം തന്നെ സംഭവിച്ചു. ഹി.208 റജബിലായിരുന്നു വഫാത്ത്. ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെയായിരുന്നു വിയോഗം. ‘അവരുടെ നാഥന്റെ സന്നിധിയിൽ അവർക്ക് ശാന്തിയുടെ സൗധങ്ങളുണ്ട്. അവരുടെ നാഥനാണവൻ. അവർ ചെയ്ത കർമങ്ങളുടെ ഫലമാണിത്’ എന്നർത്ഥം വരുന്ന ഖുർആൻ സൂക്തം (7:127) പാരായണം ചെയ്തുകൊണ്ടിരിക്കെയാണ് വഫാത്ത് സംഭവിച്ചത്.

മഹതിയുടെ വിയോഗത്തില്‍ ഈജിപ്തുകാര്‍ ഒന്നടങ്കം ദുഖത്തിലാണ്ടു. ഭര്‍ത്താവ് മദീനയില്‍ ജന്നതുല്‍ ബഖീഇല്‍ ഖബറടക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ, ഈജിപ്തുകാര്‍ ഈജിപ്തില്‍ തന്നെ ഖബറടക്കണമെന്ന് ആവശ്യപ്പെട്ടു. സ്വപ്‌നദര്‍ശനത്തിന്റെ ഫലമായി ഭര്‍ത്താവ് അവരെ ഈജിപ്തില്‍ തന്നെ മറമാടാന്‍ അനുമതി നല്‍കി. മഹതി തനിക്കായി വീട്ടില്‍ തന്നെ തയ്യാറാക്കിയ ഖബറില്‍ അടക്കം ചെയ്തു.

                   ജീവിതത്തിലും മരണാനന്തരവും ബീവിയിൽ നിന്ന് ദൃശ്യമായ നിരവധി കറാമത്തുകൾ കാരണം ധാരാളം പേർ ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അറിവിനോടുള്ള അടങ്ങാത്ത പ്രേമം കൊണ്ട് അവർ നടത്തിയ അലച്ചിലുകളും അത്യധ്വാനങ്ങളും തന്നെയായിരുന്നു മഹതിയുടെ ആത്മീയോന്നതിക്കു നിദാനമായത്. ഈജിപ്തിലെയും പുറം നാടുകളിലെയും പണ്ഡിതർക്കിടയിൽ ബീവി പിൽക്കാലത്ത് അറിയപ്പെട്ടത് ‘നഫീസത്തുൽ ഇൽമ്’ എന്നായിരുന്നു. അവർ കാഴ്ചവെച്ച ജ്ഞാനസേവനങ്ങൾക്ക് ലോകം നൽകിയ അംഗീകാരമായിരുന്നു അത്. പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഈജിപ്തിലെ പ്രധാന കേന്ദ്രമായി നഫീസത്തുൽ മിസ്‌രിയ്യയുടെ മഖ്ബറ വിശ്രുതം.



*നഫീസത്ത് മാല*


മഹതിയെ കുറിച്ച് നാലകത്ത് കുഞ്ഞിമൊയ്തീൻ രചിച്ച നഫീസത്ത് മാലക്ക് ലഭിച്ച ജനസമ്മതി മലയാളികൾക്കിടയിൽ നഫീസ(റ)യെ സുപരിചിതയാക്കി. ‘ബിസ്മിയും ഹംദും സ്വലാത്തും നൽസലാമും മുന്നെ/ ബിള്ളി നഫീസത്ത് മാല ഞാൻ തുടങ്ങിടുന്നേ…’ എന്ന ഈരടികളോടെ ആരംഭിക്കുന്ന നഫീസത്ത് മാല ഹൃദ്യസ്ഥമാക്കിയവരായിരുന്നു പഴയ തലമുറയിലെ സ്ത്രീകൾ പലരും. ഗർഭിണിയായാൽ അവരുടെ അധരങ്ങളിൽ നഫീസത്ത് മാല പച്ചപിടിക്കും. മനോഹരമായ ഈണത്തിലാണ് വീടകങ്ങളിൽ അവരത് പാടിയിരുന്നത്. പ്രസവിക്കാനാകുമ്പോഴേക്ക് മാല മനഃപാഠമായിട്ടുണ്ടാകും. പുതുതലമുറയിലെ മുസ്‌ലിം വനിതകളും ബീവിയെയും മാലയും പരിചയിക്കേണ്ടതുണ്ട്. പാരമ്പര്യമായി സമുദായം ചെയ്തുപോന്ന സുകൃതങ്ങൾ കൈവെടിയുന്നത് ആശാസ്യമല്ല. ഗർഭം രോഗമായി ഗണിക്കുകയും ലേബർറൂമുകളിൽ മാരകരോഗികളെ പോലെ ചികിത്സിക്കപ്പെടുകയും ചെയ്യുന്നൊരു കാലത്ത് ഗർഭിണികൾക്ക് ആത്മീയാശ്വാസം പകരാൻ ഇത് ഉപകരിക്കും. ഗർഭവും പ്രസവും രോഗങ്ങളായത് എന്നു മുതലാണ് ? സ്‌കാനിംഗും ടെസ്റ്റുകളും ആവശ്യത്തിലേറെ നടത്തി വിപണി കൊഴുപ്പിക്കുകയും ഗർഭിണിയും കുഞ്ഞും സങ്കീർണ ഘട്ടത്തിലാണെന്ന് വിധിച്ച് സിസേയറിൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് സ്ത്രീകളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുന്നത് മനുഷ്യാവകാശ പ്രശ്‌നമായി ഗണിക്കേണ്ടതാണ്. നഫീസത്ത് മാല ചൊല്ലി ആത്മീയമായി ധൈര്യം സംഭരിച്ച് വീടുകളിൽ വെച്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ച സ്ത്രീകൾ മുൻതലമുറയുടെ അഭിമാനങ്ങളായിരുന്നു.



                                            NIHALA FATHIMA K

                                            VMHM MUKKAM