ജീവിച്ചിരിക്കുന്ന രക്തസാക്ഷി; ത്വൽഹത്ത് ഇബ്നു ഉബൈദില്ലാഹ് (റ)
' സത്യവിശ്വാസികളിൽ അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞയിൽ സത്യസന്ധത പുലർത്തുന്ന ചിലരുണ്ട്. അവരുടെ കൂട്ടത്തിൽ (മരണം വരെ) തന്റെ പ്രതിജ്ഞ നിറവേറ്റിയവരും, അവരുടെ കൂട്ടത്തിൽ (അവസരം പ്രതീക്ഷിച്ചിരിക്കുന്നവരും) ഉണ്ട്. അവർ (അവരുടെ പ്രതിജ്ഞയിൽ) ഒരു മാറ്റവും വരുത്തിയിട്ടില്ല '(33:23) . ഈ സൂക്തം പാരായണം ചെയ്ത കൊണ്ട് പ്രവാചകൻ (സ്വ) തങ്ങൾ شهيد يمشي على الأرض" നിങ്ങൾക്ക് ആർക്കെങ്കിലും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ കാണണമെങ്കിൽ ത്വൽഹയെ നോക്കട്ടെ "' എന്ന് സന്ദോശ വാർത്ത അറിയിച്ച മഹാനായ സ്വാഹാബിവര്യൻ "ത്വൽഹത്ത് ഇബ്നു ഉബൈദില്ലാഹ് (റ)".
ഹിജ്‌റയുടെ ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപാണ് സ്വഹാബിയുടെ ജനനം . യുവത്വം ജ്വലിച്ച് നിൽക്കുമ്പോൾ ഹൃദയത്തിൽ ഈമാൻ പടർത്തിയ , അല്ലാഹുവിന്റെ ദീനിന് വേണ്ടി ത്യാഗമേറേ സഹിച്ച ത്വൽഹ (റ ) ഇസ്ലാമിലെ എല്ലാ പ്രയാസ ഘട്ടങ്ങളിലും ചേർന്ന് നിന്ന സ്വാഹാബിയായിരുന്നു . യസിരിബിലേക്കുള്ള ഹിജ്‌റയിൽ അദ്ദേഹവുമുണ്ട്. പ്രവാചകന്‍ ഏല്‍പിച്ച ഒരു ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കൃത്യം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. ദു:ഖിതനായ അദ്ദേഹത്തെ പ്രവാചകന്‍ സമാധാനിപ്പിക്കുകയും യുദ്ധത്തില്‍ പങ്കെടുത്തവരുടെ പ്രതിഫലം താങ്കള്‍ക്കും ലഭിക്കുമെന്ന് വാക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.
വലിയ മാന്യനും ധര്‍മിഷ്ഠനുമായിരുന്നു ത്വല്‍ഹ (റ). ത്വല്‍ഹത്തുല്‍ ഖൈര്‍ എന്ന് അദ്ദേഹം അറിയപ്പെട്ടു. ദുല്‍ ഖര്‍ദ് യുദ്ധത്തില്‍ അദ്ദേഹം ഒരു കിണര്‍ വാങ്ങുകയും സ്വദഖ നല്‍കുകയും ചെയ്തു. ഇതറിഞ്ഞ പ്രവാചകന്‍ അദ്ദേഹത്തെ ധര്‍മിഷ്ഠന്‍ എന്ന അര്‍ത്ഥത്തില്‍ ത്വല്‍ഹത്തുല്‍ ഫയ്യാള് എന്ന് വിളിക്കുകയുണ്ടായി. ഒരിക്കല്‍ ഹളര്‍മൗത്തില്‍നിന്നും അദ്ദേഹത്തിന് വലിയൊരു സംഖ്യ ലഭിച്ചു . അത് വീട്ടില്‍ സൂക്ഷിച്ച അദ്ദേഹത്തിന് അന്ന് ഉറക്കം വന്നില്ല. പണം വീട്ടില്‍ സൂക്ഷിച്ച് വെച്ച് കിടന്നുറങ്ങുന്നത് ശരിയല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം അടുത്ത പ്രഭാതത്തില്‍തന്നെ അത് മുഴുവനും മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ വിതരണം ചെയ്യുകയാണുണ്ടായത് . ഉമര്‍ (റ) തനിക്കു ശേഷം ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറംഗ സംഗത്തിലും ത്വൽഹ (റ) ഉണ്ടായിരുന്നു . ഇത്തരത്തിൽ ആവശ്യക്കാരെ കണ്ടറിഞ്ഞു സഹായിച്ചിരുന്ന ഈ പ്രവാചകാനുചരൻ , തന്റെ കുടുംബമായ ബനൂ തൈമിൽ ഒരാളെ പോലും ദാരിദ്ര്യത്തിന് വിട്ടുകൊടുത്തിട്ടില്ല .
ഉഹദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് നിന്ന് തീക്ഷ്ണമായ അനുഭവങ്ങളാണ് ഉണ്ടായത്.യുദ്ധവേളയിൽ റസൂലുല്ലാഹി (ﷺ)ക്ക് സാരമായ പരിക്കുകൾ പറ്റുകയും ചുണ്ടുകളും തലയും പൊട്ടി ചോര വാർന്ന സമയം, മുസ്‌ലിമീങ്ങളുടെ സൈന്യം പരാജയത്തിൻ്റെ കൈപ്പുനീര് കുടിച്ച സമയം, 70'ഓളം സ്വഹാബാക്കൾ രക്തസാക്ഷികൾ ആയ ഉഹദ് യുദ്ധവേളയിൽ റസൂലുല്ലാഹി (ﷺ) ശത്രുക്കൾക്കിടയിൽ ഒറ്റപെട്ടപ്പോൾ മഹാനായ സ്വഹാബി ത്വൽഹ (റ) അവിടേക്ക് വന്ന് റസൂലുല്ലാഹി (ﷺ)യുടെ നെഞ്ചിലേക്ക് തൻ്റെ നെഞ്ച് ചേർത്തുവച്ചുകൊണ്ട് മുത്തുഹബീബിന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ സ്വശരീരം കൊണ്ട് രക്ഷാവലയം തീർക്കുകയാണ് .യുദ്ധം അവസാനിച്ചപ്പോള്‍ എഴുപതില്‍ പരം മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.തന്റെ ശരീത്തിലേക്ക് അമ്പുകൾ ആഴ്ന്നിറങ്ങുമ്പോഴും ലേശം പോലും അദ്ദേഹം പിൻതിരിഞ്ഞിട്ടില്ല , കാരണം ആ വേദനിയെക്കാൾ എത്രയോ തീവ്രമായി അദ്ദേഹം നബി തങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. അതെ, ബദറിലൊഴികെ എല്ലാ യുദ്ധങ്ങളിലും പ്രവാചകൻ (സ്വ) യുടെ കൂടെ അണിചേർന്ന് നിന്ന് ദീനിന് വേണ്ടി ജീവിതം സമർപ്പിച്ച യോദ്ധാവ്. ത്വൽഹത്ത് ഇബ്നു ഉബൈദില്ലാഹ് (റ) എന്ന മഹാനായ സ്വഹാബി ആരായിരുന്നു എന്നും സ്വർഗ്ഗം ഉറപ്പുനൽകപ്പെട്ട പത്തുപേരിൽ ഒരാൾ ആയത് എന്തുകൊണ്ടാണെന്നും അറിയാൻ ഉഹുദ് യുദ്ധവേളയിലെ ഒരൊറ്റ നിമിഷം നാം മനസ്സിലാക്കിയാൽ മതി..!!
Aadhila Ali
KSA Aluva

0 Comments