ഉക്കാശ് (റ): വീരതയുടെ അഗ്നിജ്വാല


രണാങ്കണത്തിലെ ധീരതയുടെ മിന്നുമണിയായി പരാമർശിക്കപ്പെടേണ്ട സ്വഹാബിയായിരുന്നു ഉക്കാശ് ഇബ്നു മിഹ്സൻ (റ). ബദർ മുതൽ ഹുനൈൻ വരെ വിവിധ പോരാങ്കണങ്ങളിൽ തൻ്റെ കുതിരപ്പടയാളിത്തത്തിൽ ഉജ്ജ്വലമായ കഴിവ് രേഖപ്പെടുത്തിയ അദ്ദേഹം, നബി (സ)യുടെ ഏറ്റവും സമർപ്പിത അനുയായികളിൽ ഒരാളായി ഇസ്‌ലാമിന്റെ ചരിത്രത്തിൽ നിലകൊള്ളുന്നു.


ഉന്നത മനസ്സിന്റെ ഉടമയായിരുന്ന ഉക്കാശ് (റ), യുവത്വത്തിൽതന്നെ ഇസ്‌ലാമിനെ സ്വീകരിച്ചു. ഖുറൈശികൾ അദ്ദേഹത്തെ അഭിമാനഭാജനമായി കണക്കാക്കിയിരുന്നതും യൗവനസൗന്ദര്യത്തോടൊപ്പം ധൈര്യവും ബുദ്ധിപരമായ ആലോചനകളും ചേർന്നയാൾ എന്ന നിലയിലാണ്. പ്രവാചകൻ (സ)യുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ജീവിതത്തിൽ ഉക്കാശ് (റ) ഒരു നിർണായക സാന്നിധ്യമായിരുന്നു.


ഒരു യുദ്ധസമയത്ത്, നബി (സ) പറഞ്ഞു:

"നമ്മുടെ കൂട്ടത്തിൽ ഉത്തമനായ ഒരു കുതിരപ്പടയാളിയുണ്ട്!"

സഹാബിമാർ ചോദിച്ചു: "ആരാണ് അദേഹം?"

പ്രവാചകൻ (സ) മറുപടി നൽകി:

"ഉക്കാശ് ഇബ്നു മിഹ്സൻ തന്നെ!"

സദസ്സിൽ നിന്നും ളിറാറുൽ അസദ് (റ) സന്തോഷത്തോടെ പറഞ്ഞു:

"നബിയേ, അദ്ദേഹം ഞങ്ങളുടെ ഗോത്രത്തിലെ ആളല്ലോ!"

പക്ഷേ, പ്രവാചകൻ (സ) ചിരിച്ചുകൊണ്ട് മറുപടി നൽകി:

"നിങ്ങളുടെ മാത്രമല്ല, ഞങ്ങളുടേതും!"



ഒരു ദിവസം പ്രവാചകൻ (സ) തന്റെ അനുയായികളോട് പറഞ്ഞു:

"നിങ്ങളിൽ എഴുപതിനായിരം പേർ വിചാരണ കൂടാതെ സ്വർഗത്തിലേക്ക് പ്രവേശിക്കും. അവരുടെ മുഖം പൗർണ്ണമിയുടെ വെളിച്ചം പോലെ തിളങ്ങും."

ഉക്കാശ് (റ) ഇതുകേട്ട ഉടൻ എഴുന്നേറ്റു, പ്രവാചകൻ (സ)യുടെ അടുത്തെത്തി, ആവേശത്തോടെ പറഞ്ഞു:

"നബിയേ, അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും!"

പ്രവാചകൻ (സ) അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു.

അതുകണ്ട്, മറ്റൊരാൾ ഓടിയെത്തി:

"നബിയേ, എനിക്കു വേണ്ടിയും പ്രാർത്ഥിച്ചാലും..!"

പക്ഷേ, പ്രവാചകൻ (സ) പറഞ്ഞു:

"ഉക്കാശ് നിന്നെ പിന്നിലാക്കിയിരിക്കുന്നു.ആ പ്രാർത്ഥന സഫലീകരിക്കുകയും ചെയ്തിരിക്കുന്നു.!"

ഇത് അർത്ഥമാക്കുന്നത്, ഉക്കാശ് (റ)ക്ക് ലഭിച്ചിരുന്ന അത്യുജ്ജ്വലമായ ബഹുമതിയേയും പ്രവാചകൻ (സ)യുടെ പ്രത്യേക സ്‌നേഹത്തേയും പ്രതിഫലിപ്പിക്കുന്നതായിരുന്നു.


അബ്ദു‌ല്ലാഹി ബ്‌നു ജഹ്‌ശി (റ)ൻ്റെ നേതൃത്വത്തിൽ നബി (സ) എട്ടു പേരെ അതിസാഹസിക

മായ ഒരു ദൗത്യത്തിന്ന് നിയോഗിച്ചു. അവരിൽ ഒരാൾ ഉക്കാശ(റ) ആയിരുന്നു.

അബുഹുദൈഫ (റ), ഉത്‌ബതുബ്‌നുഗസ്‌വാൻ (റ), സഅദുബ്‌നു അബി വഖാസ് (റ), വാഖി ബ്നു അബ്ദുല്ല (റ),ഖാലിദ് ബ്നു ബുകൈർ (റ), സുഹൈൽ ബ്നു ബൈളാ (റ) എന്നിവർ പ്രസ്തു‌ത സംഘത്തിലെ അംഗങ്ങളായിരുന്നു. ബദർ യുദ്ധത്തിൻ്റെ മുമ്പായിരുന്നു ഇത്. നബി (സ) യുടെ നായകനായ അബ്‌ദുല്ല (റ)യുടെ കയ്യിൽ ഒരു എഴുത്തു നൽകി. അവർ സഞ്ചരിക്കേണ്ട മാർഗ്ഗം നിർദ്ദേശിച്ചുക്കൊണ്ടിങ്ങനെ പറഞ്ഞു: 'നിങ്ങൾ യാത്ര പുറപ്പെടുക, നിങ്ങളുടെ ലക്ഷ്യം ഈ എഴുത്തിലുണ്ട്. രണ്ടു ദിവസം കഴിഞ്ഞേ ഇത് പൊളിച്ചു വായിക്കാവു. അപ്പേൾ നിങ്ങളിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവരെ മടക്കി അയക്കുക. അവശേഷിച്ചവർ

ദൗത്യം നിർവ്വഹിച്ചു മടങ്ങിവരികയും ചെയ്യുക.

അവർ ഉത്സാഹപൂർവ്വം നടന്നു. രണ്ടു ദിവസം കഴിഞ്ഞു വഴിയിൽ വെച്ച് എഴുത്തു തുറന്നു വായിച്ചു. ശത്രുക്കളുടെ സങ്കേതമായ നഖ്‌ലയിൽ പോയി രഹസ്യമായി ഖുറൈശികളുടെ നിലപാട് അറിഞ്ഞു മടങ്ങിവരാനായിരുന്നു കത്തിലെ നിർദ്ദേശം.

കത്ത് വായിച്ച് അബ്‌ദുല്ലാഹിബ്‌നു ജഹശ് (റ) അനുയായികളുടെ ഇംഗിതമാരാഞ്ഞു. അവർ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. ഏകകണ്‌ഠമായി നേതാവിനെ അംഗീകരിച്ചു നഖ‌ലയിലേക്ക് നടന്നു. മക്കയുടെയും ത്വാഇഫിൻ്റെയും ഇടയിലുള്ള ഒരു പ്രദേശമായിരുന്നു നഖല.

റജബ് മാസത്തിലായിരുന്നു ഈ സംഭവം.

ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം, റജബ് എന്നീ നാലു മാസങ്ങൾ പൂർവ്വ കാലം മുതൽ തന്നെ അറബികൾക്കിടയിൽ ആദരണീയമായിരുന്നു. പ്രസ്‌തുത മാസങ്ങളിൽ അവർ യുദ്ധം

ചെയ്യുകയോ രക്തം ചിന്തുകയോ ഉണ്ടായിരുന്നില്ല. ഇസ്‌ലാമും ഇത് അംഗീകരിച്ചിരുന്നു!


നഖ‌ലയിൽ അവർക്ക് ഒരു ചെറിയ ശത്രു സംഘവുമായി ഏറ്റുമുട്ടേണ്ടി വന്നു. ശത്രു പക്ഷത്ത് നിന്ന് അംറു ബ്‌നു ഹള്റമി എന്നൊരാൾ വധിക്കപ്പെടുകയും ചിലരെ ബന്ധനസ്ഥരാക്കുകയും ചെയ്‌തു. ബന്ധിതരെയും കൊണ്ട് ജേതാക്കൾ മദീനയിലേക്ക് മടങ്ങി. ഈ സംഭവം വലിയ കോലാഹളമുണ്ടാക്കി. മുഹമ്മദും (സ) സംഘവും സമാധരണിയ മാസങ്ങളുടെ പവിത്രത ലംഘിച്ചിരിക്കുന്നു, അവർ റജബ് മാസത്തിൽ സൈനിക നടപടി കൈക്കൊണ്ടിരിക്കുന്നു എന്ന് ഖുറൈശികൾ ഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും പ്രചരിപ്പിച്ചു.

പരിശുദ്ധ ഖുർആൻ അവർക്കിങ്ങനെ മറുപടി നൽകി:

 *ആദരണീയ മാസങ്ങളിൽ യുദ്ധം ചെയ്യുന്നത് ഗുരുതരം തന്നെ. പക്ഷെ, അല്ലാഹുവിൽ അവിശ്വസിക്കുകയും അവൻ്റെ മാർഗത്തിൽ നിന്നും മസ്‌ജിദുൽ ഹറാമിൽ നിന്നും ജനങ്ങളെ തടയുകയും അതിൻ്റെ അനുയായികളെ അവിടെനിന്ന് പുറംതള്ളുകയും ചെയ്യുക എന്നത് അതിഗുരുതരമായ പാതകമാകുന്നു. മർദ്ദനം കൊലയെക്കാൾ വലുതത്രെ!'*


സത്യവും അസത്യവും വ്യതിരിക്തമായ ഒന്നാമത്തെ യുദ്ധമാണല്ലോ ബദർ!

ബദർ യുദ്ധക്കളത്തിൽ ഉക്കാശ (റ) നിറഞ്ഞു പൊരുതി. അണികൾക്കിടയിൽ തുളച്ചുകേറി ശത്രുസംഹാരം നടത്തിക്കൊണ്ടിരുന്നു. അതിനിടയിൽ തൻ്റെ വാൾ മുറിഞ്ഞു താഴെ വീണു.

നിരായുധനായി അണിയിലേക്ക് മടങ്ങി നബി (സ)യുടെ അടുത്തുചെന്നു. നബി (സ) ഒരു ഈത്തപ്പനത്തടിയുടെ കഷ്ണം കയ്യിലെടുത്തു ഉക്കാശ (റ)ക്ക് നൽകിക്കൊണ്ടു പറഞ്ഞു: 'ഇത്

കൊണ്ടുപോയി പൊരുതൂ..!'

ഉക്കാശ (റ) വടിചുഴറ്റി ശത്രുനിരയിലേക്ക് എടുത്തുചാടി പോരാട്ടമാരംഭിച്ചു.

നബി(സ)യുടെ മുഅ്ജിസത്ത് നിമിത്തം ഉക്കാശ(റ)യുടെ വടി ഒരു മൂർച്ചയേറിയ വാളായി രൂപാന്തരപ്പെട്ടു എന്ന് ഇബ്‌നു ഇസ്‌ഹാഖിനെ പോലുള്ള ചരിത്രകാരൻമാർ പറഞ്ഞുകാണുന്നു.

'ഔൻ' എന്ന പേർ നൽകപ്പെട്ട പ്രസ്‌തുത വാൾ ഉപയോഗിച്ചു കൊണ്ടായിരുന്നു പിന്നീട്

ഉക്കാശ (റ) രണാങ്കണങ്ങളിൽ പൊരുതിയിരുന്നതെന്നും ഇബ്നുഹിശാമിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

ഉഹ്ദ്, ഖന്തഖ്, ഖൈബർ, തബൂക്ക്, മക്കാവിജയം, ഹുനൈൻ എന്നീ യുദ്ധങ്ങളിൽ എല്ലാം

അദ്ദേഹം നബി (സ)യോടൊപ്പം കയ്യും മെയ്യും മറന്നു പൊരുതി.

നബി (സ)യുടെ ജീവിതകാലത്ത് അവിടത്തെ സ്നേഹാദരങ്ങൾക്ക് അദ്ദേഹം പാത്രീഭൂതനായി. തൻ്റെ ഗുരുഭൂതനെ ജീവനിലുപരി സ്നേഹിച്ചു. അവിടുത്തെ വിയോഗം അദ്ദേഹത്തെ ദുഃഖ ഗർത്തത്തിലാഴ്ത്തിക്കളഞ്ഞു!


നബി (സ)യുടെ വിയോഗാനന്തരം ഖലീഫയായി അബൂബക്കർ (റ) അവരോധിക്കപ്പെട്ടു.

ഉക്കാശ (റ) അദ്ദേഹത്തോട് അദമ്യമായ കൂറുപുലർത്തി. മുസ്‌ലിം സമുഹത്തിൻ്റെ നന്മക്കു വേണ്ടി ഇതഃപര്യന്തം അനുവർത്തിച്ച മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

ഇസ്‌ലാമിനെതിരെ തലപൊക്കിയ ഛിദ്രശക്തികളെ അടിച്ചമർത്താൻ ഖാലിദ് (റ)യുടെ

നേത്വത്വത്തിൽ നിയുക്തമായ സൈന്യത്തിൽ ഉക്കാശ (റ)യും ഉണ്ടായിരുന്നു.


തുലൈഹത്തുൽ അസദിയുടെ പ്രദേശത്ത് മുസ്‌ലിം സൈന്യം പ്രവേശിച്ചപ്പോൾ ഖാലിദ് (റ) ഉക്കാശ (റ)യെയും സാബിത്തുബ്നുൽ അർഖമി (റ) യെയും സ്ഥിതിഗതികൾ അറിഞ്ഞുവരാൻ നിയോഗിച്ചു.

തുഹൈല പണ്ട് മുസ്‌ലിമായിരുന്നു. നബി (സ)യിടെ വിയോഗാനന്തരം മതപരിത്യാഗം നടത്തുകയും പ്രവാചകത്വം വാദിക്കുകയും ചെയ്യുകയാണുണ്ടായത്.

ഉക്കാശ (റ)യും സാബിത്ത് (റ)യും മുസ്‌ലിം സൈന്യത്തിൻ്റെ പ്രവേശനത്തിന് മുമ്പ് തുഹൈലയുടെ ദേശത്ത് കടന്നു. അശ്വാരുഢരായ അവർ, മുസ്‌ലിം സൈനികരിൽ നിന്ന് ഒളിച്ചോടിപ്പോവുകയായിരുന്ന തൂലൈഹയുടെയും സഹോദരൻ സലമയുടെയും മുമ്പിലാണ് അകപ്പെട്ടത്.

തുഹൈലയുടെ തൊട്ടുപിന്നിൽ അവരുടെ സൈന്യവുമുണ്ടായിരുന്നു.

ഉക്കാശ (റ) തുലൈഹയെ നേരിട്ടു. സാബിത്തുബ്‌നു അർഖം (റ) സലമയെയും! ഘോരമായ സംഘട്ടനത്തിനു ശേഷം സാബിത്ത് (റ) വെട്ടേറ്റു നിലം പതിച്ചു. ഉക്കാശയെ ചെറുത്തുനിൽക്കാൻ കഴിയാതെ തുലൈഹ വശം കെട്ടിരുന്നു.

തൻ്റെ സഹോദരൻ പ്രതിയോഗിയിൽ നിന്ന് സുരക്ഷിതനായത് കണ്ട തുലൈഹ അയാളെ സഹായത്തിന് വിളിച്ചു. അതോടെ ഉക്കാശ (റ) രണ്ടു പേരെ എതിരിടേണ്ടി വന്നു. രണ്ടും കൽപ്പിച്ചു സുധീരം പോരാടി. അതിനിടയിൽ സലമയുടെ വെട്ടേറ്റ് ഉക്കാശ (റ) നിലം പതിച്ചു!


ഉക്കാശ് (റ)യും സാബിത്തുബ്‌നുൽ അർഖം (റ)യുമെല്ലാം രക്തസാക്ഷികളായി.നബി (സ)യുടെ രണ്ട് ഇഷ്ട തോഴന്മാർ..!

 ഖാലിദ് (റ) അവരുടെ ജനാസ ആദരപൂർവ്വം സംസ്‌കരിച്ചു.


തുലൈഹത്തുൽ അസദി പിന്നീട് ഒളിച്ചോടി. എന്നാൽ, അയാൾ പിന്നീട് പശ്ചാത്തപിച്ചു, ഇസ്‌ലാമിലേക്ക് മടങ്ങി, റോമ-പേർഷ്യൻ യുദ്ധങ്ങളിൽ മുസ്‌ലിം പട്ടാളത്തിൻ്റെ ഭാഗമായും പൊരുതി.

നബി (സ)യുടേയും ഖലീഫമാരുടേയും കീഴിൽ ജീവിച്ചിരുന്ന ഈ മഹാനായ ധീരൻ, ഇസ്‌ലാമിന്റെ ചരിത്രത്തിൽ അനശ്വരനായി നിലകൊള്ളുന്നു.


Fathima Sahla CH

Bafakhy Wafiyya College, Valavannur