സഅദ് ബിൻ മുആദ് (റ):നിസ്വാർത്ഥ സമർപ്പണത്തിൻ്റെ ഉത്തമ മാതൃക



മുപ്പതാം വയസ്സിൽ ഇസ്‌ലാം ആശ്ലേഷിച്ച സഅദ് ബിൻ മുആദ് (റ) തൻ്റെ മുപ്പത്തിയഞ്ചാം വയസ്സിൽ വഫാത്തായപ്പോൾ അല്ലാഹുവിൻ്റെ അർശ് ​ വിറങ്ങലിച്ചുപോയത്രേ! 

അഞ്ച് ആണ്ടുകൾ മാത്രം ഇസ്‌ലാമിൻ്റെ മാധുര്യം രുചിക്കാൻ ഭാഗ്യം ലഭിച്ച മഹാനവർകൾ ആ അല്പ കാലം കൊണ്ട് എന്ത് അത്ഭുതമായിരിക്കും സൃഷ്ടിച്ചിട്ടുണ്ടാവുക?

മദീനയിലെ തന്നെ പ്രമുഖ ഗോത്രങ്ങളിലൊന്നായ ഔസ് ഗോത്രത്തിൻ്റെ നേതാവായിരുന്നു സഅദ് ബിൻ മുആദ്(റ). ഇസ്‌ലാമിൻ്റെ പ്രാരംഭ കാലഘട്ടത്തിൽ തന്നെ ഇസ്‌ലാമിനെ രുചിക്കാൻ മഹാനവർകൾക്ക് ഭാഗ്യം ലഭിച്ചിരുന്നു. വിഷം പുരട്ടിയ കഠാര കൊണ്ട് മിസ്ഹബ് ബിൻ ഉമൈർ (റ)നെ വധിക്കാൻ പോയ സഅദ് (റ) മിസ്ഹബ് (റ) മുഖേന തന്നെയാണ് ഇസ്‌ലാമിനെ പുൽകിയത്.അദ്ദേഹത്തിൻ്റെ അവിവർണ്ണനീയ സ്വാധീനം കൊണ്ട് തന്റെ ഗോത്രത്തിലെ ഭൂരിഭാഗമാളുകളെയും ഇസ്‌ലാമിലേക്ക് കൊണ്ടുവരാൻ ആ അതുല്യ പ്രതിഭക്ക് സാധിച്ചു.

ഇതിൽ മഹാനവർകളുടെ വിശ്വാസശക്തിയും മനോവീര്യവും എടുത്തുപറയേണ്ടത് തന്നെയാണ്.

ബദ്റിൻ്റെയും ഉഹ്ദിൻ്റെയും ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ് മഹാനവർകളുടെ നാമം.

ബദ്റിൽ,യുദ്ധം ആരംഭിക്കുന്നതിനു മുമ്പെ റസൂൽ (സ) ചോദിക്കുകയുണ്ടായി:

"ബദ്റിലേക്ക് പോകണോ കാരണം മൂന്നിരട്ടി ശക്തരായിട്ടുള്ള കുടിലാബുദ്ധിയുള്ള മക്കയിലെ മുശ്രിക്കീങ്ങളാണ് എതിർ വശത്ത്." തെല്ല് നേരം കാത്തുനിൽക്കാതെ അൻസാരികളെ പ്രതിനിധീകരിച്ചുകൊണ്ട് സഅദ് ബിൻ മുആദ് (റ) എഴുന്നേറ്റുനിന്ന് പറഞ്ഞു:"അല്ലാഹുവിൻ്റെ റസൂലേ,നിങ്ങൾ സത്യം കൊണ്ട് വന്നവരാണ്, ഞങ്ങൾ നിങ്ങളെ വിശ്വസിച്ചവരുമാണ്, നിങ്ങൾ കടലിലേക്ക് ഊളിയിട്ടാൽ ഞങ്ങളും ഊളിയിടും. നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല". ഇതായിരുന്നു സഅദ് ബിൻ മുആദ് (റ). ഖന്തഖ് യുദ്ധത്തിൽ അൻസ്വാറുകളുടെ നേതാവായിരുന്ന സഅദ് (റ), ശത്രുവിൻ്റെ അമ്പേറ്റ് ശഹീദായി. അല്ലാഹുവിൻ്റെ അർശ്  പ്രകമ്പനം കൊണ്ടു,70,000 ത്തോളം മലക്കുകൾ ആകാശഭൂമിയിലേക്ക് ഇറങ്ങിവന്നു, നബി (സ) തങ്ങളായിരുന്നു മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത്. സ്വഹാബാക്കൾ അദ്ദേഹത്തിൻ്റെ ജനാസയിലായിരിക്കെ നബി (സ) തങ്ങൾ പറഞ്ഞുവത്രേ:"അല്ലാഹുവിൻ്റെ അർശ് ​ ഇദ്ദേഹത്തിന് വേണ്ടി വിറങ്ങലിച്ചു."(സ്വഹീഹ് ബുഖാരി: 3803, സ്വഹീഹ് മുസ്ലിം: 2466)


വെറും അഞ്ച് വർഷങ്ങൾ കൊണ്ട് അഞ്ച് നൂറ്റാണ്ടിൻ്റെ ചരിത്രം രചിക്കാൻ മഹാനവർകൾക്ക് സാധിച്ചു......


Shifana Nasrin KK

Cmmo Madavoor