ശൈമാഅ് ബിൻത് ഹാരിസ് ; പ്രവാചക സഹോദരി
" ഞാൻ റസൂലിന്റെ സഹോദരിയാണ്. എനിക്ക് നബിയെ നേരിൽ കാണണം".
എത്ര നല്ല തമാശ! റസൂലിന്റെ സഹോദരിയാണ് പോലും. ആമിന - അബ്ദുല്ല ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് (സ) എന്ന് അറിയാത്തവർ ആരാണുള്ളത്. മക്കാവിജയാനന്തരം ഹവാസിൻ - സഖീഫ് ഗോത്രങ്ങളെ മുസ്ലിം സൈന്യം പരാജയപ്പെടുത്തിയപ്പോ ൾ ധാരാളം സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കിയിരുന്നു. കൂട്ടത്തിൽപ്പെട്ട ഒരു വൃദ്ധയാണ് സഹോദരബന്ധം സ്ഥാപിക്കാൻ തിരുസന്നിധിയിൽ എത്തിയിട്ടുള്ളത്. ഒന്നുകിൽ കെട്ടുകഥ , അല്ലെങ്കിൽ ഭ്രാന്ത്, കേൾക്കുന്ന ആർക്കും അങ്ങനെയേ തോന്നുകയുള്ളൂ.
ആ വൃദ്ധയുടെ മനസ്സ് വാർദ്ധക്യം ബാധിക്കാത്ത ഓർമകളിലേക്ക് ആഴ്ന്നിറങ്ങി.
ഒരുപാട് കാലങ്ങൾക്കപ്പുറം...അനുജത്തിയെ തന്നെയേല്പിച്ച് ഉമ്മ യാത്ര പറഞ്ഞു പോവുന്ന ദൃശ്യങ്ങളിൽ ഓർമ്മകൾ തറച്ചു നിന്നു. നല്ല സംസ്കാരവും ശുദ്ധഭാഷയും പഠിപ്പിക്കാൻ മക്കളെ ചെറു പ്രായത്തിൽ ഗ്രാമങ്ങളിലേക്ക് മുല കൊടുപ്പിക്കാൻ അയക്കൽ അറബികളുടെ പതിവായിരുന്നു. മുലകൊടുക്കാൻ കുഞ്ഞിനെ തേടിയാണ് ഉമ്മ പോയിട്ടുള്ളത്. പക്ഷെ അന്ന് ഉമ്മ പ്രതീക്ഷിച്ച സമയത്ത് എത്തിയില്ല. ഒരനാഥ ബാലനെയല്ലാതെ മറ്റാരെയും കിട്ടിയില്ലെന്നതായിരുന്നു കാരണം. അനാഥരെയും ദരിദ്രരെയും ആര് സ്വീകരിക്കാൻ ? ഒടുക്കം ഏറെ വൈകി ഉമ്മ തിരിച്ചെത്തി. കയ്യിൽ കൗതുകമുണർത്തുന്ന പ്രകൃതമുള്ള ഒരു കുഞ്ഞ്. ഭർത്താവ് ഹാരിസിനോട് സമ്മതം വാങ്ങിയ ശേഷം അവരാ അനാഥബാലനെ സ്വീകരിച്ചിരിക്കുന്നു.
മക്കയിൽ നിന്ന് തിരിച്ച് വരുമ്പോൾ കൊണ്ടുവരാറുള്ള സമ്മാനങ്ങൾ പ്രതീക്ഷിച്ചു നിന്ന തനിക്ക് അന്ന് കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായിരുന്നു. അന്ത്യപ്രവാചകന്റെ സഹോദരീപട്ടം. പക്ഷെ അന്ന് തനിക്കത് മനസ്സിലായില്ലെന്ന് മാത്രം.
സഹോദരന്റെ കൂടെ ചിലവഴിച്ച ഓരോ നിമിഷങ്ങളും ഓർമ്മകൾ തിരികെ വിളിച്ചു. വീട്ടുമുറ്റത്തു ഓടി ചാടി നടന്നത്, മലഞ്ചെരുവിലൂടെ കാഴ്ചകൾ കാണാൻ പോയത്, ഒന്നിച്ച ആടുമേച്ച് നടന്നത്, കുഞ്ഞനിയന്റെ വരവോടെ വീട്ടിലെ ദാരിദ്രം നീങ്ങിയത് , കൃഷിയിൽ വിളവ് വർധിച്ചത് , ആടുകൾക്ക് പാൽ വർദ്ധിച്ചത്.....
അനിയന് നാല് വയസ്സായപ്പോൾ തിരിച്ചേൽപ്പിക്കാൻ ഉമ്മ ഹലീമ ബീവി അവനെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പിന്നെയും ഓർമകളിൽ ഓളം സൃഷ്ടിച്ചു. അന്ന് താൻ ഏറെ കരഞ്ഞിരുന്നു. ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. അതിന് ശേഷം ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല.
പക്ഷെ തങ്ങളുടെ ജീവിതത്തിലെ ഓരോ ഏടുകളും താനറിയുന്നുണ്ടായിരുന്നു. ഉമ്മ ആമിന ബീവി മരണമടഞ്ഞത് , പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ വേർപാട്, പിതൃവ്യൻ അബൂത്വാലിബ് തങ്ങളെ ഏറ്റെടുത്തത് , ഖദീജയുമായുള്ള വിവാഹം , പ്രവാചകത്വം, നാട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടത് , സ്വന്തം കൂട്ടുകാർ പോലും ക്രൂരമായി മർദിച്ചത്, അവസാനം നാടും വീടും വിട്ട് മദീനയിലേക്ക് അഭയാർത്ഥിയായി പോയത്...എല്ലാം താൻ പറഞ്ഞു കേട്ടിരുന്നു.ഒടുക്കം സഹോദരന്റെ മക്കാവിജയവും തന്റെ കാതുകളിലെത്തി.ഇപ്പോഴിതാ തന്റെ സഹോദരനെ വർഷങ്ങൾക്ക് ശേഷം കാണാൻ പോവുന്നു.
" ഞാൻ റസൂലിന്റെ സഹോദരിയാണ്. എനിക്ക് നബിയെ നേരിൽ കാണണം." സ്വഹാബത്തിന് അതൊരു തമാശയായി തോന്നിയെങ്കിലും അവർ റസൂലിനെ വിവരമറിയിക്കാതിരുന്നില്ല. റസൂലിന് അവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചില്ല.എന്താണ് തെളിവ് നൽകുക? എങ്ങേനെയാണ് റസൂലിനെ തന്റെ സഹോദരബന്ധം കാണിച്ചു കൊടുക്കുക?
കുട്ടിക്കാലത്ത് തങ്ങൾ കടിച്ച പാടുകൾ അവർ കാണിച്ചു കൊടുത്തു.റസൂലിന് പതിറ്റാണ്ടുകൾ പിന്നിലേക്ക് ഓർമിക്കുവാൻ അത് ധാരാളമായിരുന്നു.അവിടുന്ന് അവരെ കെട്ടിപിടിച്ചു.സഹോദരീസ്നേഹം കണ്ണീരിനൊപ്പം നിറഞ്ഞൊഴുകി.ശൈമാഅ്...തന്റെ സഹോദരി. ശൈമാഅ് ബിൻത് ഹാരിസ് തന്നെ കാണാൻ വന്നിരിക്കുന്നു.റസൂൽ അവരെ അടുത്തിരുത്തി.അനാഥനായ തന്നെ വളർത്തിയ ഹലീമയുമ്മ.നിഴൽ പോലെ കൂടെ നടന്ന സംരക്ഷണം ഒരുക്കിയ ശൈമാഅ്...ബനൂ സഅദ് കുടുംബത്തോടൊപ്പമുള്ള ഓർമകൾ...
ഒടുക്കം പിരിയാൻ നേരം റസൂൽ സഹോദരിയോട് തന്നോടൊപ്പം കഴിയാൻ ആവശ്യപ്പെട്ടു. അനിയനോടൊപ്പം ഇനിയും ഒരുപാട് കാലം ജീവിക്കാൻ ശൈമാഇന്റെ സഹോദരി ഹൃദയം മന്ത്രിച്ചെങ്കിലും കുടുംബത്തെയും വീടിനെയും നാട്ടുകാരെയും കുറിച്ചുള്ള ഓർമകൾ അവരെ അതിനനുവദിച്ചില്ല.റസൂലിനോട് പോവാൻ അനുവാദം തേടി.വൈമനസ്യത്തോടെയാണെങ്കിലും റസൂൽ അംഗീകരിച്ചു.ഇരുവരും പിരിഞ്ഞു.സഹോദരി പോവുന്നത് റസൂൽ നോക്കികൊണ്ടിരുന്നു.
Fathima Rifa K V
CMMO Madavoor

0 Comments