ആധുനിക പ്രത്യയശാസ്ത്രങ്ങളിലെ ബൂഥ്വിയൻ പ്രതിനിധാനം 




"നാം ഉണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തിൽ സൂര്യോദയം വരെ സൃഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകൾ, അശ്രദ്ധരായി മനുഷ്യരെ നോക്കി പാടുന്ന സങ്കീർത്തനങ്ങൾ എന്തെല്ലാമാണ്.....? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കർണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവൻ എത്രമേൽ ധാർഷ്ട്യത്തോടെയാണ് ഇതര ജന്തുക്കളെ പുച്ഛിക്കുന്നതും, സസ്യങ്ങളെ ചവിട്ടി മെതിക്കുന്നതും....."


     -സഈദ് റമദാൻ ബൂഥ്വി

 പശ്ചിമേഷ്യയിലെ അതിശയ സ്വരങ്ങളിലൊന്നായിരുന്ന ഡോക്ടർ സഈദ് റമളാൻ ബൂഥ്വി , 2013 മാർച്ച് 21 നാണ് അവിവേകികളായ ഭീകരരുടെ ബോംബുകളാൽ പൊലിഞ്ഞുപോയത്. തന്റെ വൈജ്ഞാനികശ്രോതാക്കൾക്ക് മതനിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. തന്റെതായ ബൗദ്ധിക ആദർശങ്ങളെ കൊണ്ട് എല്ലാ മേഖലകളിലും ഉറച്ച നിലപാട് വ്യക്തമാക്കിയിരുന്ന അത്ഭുത വ്യക്തിത്വമായിരുന്നു അദ്ദേഹം.അറുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ.ബൂഥ്വി 1929ൽ തുർക്കിയിലെ ഭൂട്ടാനിൽ ജനിച്ചതിനാലാണ്  ബൂഥ്വി  എന്ന പേരിൽ പ്രസിദ്ധരായത്.വിശ്രുത ഇസ്‌ലാമിക പണ്ഡിതരും കർമ ശാസ്ത്ര സരണിയിലെ പ്രമുഖ പ്രതിഭയുമായിരുന്ന ശൈഖ് മുല്ല റമളാൻ ആയിരുന്നു ബൂഥ്വിയുടെ പിതാവും പ്രഥമ ഗുരുവും.

              ആധുനികതയുടെ പ്രകടനപരതയിലും ആഗോളവൽക്കരണത്തിന്റെ സ്വാധീനത്തിലും ഭൗതികവാദത്തിന്റെ വൈരുദ്ധ്യാത്മകതയിലും കുരുങ്ങി ജീവൻ നഷ്ടപ്പെട്ട് തുടങ്ങിയിരുന്ന ഇസ്ലാമിന്റെ യഥാർത്ഥ വിശ്വാസ ശാസ്ത്രത്തെ ജീവവായു നൽകി മുന്നോട്ട്    നയിച്ചതിൽ റമദാൻ ബൂഥ്വിക്ക് നിസ്തുലമായ പങ്കുണ്ട്.അശ്അരി വിശ്വാസ സംഹിതയെ പ്രയോഗവൽക്കരിച്ചും ആധുനികതയുടെ വളച്ചു കെട്ടലുകൾക്ക്  അനിവാര്യമായ വീക്ഷണങ്ങൾ സംഭാവന ചെയ്തുമായിരുന്നു  ബൂഥ്വി മുന്നോട്ടുനീങ്ങിയത്. വിശ്വാസാദർശ പാതയിൽ സലഫി ചിന്താധാരക്കും മുഹ്തസിലികൾക്കും ആധുനിക മുന്നേറ്റ ഗോദയിൽ നാസ്തികർ ക്കും കമ്യൂണിസ്റ്റുകാർക്കും ഒരുപോലെ അനഭിമതനായിരുന്നു ബൂഥ്വി .ശരീഅത്തിനെ മുറിവേൽപ്പിക്കാതെയുള്ള തന്റെ ആശയപരമായ ചെറുത്തുനിൽപ്പുകൾ, സിറിയൻ ജനതയ്ക്ക് മാത്രമല്ല ആധുനിക മുസ്ലിം ലോകത്തിലാകെയും വെളിച്ചം വിതറിയിട്ടുണ്ട്. ബൂഥ്വിയുടെ വൈജ്ഞാനികവും സാമൂഹികവുമായ ദർശന- വീക്ഷണങ്ങളെ അന്വേഷണ വിധേയമാക്കിയ ആൻഡ്രൂസ് ക്രിസ്റ്മാൻ റമദാനെ വിശേഷിപ്പിച്ചത് Staunch traditionalist ( ഉറച്ച പാരമ്പര്യ വിശ്വാസി) എന്നായിരുന്നു. വിജ്ഞാന ശൂന്യതയിൽ അകപ്പെട്ട കലികാലങ്ങളുടെ ഉത്ഥാനം സാധ്യമാക്കിയ ഇത്തരം വിയോഗങ്ങൾ മുസ്ലിം മാനവരാശിയുടെ നഷ്ട പ്രതാപങ്ങളിലൊന്നാണെ ന്ന തിരിച്ചറിവിലാണിന്ന് ലോകം.


 ബൂഥ്വിയിലെ മാനവികതയെ വായിക്കുമ്പോൾ



 സ്നേഹവും സഹിഷ്ണുതയും സമർപ്പണവുമടങ്ങിയ മാനവിക മൂല്യ ഘടകങ്ങൾ അറ്റുപോയിക്കൊണ്ടിരുക്കുന്ന ഈ നവജാത കമ്പോളവൽകൃത ലോകത്ത്,വംശീയവും പ്രദേശീയവുമടക്കം എല്ലാ വർഗീയ പ്രതിസന്ധികൾക്കും കാരണം  മനുഷ്യന്റെ മൗലിക സ്വഭാവഗുണങ്ങളിൽ നിന്നുമുള്ള വ്യതിചലനമാണെന്നാണ്  ബൂഥ്വി നിരീക്ഷിച്ചത്.അറബ് വസന്തത്തെ ആക്രമണത്തിലൂടെ അടിച്ചമർത്തിയപ്പോൾ അഭയാർത്ഥികളായി ദമസ്കസിൽ എത്തിച്ചേർന്ന ആയിരക്കണക്കിനാളുകൾക്ക് സംരക്ഷണം നൽകൽ നമ്മുടെ മേൽ ബാധ്യതയാണെന്ന് റമദാൻ ജനങ്ങളെ ഉപദേശിക്കുകയുണ്ടായി. ഒട്ടേറെ നിഷ്കളങ്ക ജീവനുകളെ നശിപ്പിച്ചു എന്നല്ലാതെ വിപ്ലവം മറ്റൊന്നും സൃഷ്ടിച്ചിട്ടില്ല എന്നാണദ്ദേഹം സമർത്ഥിച്ചത്.ഭൂമിയിലെ സസ്യലദാതികളിലും പടുകൂറ്റൻ വൃക്ഷങ്ങളിലും ജീവന്റെ തുടിപ്പുകളുണ്ടെന്ന് ഖുർആൻ വെളിച്ചത്തിൽ ഉറച്ചു വാദിക്കുന്ന ആധുനിക ഖുർആൻ പണ്ഡിതൻ അല്ലാമാ മുഹമ്മദ് ശഹ്റാവിയുടെ മാനവികസത്തയടങ്ങുന്ന നിരീക്ഷണങ്ങൾ ബൂഥ്വിയിലും പ്രതിഫലിച്ചിരുന്നതായി കാണാം. ഫലസ്തീൻ രാഷ്ട്രത്തെ ഭൂപടത്തിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യുന്ന രീതിയിലുള്ള ഇസ്രായേലിന്റെ അറബ് ദേശീയതയെ വ്രണപ്പെടുത്തൽ അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങളെ അവഗണിക്കാതെ തന്നെ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം ആത്മാർഥവും പരിവർത്തിതമാക്കാൻ പര്യാപ്തവുമായ സ്നേഹത്തിന്റെ അഭാവമാണ്,എന്നദ്ധേഹം  അടിവരയിട്ടു പറഞ്ഞിരുന്നു.


 _ഉലമ ആക്ടിവിസത്തിന്റെ പ്രായോഗിക തലങ്ങൾ_ 

1963ൽ സിറിയയിൽ അധികാരത്തിൽവന്ന ബാത്ത് പാർട്ടി,കമാൽ പാഷയുടെ പരിഷ്കാരങ്ങൾ മാതൃകയാക്കി രാജ്യത്ത് മതേതരവൽക്കരണം നടപ്പിലാക്കാൻ നടപടികൾ ആരംഭിച്ച  അവസരത്തിൽ അതിനെ നിശിതമായി വിമർശിച്ചിരുന്ന പ്രമുഖ പണ്ഡിതൻ ഹബന്നാക്കായിരുന്നു ബൂഥ്വിയുടെ പ്രധാന ഗുരു. മോഡേണിസ്റ്റുകളുടെ വികല ദർശനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച ഹബന്നാക്കിന്റെ ശിഷ്യനായിരുന്നു എന്നത് കൊണ്ടുതന്നെ, സമാനമായ ഉലമ ആക്ടിവിസത്തിന്റെ പ്രകടനതലങ്ങളെ റമളാന്റെ ജീവിതത്തിലും കാണാൻ സാധിച്ചിരുന്നു.


       നീതിമാനാകട്ടെ, അധർമ്മിയാകട്ടെ, ഭരണാധികാരിക്കൊപ്പം നിന്ന് ജിഹാദ് ചെയ്യൽ നിങ്ങളുടെമേൽ ബാധ്യതയാണ് എന്നായിരുന്നു ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നത്. ജനങ്ങൾ ഭരണാധികാരികളോട് അനുസരണക്കേട് കാണിക്കരുതെന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം.അത് കൂടുതൽ സ്പർദ്ധയിലേക്കും ആക്രമണപരമ്പര യിലേക്കും നയിക്കുമെന്ന   തന്റെ നിരീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്തുത വാദത്തിന്റെ നിദാനം. ഭൗതികവാദത്തിന്റെയും സ്വകാര്യവൽക്കരണത്തെ യും ആഗോളവൽക്കരണത്തിനും സംയോജിത യൂറോപ്യൻ പതിപ്പുകൾ അറേബ്യൻ സംസ്കാരത്തിന്റെ വിശ്വാസ സംസ്കൃതിക്ക് കോട്ടം വരുത്തും എന്ന് തോന്നിയ സന്ദർഭങ്ങളിലെല്ലാം  ബൂഥ്വി പാരമ്പര്യ ഇസ്‌ലാമിക സംഹിതകളെ പ്രയോഗവൽക്കരിച്ചിട്ടുണ്ട്.നശിപ്പിക്കാനും രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നവരുടെ ആഹ്വാനങ്ങൾക്ക് നിങ്ങൾ ചെവി കൊടുക്കരുത്..., സൈനിക മേധാവികൾ നിർബന്ധിച്ചാൽ പോലും നിങ്ങൾ വിപ്ലവകാരികളെ കൊല്ലരുത്.. തുടങ്ങിയ സഹിഷ്ണുതയിൽ അധിഷ്ഠിതമായ തീരുമാനങ്ങളായിരുന്നു ജനങ്ങൾക്ക് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്.


         തസവ്വുഫും കർമ്മശാസ്ത്രവും രാഷ്ട്രമീമാംസയുമടക്കം ബഹുമുഖ ധൈഷണിക തലങ്ങളിൽ ആധികാരിക സംഭാവനകൾ നൽകിയ സഈദ് റമദാൻ ബൂഥ്വി ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഗ്രസ്ഥാനീയനാണെന്നും ആധുനിക വിജ്ഞാനങ്ങളിൽ കൃത്യമായ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ നിന്നും നമുക്ക് മനസ്സിലാകും . വിജ്ഞാനത്തിന്റെ ബഹുത്വമണ്ഡലങ്ങളിൽ അദ്ദേഹം സംഭാവന ചെയ്ത അനന്യമായ അനേകം ചെറുഗ്രന്ഥങ്ങളും അറിവുകൾ മുറ്റിനിൽക്കുന്ന പ്രഭാഷണങ്ങളും

ഇസ്ലാമിന്റെ ദാർശനിക ഉത്തരം മുട്ടലുകൾക്ക് യഥാർത്ഥ വഴികാട്ടിയായി എന്ന് മാത്രമല്ല മൂന്നു പതിറ്റാണ്ട് കാലം ലോകം ആദരിച്ച ഈ മഹാപണ്ഡിതന്റെ രചനകളും സംഭാഷണങ്ങളും യുക്തിവാദവും സലഫിസവുമടക്കം എല്ലാ വിശ്വാസ വൈകല്യങ്ങൾക്കും തിരുത്തി അടിക്കാവുന്ന ഒന്നുമായി ഇന്ന് എണ്ണപ്പെട്ടു.ചരിത്രത്തിന്റെ വിശ്വാസ പ്രമാണങ്ങൾക്കും ഇസ്ലാമിക വ്യക്തി ജീവിതത്തിന്റെ ശക്തിപ്രഭാവത്തിനും  മൂല്യച്യുതി നേരിട്ട സമയങ്ങളിലെല്ലാം മദ്ഹബുകൾ അനുധാവനം ചെയ്ത മതകീയ ഗവേഷണങ്ങളാണ് മുസ്‌ലിം ജനതയെ നേരെ നിർത്തിയിരുന്നത് . ഇത്തരമൊരു നിരീക്ഷണാടിസ്ഥാനത്തിൽ സഈദ് റമളാൻ ബൂഥ്വിയായിരുന്നു ശരി എന്ന് നമുക്ക് ഗ്രഹിച്ചെടുക്കാൻ സാധിക്കും.കാരണം മതവാദം എന്നാൽ മിതവാദമാണെന്നും ആധുനികതയുടെ ആഗമനത്തിൽ മതകീയ സ്വയം ഗവേഷിത ചാപല്യങ്ങൾക്കെല്ലാം മദ്ഹബുകളുടെ സരണികളാണ് അവശ്യാവലംബം എന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി.ഇത്തരത്തിൽ ആഗോളതലത്തിൽ ആധുനികതയോടും ആത്മീയതയോടുംകൂടി ഈ നിരീക്ഷണങ്ങളെ ചേർത്ത് വായിക്കുമ്പോൾ  ബൂഥ്വിയൻ ആശയങ്ങൾ വർത്തമാന കാലത്തിന് അവഗണിക്കാനാവാത്ത ഉത്തരങ്ങളാണെന്നും  ബൂഥ്വിയെന്ന ജീവിതം അനിർവചനീയമാം അതിശയവ്യക്തിത്വമാണെന്നും ഈ കലുഷിത വർത്തമാനത്തിൽ നമുക്ക് വിലയിരുത്താം...