റമളാൻ പ്രതീക്ഷയാണ്
റയ്യാൻ പ്രതിഫലവും..
----------------------------------------
" മഴയില്ലാതെ ഉണങ്ങിപ്പോയൊരു നാട്..മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ നാട്ടുകാരെല്ലാം തീരുമാനിച്ചു. മൈതാനത്തേക്ക് ജനം കൂട്ടമായൊഴുകി..ആ കൂട്ടത്തിലൊരു ചെറിയ പെൺകുട്ടി മഴക്കോട്ട് ധരിച്ചാണ് വന്നിരിക്കുന്നത്. എല്ലാവരും അവളെ നോക്കി ചിരിച്ചു. പൊള്ളുന്ന ചൂടിലാണോ മഴക്കോട്ട് ധരിച്ചുവന്നത്? അവൾ മറുപടി കൊടുത്തു: " മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ അല്ലേ..നമ്മൾ വന്നത്.. പ്രാർത്ഥന കേട്ട് ദൈവം മഴപെയ്യിക്കുമല്ലോ..മഴ നനഞ്ഞാൽ എനിക്ക് പനി വരും. അതുകൊണ്ട് എടുത്തതാണ് മഴക്കോട്ട്.. "
അവളുടെ സംസാരം കേട്ട് വൃദ്ധനായൊരാൾ നാട്ടുകാരോട് പറഞ്ഞു : നിഷ്കളങ്കയായ ഈ കുഞ്ഞു മാത്രമാണിവിടെ ശരിക്കുള്ള വിശ്വാസത്തോടെ വന്നത്.അവളുടെ ആ ഉറച്ച പ്രതീക്ഷയാണ് ഉച്ചത്തിലുള്ള വാക്കുകളെക്കാൾ വലിയ പ്രാർത്ഥന.. "
സ്വർഗ്ഗവും നരകവും പരിവർത്തനങ്ങൾക്കൊരുങ്ങി കൊണ്ട് റമളാൻ ഒരു കൈയ്യകലെ വന്നെത്തിയിരിക്കുകയാണ്.സത്യവിശ്വാസികൾക്ക് കണ്ണിന് കുളിർമ്മയായി റയ്യാനിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരകം അതിന്റെ ശിക്ഷാ താവളത്തിൽ നിന്ന് പലരെയും മോചിപ്പിക്കുകയും ചെയ്യുന്ന അത്ഭുത മാസം.ഖൽബും കരളും എന്തിന് വീടും വീട്ടകവും വരെ മ്ലേച്ചതകളിൽ നിന്നും ശുദ്ധമാക്കാൻ വെമ്പിയുള്ള, വിശ്വാസികളുടെ ഒരുക്കത്തിന്റെ കലാശകൊട്ടിന് തിരശീല വീഴാൻ തുടങ്ങുകയാണ്.ഇബാദത്തിനും ഇഖ്ലാസിനും തഖ് വയ്ക്കും തഅലീമിനും ക്ഷമക്കും സഹനത്തിനും നന്മയ്ക്കും തിരി കൊളുത്തി പുണ്യമായ ദിനരാത്രങ്ങളെ വസന്തമാക്കുന്ന കർമ്മങ്ങളുമായി അടിമകൾ റബ്ബിന്റെ ശ്രേഷ്ഠമായ മാസത്തെ കാത്തിരിക്കുന്നു.
റമളാൻ പടിവാതിലിൽ വന്ന് ഒന്നാമത്തെ രാവിന്റെ നാമമുറപ്പിക്കുമ്പോൾ പ്രതീക്ഷയുടെ വിത്തുകൾ ഹൃദയത്തിൽ മുളപ്പിക്കുകയാണ് വിശ്വാസി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.ശ്രേഷ്ഠമായ മാസം കനിഞ്ഞ പുണ്യങ്ങളെ കൈവരിച്ചു കൊണ്ട്, ഓരോ സമയം ദൈവത്തിന്റെ അനുഗ്രഹങ്ങളിൽ പ്രതീക്ഷയർപ്പിക്കുക.കൊടും വരൾച്ചയിൽ നിന്നും മോചനം നേടാൻ പ്രാർത്ഥനക്ക് പോകുമ്പോൾ മഴക്കോട്ട് ധരിച്ച പെൺകുട്ടിയെ പോലെ ഒരു ചരിത്രം അല്ലാഹു തന്നെ വ്യക്തമാക്കുന്നുണ്ട്. അതാണ് നൂഹ് നബിയുടെ പ്രതീക്ഷ.വരൾച്ച നേരിടുന്ന സമയത്ത് മഴക്കോട്ടിനേക്കാൾ അപ്പുറം പ്രളയത്തെ തുരത്താനുള്ള കപ്പൽ നിർമിക്കുന്ന പ്രവാചകന്റെ കഥ.ജനങ്ങൾ മുഴുവൻ മുഴുവട്ടാണെന്ന് കളിയാക്കിയപ്പോഴും പടച്ചവനോടുള്ള അടങ്ങാത്ത പ്രതീക്ഷയിൽ ഉറച്ചു നിന്നപ്പോൾ ആ പ്രതീക്ഷ ഫലം കണ്ടു. വരൾച്ചയെ അതിജയിച്ചു പ്രളയം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിലെ ഏക അഭയകേന്ദ്രമായ കപ്പൽ പരിഹസിച്ചവരുടെ മുന്നിലൂടെ ഒഴുകി നീങ്ങി. ഇവിടം വിശ്വാസി ഉൾകൊള്ളേണ്ട പാഠം ഇതാണ്.ഒരു രക്ഷാകേന്ദ്രവുമില്ലാത്ത സമയത്തെ ഏക രക്ഷാകേന്ദ്രമായ സൃഷ്ടാവിന്റെ അഭയസ്ഥാനത്തെ.
ഓ.. റമളാൻ.. നീ മോഹിപ്പിക്കുന്നു..
വിവേകവും വികാരവുമാണ് മനുഷ്യപ്രകൃതത്തിന്റെ ആധാരം.കേവലം ഒരു മൃഗമാകാതെ മനുഷ്യന്റെ സവിശേഷതകളടങ്ങിയ ഒരു മനുഷ്യനാക്കി അവനെ മാറ്റുന്നത് വിവേകത്തോടെയും വികാരത്തോടെയുമുള്ള അവന്റെ പെരുമാറ്റങ്ങളാണ്.തെറ്റ് സംഭവിച്ചാൽ അത് തെറ്റാണെന്ന് തോന്നിപ്പിക്കുന്നതും അതിന് മാപ്പ് ചെയ്യുന്നതുമായ അവന്റെ ഉൽകൃഷ്ടമായ സ്വഭാവങ്ങൾ.365 ദിവസങ്ങൾ എന്നറിയപ്പെടുന്ന ഒരു വർഷക്കാലം മനുഷ്യന്, അവൻ ചെയ്യുന്നതെന്തും അവന്റെ നന്മയുടെയും തിന്മയുടെയും അതേ തോതിൽ അളന്നു വെക്കപ്പെടുകയാണ് ചെയ്യുന്നത്.അതിൽ, 12 മാസത്തിൽ ഒരു മാസം മാത്രമാണ് അവൻ ചെയ്ത നന്മകൾക്ക് ഇരട്ടി മധുരമായി പുണ്യവും, തിന്മകൾക്ക് ഇരട്ടി ശിക്ഷയുമായി രംഗത്ത് വരുന്നത്.അതാണ് ഖുർആനും തൗറാത്തും സബൂറും ഇറങ്ങിയ പരിശുദ്ധ റമളാൻ മാസം.എല്ലാ സമയത്തും മനുഷ്യനെ ചൂഴ്ന്നു നടക്കുന്ന പൈശാചികശക്തികൾക്ക് കടിഞ്ഞാണിട്ട് റബ്ബ്, വിശ്വസിയുടെ പുണ്യകർമങ്ങൾക്ക് കുട ചൂടി
മഴയും തണുപ്പുമാണ് റമളാൻ.കുളിരും കുളിർമയുമാണത്.സൃഷ്ടാവിന്റെ പ്രണയത്തെ അറിഞ്ഞു കൊണ്ട് സൃഷ്ടി റമളാനിലൂടെ അല്ലാഹുലേക്കുള്ള പ്രണയലേഖനമെഴുതുകയാണ് ചെയ്യുന്നത്.ഖുർആനും ഹദീസും ദിക്റും ഇബാദത്തും കരുണയും കാരുണ്യവും എല്ലാം പ്രണയത്തിന്റെ വരികളാകുന്ന അത്ഭുതകരമായ മാന്ത്രികമായ പ്രണയം.സ്വന്തം കാമുകന് വേണ്ടി വിശപ്പിനെ സഹിച്ച്, ചീത്ത വാക്കുകളിൽ നിന്നും നാവിനെ കടിഞ്ഞാണിട്ടു കൊണ്ട്, കണ്ണിന്റെ തിന്മനോട്ടങ്ങളെ പുതപ്പിട്ടു മൂടി ഓരോ വിശ്വാസിയും പ്രതീക്ഷയോടെ ദിനരാത്രങ്ങളെ തള്ളിവിടുമ്പോൾ അനുഗ്രഹങ്ങളുടെ മഴവർഷമാണ് പടച്ചവൻ അവന് വേണ്ടി ഒരുക്കുന്നത്. സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറന്ന് കൊടുത്ത്,ഒന്നാമത്തെ രാത്രിയിൽ തന്നെ അനുഗ്രഹവർഷങ്ങൾ പെയ്തു തീർത്തു,നോമ്പുകാരന്റെ ദുർഗന്ധമുള്ള വായ്ക്ക് കസ്തൂരിയുടെ സുഗന്ധമാണെന്ന് മൂല്യം നൽകി,ഈ മാസത്തിൽ നിർവഹിച്ച ഉംറക്ക് ഹജ്ജിന്റെ പ്രതിഫലം നൽകി കൊണ്ടും,നോമ്പുകാരെ സ്വീകരിക്കാൻ സ്വർഗത്തെ അലങ്കരിക്കാൻ കൽപ്പിച്ചു കൊണ്ടും.,തുടങ്ങി പ്രതിഫലങ്ങളുടെ ശരവർഷങ്ങൾ ഒന്നിച്ചു ലഭിക്കുന്ന നിർവൃതിയാണ് വിശ്വാസിക്ക്.ഇലാഹിന്റെ മാർഗത്തിലുള്ള എല്ലാ നോട്ടങ്ങൾക്കും ഒരുപാട് പ്രതിഫലം നല്കപ്പെടുമ്പോൾ നഷ്ടപ്പെടുത്തേണ്ടത് ആ പരിശുദ്ധമായ സമയങ്ങളെയാണോ നമ്മുടെ മ്ലേച്ചമായ ഇച്ഛകളെയാണോ എന്നത് ഇവിടെ ചിന്തിക്കേണ്ട വസ്തുത തന്നെയാണ്.
*പ്രതീക്ഷ* *ഉറപ്പോടെയാവണം..*
അനസ് ബ്നു നളര്(റ)വിന്റെ മഹിതമായി ജീവിതത്തില്‍ നമുക്ക് ഉത്തമമായ ഒരു മാതൃകയുണ്ട്. മുസ്ലിംകള് ശത്രുക്കളുമായി പോരാട്ടത്തിലേര്‍പ്പെട്ട സവിശേഷമായ ബദര്‍ യുദ്ധത്തില്‍ അനസ്(റ)വിന് പങ്കെടുക്കാന്‍ സാധിച്ചില്ല. ഈ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പ്രഖ്യാപിച്ചു : അല്ലാഹു ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്കുകയാണെങ്കില് എപ്രകാരം അതു വിനിമയിക്കുമെന്ന് അല്ലാഹുവിന് ഞാന്‍ കാണിച്ചുകൊടുക്കും. ഉഹ്ദ് ദിനം ആഗതമായപ്പോള്‍ അദ്ദേഹത്തിന്റെ വാഗ്ദത്ത പൂര്‍ത്തീകരണത്തിന് മുസ്ലിംകള് സാക്ഷ്യം വഹിക്കുകയുണ്ടായി. ഉഹ്ദ് യുദ്ധ വേളയില്‍ അദ്ദേഹം സഅ്ദ് (റ)വിനെ അഭിമുഖീകരിച്ചു പറയുകയാണ്. ‘നളറിന്റെ നാഥനാണ് സത്യം! സ്വര്‍ഗത്തിന്റെ പരിമളം ഞാന്‍ അനുഭവിക്കുകയാണ്’ .എന്നിട്ട് രണാങ്കണത്തില്‍ ശക്തമായി പോരാടുകയും ശരീരത്തില്‍ എൺപതില്‍ പരം വെട്ടുകളേറ്റു വാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുമുണ്ടായി.സൂറതുല്‍ അഹ്സാബിലെ ഈ സൂക്തം അദ്ദേഹത്തിന്റെ സമര്‍പ്പണ സന്നദ്ധതയെ പ്രശംസിച്ച് അവതരിച്ചതാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നത് കാണാം. ‘സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില ആളുകളുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല'.
റമദാനിന്റെ പ്രഭ മാനത്ത് തെളിയുന്ന ഈ രാവ് അത്തരം കരുത്താർന്ന പ്രതീക്ഷയുടെയും പ്രതിജ്ഞയുടേതും ആക്കാം നമുക്ക്.. സുന്ദരമായ മുപ്പത് ദിനങ്ങൾ, ആഘോഷഭരിതമായ പെരുന്നാളിലേക്കുള്ള രാവുകൾ, ആയിരം മാസത്തേക്കാൾ ശ്രേഷ്ടമുള്ള മാസത്തിനെ വരവേൽക്കാനുള്ള പൂതി, പരിശുദ്ധ ഖുർആനിന്റെ പിറന്നാൾ ആഘോഷിച്ചു പ്രാർത്ഥനയിലും പാരായണത്തിലും മുഴുകാനുള്ള ആഗ്രഹം.. എല്ലാം റമളാനിലേക്ക് വഴിവെട്ടുന്ന ആദ്യ രാവിൽ തന്നെ തീരുമാനിച്ചുറപ്പിക്കാം.നന്മകളുടെ ഫോളോവേർസിൽ ഇടം നേടി തിന്മയെ ബ്ലോക്ക് ചെയ്ത് കൊണ്ട്, പുതിയ പുണ്യങ്ങൾക്ക് ഫോളോ റിക്വസ്റ്റ് അയച്ചു ഈ മുപ്പത് ദിനങ്ങളെ നമുക്ക് കളറാക്കാം.റമളാനിന് ശേഷവും ഖൽബ് കറ പിടിച്ചു കിടക്കുന്നവർക്കെതിരിൽ റസൂൽ (സ്വ) പ്രാർത്ഥിച്ചപ്പോൾ ജിബ്രീൽ (അ) ആമീൻ പറഞ്ഞത് ആ ഖൽബ് അത്രയും മലിനമാണെന്ന് അറിയിക്കാനാണല്ലോ. അള്ളാഹു റമളാൻ കൊണ്ട് സന്മാർഗം പുൽകാനും സ്വർഗത്തിലേക്കുള്ള വഴിയൊരുക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ..
നദീറ. ടി

4 Comments
പ്രിയപ്പെട്ട ശിഷ്യയുടെ വരികൾ... പടച്ചവൻ ബർക്കത് ചെയ്യട്ടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteMa sha Allah
ReplyDeleteKeep going
Ma sha allh...wrtng👌
ReplyDelete