തഖ്‌വ വിശ്വസിയുടെ പാഥേയം
_________________________
തെറ്റുകുറ്റങ്ങളൊന്നുമില്ലാതെ വ്രത ദിവസങ്ങളെ വരവേൽക്കാൻ ഒരുങ്ങി നിലക്കുന്നവരാണ് വിശ്വാസികൾ....
ജീവിതത്തിൽ എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും അഞ്ച് നേരം നീ എന്റെ മുന്നിൽ സുജൂദ് ചെയ്യണം എന്ന് പടച്ചതമ്പുരാൻ നിർബന്ധം പിടിച്ചത് എന്തിനായിരിക്കാം?? എത്രയൊക്കെ വേദനയുമായി രോഗശയ്യയിൽ ആണ് നീയെങ്കിലും പടച്ച തമ്പുരാനെ മനസ്സുകൊണ്ടെങ്കിലും പ്രണമിക്കണം എന്ന് ശഠിച്ചത് എന്തിനായിരിക്കാം??
ഇത്രയൊക്കെ വിഭവങ്ങളുടെ സമൃദ്ധിയിലാണ് നമ്മുടെ ജീവിതം എങ്കിലും വർഷത്തിൽ ഒരു മാസമെങ്കിലും പകലന്തിയോളം വിശപ്പ് അറിയണമെന്ന് കല്പിച്ചത് എന്തിനായിരിക്കാം???
സൂക്ഷ്മത അത്രമേൽ കൈമുതലാക്കി ഓരോ കാര്യങ്ങളും നിർവഹിക്കാൻ ഇത്രയും കാര്യമായി തന്നെ പറഞ്ഞത് എന്തിനായിരിക്കാം???
നമ്മളിൽ ഏറ്റവും ഭംഗിയായി കാര്യങ്ങൾ നിർവ്വഹിക്കുന്നത് ആരാണെന്ന് അറിയാൻ വേണ്ടിയിട്ടു തന്നെ, റബ്ബിൽ തുടങ്ങി റബ്ബിൽ തന്നെ അവസാനിക്കുന്ന നിസ്കാരങ്ങൾ എത്ര ഉണ്ടെന്നറിയാൻ, നിറഞ്ഞ മനസ്സോടെ വയറൊഴിച്ചിടുന്നവർ ആരാണെന്നറിയാൻ,,,,
തഖ്‌വയുടെ കണിശത കളെയും, കാര്യഗൗരവങ്ങളെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് നാം.. എന്നാൽ, ജീവിതത്തിന്റെ സർവമേഖലകളിലും നാമീ പാടിനടക്കുന്ന സൂക്ഷ്മത സജീവമാണെന്ന് നമുക്ക് പറയാൻ കഴിയുമോ???
നിസ്കാരത്തിൽ നോമ്പിലും ഒക്കെ പകർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ സഹോദരന്റെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കുന്നതിലും അപരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിലും നാം തഖ്‌വയെ കൈമുതലാക്കാറുണ്ടോ?? നമ്മുടെ സാമൂഹ്യജീവിതത്തിൽ തന്നെയാണ് ഈമാനും ഇഹ്‌ലാസുമൊക്കെ വ്യക്തമാക്കപ്പെടേണ്ടതെന്ന കാര്യം നാം വിസ്മരിച്ചുകളയുന്നു. അസത്യ പ്രചരണം നടത്തുമ്പോൾ, വാഗ്ദത്ത ലംഘനങ്ങൾ നടത്തുമ്പോൾ വ്യക്തിഹത്യ കൾ നടത്തുമ്പോൾ, സാമ്പത്തിക ഇടപാടുകളിൽ കൃത്യത പുലർത്താതെ ഇരിക്കുമ്പോൾ, തെറ്റിദ്ധാരണകൾ പരത്തുമ്പോൾ, എന്തിന് അടുത്തിരിക്കുന്ന അവന്റെ മൊബൈലിലേക്കൊന്നോളിഞ്ഞു നോക്കാൻ മനസ്സ് വെമ്പുമ്പോൾ, നമുക്ക് നമ്മുടെ നമസ്കാരങ്ങളുടെ പരിശുദ്ധി ഓർമ്മ വരണം. തഖ്‌വയുടെ കരുതലവിടെ കവചമായി നിൽക്കണം.. വഴിയിൽ കിടക്കുന്ന മുള്ള് എടുത്തു മാറ്റുന്നതുവരെ സുന്നത്താണെന്ന് പഠിപ്പിക്കപ്പെട്ട സമുദായമാണ് നമ്മുടേത്. ഇസ്ലാം അത്രമേൽ ഗൗരവത്തിൽ പകർന്നുനൽകിയ തഖ്‌വയുടെ പാഠങ്ങൾ പച്ചയായി പകർത്തുമ്പോഴാണ്, അല്ലെങ്കിൽ ഓരോ വിശ്വാസിയും തന്റെ ദൈനംദിന വ്യവഹാരത്തിൽ അതിനെ കൊണ്ടു വരുമ്പോഴാണ് അതിന് അതിന്റെതായ അർത്ഥം കൈവരുന്നത്.
എത്ര ചെറിയ കാര്യമാണെങ്കിലും സൂക്ഷ്മത കൈവരിക്കാൻ കഴിയുന്നിടത്താവണം സംതൃപ്തി. വരാമെന്നു പറഞ്ഞിട്ടും വളരെയധികം സമയം കഴിഞ്ഞു വന്ന്, കാത്തു നിൽക്കുന്നവന്റെ അടുത്ത് നീ കുറേ നേരമായല്ലോ എത്തിയിട്ട് എന്നയൊരൊഴുക്കൻ ചോദ്യത്തിലൂടെ നമ്മളൊക്കെ എത്രയെത്ര വാഗ്ദത്ത ലംഘനങ്ങളെയാണ് മറച്ചുവെക്കാൻ ശ്രമിച്ചത്?? അങ്ങനെ ജീവിതത്തിലെ ഓരോ ചുമരുകളെയും എത്രെയെത്ര വീഴ്ചകൾ കൊണ്ടു നാം നിറമുള്ളതാക്കി???ചിന്തിക്കേണ്ടിയിരിക്കുന്നു!!.
ജീവിതത്തിലെ ഓരോ നൈമിഷിക ഘട്ടങ്ങളിലും, സന്തോഷത്തിലും സന്താപത്തിലും, പ്രശ്നങ്ങളിലും പരിഹാരങ്ങളിലും, കർമ്മങ്ങളിലും കൃത്യങ്ങളിലും തഖ്‌വയെ നാം കൊണ്ടുനടക്കുമ്പോൾ നാമറിയാതെ റബ്ബ് നമ്മിലേക്ക് വരുന്നു.

3 Comments
Mashallah...💞
ReplyDeleteماشاء الله تقبل الله
ReplyDeleteاللهم اجعلنا من المتقین امین 🥀🥀
ماشاءالله
ReplyDelete