നോമ്പിൻ നേട്ടങ്ങള്‍ ശാസ്ത്ര നോട്ടത്തില്‍


          സത്യവിശ്വാസികളെ, നിങ്ങൾക്ക് മുമ്പുള്ള കാലഘട്ടക്കാർക്ക് നോമ്പ് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പിനെ നാം നിർബന്ധമാക്കിയിരിക്കുന്നു. സൂറത്തുൽ ബഖറയുടെ നൂറ്റി എൺപത്തിമൂന്നാം സൂക്തത്തിലൂടെ വിശ്വാസി സമൂഹത്തിന് ആരാധനയുടെ മറ്റൊരു രൂപം കൂടി പടച്ചവൻ പഠിപ്പിക്കുകയാണ്. മനുഷ്യന് മേൽ കൽപ്പിക്കപ്പെട്ട എല്ലാ അനുഷ്ഠാനകർമ്മങ്ങളും അവൻ്റെ സൃഷ്ടിപ്പിന് ഭീഷണിയാകാത്ത വിധം രൂപം നൽകപ്പെട്ടവയാണ്, എന്നല്ല അവൻ്റെ ശരീരപ്രകൃതിക്കനുസൃതമാണ്. കാരണം,ഈ കർമ്മ കൽപനകളുടെ കർത്താവ് മനുഷ്യ ശരീരത്തിലെ ബാഹ്യാന്തരിക ഘടനയെ അതിനിപുണമായി നിർമ്മിച്ച സർവേശ്വരനാണല്ലോ!

    നോമ്പ് എന്നത്  മനുഷ്യന്റെ ജീവിതചര്യയാണ്. ജീവിതചര്യയെന്നാൽ ഒരുമാസക്കാലം വിശ്വാസി എങ്ങനെ ജീവിക്കണമെന്ന  ഉദ്ദേശ്യമാണ്.അതിരാവിലെ എഴുന്നേൽക്കുന്നത് മുതൽ അന്നപാനിയങ്ങളും വൈകാരികാസ്വാദനങ്ങളും വെടിഞ്ഞ് രാത്രിയിലും പകലിലും പ്രാർത്ഥനയിലും മറ്റു ആരധനാകർമങ്ങളിലും മുഴുകി വിശ്വാസി ഓരോ ദിനരാത്രങ്ങളെയും മനോഹരമാക്കുന്നു. പതിനൊന്ന് മാസത്തിലേക്കുമുള്ള ധാർമ്മിക-ആത്മീയ ഊർജം ഈ ഒരു മാസകാലയളവിൽ വിശ്വാസി ആർജിച്ചെടുക്കുന്നു.

   "നോമ്പനുഷ്ഠിക്കുക, ആരോഗ്യവാന്മാരാകുക "(ത്വബ്റാനി) എന്ന മുഹമ്മദ്‌ നബി(സ്വ)യുടെ വചനം ഓരോ വിശ്വാസിക്കും ഇലാഹീ വിരുന്ന് എന്നതിനൊപ്പം ആരോഗ്യമരുന്ന് കൂടിയാണ്.

ആയുർവേദ ആചാര്യന്മാർ പറയുന്നതും "ലംഘനം പരമ ഔഷധം"എന്നാണല്ലോ. അഥവാ ഉപവാസമാണ് ഏറ്റവും നല്ല ഔഷധം എന്ന്.

   അത്താഴം കഴിക്കുന്നത് മുതൽ വിശ്വാസി ഉപവാസം ആരംഭിക്കുമ്പോൾ അവന്റെ ആത്മീയതലത്തെയും ആരോഗ്യതലത്തെയും അവൻ ഭംഗിയാക്കുന്നു.പ്രാതൽ  കഴിക്കുന്നതിലൂടെ ഒരു മനുഷ്യന്റെ ചിന്താശക്തി വർധിക്കുന്നു, ഇത് നോമ്പുകാരൻ കരസ്ഥമാക്കുന്നത് അത്താഴത്തിലൂടെയാണ്.പ്രാതൽ ഒഴിവാക്കുന്നത് രക്തപിത്തം,അൾസർ തുടങ്ങിയവക്ക് കാരണമാകുമെന്ന് ശാസ്ത്രം പറയുന്നു. അതു കൊണ്ടാവാം, അല്ലാഹു തഅല അത്താഴം എന്നത് പ്രതിഫലം ലഭിക്കുന്ന പുണ്യകർമ്മമായി നോമ്പിലൂടെ നമുക്ക് നൽകിയത്. 

അത്താഴം കഴിഞ്ഞ ഉടനെ ഉറക്കം നല്ലതല്ല, അത് ആരോഗ്യഘടനയിൽ പലതരത്തിലുള്ള മാറ്റങ്ങൾക്കും കാരണമാകുന്നു. അതു കൊണ്ടാണ് രാവിലെ എഴുന്നേറ്റ് സത്യവിശ്വസി വേദഗ്രന്ഥങ്ങളുമായി ആ സമയം കൂടുതൽ ചെലവഴിക്കുന്നത്.

   നോമ്പുള്ള വിശ്വാസിയോട് ഇസ്ലാം പറയുന്നത് നോമ്പിനെ മുറിക്കുമ്പോൾ ഈത്തപ്പഴം കൊണ്ടാകണം എന്നാണ്. ഈത്തപ്പഴം കഴിക്കുന്നതിലൂടെ  എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനാവിശ്യമായ കാത്സ്യം ലഭിക്കുന്നു. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണമാണല്ലോ ഏതൊരാൾക്കും ഉചിതം. അതുകൊണ്ട് തന്നെ ഈത്തപ്പഴം കഴിക്കുന്നതിലൂടെ ഒരുപാട് വിറ്റാമിനുകളും ശരീരത്തിന് ലഭിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലും ഹദീസിലും പറയപ്പെട്ട ഈ പഴത്തിന്റെ ഗുണങ്ങൾ ധാരാളമാണ്.അറേബ്യൻ നാടുകളിൽ ഹൃദ്രോഗം,കാൻസർ എന്നീ രോഗങ്ങൾ താരതമ്യേന കുറവാണെന്നാണ് പഠനം.അതിന്റെ ഏറ്റവും നല്ല കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗം ആണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു!

പകൽ മുഴുവൻ നോമ്പനുഷ്ഠിച്ച വ്യക്തിയുടെ ദഹനശക്തി വളരെ കുറവായിരിക്കും. ഈ സമയം നോമ്പ് തുറക്കുമ്പോൾ ഒരുപാട് ഭക്ഷണം കഴിക്കുന്നത് അവന്റെ ആരോഗ്യത്തെ ബാധിക്കുകയു ചെയ്യും. എന്നാൽ ഇതു തരണം ചെയ്യാൻ ഏറ്റവും നല്ല മാർഗം വ്യായാമം ആണല്ലോ.ഫലപ്രദമായ വ്യായാമമാണെന്ന് ശാസ്ത്രം സമ്മതിച്ച നിസ്ക്കാര (തറാവീഹ്)മാണ് ഈ അവസരത്തിൽ നോമ്പുകാരനായ വിശ്വാസിക്ക് പുണ്യമായി രേഖപ്പെടുത്തപ്പെട്ടത്.ഇത് അവന്റെ ദഹനപ്രക്രിയക്ക് ഏറെ സഹായകമാണ്.

നോമ്പ്കാരന്റെ ഓരോ പ്രവർത്തിയും ശാസ്ത്രീയപരമായും അവന്ന് ഗുണം തന്നെയാണ്.

    ഒരാൾ ഒരു മാസത്തിൽ എങ്ങനെ ജീവിക്കണം എന്ന് ഉദ്ദേശിക്കുന്ന ഈ ചര്യ  കഴിഞ്ഞ പതിനൊന്ന് മാസത്തിൽ അവന്റെ ശരീരത്തിൽ ആഗമിച്ച വിഷാംശങ്ങളെ പുറം തള്ളാനുള്ള രീതിയാണ്.

     ആത്മാവിനെ ആരോഗ്യദൃഢമാക്കാൻ ഏറ്റവും നല്ല മാർഗം വ്രതമാണെങ്കിൽ, ആരോഗ്യത്തെ ശക്തിപ്പെടുത്താനുള്ള നല്ല മാർഗവും അത് തന്നെയാണ് .

"സ്വർഗീയ കവാടങ്ങൾ തുറക്കപെടുകയും നരകവാതിലുകൾ അടക്കപ്പെടുകയും പിശാചിനെ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്ന മാസമാണ് റമളാൻ."

ചിന്തിച്ചു കൊണ്ട് മനസ്സിനെയും ശരീരത്തെയും ഒരുപോലെ സർവേശ്വരനിലേക്ക് ആവാഹിച്ച് നോമ്പിനെ കൂടുതൽ ഭംഗിയാക്കുക.