കോവിഡ് കാലം ഓർമപ്പെടുത്തുന്നത് 

---------------------------------


       ഇഹത്തിലും  പരത്തിലും നന്മ ഉണ്ടാകണമെന്ന തരത്തിലുള്ള ആത്മാർത്ഥമായ ആഗ്രഹങ്ങൾ  ഓരോ വിശ്വാസിയിലും  ഉണ്ടായിരിക്കണമെന്നാണ്  ഖുർആനിക വചനങ്ങൾ ഓർമപ്പെടുത്തുന്നത്.  ഭരണപരമായ നിയമങ്ങളെ എതിർത്തു കൊണ്ട്,ദീനിനെ പടുത്തുയർത്താൻ ഒരിക്കലും പരിശുദ്ധ ഇസ്ലാം  കൽപ്പിക്കുന്നില്ല. മനുഷ്യൻ അവന്റെ സൃഷ്ടാവിന്റെ  നിയമ നിർദ്ദേശങ്ങൾ  പാലിച്ച് ജീവിക്കുക എന്നതാണ് ഇസ്ലാമിക നിയമങ്ങളുടെ ആകെ തുക.മനുഷ്യന്റെ  കഴിവുകളും  ആരോഗ്യസ്ഥിതികളും വ്യത്യസ്തമായതുകൊണ്ട് തന്നെ നിയമ നിർദേശങ്ങൾ പാലിക്കുന്നിടത്ത് വളരെയേറെ ഇളവുകളും സൃഷ്ടാവ്  മനുഷ്യന് നൽകിയിട്ടുണ്ട്. അതിനാൽ അടിയന്തര  സാഹചര്യത്തിൽ,രാജ്യത്തിന്റെ നിയമനിർദേശങ്ങൾ  പാലിച്ചു കൊണ്ട് തന്നെ ഇലാഹിലേക്കലിഞ്ഞുചേരാനുള്ള വഴികൾ നാം കണ്ടെത്തേണ്ടതുണ്ട്.വിശുദ്ധ ഖുർആനിലെ  'الروم' അദ്ധ്യായത്തിലെ 41 മത്തെ ആയത്തിൽ  പറയുന്നു:

"ظهر الفساد في البر والبحر بما كسبت أيدي الناس"

( മനുഷ്യകരങ്ങളുടെ ഉത്പാദനങ്ങൾ കാരണമായി കടലിലും കരയിലും അക്രമങ്ങൾ ഉടലെടുത്തിരിക്കുന്നു).മനുഷ്യന്റെ  ദുഷ്കർമ്മങ്ങളുടെ ഫലമായി അള്ളാഹു ഇറക്കുന്ന ഇത്തരം വിപത്തുകളെ തൊട്ട് നാം അള്ളാഹുവിനോട് കാവൽ തേടുകയും അവനിലേക്ക് കൂടുതൽ അടുക്കുകയും അടുക്കുകയും ചെയ്യേണ്ടതുണ്ട്.


                                  ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഇസ്ലാം വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്.അതുപോലെ തന്നെ രോഗം ബാധിച്ചവരെ ചികിത്സിക്കാനും രോഗം ബാധിക്കാതിരിക്കാനുമുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാനും തിരുനബി മുന്നറിയിപ്പ് നല്‍കിയിരുന്നു:''നിങ്ങൾ ഭൗതിക ചികിത്സ നടത്തുക,നിങ്ങൾക്ക് നിഷിദ്ധമായവ കൊണ്ട് ചികിത്സിക്കാതിരിക്കുകയും ചെയ്യുക "എന്ന നബിവചനം ഇതിലേക്കുളള ഒരു ചൂണ്ടുപലകയാണ്.


        സാമൂഹികമായി അടുത്തിടപെഴകേണ്ട കർമ്മങ്ങളിൽ വിലക്കുണ്ടെങ്കിലും,വ്യക്തിപരമായി നാം കർമ്മങ്ങൾ അധികരിപ്പിക്കേണ്ട സാഹചര്യം കൂടിയാണിത്.   കൊറോണയടക്കമുള്ള പകർച്ച വ്യാധികൾ പെരുകി കൊണ്ടിരിക്കുന്ന ഈ ലോകത്ത്, പ്രവാചകൻ പഠിപ്പിച്ച അധ്യാപനങ്ങൾക്ക് കൂടുതൽ പ്രസക്തിയേറുകയാണ്.തുമ്മുമ്പോഴും  ചുമയ്ക്കുമ്പോഴും മുഖം മറച്ചു പിടിക്കാൻ 1400വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രവാചകൻ   നിർദ്ദേശിച്ചു.വായയിൽ നിന്നും മൂക്കിൽ നിന്നും പുറത്തേക്ക്  വരുന്ന സ്രവങ്ങൾ      മറ്റുള്ളവരിലേക്ക്  എത്താതിരിക്കാൻ ഈ മുൻകരുതൽ എത്രത്തോളം സഹായകമാണെന്ന് നമുക്കിന്ന് ബോധ്യമായിരിക്കുന്നു.ഇസ്ലാം പ്രകൃത്യാന്വയ മതമാണ്. പ്രകൃതി നിയമങ്ങൾക്ക് ഒന്നിനുമെതിരായി സഞ്ചരിക്കാൻ ഇസ്ലാം ആവശ്യപ്പെടുന്നുമില്ല.


           സൃഷ്ടാവ് അവന്റെ സൃഷ്ടികളെ ഭയാനകമായ പരീക്ഷണങ്ങൾ കൊണ്ട് പരീക്ഷിക്കുമ്പോൾ, ആത്മീയതയിലേക്ക്  വളരെയധികം  ആഴ്ന്നിറങ്ങാനുള്ള അവസരമാക്കി ഓരോ മുസ്ലിമും അവകളെ മാറ്റിയെടുക്കണം. കാരണം, സ്രഷ്ടാവ് സൃഷ്ടികൾ നേർമാർഗ്ഗത്തിലായെങ്കിൽ എന്ന് മാത്രമാണ് കാംക്ഷിക്കുന്നത്.രോഗങ്ങൾ സുഖപ്പെടുന്നതിലും രോഗങ്ങൾ വരാതിരിക്കുന്നതിലും പ്രാർത്ഥനകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കി  നാഥനിലേക്കേറെ അടുക്കാൻ പരിശ്രമിക്കുന്ന ഓരോ വിശ്വാസി മനസ്സുകളെയുമാണ്, മഹാമാരികളുടെ സ്വാധീനത്തിന്റെ ആധിക്യത്തിൽ പൊറുതിമുട്ടുന്ന  ഇന്നത്തെ ഓരോ വിശ്വാസി സമൂഹത്തിനും

 ആവശ്യം.


Jumana Thasnim