ആത്മീയാനുഭൂതിയിലൂടെ ഇലാഹിലേക്ക് .....


ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കൊരു ജാലകമുണ്ടെന്ന് അവർ പറയുന്നു ചുമരില്ലാത്തിടത്ത് എങ്ങനെയാണ് ജാലകമുണ്ടാകുന്നത്.

                      -  റൂമി


 റൂമിയുടെ ഈ വരികൾ വരച്ചിടും പോലെ ആത്മീയത അനിർവചനീയമായൊരു വികാരമാണ്. അത് മനസ്സിനെ ആത്മീയാനന്ദത്തിന്റെ വിഹായസ്സിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ ആത്മീയതയുടെ സാഗരത്തിലേക്ക് ഊളിയിടുന്നവൻ വലിയ ആസ്വാദനത്തിനും അനുഭൂതിക്കും  വിധേയനാ വുകയാണ്. മൺതരി മുതൽ താരകം വരെ അവനു മുന്നിൽ അത്ഭുതങ്ങളുടെ മിഴി തുറക്കുന്നു. മിന്നാമിനുങ്ങ് മുതൽ  പ്രപഞ്ചത്തിന്റെ അനന്ദ സത്യങ്ങൾ വരെ ദിവ്യാത്ഭുതത്തിന്റെ പ്രകാശം ചൊരിയുന്നു. നമ്മിലെ നേർത്ത നിശ്വാസം മുതൽ വസന്തത്തിലെ മന്ദമാരുതൻ വരെ ഹൃദയാന്തരത്തെ നാനാവർണമാക്കി കടന്നുപോകുന്നു. ഇവിടെ ഓരോ നിമിഷാർദ്ധത്തിലും അത്ഭുതം സിദ്ധിക്കുന്നവനാണ് ഇലാഹായ പ്രണയഭാജനത്തോട് ഇഹ്സാനിലൂടെ പ്രണയത്തിൽ ലയിച്ചവൻ. ഈ ഒരു അനുഭൂതിയിലേക്ക് എത്തിച്ചേരാൻ വിശ്വാസിയുടെ കർമ്മമണ്ഡലത്തിന്ന് സജീവതയും സുദൃഢ തയും നൽകുന്ന കാതലാണ് ഇഹ്സാൻ. ജീവി വർഗ്ഗത്തിന്റെ അടക്കാനക്കങ്ങളിൽ ദൈവീക ദൃഷ്ടിയുണ്ടെന്ന ബോധത്തിന് ഇസ്ലാം നൽകിയ പേര്. കിരാതമായ മനുഷ്യഹൃദയത്തെ സ്ഫുടം ചെയ്ത് ആദ്ധ്യാത്മികതയുടെ സുന്ദരസായാഹ്നങ്ങളിലേക്ക് കൈപിടിച്ചാനയിക്കുന്ന മാധ്യമം. വർണനകൾക്ക്‌ വഴങ്ങാത്തൊരവസ്ഥയാണത്. വിശ്വാസിയെ കർമ്മനിരതനാക്കുകയും കർമ്മങ്ങളെ അവയുടെ യഥാർത്ഥ മാധുര്യം കരസ്ഥമാക്കി ഊഷ്മളമാക്കുകയും ചെയ്യുന്ന ചാലകശക്തി. 

          

           ഇസ്ലാം മനുഷ്യന്റെ ജീവിതമാർഗ്ഗമാണ് അവന്റെ ജീവിതത്തെ പരമമായും പരിപൂർണ്ണമായും അല്ലാഹു എന്ന സ്രഷ്ടാവിനും അവന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും വിധേയമാക്കുകയാണ് അതിന്റെ ലക്ഷ്യം. ഇത് സമ്പൂർണ്ണമാകണമെങ്കിൽ ദേഹിയും ദേഹവും ആ സമർപ്പണത്തിൽ പങ്കാളികളാവേണ്ടതുണ്ട്. ഈമാൻ കാര്യങ്ങളിൽ വിശ്വസിക്കുകയും ഇസ്ലാം കാര്യങ്ങൾ പ്രാവർത്തികമാക്കാനൊ രുങ്ങുകയും ചെയ്യുന്ന  ഏതൊരാൾക്കുമുണ്ടായിരിക്കേണ്ട ഉത്തമ ഗുണമാണ് ഇഹ്സാൻ. ഇഹ്സാനിന്റെ അഭാവത്തിൽ ഈമാൻ വെറും മൃതസാമാനം മാത്രമാണ്. ആരാധനകൾ വെറും ചടങ്ങുകളും, നബിതങ്ങളുടെ കാലത്ത് ഇഹ്സാനടക്കം എല്ലാ ചേരുവകളും ചേരാത്ത ഒരു കർമ്മമോ മറ്റോ ഉണ്ടായിരുന്നില്ല. നബി (സ) സ്വഹാബികളോടൊ ന്നിച്ചിരിക്കുമ്പോൾ ജിബ്‌രീൽ (അ) മനുഷ്യരൂപത്തിൽ കടന്നുവന്ന സംഭവം സുവിദിതമാണ്. ഹബീബിന്റെ ചാരത്തു വന്നിരുന്ന ജിബിരീൽ (അ) ഈമാൻ ഇസ്ലാം കാര്യങ്ങളെ കുറിച്ചന്വേഷിച്ചു നബി (സ) അതിനൊക്കെ വ്യക്തമായി മറുപടി പറഞ്ഞു കൊടുത്തു. അപ്പോൾ ചോദ്യം അവയുടെ സമ്പൂർണതയുടെ അക കാമ്പായ ഇഹ്സാനിനെ കുറിച്ചായി. അതിന് നബി (സ) യുടെ മറുപടി ഇപ്രകാരമായിരുന്നു.


 *" أن تعبد الله كانك تراه فان لم تكن تراه فانه يراك"* 


അല്ലാഹുവിനെ കാണുന്നതുപോലെ നീ അവനെ ഇബാദത്ത് ചെയ്യുക നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു. ഇഹ്സാൻ എന്താണെന്നത് അതിന്റെ ഭാഷാർത്ഥത്തിൽ ഒതുങ്ങുന്നതിലുപരി അതിനെ സംക്ഷിപ്തമായി വിവരിക്കുകയാണ് തിരു നബി (സ). ഈ ഹദീസിലൂടെ   രണ്ട് കാര്യങ്ങളാണ് ഹബീബ് പ്രതിഫലിപ്പിക്കുന്നത്. ഒന്ന്: ആരാധന യജമാനനായ അല്ലാഹുവിനെ മുന്നിൽ കണ്ടു കൊണ്ടായിരിക്കണം. ഇതിലൂടെ മാത്രമേ ആ കർമ്മങ്ങൾ നിഷ്കളങ്കമാവൂ.. രണ്ട്: ഉന്നത പദവിയുടെ അനിർവചനീയത കൈവരിച്ചവർക്കുള്ളതാണ് ഇത്. ഉടമസ്ഥനായ അല്ലാഹു തന്റെ എല്ലാ അടക്കാനക്കങ്ങളും വീക്ഷിക്കുന്നുണ്ടെന്ന ബോധം ഹൃദയത്തിൽ ഉണ്ടാവുമ്പോഴെല്ലാം ഹൃദയം ഭക്തി കൊണ്ട് പ്രശോഭിതമാകും. അതിനാൽ വിശ്വാസ  കർമ്മങ്ങളുടെ യഥാർത്ഥ മാധുര്യം രുചിക്കണമെങ്കിൽ അതിലേക്ക് ഇഹ്സാൻ എന്ന ചേരുവ കൂടി ചേരേണ്ടതുണ്ട് . ഇഹ്സാനില്ലാത്ത കർമ്മങ്ങൾ അപൂർണമായ ദീനിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുതന്നെയാണ് ജിബിരീൽ (അ) അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഇഹ്സാനിനെ ഉൾപ്പെടുത്തിയത് അവ മൂന്നും ഉൾക്കൊള്ളുന്നതിനെ കുറിച്ചാണ് തിരുനബി "നിങ്ങൾക്ക് ദീൻ പഠിപ്പിക്കാൻ വേണ്ടി" എന്ന് ശേഷം പറഞ്ഞതും. ആരാധനകളുടെ സ്വീകാര്യതയിൽ ഇഹ്സാനിനുള്ള സ്ഥാനം വ്യക്തമാക്കുന്നതിൽ ഖുർആനിന്റെ കൈയ്യൊപ്പിതാണ്.

 *"إِنَّ الَّذِينَ آمَنُوا وَعَمِلُوا* *الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ *مَنْ* *أَحْسَنَ عملا"* 

 ' നിശ്ചയം വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ ചെയ്യുന്നവരുമായ ആളുകൾ: കർമ്മങ്ങളിൽ ഇഹ്സാൻ പുലർത്തിയവരുടെ പ്രതിഫലം നാം നഷ്ടപ്പെടുത്തുകയില്ല തീർച്ച ' (അൽ കഹ്‌ഫ് 30)

 *بَلَىٰ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ* 

 'എന്നാൽ വല്ലവനും ഇഹ്സാനുമായി സ്വന്തത്തെ അല്ലാഹുവിനു സമർപ്പിച്ചാൽ, അവന്റെ നാഥന്റെയടുത്ത് പ്രതിഫലമുണ്ട് അത്തരക്കാർക്ക് യാതൊന്നും ഭയപ്പെടാനോ ദുഃഖിക്കാനോ ഇല്ല' (അൽ ബകറ 112). 

വിശ്വാസത്തെ യഖീനിലൂടെ സുദൃഢമാക്കുകയും സ്ഥിര സ്മരണയിലൂടെ സജീവമാക്കുകയും ചെയ്യുമ്പോൾ വിശ്വാസം നിത്യബോധത്തിലേക്കുയരുന്നു അതങ്ങനെ ജീവിതയാത്രയിൽ വഴി വിളക്കായി പ്രകാശിച്ചു നിൽക്കുന്നുവെങ്കിൽ അതാണ് ഇഹ്സാൻ അത് പ്രാവർത്തികമാക്കുന്നവനാണ്  മുഹ്സിൻ

 ആത്മസംസ്കരണത്തിന്റെ വഴി വിളക്കിൽ ഇതിനെ വിശദീകരിക്കുന്നതിങ്ങനെ 


 *"فشريعة كسفينة و طريقة كالبحر ثم حقيقة در غلا"* 

 ഇതേ ഇഹ്സാനെന്ന സൽസരണിയിലൂടെയാണ് ഒട്ടനവധി സൂഫിവര്യൻമാർ ആത്മീയാനുഭൂതിയുടെ സാമിപ്യ സാലോക്യ സായൂജ്യം കൈവരിച്ചത്. ഇഹ്സാൻ മനുഷ്യനെ അദൃശ്യമായ ദൈവീകതയിലൂടെ യഥാർത്ഥ സൂഫിസത്തിലേക്കാണ് വഴി നടത്തുന്നത്. കണ്ണുകൾ യാഥാർഥ്യത്തിന്റെ അച്ചുതണ്ടുകളല്ല. എന്നാൽ നാഥന്റെ പല ദൃഷ്ടാന്തങ്ങളും കണ്ണുകൾകൊണ്ട് ദൃശ്യമാകും അതിലൂടെ റബ്ബിനെ തിരിച്ചറിഞ്ഞ് ഇഹ്സാനിലൂന്നി ഈമാനും ഇസ്ലാമും സുദൃഢമാക്കേണ്ടത്.   വിശ്വാസികളുടെ ബാധ്യതയാണ്. 

 "_*أذا ما خلوت الدهر يوما فلا تقل*_  _*خلوت ولاكن قل على رقيب*_ 

 _*ولا تحسبن الله يغفل ساعة*_   _*ولا أن ما تخفي عليه يغيب*_ "

--- الامام شافعي (ر)

ഇതാണ് ഇഹ്‌സാനിന്റെ അന്തസത്ത.