കാരുണ്യത്തിന്റെ കഥപറയുന്ന ഈദുൽഫിത്റിന്റെ തിങ്കൾകല

_________________________


ആരവങ്ങളുടെ കാഹളം മുഴക്കി ഈദുൽ ഫിത്റിന്റെ ചന്ദ്രിക പടിഞ്ഞാറൻ  ചക്രവാളത്തിൽ ഉദയം കൊണ്ടിരിക്കുന്നു....ഇന്ന് പടിഞ്ഞാറൻ സീമ പതിവിലും അലങ്കാരമണിഞ്ഞ് കൂടുതൽ തിളങ്ങുകയാണ്.  അതെ,തക്ബീർ ധ്വനികളോടെ ആരവമുയർത്തി വിശ്വാസികൾ ശവ്വാൽ ചന്ദ്രികയെ ഹൃദയത്തിന്റെ മടിത്തട്ടിലേക്ക് ആനയിക്കുകയാണ്.... ഒരു മാസകാലത്തെ സഹനത്തിന്റെയും വിശുദ്ധിയുടെയും വ്രതത്തിൽ ഉജ്ജ്വലതയാർന്നു നിലനിന്ന ഈമാനിക ആവേശത്തെ തീർത്തും ആയുസ്സിന്റെ പാത താണ്ടുന്ന മനുഷ്യന് ശുഭമാക്കി തീർക്കുന്ന മുഹൂർത്ത രാവുകളാണ് ഓരോ പെരുന്നാൾ രാവുകളും.കൂടെ,  അതിന്റെ അണിയറയിൽ ഒരുങ്ങിതയ്യാറാവുന്ന ഓരോ വിശ്വാസിയുടെ കഥകൾ തന്നെയാണ് ശവ്വാൽ അമ്പിളിക്ക് പ്രപഞ്ചത്തോട് പറയാനുള്ളതും..... 


ലോകത്തിന്റെ ഓരോ ചലനങ്ങളിലും അന്ത്യത്തിലും ദൈവത്തെ വണങ്ങുന്നവർക്ക് മാത്രമാണ് രക്ഷയെന്ന ദൈവിക മാർഗ്ഗദർശനത്തെ സ്വായത്തമാക്കി പരമശാന്തിയിൽ സായൂജ്യമടയാൻ കൊതിക്കുന്ന വിശ്വാസികൾക്ക് ഏറെ പ്രത്യാശയുടെ പ്രഭചൊരിയുന്ന പ്രഭാതങ്ങൾ ഒരുക്കുകകൂടി ചെയ്യുകയാണ് ഈദുൽ ഫിത്ർ....സർവ്വ ശക്തനായ അല്ലാഹുവിന്റെ മഹത്വത്തെയും അനന്തമായ അവന്റെ വിശ്വാസ സംഹിതയെയും പ്രകീർത്തിച്ച് കൊണ്ടാണ് ഓരോ തക്ബീർ ധ്വനികളും ഭൂമിയുടെ വിമലതയാർന്ന പാളങ്ങളെ തകർത്തുകൊണ്ട് ആകാശഗോളങ്ങളിലെ അങ്ങേ പാളിയിലേക്ക് പ്രശോഭിതമായ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്....


റമദാനിലെ വ്രതാനുഷ്ഠനത്തിലൂടെ   സാംസ്‌കരിക്കപെട്ട ഹൃദയത്തിന്റെ വിശുദ്ധിയും, ആന്തരിക സംസ്‌കൃതിയുമായിട്ട് പുതിയ മാസത്തിലേക്ക് പാദമൂന്നുന്ന ദൈവികദാസൻമാർക്ക് വിശേഷപ്പെട്ട ആഘോഷ സുദിനം മാത്രമല്ല ശവ്വാൽ മാസത്തിലെ ആദ്യദിനം, മറിച് പാപമോചനത്തിനായുള്ള വിശ്വാസികളുടെ പകലിരവുകൾ കൂടിയാണ്.വ്രതത്തിലൂടെ സ്ഫുടം ചെയ്ത ആത്മദീപ്തിയിലൂടെ ഈദിന്റെ തിങ്കൾകലയെ പ്രതീക്ഷിക്കുന്ന നയനങ്ങളെ ഇറയത്തെ ക്ഷീരാപദങ്ങളും ഗാലക്സിയും മാത്രമല്ല ദർശിക്കുന്നത്, ഉപരിലോകത്തെ നാഥന്റെ സിംഹാസനത്തെ വലയം ചെയ്യുന്ന മാലാഖമാർ കൂടിയാണ്.കാരണം,  സ്രഷ്ടാവിനോടുള്ള ബാധ്യതയോടൊപ്പം തന്റെ സഹജീവികളോടുള്ള കടമകൂടി നിർബന്ധദാനമായ സകാത്തിലൂടെ നിർവഹിച്ചവരാണ് ഈ ആഘോഷമുഹൂർത്തത്തിൽ പ്രതിധ്വനിച്ച ഓരോശബ്ദത്തിന്റെയും ഉടയവർ!


തേച്ചുമിനുക്കിയ ആത്മാവുമായ് ദൈവസന്നിധിയിലേക്ക് പ്രയാണം നടത്തുന്ന ഓരോ വിശ്വാസികളും റബ്ബിന്റെ തൃപ്തിയിലടഞ്ഞു ആനന്ദത്തിന്ടെയും ആമോദത്തിന്ടെയും ശവ്വാൽ രാവിനെ പുൽകാൻ, അവിടെ കാരുണ്യത്തിന്ടെ പൂക്കാലം സൃഷ്ടിക്കാൻ ശവ്വാലിലെ ഓരോ ഇരവുകളിലും പകലുകളിലും സാധ്യമാകട്ടെയെന്ന്

മഹനീയമായ തിങ്കൾകലയെ സാക്ഷിനിർത്തി തേടുകയാണ്... ഇസ്ലാമിലെ ഏതൊരു ആഘോഷസുദിനത്തിനും വിശേഷപ്പെട്ട സുദിനങ്ങൾക്കും അതിന്ടെ പൈതൃകവുമായി ബന്ധപ്പെട്ട ഒരുശകലത്തിന്ടെ പശ്ചാത്തലം ഉണ്ടാവുമല്ലോ? അതെ, ഒരു മാസക്കാലം റബ്ബിന്റെ പ്രീതികാംശിച്ചുകൊണ്ട് തന്ടെ ദേഹേച്ഛകളെ നിയന്ത്രിച്ച് ദൈവിക താല്പര്യങ്ങളെ മാത്രം പരിഗണിച്ച് ഓരോ ഇരവുകളിലും പകലുകളിലും അനായാസം സുജൂദുകൾ അർപ്പിച്ച് ഖൽബകത്തെ ഓരോ അറകൾക്കിടയിലും, രക്തധമനികളിലൂടെയും ഇലാഹിയായ ചിന്തകളെ അഴിച്ചുവിട്ട് ഉപരിലോകത്ത് ഹൃദയം കൊണ്ട് അലിഞ്ഞതിന് പ്രതിഫലമായ് നാഥൻ സമ്മാനിച്ച ഹദിയയാണ് ഈദുൽ ഫിത്ർ!ആ സുദിനത്തിൽ അവനും അവന്റെ ആത്മാവും സന്തോഷംകൊണ്ട് ദുനിയാവിൽ നാഥനെയോർക്കാൻ അത്രമേൽ പ്രതീക്ഷയർപ്പിച്ചത് കൊണ്ടാവാം ഇത്രയും ചൈതന്യം ഓരോ വർഷത്തിലും ഈ ദിവസത്തിന് പ്രത്യേകമാക്കിയത്.....


അതെ, കാരുണ്യത്തിന്റെ കലകൾകൊണ്ട് നൃത്തം ജപിക്കുന്ന ഈ ശവ്വാലിൽ ലോകത്തിന്റെ നാനാതലങ്ങളിൽ ജീവവായുവിന് വേണ്ടി അലറിവിളിക്കുന്ന സഹജീവികൾക്ക് വേണ്ടിയും, ഇസ്രായേലിലെ സയണിസ്റ്റ് കൾക്ക്മുമ്പിൽ തലഉയർത്തി ധീരതപടവാളാക്കി ഖുദ്സിന്ടെ മണ്ണിൽ പോരാടുന്ന രക്തവും മജ്ജയുമുള്ള ഓരോ ശബ്ദങ്ങൾക്കും,   സ്നേഹശൂന്യതയെ അനർത്ഥമാക്കി നമുക്കും കാരുണ്യത്തിന്റെ ഒരു പാരസ്പര്യവലയം തീർക്കാം.വിഭിന്നസ്വരങ്ങളെ ഏകമാക്കുന്ന നാഥൻ, മത, ജാതി, വർഗ്ഗ,  ഭാഷാ, ദേശ, വർണ്ണങ്ങൾക്ക് അതീതമായി എല്ലാവരും ഒരേ ദൈവതിന്റെ സൃഷ്ടികൾ എന്ന് വിളംബരം ചെയ്യുന്ന മാനവരാശിക്ക് അഖിലസന്ദേശമുയത്തി നാഥനിലേക്ക് ഒരിക്കൽ കൂടി തക്ബീറിന്റെ സ്മൃതി ഉയർത്താം. അള്ളാഹു അക്ബർ!പ്രപഞ്ചനാഥന്റെ നാമം വിണ്ണിലും പാരിലും ചില്ലകളിലും തട്ടി ശക്തമായി പ്രതിധ്വനിക്കട്ടെ....


ഏവർക്കും സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച്  ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു....

عيد مبارك تقبل الله منا ومنكم