"മോചനഹസ്തങ്ങളുമായി പരമനാഥനിലേക്ക് "

______________________


  അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും പത്തുകൾ പിന്നിട്ട് നരകമോചനത്തിന്റെ അവസാന പത്തിനെ വരവേൽക്കാൻ ആയുസ്സ് നൽകിയ അഖിലാണ്ഡ നാഥന് സർവ്വ സ്തുതിയും...

ജീവിതവിശുദ്ധിയും വിശ്വാസ ചൈതന്യവും ഉൾക്കൊണ്ടാണ് റമളാനിലെ ഓരോ ദിനങ്ങളും വിശ്വാസി കഴിച്ചുകൂട്ടുന്നത്.സ്വരുക്കൂട്ടിയ ചൈതന്യം വരും നാളുകളിൽ കൂടി നിലനിർത്തണമെന്ന ദൃഢപ്രതിജ്ഞയോടൊപ്പം നിർണ്ണയത്തിന്റെ ദിനമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചിരിക്കേണ്ടവരാണ് നാം.ഇനിയും അമാന്തിച്ചു നിൽക്കാതെ;നിമിഷങ്ങളുടെ മൂല്യമറിഞ്ഞ്, ഉത്തമ ബോധത്തോടെയാവണം നമ്മുടെ ചലനങ്ങൾ ഓരോന്നും.അള്ളാഹു തുറന്നിട്ട വാതിലിൽ ഒന്നെത്തിനോക്കാൻ പോലും സാധിക്കാത്ത ഹതഭാഗ്യരായി പോകേണ്ടവരല്ല നാം, നരക മോചനത്തിന്റെ വരും നാളുകളെ റസൂലും(സ്വ) സ്വഹാബയും കാത്തിരുന്ന പോലെ,നാഥന്റെ പക്കൽ അവൻ സംവിധാനിച്ച രത്നവും വൈര്യവുമെല്ലാം പെറുക്കിക്കൂട്ടാൻ അരയും തലയും മുറുക്കി ഇത്‍ഖിന്റെ വചനങ്ങൾ കൊണ്ട് വാചാലമാകേണ്ടവരാണ് നാം...


പരിശുദ്ധ റമളാനിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കാൾ ശ്രേഷ്ടമായ ദിനങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.അള്ളാഹു തആല അവന്റെ കലാം ഇറക്കാൻ തിരഞ്ഞെടുത്ത ലൈലത്തുൽ ഖദ്റിന്റെ പ്രതീക്ഷ വിളിച്ചോതുന്ന ഈ പുണ്യമാക്കപ്പെട്ട ദിനങ്ങൾക്ക് നരകമോചനത്തിന്റെ പത്ത് എന്ന സവിശേഷതകൂടി ഉണ്ട്.

ജീവിത വിജയവും പരലോകമോക്ഷവും മുന്നിൽകണ്ട് വിശുദ്ധിയുടെ കഴിഞ്ഞുപോയ നാളുകളിൽ ചെയ്തുതീർത്ത ഓരോ സൽക്കർമ്മങ്ങളും നാളെ ദൈവസന്നിധിയിൽ മീസാനിൽ കനം തൂങ്ങണേ എന്ന പ്രാർത്ഥനയാണ് പരിസമാപ്തി കുറിക്കാനാടുത്ത അവസാനത്തെ പത്തിൽ ഓരോ വിശ്വാസീ ഹൃദയങ്ങളിലും നിറഞ്ഞുനിൽക്കുന്നത്.


നരകവും സ്വർഗ്ഗവും നേരത്തെ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണല്ലോ സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസവും വീക്ഷണവും.

ഒരു കണ്ണും കാണുകയോ ഒരു ചെവിയും കേൾക്കുകയോ ചെയ്യാത്തത്രമാത്രം സുഖസൗകര്യങ്ങളാൽ അലങ്കൃതമാണ് സ്വർഗ്ഗമെങ്കിൽ മാരകമായ ശിക്ഷകളുടെ ഭയാനകമായവിശേഷണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നരകം.

നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷയായ കാൽ പാദത്തിൽ അണിയിക്കപ്പെട്ട തീകട്ടയ്ക്ക് മൂർദ്ധാവ് പോലും തിളക്കാനുള്ള ശക്തിയുണ്ടെങ്കിൽ ആ അവസ്ഥയിലേക്കൊന്ന്  വിചിന്തനം നടത്തിനോക്കൂ...

നരകം; ദുഷ്കർമികളുടെ സങ്കേതം.അഗാധങ്ങളിലേക്ക് ആഴ്ന്നുപോയ അതിഭീകരമായ തീകൂണ്ഡാരം.ശിക്ഷയുടെ കഠിന്യത്തിലമരുന്ന മഹാപാതാള ലോകം!ഭൂമിയിലെ 

ജീവിതം നരകതുല്യമെന്ന് പറയുന്ന നമ്മിൽ പലരും തൊലിയുരിക്കുന്ന സദാ കത്തിനിൽക്കുന്ന അഗ്നിഗർത്തത്തിന്റെ ആഴങ്ങളിലേക്ക് എത്തിനോക്കിയിട്ടുണ്ടാകില്ല എന്നതാണ് വാസ്തവം.കർമ്മത്തിന്റെ പ്രതിഫലമായി നാളെ നരകം നല്കപ്പെടുന്നവരിൽ നാഥൻ നമ്മെ ഉൾപ്പെടുത്താതിരിക്കട്ടെ...


 അല്ലാഹുവുമായുള്ള അഭിമുഖത്തിൽ കലാമുള്ളാഹി മൂസാ (അ) തന്റെ നാഥനോട് ഉന്നയിച്ച കാര്യങ്ങളിൽ ഒന്ന് നരകമോചനമായിരുന്നു.അതിനു മറുപടിയായി അള്ളാഹു പറഞ്ഞത് ലൈലത്തുൽ ഖദ്റിന്റെ രാത്രി ഏറ്റവും അധികം പാപമോചനം തേടിയവർക്കാണ് എന്നായിരുന്നു.ലക്ഷക്കണക്കിന് ആളുകൾക്ക് നരകമോചനം സാധ്യമാക്കുന്ന പത്തുദിനങ്ങളിലാണത്.അനാവശ്യമായ ലൗകിക ചിന്തകളിൽ നിന്നും മുക്തമായിക്കൊണ്ട് വിശുദ്ധ ദിനരാത്രങ്ങളെ അതിന്റെ പവിത്രതയ്ക്ക് ഭംഗം വരുത്താതെ പൂർണതയോടെ വിനിയോഗിക്കുക.

ഖിയാമത് നാളിൽ അല്ലാഹുവിന്റെ അടുക്കൽ വാവിട്ടുകരയുന്ന നിലയിൽ ഒരാൾ വരുമത്രേ.ശുപാർശക്കായി അയാൾ നബി (സ്വ) യുടെ അടുക്കൽ വരുകയും നബി (സ്വ) ശുപാർശ തേടുകയും ചെയ്യുന്ന അവസരത്തിൽ റമളാൻ മാസം വന്ന് ഈ ശുപാർശയെ തടയുകയും അയാളെ ചങ്ങലക്കിട്ട് നരകത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യും.  വിശുദ്ധ മാസത്തിന്റെ പവിത്രത മാനിച്ച് നോമ്പെടുക്കുകയും സുന്നത് നിസ്കാരങ്ങൾ നിർവഹിക്കുകയും ചെയ്ത് സജ്ജനങ്ങളായ ജനങ്ങൾ ഈ മാസത്തെ പരിപാലിച്ചപ്പോൾ നിസ്സാരവൽക്കരിച്ചതിനാണ് റസൂലി(സ്വ)ന്റെ ശഫാഅത്തിന് പോലും അർഹതയില്ലാതെ റമളാനെ അവഗണിച്ചു എന്ന കാരണത്താൽ നരകത്തിൽ കടക്കേണ്ടി വന്നത്.അതിനാൽ,നരക മോചനത്തിന് വേണ്ടി തേടുന്ന ഈ ദിനങ്ങളെ നിസാരവക്കരിച്ച് നാരാകാഗ്നിയിലേക്ക് എടത്തുചാടുന്ന അവസ്ഥ എത്ര പരിതാപകരം..!


ആദ്യത്തെ പത്തിലും രണ്ടാമത്തെ പത്തിലും അല്ലാഹുവിന്റെ പ്രീതി നേടിയ കറകളഞ്ഞ വിശ്വാസികൾ മൂന്നാമത്തെ പത്തിൽ നരകമോചനത്തിനായി കണ്ണീർ പൊഴിക്കണം...

"അല്ലാഹുവേ; എന്നെ നീ നരകത്തിൽ നിന്ന്‌മോചിപ്പിക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യണേ.

അല്ലാഹുവേ, നീ നന്നായി പൊറുത്തു കൊടുക്കുന്നവനും അതിനെ ഇഷ്ടപ്പെടുന്നവനുമാണ്.അതിനാൽ എനിക്ക് വിട്ട് പൊറുത്ത് മാപ്പാക്കണേ"എന്നർത്ഥമുള്ള ദിക്റുകൾ ഉരുവിട്ട് കൊണ്ടേയിരിക്കാൻ നാം പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുക... 



കേഴുക..,നിന്റെ നാഥനോട് തേടുക.സദാ സമയവും അവൻ ദയാലുവാണ്.നിന്റെ പ്രാർത്ഥന വൃഥാവിലാക്കില്ല.അവൻ കേൾക്കും എന്ന ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥിക്കുക...വീണ്ടും വീണ്ടും...!!


اللهم اعتقنا من النار وادخلنا الجنة يا رب العامين

اللهم انك عفوا تحب العفو فاعف عنا....