ഖബർ

        ഭാവനയുടെ പുതിയ മുഖം തെളിയിക്കുന്ന കെ. ആർ മീരയുടെ ഖബർ എന്ന നോവൽ വളരെയധികം ചിന്താശേഷി ഉണർത്തുന്നതാണ്. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച പുസ്തകമായി ഈ നോവൽ മാറിക്കൊണ്ടിരിക്കുകയാണ്. വായനക്കാരിലേക്ക് ചോദ്യങ്ങൾ ഉയർത്തി കൊണ്ടാണ് നോവലിസ്റ്റ് ഓരോ ഭാഗവും എഴുതിക്കൊണ്ടിരിക്കുന്നത്. 100 പേജുകളിലായി പരന്നു കിടക്കുന്ന പുസ്തകത്തിൽ 75പേജുകളാണ് നോവലിന്റെ ഇതിവൃത്തം. 
               ഭാവന എന്ന ജില്ലാ ജഡ്ജിയായ സ്ത്രീ ആണ് കേന്ദ്ര കഥാപാത്രം. ഇവരുമായി ബന്ധപ്പെട്ടിട്ടാണ് നോവൽ കിടക്കുന്നത്. ഭാവനയും അവരുടെ ഭർത്താവും പ്രണയവിവാഹമായിരുന്നു. ഭർത്താവിന് വേണ്ടി മാത്രം ജീവിക്കുന്നവരുമായിരുന്നു ഭാവന. ഭർത്താവ് അവർക്ക് എല്ലാമെല്ലാമായിരുന്നു. പക്ഷെ അവരുടെ ജീവിതത്തിൽ ഒരു കുട്ടി പിറക്കുന്നതോടെ ഭർത്താവ് അവരിൽ നിന്ന് വേർപിരിഞ്ഞു, അവർ ഡൈവേഴ്സ് ആയി. കാരണം ആ കുട്ടി വൈകല്യമുള്ള മോനായിരുന്നു. അങ്ങനെ ജഡ്ജിയായി സമൂഹത്തിലേക്ക് കടന്നു വരുന്ന ഭാവനയുടെ കഥയാണ് നോവലിന്റെ പ്രമേയം. 
            കാക്കശ്ശേരി ഹയാവുദ്ധീൻ തങ്ങൾ എന്നയാൾ തന്റെ സഹോദരന്മാർ ഒരു ട്രസ്റ്റിന് വിറ്റ കുടുംബസ്വത്തിൽ തന്റെ പൂർവികരായ ഒരാളുടെ ഖബർ ഉണ്ടെന്നും,  ആ ഖബർ തനിക്ക് വിട്ടുതരണമെന്നും പറഞ്ഞ് കോടതിയെ സമീപിക്കുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്. ആ തങ്ങൾ സുമുഖനായ കോട്ടിട്ട ഒരു ചെറുപ്പക്കാരനായിരുന്നു. അയാൾ നീതിപീഠത്തിൽ വന്ന് നിന്നതും ഭാവനയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും, മഴവില്ല് തിളങ്ങുന്നതുമായി തോന്നി. അത് മാത്രമല്ല  തന്റെ പൂർവിക അമ്മാവനായ  യോഗീശ്വരൻ അമ്മാവൻ 2 പെൺ കുട്ടികളുമായി ചേർന്ന് തന്റെ അരികിലേക്ക് വരുന്നതായി ഭാവനയ്ക് തോന്നി. പിന്നീട് ആശുപത്രിയിൽ സഹപ്രവർത്തയോടൊപ്പമാണ് ഭാവന ഉള്ളത്. സഹപ്രവർത്തക ഭാവനയോട് പറയുന്നുണ്ട് അയാൾ ഒരു കൺവെട്ടജാല്യക്കാരനാണ്. പക്ഷെ ഭാവനയെ അത് പിന്തുടരുന്നതായി തോന്നി. 
           അങ്ങനെ അടുത്ത കോടതി വിധിക്കായി വന്നപ്പോൾ ഭാവന അതിശക്തിയോടെ ധൈര്യം സംഭരിച്ചു ഇരുന്നു. തങ്ങളുടെ മുഖത്ത് നോക്കാതെ വിധി എഴുതാൻ തുനിഞ്ഞു. അപ്പോഴേക്കും പേന പാമ്പായി മാറി. പക്ഷെ ഭാവന ആ പാമ്പിനെ ധൈര്യസമേതം എടുത്തപ്പോൾ അത് പേനയായി മാറി. അങ്ങനെ ഭാവന തങ്ങൾക്കെതിരായി വിധി എഴുതി.
         പിന്നീട് നോവലിൽ സംഭവിക്കുന്നത് ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്‌ ആണ്. ആ തങ്ങളുമായി ഭാവന അടുക്കുകയും തന്റെ വൈകല്യമുള്ള മകനെ തങ്ങൾ സന്തോഷിപ്പിക്കുകയും ചെയ്യുകയാണ്. എന്നും ഭാവനയ്ക്ക് റോസാപ്പൂക്കൾ തങ്ങളുടെ വകയായി കിട്ടുന്നു. അവർ തമ്മിൽ സംസാരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആ പൂക്കൾ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ തങ്ങൾ മരിച്ചു എന്നാണ് അറിഞ്ഞത്. അന്ന് തന്നെയാണ് മേൽകോടതി വിധിവരുന്നതും. 
              ഈ നോവലിൽ തന്റെ പൂർവികരായ അമ്മാവനായ യോഗീശ്വരനെ കാണുന്നതായി തോന്നുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ തന്റെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് അറിയുന്നത് ഇരുവരും അകന്നാണ് കഴിയുന്നതെന്ന്. ഭാവനയുടെ വിവാഹത്തോടെയാണ് അത് സംഭവിക്കുന്നത്. അച്ഛനോട് അമ്മാവനെ കുറിച് ചോദിച്ചപ്പോൾ വല്ലാതെ ഒന്നും പറഞ്ഞില്ല. പക്ഷെ അമ്മയോട് ചോദിപ്പോൾ അമ്മാവൻ കാശിക്ക് പോയി വരുമ്പോൾ 2പെൺകുട്ടികൾ കൂടെ ഉണ്ടായിരുന്നു, അവർ ദേവന്മായിരുന്നു. അവരെ തുരത്താൻ അന്നത്തെ അനന്തരാവകാശി ശ്രമിക്കുകയും, പിന്നീട് ഒരു ദേവനെ ഭിത്തിയിൽ ആണിയടിച്ചു തളക്കുകയും, മറ്റൊന്ന് ഓടിപ്പോവുകയും ചെയ്തു   എന്ന് പറഞ്ഞുതന്നു. അമ്മാവൻ മരിക്കുകയും ചെയ്തു.  ഈ ഓടിപ്പോയ ദേവൻ ഒരു മുസ്ലിം വീടിന്റെ ഉള്ളിൽ എത്തുകയും, അവർ അതിന്റെ സൗന്ദര്യം കണ്ട് അതിനെ തട്ടമിട്ട് കുടത്തിൽ മൂടിവെക്കുകയുമായിരുന്നു. ഈ ദേവതയാണ് തങ്ങളുടെ രൂപത്തിൽ വന്നതെന്നാണ് നോവലിസ്റ്റ് വർണനയിലൂടെ വരച്ചിടുന്നത്. അത് മാത്രമല്ല, ഭാവനയുടെ അമ്മയ്ക്ക് ഭാവന കൂടാതെ ഒരു കുട്ടി കൂടെ ഇരട്ടയായി ഉണ്ടായിരുന്നു. അതിനെ കൊല്ലുകയാണ് ചെയ്തത്. ആ അനിയത്തി താൻ കാരണമാണ് മരിച്ചത് എന്ന കുറ്റബോധം എപ്പോഴും ഭാവനയ്ക് ഉണ്ടായിരുന്നു.
          "എല്ലാവരുടെയും ഉള്ളിൽ ഒരു ഖബ്ർ ഉണ്ട്.അതിൽ ഓരോ ജീവിതവും." ഇത് കഥാകൃത്ത് സൂചിപ്പിക്കുന്നു. മനുഷ്യൻ മനുഷ്യനാണ് എന്ന ബോധം ഈ നോവലിൽ ഉടലെടുക്കുന്നു. ഈ നോവലിൽ അമ്മയോട് ഭാവന അച്ഛനുമായി വേർപിരിയാനുള്ള കാരണം അന്വേഷിക്കുന്നുണ്ട്. അതിൽ 'അമ്മ പറഞ്ഞ വാക്കുകൾ ലോകത്തെ ഏതൊരു സ്ത്രീയുടെയും ഉള്ളിന്റെ ഉള്ളിലുള്ള വിങ്ങലാണ്."സേവനങ്ങൾ ചെയ്യുന്നതിന് പകരമായി നൽകേണ്ട ഒന്നല്ല സ്നേഹം ,മറിച്ച് അറിഞ്ഞ് നൽകേണ്ടതാണ്".ഈ വാക്കുകൾ വളരെയധികം ചിന്തിപ്പിക്കുന്നതാണ്. ഈ ഒരു നോവൽ സമകാലിക വിഷയങ്ങളോട് വളരെ അടുത്ത് കിടക്കുന്നതാണ്.
തങ്ങൾ മരിച്ചദിവസം തങ്ങൾക്  അനുകൂലമായ വിധിയാണ് വന്നത്.പക്ഷെ തങ്ങൾ ഉണ്ടായില്ല.ഇത് പോലെ തന്നെയല്ലേ ഇന്നത്തെ ചില സമകാലിക വിഷയങ്ങളുടെ നീതിയും കിടക്കുന്നത്.ബാബരി മസ്ജിദിന്റെ വിധി എന്തായിരുന്നു? 
ഇതിനോടെല്ലാം കെ.ആർ മീരയുടെ ഈ നോവൽ വളരെ അടുത്ത് കിടക്കുന്നതാണ്.സ്ത്രീയുടെ മനോവിഷമങ്ങളും ഈ നോവലിൽ കഥാകൃത്  ചർച്ച ചെയ്യുന്നുണ്ട് .ആകർഷണീയമായ രീതിയിൽ മനസ്സിൽ പലവിധ ചിന്തകളെ തൊട്ടുണർത്തുന്ന രീതിയിലാണ് കെ .ആർ മീര നോവൽ അവതരിപ്പിച്ചിട്ടുള്ളത്.

         Husna. V. A
Thoiba Women's College Venmenad