പെഗാസസ് : അണിയറയിലെ രാഷ്ട്രീയക്കളികൾ


സോഷ്യൽ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും  പെഗാസസിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാർലമെന്റ് പോലും പെഗാസസിനാൽ പ്രക്ഷുബ്ധമാണ്.

എന്താണ് പെഗാസസ്?

ഇസ്രായേൽ സംഘടനയായ N.S.O വികസിപ്പിച്ചെടുത്ത ഒരു സ്‌പൈവെയർ ആണ് പെഗാസസ്. ഒരാളുടെ വിവരങ്ങൾ അയാളുടെ അനുവാദമില്ലാതെ മറ്റൊരാൾക്ക്‌ ചോർത്തി കൊടുക്കുന്നതിനാണല്ലോ ചാരവൃത്തി എന്ന് പറയുക. അത്തരത്തിൽ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മൊബൈൽ ഫോണുകളിൽ നിന്നും മറ്റു കമ്പ്യൂട്ടർ ഡിവൈസുകളിൽ നിന്നും വിവരങ്ങൾ ചോർത്തി മറ്റൊരു ഇടത്തേക്ക് എത്തിക്കുന്നതാണ് സ്‌പൈവെയർ.ഏറ്റവും നൂതനമായ സ്മാർട്ട്‌ ഫോൺ ആക്രമണമായിട്ടാണ് പെഗാസസിനെ വിദഗ്ധർ കാണുന്നത്. പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഫോണിൽ നിന്നും അയാളുടെ ഫോൺ കാളുകൾ,മെസ്സേജുകൾ, ലൊക്കേഷൻ , ഫോട്ടോസ്, വീഡിയോസ് തുടങ്ങി സകല വിവരങ്ങളും ചോർത്താനും ഫോൺ ഉടമയുടെ അനുമതി കൂടാതെ തന്നെ ക്യാമറ, മൈക്രോഫോൺ വരെ പ്രവർത്തിപ്പിച്ചു അയാളുടെ ഓഡിയോ, വീഡിയോ എന്നിവ അയാളറിയാതെ റെക്കോർഡ് ചെയ്യാനും സാധിക്കും. ചുരുക്കത്തിൽ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം മുഴുവനായി ഇവരുടെ കൺട്രോളിലാകും. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഇത്രയേറെ നുഴഞ്ഞു കയറാൻ സാധിക്കുന്ന ഈ ആപ്പ് കുറ്റകൃത്യങ്ങൾ, ഭീകരവാദം തുടങ്ങിയവ തടയാൻ രാഷ്ട്രങ്ങളെ സഹായിക്കാൻ വേണ്ടി വികസിപ്പിച്ചതാണെന്നാണ് നിർമാതാക്കളായ Niv, Shalev, Omri എന്നിവർ പറയുന്നത്. മുമ്പ് വാട്സ്ആപ്പ് ലിങ്കുകളിലൂടെയോ മെസ്സേജുകളിലൂടെയോ ആണ് പെഗാസസ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സീറോ ക്ലിക്കിലൂടെ അഥവാ ഉപഭോക്താവ് ഒന്നും ചെയ്യാതെ തന്നെ ഈ മാൽവെയർ ബാധ ഫോണിന് പിടിപെടും. ആൻഡ്രോയ്ഡ്, ios, ബ്ലാക്ക്ബെറി തുടങ്ങി എല്ലാ ഫോണുകളിലും ഇവക്ക് വിർച്വലായി എല്ലാം കണ്ട്രോൾ ചെയ്യാൻ കഴിയും. കേവലം മൊബൈൽ നമ്പർ മാത്രമാണ് ഡിജിറ്റൽ ചാരന് ഇതിനായി ആവശ്യം വരുന്നത്. സർക്കാർ ഏജൻസികൾക്കും നിയമ നിർവഹണ ഏജൻസികൾക്കും മാത്രമേ ഈ സ്‌പൈ വെയർ വിൽക്കൂ എന്ന് N.S.O അവകാശപ്പെടുമ്പോൾ ഇതുപയോഗിക്കുന്നവർ ആരെന്ന് മനസ്സിലാക്കാനും ജനങ്ങൾക്ക് കഴിയും. ഇതിന് തെളിവായി  മെക്സിക്കൻ ഗവണ്മെന്റിന് പെഗാസസിന്റെ സഹായത്താൽ ഒരു വലിയ ഡ്രഗ് ലോഡ് പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് പറയുന്നു. പക്ഷെ അതേ മെക്സിക്കൻ ഗവണ്മെന്റിന്റെ തന്നെ വമ്പൻ അഴിമതികൾ പുറത്ത് കൊണ്ടുവന്ന ഒരു മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിലും ഈ ചാര സോഫ്റ്റ്‌വെയറിന്റെ സഹായമുണ്ടായതായി പിന്നീട് തെളിയിക്കപ്പെട്ടു.


2016 ലാണ് പെഗാസസിന്റെ ആദ്യ പതിപ്പ് കണ്ടെത്തുന്നത്. ഫ്രഞ്ച് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഫോർബിഡൻ സ്റ്റോറീസ് എന്ന N.G.O ആണ് N.S.O ചാര വലയത്തിൽപ്പെട്ട അര ലക്ഷത്തിലേറെ വരുന്ന ഡാറ്റാ ബേസ് ശേഖരിച്ചു വ്യത്യസ്ത രാജ്യങ്ങളിൽ  നിന്നുള്ള 17 ഓളം മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് മൊബൈൽ നമ്പറുകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഈ സ്‌പൈ വെയർ സ്ഥിതീകരിച്ച ഫോൺ നമ്പറുകൾ രാഷ്ട്ര തലവന്മാർ, സൗദി രാജ കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ തുടങ്ങിയവരുടേതാണ്. ഭീകരവാദവും ആക്രമണങ്ങളും തടയാനായി ഉണ്ടാക്കിയ ഈ ആപ്പിന്റെ ടാർജറ്റ് ലിസ്റ്റിൽ കൊടും ക്രിമിനലുകളായ ദാവൂദ് ഇബ്രാഹീം, ഹാഫിദ് സഈദ്, നീരവ് മോദി, വിജയ് മല്ല്യ തുടങ്ങിയവരുടെ പേരുകളൊന്നും തന്നെ ഇല്ലാ എന്നതും കൗതുകകരം തന്നെ.ആംനെസ്റ്റി ഇന്റർനാഷണലിന്റെ പൂർണ്ണ സഹകരണത്തോടെയാണ് പെഗാസസ് പ്രൊജക്റ്റ്‌ എന്ന വലിയ മീഡിയ ഇൻവെസ്റ്റിഗേഷൻ നടക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മനുവേൽ മാക്രോൺ, പാക് പ്രസിഡന്റ്‌ ഇമ്രാൻ ഖാൻ എന്നിവരടക്കമുള്ള പ്രമുഖരുടെ ഡാറ്റകൾ ഇങ്ങനെ ചോരുന്നത് വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നു. N.S.O യുടെ ഉപഭോക്താക്കളുള്ളതായി ഫോർബിഡൻ സ്റ്റോറീസ് കണ്ടെത്തിയ 11 രാഷ്ട്രങ്ങളിൽ ഒന്ന് ഇന്ത്യ എന്ന വലിയ ജനാധിപത്യ  രാജ്യമാണ്.


നിരവധി രാഷ്ട്രങ്ങൾ പെഗാസസിന് പിടിയിലാണെങ്കിലും ഇന്ത്യൻ പാർലമെന്റ് പ്രക്ഷുബ്ധമാക്കാൻ മാത്രം പെഗാസസ് ഇന്ത്യൻ ഗവണ്മെന്റിനോട് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് ചുരുളഴിക്കുമ്പോൾ ജനാധിപത്യത്തെ തച്ചുടക്കുന്ന മോദീ വേർഷൻ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.ഇന്ത്യയിൽ നിന്ന് ഫോൺ ഹാക്ക് ചെയ്യപ്പെട്ട പ്രമുഖരിലൊരാൾ രാഹുൽ ഗാന്ധിയാണ്.2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസരത്തിലാണ് അദ്ദേഹത്തിന്റെയും അദ്ദേഹത്തോട് ബന്ധപ്പെട്ട ഒഫീഷ്യൽ സ്ഥാനങ്ങൾ ഒന്നും തന്നെ കൈകാര്യം ചെയ്യാത്ത ചിലരുടെയും ഫോണുകൾ  ഹാക്ക് ചെയ്യപ്പെട്ടത്. പെഗാസസ് ഫോണുകളിൽ സ്ഥിരീകരിച്ചവരിൽ  ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കില്ലായെന്ന് തുറന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് നയതന്ത്രഞ്ജൻ പ്രശാന്ത് കിഷോർ, വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജീ, രാജസ്ഥാൻ മുൻ മുഖ്യ മന്ത്രി വസുന്തരാ രാജയുടെ പേഴ്സണൽ സെക്രട്ടറി, വലിയ മോദീ വിമർശകനായ പ്രവീൺ തൊഗാടിയ, IT മിനിസ്റ്റർ അശ്വിൻ വൈഷ്ണവ് എന്നിവർ രാഷ്ട്രീയ മേഖലയിൽ നിന്ന് ചാര ലിസ്റ്റിലുണ്ടെങ്കിൽ മുൻ സിബിഐ ചീഫ് ഓഫീസർ അലോക് വർമ, സീനിയർ സിബിഐ ഓഫീസർ രാകേഷ് ആസ്താന, മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ   ലംഘിച്ചിട്ടുണ്ടെന്ന് സധൈര്യം പറഞ്ഞ മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലെവാറ എന്നിവർ ഉദ്യോഗസ്ഥ മേഖലയിൽ നിന്നുൾപ്പെടും. റാഫേൽ അഴിമതിയെ കുറിച്ച് കവർ സ്റ്റോറി ചെയ്ത ഇന്ത്യ ടുഡേ ജേർണലിസ്റ്റ് സന്ദീപ്, ബിജെപി IT സെല്ലിനെ കുറിച്ച് പുസ്തകം രചിച്ച സ്വാതി ചതുർവേദി, ജയ് ഷായുടെ കമ്പനീ വരുമാനം ഒരു വർഷത്തിനുള്ളിൽ 16000 ത്തോളം അധിക വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ രോഹിണി സിംഗ് തുടങ്ങിയ മാധ്യമ പ്രവർത്തകരും ഈ ഡിജിറ്റൽ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം ആയ സുപ്രീം കോടതീ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരിൽ ലൈംഗികാരോപണം നടത്തിയ ജൂനിയർ മജിസ്‌ട്രേറ്റ്, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേരാണ് പെഗാസസ് നിരീക്ഷണത്തിലുള്ളത്.2017-19 കാലയളവിലാണ് ഇവരിൽ പലരും ഹാക്കിങ്ങിന് ഇരയായിട്ടുള്ളത് എന്നും സമയ ബന്ധിതമായിട്ടുള്ള  ഈ ചാരപ്രവർത്തിയുടെ അനന്തര ഫലങ്ങൾ പലതും ഇന്ത്യൻ രാഷ്ട്രീയം അനുഭവിച്ചിട്ടുള്ളത് കൊണ്ടും ഈ ചാര പ്രവർത്തിയുടെ പിന്നിലെ കറുത്ത കൈകൾ ആരുടേതാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല.ചുരുക്കത്തിൽ സംഘപരിവാർ സർക്കാറിന് വെല്ലുവിളിയാകുന്ന, അവരുടെ കൂട്ടക്കുരുതികൾ പുറം ലോകത്തേക്ക് എത്തിക്കുന്ന, പണത്തിന്റെയും മറ്റു മോഹ വലയങ്ങളുടെയും പിടിയിൽ വീഴാത്ത, സത്യത്തിനു വേണ്ടി നിലനിൽക്കുന്നവരെയൊക്കെ നിശബ്ദരാക്കാൻ, സ്വകാര്യ വിവരങ്ങൾ ചോർത്തി അവരെ ബ്ലാക്‌മെയ്ൽ ചെയ്ത് മോദീ സർക്കാർ ഇന്ത്യൻ പൗരന്മാരെ ഒരു നിയമ പിൻബലവും കൂടാതെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.ജനാധിപത്യം തകർത്ത് കൊണ്ടിരിക്കുകയാണ്.


ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിട്ടുള്ള പെഗാസസ് ആപ്പിനെതിരെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷവും മാധ്യമപ്രവർത്തകരും എല്ലാം ഒന്നടങ്കം പറയുന്നത്. പക്ഷേ ഇതിനെ തിരസ്കരിച്ച ഗവണ്മെന്റ് ഇന്ത്യയുടെ വളർച്ചയിൽ അസൂയപൂണ്ട വിദേശ രാജ്യങ്ങൾ പ്രതിപക്ഷത്തിന്റെ സഹായത്തോടെ പാർലമെന്റ് സെഷനുകൾ സ്തംഭിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് പറയുമ്പോൾ വിശ്വസിക്കാൻ മാത്രം വിഡ്ഢികളല്ല പൊതു ജനം. N.S.O യിൽ നിന്ന് സർക്കാർ പെഗാസസ് വാങ്ങിയിട്ടില്ല എന്ന് ഇത് വരെ എവിടെയും പറയാത്തതും ശ്രദ്ധേയമാണ്. ചുറ്റുമുള്ള ആരെയും വിശ്വാസമില്ലാത്ത, അരക്ഷിതത്വ ബോധം വേട്ടയാടുന്ന ഒരു ഏകാധിപതിയുടെ മുഖം ഇതിലെല്ലാം വ്യക്തമാണ്.


ഭീമ കോരേഖവ്‌ കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന പല മനുഷ്യാവകാശ പ്രവർത്തകരും പെഗാസസ് അക്രമണത്തിന് ഇരയായിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുകൾ പൗരന്മാരുടെ സുരക്ഷക്ക് എത്രത്തോളം ഭീഷണിയുയർത്തുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്. സംഘപരിവാറിനെതിരിൽ പറയുന്നവരെയെല്ലാം UAPA ചുമത്തി തുറുങ്കിലടക്കുന്ന ഫാസിസ്റ്റ് ഗവണ്മെന്റിന് കള്ളക്കേസുകൾ ഉണ്ടാക്കാൻ ഒരു എളുപ്പവഴി കൂടിയാണ് പെഗാസസ്.

പെഗാസസ് ഇൻസ്റ്റാൾ ചെയ്ത് ഫോണുകൾ ഹാക്ക് ചെയ്യാൻ വമ്പൻ കോടികൾ ചിലവ് വരുമ്പോൾ  എങ്ങനെയാണ് ഒരു സർക്കാരിന് പൊതു ജനങ്ങൾ അടക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുന്നത് ? 1985 ലെ ടെലെഗ്രാഫ് ആക്റ്റിനും 2000 ത്തിലെ ഐ ടി ആക്റ്റിനും എതിരായി ഹാക്കിങ് നിയമ വിരുദ്ധമായ ഇന്ത്യയിൽ ഇങ്ങനെയൊരു സുരക്ഷാ പാളിച്ച ഉണ്ടാക്കിയ പെഗാസസ് ആക്രമണത്തെ ഇത്രയും നിസ്സാരമായി കാണാൻ കഴിയുന്നതെങ്ങനെ? രാഷ്ട്രങ്ങൾക്ക് മാത്രം വിൽക്കപ്പെടുന്ന ഈ സ്‌പൈ വെയറിന് പിന്നിൽ ഇന്ത്യയല്ലെങ്കിൽ പിന്നെ വിദേശ രാജ്യങ്ങളോ? അങ്ങനെയെങ്കിൽ അത്രയും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമല്ലേ?

ഫ്രഞ്ച്, ഹങ്കറി തുടങ്ങി ഇസ്രായേൽ പോലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യൻ ഗവണ്മെന്റ് സ്വീകരിക്കുന്ന മൗനം അർത്ഥമാക്കുന്നതെന്ത്? ഇതിലും ന്യായീകരണങ്ങളുമായി വരുന്ന മോദീ ഭക്തരും ഗോദി മീഡിയയും ഇനിയെങ്കിലും യുക്തിപൂർവ്വം ചിന്തിക്കുക.പെഗാസസിനെതിരിൽ അന്വേഷണം ആരംഭിച്ച വെസ്റ്റ് ബംഗാളിനെ പോലെ സുപ്രീം കോടതിയുടെ കീഴിൽ ഈ ഡിജിറ്റൽ ആക്രമണത്തിനെതിരിൽ ഒരു സമഗ്ര അന്വേഷണം നടക്കണം.ഏകാധിപതികളുടെ തനി പകർപ്പിൽ അതെ ടൂളുകളും അടിച്ചമർത്തലുകളും കൈമുതലാക്കി അധികാര നഷ്ട ഭീതിയുള്ള ഭരണാധികാരിയാണ് ഇന്ത്യയെ ഒരു പെഗാസസ് സ്റ്റേറ്റ് ആക്കിത്തീർത്തത് എന്നതിലൊരു സംശയവുമില്ല.


Shabnam.T

Algaith islamic & arts college.