ഇമാം ഗസ്സാലി:കാലം തേടുന്ന മഹാൻ
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇസ്ലാമിക ലോകത്തും വ്യവഹാരശാസ്ത്രങ്ങളിലും തിളങ്ങിനിൽക്കുന്ന പണ്ഡിതനാണ് ഇമാം ഗസ്സാലി(റ).ഇസ്ലാമിക വിഷയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ മേഖലകളിലും തികച്ചും ഭൗതികമായ ഗോളശാസ്ത്രം,തത്വശാസ്ത്രം,ഗണിത ശാസ്ത്രം തുടങ്ങിയവയിലും രീതിശാസ്ത്രം,തർക്കശാസ്ത്രം പോലോത്ത ഭാഷാശാസ്ത്രങ്ങളിലും ജ്വലിച്ചു നിന്നിരുന്ന ഗസ്സാലിയുടെ ചിന്തകൾ ജാതി-മത ഭേദമന്യേ മാനവസമൂഹത്തിനെ സ്വാധീനിച്ച ഒന്നായി മാറിയിരിക്കുകയാണ്. ഗസ്സാലിയൻ ചിന്തകളെ വാനോളം പുകഴ്ത്തിയ വരും പാതാളത്തോളം ചവിട്ടിത്താഴ്ത്തിയവരു മുണ്ട്.തിരിച്ചറിവിന്റെ ലോകത്തേക്ക് ഒരു യാത്ര നടത്തൽ അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്.
*_ആരാണ് ഗസ്സാലി(റ)?_*
പ്രശസ്ത മതപണ്ഡിതനും ദാർശനികനും ചിന്തകനും പരിഷ്കർത്താവുമായിരുന്ന ഇമാം ഗസ്സാലി (റ) എന്ന പേരിലറിയപ്പെടുന്ന ഇമാം അബൂഹാമിദ് മുഹമ്മദുൽ ഗസ്സാലി(റ) ഹിജ്റ 450-ൽ ഖുറാസാനിലെ ത്വൂസിലാണ് ഭൂജാതനായത്.തൻ്റെ മകൻ സംശുദ്ധ പ്രകൃതിയിൽ വളർന്ന് ഉന്നതിയിൽ എത്തിച്ചേരണമെന്ന് ഏറെ ആഗ്രഹിച്ച പിതാവ് അബൂ മുഹമ്മദ് ജുനൈനി(റ)ന്റെ വിയോഗത്തെ തുടർന്ന് പിതാവിന്റെ സുഹൃത്തിന്റെ തണലിലായി മഹാനവർകൾ വളർന്നു. പിന്നീടങ്ങോട്ട് അറിവ് തേടിയുള്ള നീണ്ട സഞ്ചാരമായിരുന്നു. ജുർജാൻ,നിഷാപൂർ,ബാഗ്ദാദ്,മക്ക,ഡമസ്കസ്,ഈജിപ്ത് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചരി ച്ച് വ്യത്യസ്ത മേഖലകളിൽ അഗാധ പാണ്ഡിത്യം നേടി വൈജ്ഞാനിക ലോകത്ത് തന്റേതായ ഒരു വൻകര തന്നെ സൃഷ്ടിച്ചു.
ജുർജാനിൽ നിന്ന് മടങ്ങുന്ന സമയത്താണ് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ച സംഭവം ഉണ്ടായത്.അദ്ദേഹം സമ്പാദിച്ച അറിവുകളെല്ലാം കുറിച്ചു വെച്ചിരുന്ന കടലാസുകൾ കൊള്ളസംഘം മോഷ്ടിക്കുകയും അദ്ദേഹം തിരികെ ആവശ്യപ്പെടുകയും ചെയ്തു.അപ്പോൾ കള്ളൻ ചോദിച്ച ചോദ്യമാണ് അറിവുകൾ മനഃപാഠമാക്കുന്ന തിലേക്ക് അദ്ദേഹത്തിന് വഴികാണിച്ചത്.
ബഗ്ദാദിലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നിസാമുൽ മുൽകിന്റെ കൊട്ടാരത്തിൽ അറിവ് കൊണ്ടും സാമർഥ്യം കൊണ്ടും ഇമാം ഗസ്സാലി(റ) പ്രശസ്തി നേടി.നിസാമിയ്യ യൂണിവേഴ്സിറ്റിയുടെ
ആസ്ഥാനത്തിന്റെ തലവനായി മുപ്പത്തി നാലാം വയസ്സിൽ അദ്ദേഹം നിയോഗിക്കപ്പെട്ടത്തോടെ പ്രശസ്തിയുടെ അങ്ങേയറ്റം വരെയെ ത്തി.ആ സമയത്താണ്
പെട്ടന്ന് അദ്ദേഹത്തിൽ തീവ്രമായ വീണ്ടുവിചാരങ്ങൾ പൊങ്ങിയതും എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഏകാന്തവാസത്തിനായി ഇറങ്ങി പുറപ്പെട്ടതും.11 വർഷത്തെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു വന്ന് അവിടെ പാഠശാല ആരംഭിക്കുകയും ഹിജ്റ 505-ൽ ലോകത്തോട് വിട പറയും വരെ അവിടെ ജീവിക്കുകയും ചെയ്തു.
*_ഗസ്സാലിയൻ ചിന്തകൾ_*
വിഖ്യാത പണ്ഡിതനും തത്വ ചിന്തകനുമായ ഇമാം ഗസ്സാലിയുടെ ചിന്തകൾ ലോകത്തെ മൊത്തത്തിൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ജൂത-ക്രൈസ്തവരുടെ മത ഭാഷയായ ഹിബ്രുവിലേക്കും ലാറ്റിനിലേക്കും ഗസ്സാലിയൻ ചിന്തകൾ മൊഴിമാറ്റം ചെയ്യപ്പെട്ടതും യൂറോപ്പിലെ അൽ ഗസാൽ ആഘോഷവും പാസ്കൽ മുതൽ ഇമ്മാനുവൽ കാറ്റിനോ വരെയുള്ളവർ ഗസ്സാലിയൻ വീക്ഷണങ്ങൾ പശ്ചാത്യ ലോകത്തേക്ക് കൈമാറിയതും അതിന്റെ ഫലമെന്നോണം സംവിധാനം ചെയ്യപ്പെട്ട
' അൽ ഗസ്സാലി : ദി ആൽകെമിസ്റ്റ് ഓഫ് ഹാപ്പിനെസ്സ് ' എന്ന ഡോക്യുമെന്ററിയും മുസ്ലിമേതര ലോകത്തെ ഗസ്സാലിയൻ ചിന്തകൾ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു. പാസ്കലിനെ ഗസ്സാലിയുടെ പരലോക വീക്ഷണവും റെനേ ദെക്കാർത്തിനെ ദൈവ സത്തയെ കുറിച്ചുള്ള വീക്ഷണവുമാണ് സ്വാധീനിച്ചത്.ഗസ്സാലിയുടെ 'ഹൃദയത്തിന്റെ കണ്ണും ' പാസ്കലിന്റെ 'ഹൃദയത്തിന്റെ ന്യായവും' അതുപോലെ ഗസ്സാലിയുടെ 'അൽ മുൻഖിദു മിനദ്ദലാലും' റെനേ ദെകാർത്തിന്റെ ' ഡിസ്കോഴ്സും' ഏറെ സാമ്യതകൾ വെച്ച് പുലർത്തുന്നുണ്ട്. 'സന്ദേഹമാണ് ഉറപ്പിലേക്കുള്ള ആദ്യ ചുവടുവെപ്പ് ' എന്ന ഗസ്സാലിയൻ വീക്ഷണം റെനേ ദെക്കാർത്തിലും കാണുന്നുണ്ട്.
*_തൂലികയിലൂടെ ഗസ്സാലിയൻ ചിന്തകൾ പിറന്നപ്പോൾ_*
ഇഹ്യാഉലൂമുദ്ധീൻ, തഹാഫത്തുൽ ഫലാസ്ഥ, കീമിയാഉ സആദ, അയ്യുഹൽ വലദ് തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ആണ് ഗസ്സാലിയൻ ചിന്തകൾ ലോകത്തെ കീഴടക്കിയത്.
സുദീർഘമായ ജീവിതത്തെ എങ്ങനെ മെരുക്കിയെടുക്കണമെന്ന് ആഖ്യാനിക്കുന്ന ഇഹ്യാഉലൂമുദ്ധീൻ ജീവിത യാഥാർഥ്യം തേടിപ്പോയ ഇമാമിന്റെ പതിനൊന്നു വർഷത്തെ സഞ്ചാരമാണ് സമ്മാനിച്ചത്. യുക്തികൊണ്ട് മനസ്സിനെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന അരിസ്റ്റോട്ടിലിന്റെ തത്വത്തിലൂടെയാണ് ഈ ഗ്രന്ഥം മുന്നോട്ട് പോകുന്നത്.പരാശ്രയം കൂടാതെ മനുഷ്യജീവിതം സാധ്യമല്ലെന്ന് കൂടി മഹാനാവർകൾ പ്രതിപാദിക്കുന്നുണ്ട്. ലോകത്തെ മറ്റു ഗ്രന്ഥങ്ങൾ എല്ലാം നഷ്ടപ്പെട്ടാലും ഇഹ്യ മാത്രം ബാക്കി നിൽക്കുന്നിടത്തോളം അത് മതിയെന്ന പ്രസ്താവനയിൽ നിന്ന് ഇഹ്യയുടെ സ്വാധീനം നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഡോക്ടർമാർ അസാധ്യമെന്ന് പറയുന്ന രോഗങ്ങളുടെ ശമനത്തിനായി ഇഹ്യ പാരായണം ചെയ്യപ്പെടാൻ ആവശ്യപ്പെട്ടതിന് സയ്യിദ് ബകരി അവറകൾ പറഞ്ഞത് 'ഇഹ്യയെ പിഴച്ചവരും പിഴപ്പിക്കുന്നവരുമല്ലാതെ ആക്ഷേപിക്കുകയില്ല' എന്നാണ്.
ഗുരു-ശിഷ്യ ബന്ധങ്ങൾക്കിടയിലെ കടമകളെയും മര്യാദകളെയും ഉൾപ്പെടുത്തി ശിഷ്യൻ അയച്ച കത്തുകൾ അടങ്ങിയതാണ് 'അയ്യുഹൽവലദ് '.ലോകത്തെ എല്ലാ സംഭവങ്ങൾക്കും കാരണം അല്ലാഹുവാണോ എന്ന ചോദ്യത്തിലാണ് 'തഹാഫതുൽ ഫലാസഫ' മുന്നോട്ട് പോകുന്നത്. അരിസ്റ്റോട്ടിലിന്റെ തത്വചിന്തയുമായി സംവാദത്തിലേർപ്പെടുന്നത് 'മഖാസിദുൽ ഫലാസഫ' എന്ന ഗ്രന്ഥത്തിലാണ്.
ദൈനം ദിന ജീവിതത്തിലെ അടിമയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം,മാതാപിതാക്കൾ, ഗുരുനാഥന്മാർ,സുഹൃത്തുക്കൾ,അപരിചിതർ തുടങ്ങിയവരോടുള്ള ബന്ധങ്ങളും കടമകളും ഗസ്സാലിയൻ ചിന്തകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.
_*ഗസ്സാലിയൻ ചിന്തകൾ വിവാദങ്ങൾക്ക് മധ്യേ*_
ഓറിയന്റലിസ്റ്റുകളാണ് വിവാദങ്ങളുമായി മുൻ നിരയിലുള്ളത്.തത്വ ചിന്തകളെ തകർത്തുവെന്നും സ്വതന്ത്ര ചിന്തയുടെ കടയ്ക്കൽ കാൽവെച്ച് വിജ്ഞാന ഗോപുരത്തെ ഗസ്സാലിയൻ ചിന്തകൾ തകർത്തു കളഞ്ഞുവെന്നുമാണ് അവരുടെ വാദം. കുവൈത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട 'അൽമഅരിഫത്ത്' എന്ന മാഗസിനിൽ 'അറബും നൂതന വിദ്യയും' എന്ന ലേഖനത്തിൽ അധ:പതനത്തിന് ഗസ്സാലിയാണ് കാരണമായത് എന്ന് പറയുന്നു. ചരിത്രം എടുത്ത് നോക്കിയാൽ സത്യം തിരിച്ചറിയാമായിരുന്നുവെന്ന് പണ്ഡിതന്മാർ പറയുന്നുണ്ട്.
മുഖാമുഖം നോക്കാതെ തുറന്നുപറയുന്ന ഗസ്സാലിയൻ ചിന്തകളുടെ സ്വഭാവം ഇഹ്യയിലെ വിജ്ഞാനത്തെ സംബന്ധിച്ച് പറയുന്ന ഭാഗത്ത് തെളിഞ്ഞതിനാൽ പണ്ഡിതലോകത്തും ഗസ്സാലിയൻ ചിന്തകൾ ഏറെ വിവാദമായിട്ടുണ്ട്.
പണ്ഡിതന്മാർ എന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന ആധുനിക യുഗത്തിൽ മുസ്ലിം തത്വചിന്തകന്മാരുടെ അമരക്കാരനായ ഇമാം ഗസ്സാലി (റ)നെ കൃതജ്ഞതയോടെയും ബഹുമാനത്തോടെയും അല്ലാതെ സ്മരിക്കാൻ സാധ്യമല്ല.പാരമ്പര്യ വിശ്വാസങ്ങളെ നിരീക്ഷണ കുഴലിലൂടെ വീക്ഷിക്കുകയും തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്ത ഈ ഇസ്ലാമിക തത്വചിന്തകനെ ഒഴിച്ചുനിർത്തിയാൽ തത്വചിന്ത തന്നെ അപൂർണ്ണമായി പോകും.
വിവാദങ്ങൾക്കിടയിലും തളരാതെ സാമൂഹ്യ പരിഷ്കർത്താവ്,തത്വജ്ഞാനി,മുജദ്ധിദ് എന്നീ സ്ഥാനങ്ങളിൽ തിളങ്ങിനിന്നിരുന്ന മഹാവ്യക്തിത്വത്തിന്റെ ജീവിതം വായിക്കാൻ വേറെ ഗസ്സാലി വരണമെന്ന വാക്കുകൾ വളരെ ശ്രദ്ധേയമാണ്.മുസ്ലിം സമൂഹത്തിന് ഹുജ്ജത്തുൽ ഇസ്ലാം ആയിരിക്കെ മാനവകുലത്തിന്റെ ഉന്നമനത്തിൽ ഗസ്സാലിയൻ ചിന്തകൾ പ്രശംസനീയമാണ്.

14 Comments
Ma shaa allah🍂
ReplyDeleteMaa Shaa Allah
ReplyDeleteMa sha allah
ReplyDeleteMaa Shaa Allah ...🌹
ReplyDeleteGood presentation..👍
👍👍👍
ReplyDelete👏
ReplyDeleteMaa sha allah...
ReplyDeleteMasha Allah
ReplyDeleteGood presentation 🔥
Ma sha Allah ✨✨✨
ReplyDeleteما شاء الله..
ReplyDeleteWell defined💞
poli😍
ReplyDelete👍🏻👍🏻
ReplyDelete👍👍👍
ReplyDeleteഇമാം ഗസ്സാലി(റ)യുടെജീവിതത്തെ വ്യക്തമായി വരച്ചു കാട്ടുന്ന വരികൾ ma sha allah 👍👍
ReplyDelete