സൂറത്തുന്നിസാഅ്: സ്ത്രൈണതയുടെ കാവലാൾ

 

 عن عبد الله بن عمرو بن العاص

 -رضي الله عنهما- مرفوعاً: «الدنيا متاع، وخير متاعها المرأة الصالحة».  

[صحيح.] - [رواه مسلم.]

അബ്ദുല്ലാഹി  ബ്നു അംറുബ്നു ആസ് (റ) നെ തൊട്ട് നിവേദനം:ദുനിയാവ് മുഴുവനും ചരക്കുകളാണ് അതിലെ ഏറ്റവും നല്ല ചരക്ക് സ്വാലിഹായ സ്ത്രീയാകുന്നു.പരിശുദ്ധ ഖുർആനിൻ്റെ നാലാമത്തെ അധ്യായമായ സൂറത്തുന്നിസാഅ്, മദീനയിൽ അവതീർണ്ണമാവുകയും, ശരീഅത്തിൻ്റെ നാനാതുറകളിലുള്ള നിയമങ്ങളെ 176  സൂക്തങ്ങളിലായി വർണ്ണിക്കുകയും ചെയ്യുന്നു.സൂറത്തുന്നിസാഅ്  എന്നാൽ സ്ത്രീകളുടെ കാര്യങ്ങൾ പ്രതിപാദിക്കുന്ന അധ്യായമെന്നാണർത്ഥം. മാത്രമല്ല, സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രധാനമായും ഈ സൂറത്തിൽ വിവരിക്കുന്നു.

                     സൂറത്തുന്നിസാഇലെ അഞ്ച് ആയത്തുകള്‍ ഇഹലോകം മുഴുവൻ ലഭിക്കുന്നതിനേക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ട് ഇബ്‌നുമസ്ഊദ് (റ) താഴെ കാണുന്ന വചനങ്ങളെ എണ്ണിയതായി ഇബ്‌നുജരീര്‍ (റ) ഉദ്ധരിക്കുന്നു. (1) മഹാപാപങ്ങളെ ഉപേക്ഷിക്കുന്ന പക്ഷം മറ്റു തിന്മകള്‍ക്ക് അല്ലാഹു മാപ്പ്  നല്‍കുമെന്നു കാണിക്കുന്ന 31-ാം വചനവും, (2) അല്ലാഹു അണുവോളം അനീതി ചെയ്യുകയില്ലെന്നും, ഓരോ നന്മയെയും അവന്‍ ഇരട്ടിപ്പിച്ചു വലുതാക്കുമെന്നും കാണിക്കുന്ന 40-ാം വചനവും. (3, 4) ശിര്‍ക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുമെന്ന് പ്രസ്താവിക്കുന്ന 48,116 വചനങ്ങളും, (5) വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവര്‍ പാപമോചനം തേടിയാല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുമെന്ന് സൂചിപ്പിക്കുന്ന 110-ാം വചനവുമാണത്.


ഇരുണ്ടയുഗമെന്ന വിശേഷണത്തിന് പാത്രമായ ജാഹിലിയ്യ കാലത്ത് അങ്ങേയറ്റം ഗുരുതരവും അനുകമ്പയർഹിക്കുന്നതുമായ മൃഗീയ പീഡനങ്ങൾക്ക് വിധേയരായിരുന്ന രക്ഷകർത്താക്കളുടെ അധീനതയിലിരിക്കുന്ന സ്ത്രീകൾ, അനാഥക്കുട്ടികൾ- വിശിഷ്യ അനാഥ പെൺകുട്ടികൾ- എന്നിവരെ ഇതിൽ പ്രതിപാദിക്കുന്നു. അജ്ഞതയുടെ തമസ്സുറ്റ തടവറകളിൽ നിന്നും ഈ അധ്യായത്തിലെ തിരു സൂക്തങ്ങൾ അവൾക്ക് മാന്യമായ പദവികൾ നേടിക്കൊടുത്തു. സമൂഹ നിലനിൽപ്പിൻ്റെ പ്രാഥമിക ഘടകമായ കുടുംബത്തിലെ റാണിയായി അവളെ അവരോധിക്കുകയും ദാമ്പത്യം,സ്വത്ത്,അനന്തരാവകാശം എന്നിവകളിലെല്ലാം ഇസ്ലാം അവൾക്ക് അവകാശങ്ങൾ നിർണ്ണയിക്കുകയും ചെയ്തു.


         അനന്തരാവകാശ വിഭജനത്തിൽ ക്രൂരവും നീതിരഹിതവുമായ നിലപാടുകൾ കൈകൊണ്ട  ഇരുപത്തൊന്നാം നൂറ്റാണ്ടിലും 1400 വർഷങ്ങൾക്ക് മുമ്പ് അവതരിച്ച പരിശുദ്ധ ഖുർആനിലെ അനന്തരാവകാശ പട്ടികയടങ്ങുന്ന  ഈ അധ്യായം വളരെ ശ്രദ്ധയർഹിക്കുന്നു.


        സഅ്ദ് ബ്നു റബീഅ് (റ)വിൻ്റെ ഭാര്യ രണ്ട് പെൺമക്കളോട് കൂടി ഒരിക്കൽ നബി (സ്വ)തങ്ങളുടെ അടുക്കൽ വന്ന് ഇങ്ങനെ പറഞ്ഞു:അല്ലാഹുവിൻ്റെ റസൂലേ..ഈ കുട്ടികളുടെ പിതാവായ സഅ്ദ് അങ്ങയോടൊന്നിച്ചു ഉഹദ് യുദ്ധത്തിൽ പങ്കെടുക്കുകയും അവിടെ വെച്ച് ശഹീദായി വധിക്കപ്പെടുകയും ചെയ്തു .അദ്ദേഹത്തിൻ്റെ ധനമെല്ലാം ഈ കുട്ടികളുടെ പിതൃവ്യൻ കൈക്കലാക്കിയിരിക്കുകയാണ്.ഇവർക്കൊന്നും കൊടുത്തില്ല. പ്രവാചകരേ ധനമില്ലാതെ ഇവരെ വിവാഹം ചെയ്തുകൊടുക്കാൻ നിവൃത്തിയില്ല! അപ്പോൾ അവിടുന്ന് പറഞ്ഞു"ആ കാര്യത്തിൽ അല്ലാഹു ഒരു തീരുമാനമുണ്ടാക്കും ". അപ്പോൾ അനന്തരാവകാശത്തിൻ്റെ ആയത്തവതരിച്ചു.തുടർന്ന് നബിതങ്ങൾ ആ കുട്ടികളുടെ പിതൃവ്യനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: സഅ്ദിൻ്റെ രണ്ട് പുത്രിമാർക്കും അദ്ദേഹത്തിൻ്റെ സ്വത്തിൻ്റെ മൂന്നിൽ രണ്ട് ഓഹരി കൊടുക്കണം.അവരുടെ മാതാവിന് എട്ടിൽ ഒരംശവും ശേഷിക്കുന്നത് നിനക്കും ഉള്ളതാണ് .(അബൂദാവൂദ് ,തുർമുദി)


ഇസ്ലാമിൻ്റെ ആവിർഭാവ കാലത്തും അതിൻ്റെ മുമ്പും അറേബ്യൻ സമൂഹത്തിൽ പലവിധ അനീതികൾക്കും ക്രൂരതകൾക്കും മുഖ്യകണ്ണിയുമായിരുന്ന യതീമുകൾ (പിതാവ് മരണപ്പെട്ട പ്രായം തികയാത്ത കുട്ടികൾ) ധാരാളം ഉണ്ടായിരുന്നു.ഈ വിഷയത്തിൽ സൂക്തങ്ങൾ അവതരിക്കപ്പെട്ടിട്ടുമുണ്ട്.



وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا(سورة النساء-٦)


അനാഥ കുട്ടികളെ നിങ്ങൾ പരീക്ഷിക്കുക. വിവാഹ പ്രായമെത്തിയാൽ അവരിൽ നന്മ കാണുന്നുണ്ടെങ്കിൽ അവരുടെ ധനം നിങ്ങൾ വിട്ടുകൊടുക്കുക.അവർ പ്രായപൂർത്തി പ്രാപിക്കുമെന്ന ഭയത്താൽ അമിതമായും ബദ്ധപ്പെട്ടും അത് നിങ്ങൾ തിന്നുകളയരുത്.

(അനാഥകുട്ടികളുടെ രക്ഷകർത്താക്കളിൽ)ആരെങ്കിലും ധനികനാണെങ്കിൽ തൻ്റെ സ്വന്തം ആവശ്യത്തിന് യതീമിൻ്റെ ധനം ഉപയോഗിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കട്ടെ.ആരെങ്കിലും ദരിദ്രനാണെങ്കിൽ മര്യാദയനുസരിച്ച് (അതിൽ നിന്ന്) അവന് തിന്നാവുന്നതാണ്.ധനം അവർക്ക് വിട്ട് കൊടുക്കുമ്പോൾ അവരുടെ മേൽ നിങ്ങൾ സാക്ഷി നിർത്തുക.കണക്ക്  നോക്കുന്നവനായിട്ട് അല്ലാഹു തന്നെ മതി .

(സൂറത്ത് നിസാഅ് ആയത്ത് 6)


കുടുംബപരമായ വിശദീകരണങ്ങൾക്ക് ശേഷം സമൂഹത്തിലേക്കാണ് സൂക്തങ്ങൾ നീങ്ങുന്നത്.സഹകരണം,കാരുണ്യം,ഗുണകാംക്ഷ,വിട്ടുവീഴ്ച,വിശ്വസ്തത എന്നീ സാർവത്രിക കാര്യങ്ങളുടെ നിലനിൽപ്പിൽ മാത്രമേ സമൂഹം ഭദ്രമാകുകയുള്ളുവെന്നും അതുപോലെ ശത്രുക്കളെ  പ്രതിരോധിക്കുവാനുള്ള സന്നാഹങ്ങളും കൈവശം വേണമെന്ന കാര്യങ്ങളെ കുറിച്ചും സൂറത്തിൽ ചർച്ച ചെയ്യുന്നു .



മുസ്ലിം സമുദായത്തിൻ്റെ പുണ്യഗാത്രത്തിൽ അള്ളിപ്പിടിച്ച് കഴിയുന്ന കപടവിശ്വാസികളെ സംബന്ധിച്ചും തികച്ചും ബുദ്ധിശൂന്യമായ ക്രൈസ്തവ വിശ്വാസങ്ങളെ കുറിച്ചും അവസാനഭാഗങ്ങളിൽ ജൂത- ക്രിസ്ത്യാനികളുടെമേൽ ജാഗ്രത പുലർത്താനുള്ള ആഹ്വാനത്തെയും സൂറത്തിൽ വിവരിക്കുന്നു.


സ്ത്രീയെന്നാൽ കേവല ഭോഗവസ്തു മാത്രമല്ലെന്നും അവൾക്ക് ഇസ്ലാമിൽ സ്ഥാനമുണ്ടെന്നും പരിശുദ്ധ ഖുർആൻ ഉണർത്തുന്നു.അല്ലാഹു തആല സ്വാലിഹീങ്ങളായ സ്ത്രീകളിൽ നമ്മെ ഉൾപ്പെടുത്തട്ടെ..


ആമീൻ