സൂറത്തു യൂസുഫ്; അതുല്യത കഥ പറഞ്ഞ അധ്യായം


"അഹ്സനുൽ ഖസസ് " ആയി ഖുർആൻ പ്രതിപാദിക്കുന്ന സൂറത്തു "യൂസുഫ് " ഖുർആനിലെ പന്ത്രണ്ടാമത്തെ അധ്യായമാണ്.118 ആയത്തുകളുള്ള ഈ സൂറത്ത് അല്ലാഹുവിന്റെ റസൂൽ കഴിഞ്ഞാൽ " The most handsome " ആയ യൂസുഫ് (അ) മിന്റെ സംഭവ ബഹുലമായ ചരിത്രത്തെ മുഴുവനായി പ്രതിപാദിക്കുന്നു.

وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِى هَٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ....(سورة الهود ١٢٠ )

" ദൈവ ദൂതന്മാരുടെ വൃത്താന്തങ്ങളിൽ നിന്ന് നിന്റെ മനസ്സിന്  സ്‌ഥൈര്യം നൽകുന്നതെല്ലാം നിനക്ക് നാം വിവരിച്ചു തന്നിരിക്കുന്നു. ഇതിലൂടെ യഥാർത്ഥ വിവരവും, സത്യവിശ്വാസിക്കു വേണ്ട സദുപദേശവും ഉൽബോധനവും നിനക്ക് വന്നു കിട്ടിയിരിക്കുകയാണ്.. "

       പ്രവാചകന്മാരുടെ ചരിത്രം നബി(സ്വ) പറഞ്ഞു കൊടുക്കുന്നത് نثبت به فٶادك എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്.സ്വന്തം ജനത പ്രതിയോഗികളായപ്പോഴുണ്ടായ കദനത്തിൽ നിന്ന് സമാശ്വസിപ്പിക്കാൻ വേണ്ടിയാണ് അല്ലാഹു നബി (സ്വ) ക്ക് യൂസുഫ് നബി (അ) ന്റെ കഥ പറഞ്ഞു കൊടുക്കുന്നത്.അഹ്സനുൽ ഖസസ് എന്ന് ഈ ചരിത്രത്തിന് പേരുവരാൻ കാരണം ഒരു കഥയ്ക്കുണ്ടാവേണ്ട സകലഭാവങ്ങളും ഇതിൽ ഒത്തു ചേർന്നത് കൊണ്ടാണെന്ന് ഉലമാക്കൾ  രേഖപ്പെടുത്തിയതായി കാണാം.

          മറ്റു പ്രവാചകരിൽ നിന്നും വ്യത്യസ്തമായി സ്വന്തം കുടുംബത്തിൽ നിന്നായിരുന്നു യൂസുഫ് നബിയുടെ പ്രതിയോഗികൾ . ഇബ്രാഹീം നബി (അ)മകൻ ഇസ്ഹാഖ് (അ)മകൻ യഅ്കൂബ്(അ) മകനായാണ് ജനനം. യൂസുഫ് നബിയോടുളള പിതാവിന്റെ അമിത സ്നേഹം മറ്റു പുത്രൻമാർക്ക്  നബിയോടുളള അമർഷത്തിനിടയാക്കി. നബിയെ ഇല്ലായ്മ ചെയ്യാൻ അവർ ശ്രമിച്ചു. അവസാനം ചതിയിലൂടെ നബിയെ ഒരു കിണറ്റിൽ തളളിയിട്ടു. കച്ചവടത്തിന് പോകുന്ന ഒരു സംഘം യൂസുഫ് നബിയെ രക്ഷപ്പെടുത്തി, തുഛവിലയ്ക്ക് അടിമ ചന്തയിൽ വിറ്റു. മിസ്റിലെ രാജാവായ അസീസ് നബിയെ വാങ്ങി. സംരക്ഷണം സുലൈഖ ബീവിയെ ഏൽപ്പിച്ചു. കാലങ്ങൾ കടന്നുപോയി... സുലൈഖ ബീവി യൂസുഫ് നബിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടയായി പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും നബി അതിന് വഴങ്ങിയില്ല. ഒടുവിൽ ജയിലിലടക്ക പ്പെടുകയും പിന്നീട് ജയിൽ മോചിതനായി യൂസുഫ് നബി രാജാവ് ആവുകയും പിതാവിനെയും സഹോദരങ്ങളെയും കണ്ടുമുട്ടുകയും ചെയ്തു.

           " ഹയ്ത്ത ലക് " എന്ന ഖുർആനിക പ്രയോഗം വളരെ ശ്രദ്ധേയമാണ്. നീ ഇങ്ങു വാ.. എന്നാണ് ഇതിനർത്ഥം.യൂസുഫ് നബിയിൽ ആകൃഷ്ടയായ രാജപത്നി  നബിയെ തെറ്റിലേക്ക് ക്ഷണിക്കുമ്പോൾ പ്രയോഗിക്കുന്ന വാക്കാണിത്. ഈ സന്ദർഭത്തിലുടനീളം  തവക്കുലിന്റെ പ്രാധാന്യത്തെ പറ്റി പറയുന്നുണ്ട്.സുലൈഖ ബീവി ആഗ്രഹ പൂര്‍ത്തീകരണത്തിന് ക്ഷണിച്ചപ്പോള്‍ യൂസുഫ് നബി(അ) അല്ലാഹുവില്‍ അഭയം തേടി. അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെ ഖുര്‍ആന്‍ വിവരിക്കുന്നു.

 وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ

 لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ

   കുറ്റങ്ങളില്‍ നിന്ന് എന്റെ മനസ്സിനെ ഞാന്‍ ഒഴിവാക്കുന്നില്ല. നിശ്ചയം മനുഷ്യമനസ്സ് തിന്‍മകളിലേക്ക് വളരെയധികം പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ്. ( സൂറ:യൂസുഫ് 53)

അപ്രകാരം യൂസുഫ് നബിയുടെ മനസ്സ് തിന്‍മകളിലേക്ക് ചായാതിരിക്കുവാന്‍ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അഥവാ കുറ്റം ചെയ്യാതിരിക്കാനുള്ള ബോധം നൽകി. ‘ബുര്‍ഹാന്‍’എന്നാണ് ഖുര്‍ആന്‍ അതിനെ സൂചിപ്പിക്കുന്നത്. ഇമാം ഖുര്‍തുബി(റ) പറയുന്നു: ആ ബുര്‍ഹാന്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തമാണ്. അത് യൂസുഫ് നബി(അ) ന്ന് കാണിച്ചുകൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസം ശക്തമാവുകയും തെറ്റില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. യൂസുഫ് നബി(അ) ന്റെ മനസ്സ് തെറ്റിലേക്ക് ചായുമോ എന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് തന്റെ പിതാവ് യഅ്ഖൂബ് നബി(അ) ന്റെ രൂപം കാണിച്ചുകൊടുക്കുകയാണുണ്ടായത്.

       ഉബയ്യുബ്നു കഅബ് (റ) പറയുന്നു : നബി (സ്വ) പറഞ്ഞു : നിങ്ങളുടെ അടിമകൾക്ക് സൂറത്തു യൂസുഫ് പഠിപ്പിക്കുക. ഈ സൂറത്ത് പാരായണം ചെയ്യുകയോ തന്റെ കുടുംബത്തെയോ അടിമകളെയോ പഠിപ്പിക്കുയോ ചെയ്ത ഏതൊരു മുസ്‌ലിമിനും അല്ലാഹു മരണ വേദനയിൽ ലഘൂകരണം നൽകുന്നതാണ്.ഒരു മുസ്‌ലിമിനോടും അസൂയ തോന്നാതിരിക്കാനുള്ള വിശാല മനസ്കതയും അവനു നൽകുന്നതാണ് (ഇബ്നു കസീർ 2/423).

         ശൈഖ് അഹ്മദുസ്വാവി (റ) വിവരിക്കുന്നതു കാണുക. ‘അതിമഹത്തായ ഫലങ്ങളും സവിശേഷമായ വിധികളും ധാരാളം ഉള്‍കൊള്ളുന്ന സൂറത്താണിത്. അതുകൊണ്ടാണ് ഖാലിദുബ്‌നു മഅ്ദ്ദാന്‍ (റ) സൂറത്തുയൂസുഫും സൂറത്തുമർയമും സ്വര്‍ഗവാസികള്‍  ആസ്വദിക്കുമെന്നു പറഞ്ഞത്. ദു:ഖിതന്‍ സൂറത്ത് യൂസുഫ് കേട്ടാൽ അവനു മന:ശാന്തി ലഭിക്കുമെന്ന് അത്വാഅ് (റ) പറഞ്ഞിട്ടുണ്ട്  (തഫ്‌സീറുസ്വാവി ).

 സൂറത്തിന്റെ ആദ്യഭാഗത്ത് യൂസുഫ് (അ) മിന്റെ ജീവിതത്തിന്റെ ആദ്യം മുതൽ അവസാനം വരെ നടന്ന സന്ദർഭോചിതമായ സംഭവങ്ങളിൽ അല്ലാഹുവിനോട് നന്ദി പറയുന്നതാണ്.സൂറത്തിന്റെ അവസാന ഭാഗത്തിൽ ഈ കഥ പറഞ്ഞു നിർത്തി കൊണ്ട് അള്ളാഹു പറയുന്നു :

لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ...

(അവരുടെ കഥകളിൽ ഗുണപാഠങ്ങളുണ്ട്. )

ഇത് കേവലം ചരിത്രം വായിച്ച് കൊണ്ട് പോവാനുള്ളതല്ല.. ഇതിൽനിന്ന് നമുക്ക് ധാരാളം പഠിക്കാനുണ്ട്. നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ 

                      

FATHIMATH SADIYA

NABEELA

CORDOVA WAFIYYA COLLEGE