മതേതര ഇന്ത്യക്ക് മരണമണി മുഴങ്ങുമ്പോൾ..


ബാബരി, തോറ്റത് മതേതര ഭാരതമാണ്..!

സ്വതന്ത്ര ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ ഏറ്റവും ദാരുണമായ സംഭവം എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് 1992 ലെ ബാബരി മസ്ജിദ് ധ്വംസനം.ഇന്ത്യയെന്ന ബഹുസ്വര ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ താഴികക്കുടങ്ങളാണ് അന്ന് ബാബരിക്കൊപ്പം തകർന്നുവീണത്.മഹത്തായ ഈ രാജ്യത്തിന് അന്ന് ലോകമനസ്സാക്ഷിയുടെ മുന്നിൽ തല കുനിച്ച് നിൽക്കാനേ സാധിച്ചുള്ളൂ.. ബാബരി പൊളിച്ചെടുത്ത് 2020 ഓഗസ്റ്റ് 5ന് ശിലയിട്ടത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രത്തിനാണെങ്കിൽ അതോടൊപ്പം അവർ ഇവിടെ പടുത്തുയർത്തുന്നത് ഒരു ഹിന്ദുത്വ രാഷ്ട്രത്തെ തന്നെയാണ് എന്നതാണ് യാഥാർത്യം.സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ വെല്ലുവിളിയായി നിറഞ്ഞ വർഗീയതയും വിഭാഗീയതയും നിഷ്കാസനം ചെയ്ത് മതേതരത്വത്തിന്റ മഹിത മാതൃക പണിതുയർത്താൻ വലിയ അർത്ഥത്തിൽ കാണിച്ച ജാഗ്രതയുടെ സുരക്ഷാഭിത്തികൾ തകർന്നു തരിപ്പണമായി പോവുകയായിരുന്നു 1992 ഡിസംബർ ആറിന്. സങ്കുചിത രാഷ്ട്രീയത്തിന്റെ പദ്ധതികളെ ഒരു ദേശത്തിന്റെ സംസ്കാരമായി അവതരിപ്പിക്കപ്പെട്ടു. ചരിത്രം കെട്ടുകഥകൾക്കും വിശ്വാസങ്ങൾക്കും ആയി പകരം വെക്കപ്പെട്ടു.ബാബരി വിഭാഗീയതയുടെ പ്രഭവ കേന്ദ്രമായി അടയാളപ്പെടുത്തപ്പെട്ടു.


പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബർ പണികഴിപ്പിച്ചതാണ് ഉത്തർപ്രദേശിലെ അയോധ്യയിൽ സരയു നദിക്കരയിൽ സ്ഥിതിചെയ്യുന്ന ബാബരി മസ്ജിദ്. ഹൈന്ദവ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മഭൂമിയായി വിശ്വസിക്കപ്പെടുന്നതും ഈ അയോധ്യ തന്നെ.

1527 ൽ ഫൈസാബാദ് ജില്ലയിലെ ബാബറുടെ ഗവർണർ മീർബാഖി പണിത ബാബരി മസ്ജിദ് 1949 ഡിസംബർ 22 രാത്രിവരെ പ്രദേശത്തെ മുസ്‌ലിംകൾ പ്രാർത്ഥന നടത്തി വന്ന ദേവാലയമാണ്. എന്നാൽ 1527 നും മുമ്പ് ഇവിടെ ഒരു ശ്രീരാമക്ഷേത്രം നിലനിന്നിരുന്നുവെന്നും ആ ക്ഷേത്രമാണ് ബാബർ പൊളിച്ച് അവിടെ മസ്ജിദ് പണികഴിപ്പിച്ചതെന്നും ആരോപിക്കപ്പെട്ടു.അതിന്റെ ഭാഗമായി ഡിസംബർ 22 ന് രാത്രി ഗോരഖ്പൂരിലെ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ മഹന്ത് ദ്വിഗ് വിജയ് നാഥിന്റെ നേതൃത്വത്തിൽ മസ്ജിദിനകത്ത് രാമവിഗ്രഹങ്ങൾ സ്ഥാപിക്കപ്പെടുകയും, തുടർന്ന് മലയാളിയായ ജില്ല കളക്ടർ കെ. കെ. നായർ പള്ളി അടച്ചുപൂട്ടുകയും, പിന്നീട് പ്രശ്നം കോടതി കയറുകയും ചെയ്തതാണ് പ്രതിസന്ധിയുടെ ആരംഭം.ഇക്കാരണത്താൽ ഉണ്ടായ തർക്കങ്ങളും പ്രക്ഷോഭങ്ങളും കലാപങ്ങളും പള്ളി ദീർഘകാലത്തേക്ക് അടച്ചിടുന്നതിലേക്കും തർക്കമന്ദിരം എന്ന പേരിൽ മുദ്രകുത്തുന്നതിലേക്കും വഴിതെളിച്ചു.ഇക്കാലമത്രയും പള്ളിയിൽ നിസ്കാരം നിർവഹിക്കാനായില്ലെങ്കിലും ശ്രീരാമ വിഗ്രഹം പള്ളിക്കകത്ത് വെയിലും മഞ്ഞും മഴയും കൊള്ളാതെ സംരക്ഷിക്കപ്പെട്ടു എന്ന് ഓർക്കണം...

രാഷ്ട്രീയ വളർച്ച വഴിമുട്ടിയ RSS 1980കളുടെ തുടക്കത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ പേരിൽ രാമജന്മഭൂമി പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നത്. അങ്ങനെയാണ് 1984ൽ വി. എച്ച്. പി. ഇന്റർനാഷണൽ പ്രസിഡന്റ്‌ അശോക് സിംഗാളിന്റെ നേതൃത്വത്തിൽ കാശിയിൽ നിന്ന് ബാബരി മസ്ജിദിലേക്ക് അയോധ്യയാത്ര സംഘടിപ്പിച്ചത്. വെറും അഞ്ഞൂറിൽ പരം ആളുകൾ മാത്രം പങ്കെടുത്ത ഈ ജാഥയെ സ്വീകരിക്കാൻ സർവായുധ സജ്ജരായ പ്രദേശ വാസികൾ കാവൽ നിൽക്കുന്നുണ്ടെന്ന വാർത്തയറിഞ്ഞ അവർ യാത്ര മസ്ജിദിനു പകരം സരയൂനദിക്കരയിലേക്ക് മാറ്റി സമാപിച്ചു. 'ബാബരി മസ്ജിദ് തകർക്കും, രാമക്ഷേത്രം പണിയും 'എന്ന് പ്രതിജ്ഞ എടുത്താണവർ പിരിഞ്ഞത്.ഹിന്ദുത്വ വർഗീയ വാദത്തിന് പിൻബലമേകാൻ മതേതര കുപ്പായക്കാർ ഉണ്ടായത് കൊണ്ട് മാത്രമാണ് ഇന്നവ രാജ്യത്തെ പൗരന്മാരെ വിഴുങ്ങുന്ന ഭീകര സത്വമായി മാറിയത്.


നാടകീയ രംഗങ്ങൾ പോലെ ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കി മറിച്ച, രാമക്ഷേത്ര നിർമാണത്തിന് പിന്തുണ തേടിക്കൊണ്ട് 1990 സെപ്റ്റംബർ 25 ന് നടന്ന L. K അദ്വാനിയുടെ രഥയാത്രയും സംഘർഷഭരിതമായ അയോദ്ധ്യയും 1992 ഡിസംബർ 6ന് വർഗീയതയുടെ കറുത്ത കരങ്ങളായി മാറിയ കർസേവകർ ബാബരി മസ്ജിദ് പൊളിച്ചതും അതേതുടർന്ന് രാജ്യമെങ്ങും പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ രണ്ടായിരത്തോളം ജീവനുകൾ പൊഴിഞ്ഞുവീണതുമെല്ലാം വർഗീയതയുടെയും നീതിനിഷേധത്തിന്റെയും ഉഗ്രവിഷമുള്ള ചരിത്ര വസ്തുതകളാണ്.കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയ വിഭാഗീയതകൾ സൃഷ്ടിച്ച് ബാബരിയുടെ താഴികക്കുടങ്ങൾ അവർ തച്ചുടച്ചപ്പോൾ അടർന്നുവീണത് കേവലം ഒരു ആരാധനാലയം മാത്രമായിരുന്നില്ല. കാലമിത്രയും നമ്മൾ സനാതനം എന്നു കരുതി നെഞ്ചോട് ചേർത്തുപിടിച്ച മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും ആകാശങ്ങൾ കൂടിയാണ്.


ഒടുവിൽ 28 വർഷങ്ങൾക്ക് ശേഷം ബാബരി മസ്ജിദ് ധ്വംസകരെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി ചിത്രീകരിച്ചു വിട്ടയച്ചു കൊണ്ട് വിധി നടപ്പാക്കിയ നീതിപീഠവും അനീതിക്ക് കൂട്ടുനിന്നതിന് പ്രതിഫലമെന്നോണം വിധി നടപ്പാക്കിയ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് രാജ്യസഭാ അംഗത്വം നൽകിയ മോദി സർക്കാരും നമ്മെ കളിപ്പാവകളാക്കുകയാണ്.ഇതിനകം തദ്വിഷയകരമായ കേസുകൾ മുഴുവൻ ഒന്നായി പരിഗണിച്ച അല്ഹബാദ് ഹൈകോടതി 2010 സെപ്റ്റംബർ 30 ന് കേസിലെ കക്ഷികളായ നിർമോഹി അക്കാഡക്കും രാംലല്ല വിരാജ്മാനും സുന്നി വഖ്ഫ് ബോർഡിനുമായി ഭൂമി പകുത്ത്‌ നൽകിയെങ്കിലും മൂന്നുകൂട്ടരും അതിൽ തൃപ്തരാവാതെ സമർപ്പിച്ച അപ്പീൽ ഹർജികളിലാണ് ഒമ്പത് വർഷങ്ങൾക്കു ശേഷം 2019 ൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രഖ്യാപിച്ചത്. രാമജന്മ ഭൂമി എന്നതൊരു വിശ്വാസമാണ്, നിയമപരമായി തീർപ്പുകൽപിക്കാൻ കഴിയുന്ന തർക്കപ്രശ്നമല്ല എന്നു ചൂണ്ടികാട്ടുന്ന കോടതി, ചരിത്രപരമായോ വസ്തുതാപരമായോ തെളിയിക്കൽ അസാധ്യമായ രാമജന്മ സ്ഥാനത്തിന്റെ പേരിൽ കക്ഷിചേർന്ന രാംലല്ലയുടെ ആവശ്യത്തിന് വഴങ്ങിയാണ് മുഴുവൻ തർക്ക ഭൂമിയും ക്ഷേത്രം പണിയാൻ പതിച്ചു നൽകണമെന്ന് ഉത്തരവിട്ടത്.1950 ജനുവരി 16 മുതൽ കോടതിയെ സമീപിച്ച നിർമോഹി അഖാഡയെയും 1949 വരെ തൽസ്ഥാനത്ത് പ്രാർത്ഥന നടത്തിയിരുന്ന മുസ്ലിംകളെയും ചിത്രത്തിൽ നിന്ന് പുറന്തള്ളിക്കൊണ്ടാണ് ഈ വിധി എന്നത് എത്ര വിചിത്രം.


1992 ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർത്തത് നിയമലംഘനമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടുമ്പോൾ തന്നെ,തൽസ്ഥാനത്ത് ക്ഷേത്രം പണിയാൻ വഴിയൊരുക്കുന്നതിലൂടെ അക്രമികൾക്ക് അവരുടെ ലക്ഷ്യ പൂർത്തീകരണത്തിന് വഴി തെളിയിക്കുകയല്ലേ ചെയ്തത്...? അനധികൃതവും നിയമവിരുദ്ധവുമായ പ്രവർത്തികളെന്ന് കണ്ടെത്തിയ കാര്യങ്ങൾ മഹത്വവൽക്കരിക്കാൻ പരമോന്നത നീതിപീഠം ശ്രമിച്ചിട്ടുണ്ടെന്നതാണ് അയോധ്യാ വിധിയിലെ വിരോധാഭാസം.


കോടതിയുടെ ഉത്തരവിന്മേലുള്ള നിയമസാധ്യത കൊണ്ട് ക്ഷേത്ര നിർമാണം ഒരു തടസ്സവുമില്ലാതെ മുന്നോട്ട് പോകുന്നു. ബാബരി മസ്ജിദിനെ ചൊല്ലി ഇന്ത്യയിലെ ഒരു തെരുവും അശാന്തമായില്ല. പരമോന്നത നീതി പീഠത്തിന്റെ വിധിയിൽ അതൃപ്തിയുള്ളവരാരും തെരുവുകളെ കലാപഭൂമിയാക്കിയതുമില്ല. സാധ്യമെങ്കിൽ നിയമപരമായ പോരാട്ടം. അതിനപ്പുറം ഇന്ത്യയിലെ മുസ്ലിങ്ങൾ ഒന്നും പ്രതികരിച്ചില്ല. വർഗീയതയുടെ മുതലെടുപ്പ് മുതലാളിമാരായ ഇന്ത്യൻ ഭരണകൂടത്തിന് പോലും ഇന്ത്യയിലെ മുസ്ലീങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.


"एतो सिरफ झाँकि है। काशी मदुरा बाक्की है।"

"ഇത് വെറും സൂചന മാത്രം കാശിയും മധുരയും ബാക്കി "... എന്ന് അട്ടഹസിച്ചുകൊണ്ട് വിധിയുടെ വിജയമാഘോഷിച്ച അന്ന് മുതൽ അവർ നടത്തിപ്പോരുന്നത് മതേതരത്വം തകർക്കുന്നതിന്റെ RSS അജണ്ടകളാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 5 ന് ക്ഷേത്ര നിർമാണത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിന് അവർ ചെയ്തുകൂട്ടിയ ചെയ്തികളും, അതിനായി രാഷ്ട്രീയ ആയുധമായി രാമക്ഷേത്രത്തെ ഉപയോഗപ്പെടുത്തിയതും നമുക്ക് കാണാം..ഒന്ന് പിന്നോട്ട് നോക്കുകയാണെങ്കിൽ, ട്രസ്റ്റ്‌ രൂപീകരണത്തോടെ തീരേണ്ട ഭരണകൂട ഉത്തരവാദിത്വം അതോടെ തീർന്നില്ലെന്ന് മാത്രമല്ല, ഒരു മതേതര രാജ്യത്ത് ഒരു ക്ഷേത്രം നിർമ്മിക്കുന്നതിന് അധികാരവും പൊതുഖജനാവിലെ പണവും ഉപയോഗിക്കുകയും കല്ലിടൽ ചടങ്ങിനെ സർക്കാർ പരിപാടിയാക്കി മാറ്റുകയും ചെയ്തതൊക്കെ ഭരണഘടനാ തത്വങ്ങളുടെ വിരുദ്ധവും ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കല്പങ്ങളെ ഇല്ലാതാക്കുന്നതുമാണ്. ഹിന്ദു രാഷ്ട്രമെന്ന അവരുടെ അജണ്ട നടപ്പിലാക്കാൻ രാമക്ഷേത്രത്തെ ഒരു രാഷ്ട്രീയ ആയുധമായി അവർ ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാർത്യം. ക്ഷേത്ര നിർമാണം തുടക്കം കുറിച്ചിട്ട് ഓഗസ്റ്റ് 5 ന് ഒരു വർഷം പിന്നിടുമ്പോഴും ഹൃദയാന്തരങ്ങളിൽ നീറിപ്പുകയുന്ന കനലായി ബാബരി ഇന്നും നിലകൊള്ളുകയാണ്..

ഇന്ത്യൻ ജനാധിപത്യത്തിൽ ഏറ്റവും കൂടുതൽ കച്ചവട സാധ്യതയുള്ള ഉൽപന്നങ്ങളാണ് മതവും ജാതിയും വർഗീയതയും.ഒരു ബഹുസ്വര രാജ്യം എങ്ങെനെയാവരുത് എന്ന് നിരന്തരം ബോധ്യപ്പെടുത്തുകയാണ് മോദി സർക്കാർ. മതേതരത്വം അതിന്റെ അവസാന ശ്വാസത്തിലാണെന്ന് രാമക്ഷേത്ര ശീലാന്യാസത്തിലൂടെ തെളിയിച്ച് തന്നിരിക്കുകയാണ് അധികാര കേസരികൾ. അത്രമേൽ വിചിത്രമായ വിധിയായിരുന്നു രാഷ്ട്രത്തിന്റെ പരമോന്നത നീതിപീഠത്തിൽ നിന്നും ബാബരി വിഷയത്തിലുണ്ടായത്. നീതിയുടെ ആ ശീർഷാസനക്കാഴ്ച്ച മതേതരം എന്ന അസ്തിത്വത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.


ബാബരി മസ്ജിദ് തകർത്തത് ഏതെങ്കിലും ഒരു മതവിഭാഗത്തോട് മാത്രമുള്ള കുറ്റമായിരുന്നില്ല,മറിച്ച് ഇന്ത്യയുടെ മതേതരഭരണഘടനയോട് ചെയ്ത കുറ്റകൃത്യമാണ്.ഇന്ത്യ എന്ന മഹാരാജ്യത്തോട് ചെയ്ത കുറ്റമാണ്.അനീതി നിലനിൽക്കുകയില്ല എന്ന് തന്നെ വിശ്വസിക്കാം.... സത്യമേ വിജയതേ എന്ന ആപ്തവാക്യം മുന്നേറട്ടെ.. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം... സത്യം വിജയിക്കുക തന്നെ ചെയ്യും....!