മാർക്സിസത്തിന്റെ കാതലും തിരുത്തപ്പെടേണ്ട മിഥ്യ ധാരണകളും
ആഗോള വ്യവഹാരങ്ങളുടെ സമസ്ത മേഖലകളിലും ആധുനിക ഭൗതിക ദർശനങ്ങളുടെ ആശയപ്രവാഹം സങ്കീർണ്ണമായിക്കൊണ്ടിരിക്കെ, നിലവിൽ ലോകത്തെ നയിക്കുന്ന ചിന്താധാരകളുടെ അടിസ്ഥാന പ്രമാണങ്ങൾ ആഴത്തിൽ അവലോകനം ചെയ്യൽ അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്. ഡാർവിനിസത്തിൽ തുടങ്ങി മാർക്സിസത്തിലും മോഡേണിസത്തിലും നൈരന്തര്യ ചർച്ചകൾക്ക് വഴി തെളിയിക്കുന്ന `സൈദ്ധാന്തിക´ വാദങ്ങൾ ദൈവ വിശ്വാസത്തിനും മതവിശ്വാസത്തിനും പൊതുവായേൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. പാരമ്പര്യ ധാർമികതക്ക് മേലെ സാമ്രാജ്യത്വശക്തികൾ അടിച്ചേൽപ്പിച്ച മാർക്സിസം താത്വികവും യുക്തി സഹജവുമായി പരിഗണിക്കപ്പെടുമ്പോൾ ഇതിന്റെ അകക്കാമ്പ് ചികഞ്ഞന്വേഷിക്കേണ്ട തും മിഥ്യ ധാരണകൾ തിരുത്തപ്പെടേണ്ടതുമാണ്.
പത്തൊൻപതാം നൂറ്റാണ്ടിൽ ജർമൻ സാമ്പത്തിക ശാസ്ത്രജ്ഞൻ കാൾ മാർക്സും സുഹൃത് ഫ്രഡറിക് എൻകൽസും ചേർന്നാണ് മാർക്സിസം എന്ന `വിപ്ലവസമാന´ ചിന്താഗതിക്ക് രൂപം നൽകിയത്. മാർക്സിന്റെയും എങ്കൽസിന്റെയും രചനകളിൽ നിന്ന് ഉരുത്തിരിഞ്ഞ തത്വശാസ്ത്രവും അതിനനുഗുണമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ് മാർക്സിസം എന്നറിയപ്പെടുന്നത്. മുതലാളിത്തിന് കീഴിൽ നിരന്തരം പീഡനങ്ങളനുഭവിക്കുന്ന അരികുവൽകൃത വിഭാഗങ്ങളുടെ രക്ഷകരായി സ്വയം വിശേഷിപ്പിച്ചു, യഹൂദ ക്രിസ്ത്യൻ മതങ്ങളെ മാത്രം ആധാരമാക്കി മൊത്തം മതങ്ങളെ സാമാന്യവൽകരിച്ച് ഉരവം കൊടുത്ത കമ്മ്യൂണിസം മതനിരാസയുടെയും കേവല ഭൗതിക ദർശനങ്ങളുടെയും ആകെത്തുകയാണ്. മതബോധത്തെ നിഷേധിച്ച് മതങ്ങളില്ലാതെ തന്നെ മനുഷ്യന് വ്യവസ്ഥാപിതമായി ജീവിക്കാൻ കഴിയുമെന്ന് വാദിക്കുന്നു മാർക്സിയൻ ബുദ്ധിജീവികൾ! പ്രത്യയശാസ്ത്ര പരമായി വൈരുധ്യാധിഷ്ഠിത ഭൗതിക വ്യാഖ്യാനത്തെ അടിത്തറയായി അംഗീകരിച്ച മാർക്സിസത്തിന് മാനവികതയും ധാർമികതയും അന്യമാണ്. മാറ്റമില്ലാത്തായി മാറ്റം മാത്രമേയുള്ളൂ എന്ന മാർക്സിസ്റ്റ് പ്രമാണത്തെ പ്രയോഗതലത്തിൽ മനുഷ്യന്റെ മതമൂല്യ ബോധത്തിന്റെ കടയ്ക്കൽ കത്തി വെച്ചാണ് നടപ്പിൽ വരുത്തിയത്. മുതലാളിത്തിന്റെ പിടിയിലമർന്ന് ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയായിരുന്ന ലോകത്ത്,ഒരു ബദൽ സംവിധാനമായി അവതരിച്ച സോഷ്യലിസ്റ്റ്-മാർക്സിസം അതിശീഘ്രം വേരുറപ്പിച്ച സോവിയറ്റ് യൂണിയന്റെ അന്തിമ തകർച്ചക്ക് മുഖ്യഹേതുവും മൂല്യഅപചയവും സൈദ്ധാന്തിക ദയനീയതയുമായിരുന്നു.സ്വകാര്യാവകാശത്തിനും മൂലധനത്തിനും അർഹിക്കുന്നതിൽ കവിഞ്ഞ കേന്ദ്രീകരണം നൽകിയതാണ് മുതലാളിത്തത്തിന്റെ തിന്മയെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വത്വബോധത്തെയും തള്ളിക്കളഞ്ഞ് സാമൂഹികതക്ക് സമ്പൂർണ ആധിപത്യം നൽകിയതാണ് കമ്മ്യൂണിസത്തിന്റെ ആശയശോഷണം. ദൈവ വിശ്വാസത്തിനും ധാർമികതക്കും നേരെ നിഷേധാത്മകമായ സമീപനം പുലർത്തി വളർത്തപ്പെട്ട തലമുറകൾ അധികാരത്തിന്റെ തലപ്പത്തെത്തിയപ്പോൾ ദൈവത്തിനോടുള്ള കടപ്പാട് മാത്രമല്ല, സഹജീവികളോടുള്ള പ്രതിബദ്ധതയും സൗകര്യപൂർവം മറന്നു.
യൂറോപ്യൻ അധിനിവേശത്തിൽ നിന്ന് മോചനവും വിപ്ലവനാന്തരം മധ്യേഷ്യയും വോൾഗയിലെ ചില മുസ്ലിം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തുർക്കിസ്ഥാനും വാഗ്ദാനം ചെയ്ത് മൂസ ജാറുല്ലായെ പോലെയുള്ള റഷ്യൻ മുസ്ലിം പണ്ഡിതരെ തെറ്റിദ്ധരിപ്പിച്ചു വഞ്ചനപരമായി ജയിച്ചുകയറിയ മാർക്സിസ വക്താക്കൾ അനന്തരം ഇസ്ലാമിനും മുസ്ലിമകൾക്കുമെതിരെ കടുത്ത നിലപാടുകളെടുത്ത് പള്ളികളും മതപാഠശാലകളും അടച്ചുപൂട്ടി ഖുർആൻ നിരോധിക്കുകയും ഇസ്ലാമിക കർമങ്ങൾ പരസ്യമായി ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകി മൊത്തം മതത്തെ വക്രീകരിക്കുകയും ചെയ്തു. മുസ്ലിംകൾക്കിടയിൽ തന്നെ വ്യത്യസ്ത വംശീയതകളും ദേശീയതകളും സൃഷ്ടിച്ച് മുസ്ലിംകളെ പിറകിൽ നിന്ന് പിറകിലോട്ട് വലിക്കുന്ന ഇരട്ടത്താപ്പായിരുന്നു ഭരണകൂട അജണ്ട. ദൈവത്തെയും മതത്തെയും നിരാകരിച്ച നാസ്തികർ ഭരിച്ച ചുരുങ്ങിയ കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപതരക്കോടി ജനങ്ങളെയാണ് കൊന്നൊടുക്കിയത്. ലോകമഹായുദ്ധത്തിലെ കണക്കിനെക്കാൾ വലുതാണിത്.സർവ സാഹോദര്യം വിളംബരം ചെയ്യുന്ന ആശയത്തിന് കീഴിൽ നടമാടിയ ക്രൂരതയുടെ പേരിലും കൂടിയാണ് മാർക്സിസം അറിയപ്പെടുന്നത്. ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന കൊലപാതാകങ്ങൾ അതിന്റെ നേർസാക്ഷ്യമാണ്.
മാർക്സും എങ്കൽസും ചേർന്ന് ആവിഷ്കരിച്ച ലോകവീക്ഷണം പ്രകൃതിയുടെയും സമൂഹത്തിന്റെയും വികാസത്തിന്റെ വസ്തുനിഷ്ഠ നിയമങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയതാണ്. ശാസ്ത്രീയ വസ്തുതകളെ ആശ്രയിച്ചിരിക്കുന്ന ഈ വീക്ഷണം മതത്തിന് തീർത്തും എതിരായിട്ടുള്ളതാണെന്ന് `മതത്തെപ്പറ്റി ´ എന്ന കൃതിയിൽ ലെനിൻ സ്ഥാപിക്കുന്നു. ദൈവത്തെയോ മതത്തെയോ ഒരർത്ഥത്തിലും യാഥാർഥ്യമായി അംഗീകരിക്കാൻ ഭൗതിക വാദ പരമായ മാർക്സിസത്തിന് സാധ്യമല്ല. ആചാര്യന്മാരായിരുന്ന ലെനിനും സ്റ്റാലിനും മതത്തെ ഇല്ലാതാക്കാൻ അധികാരശക്തി ഉപയോഗപ്പെടുത്തുകയും ചരിത്രത്തിന്റെ നാൽക്കവലകളിൽ മറക്കാനാകാത്ത വംശഹത്യകൾ കാഴ്ച വെക്കുകയുമാണ് ചെയ്തത്. ലക്ഷക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിൻ തന്റെ ആശയ രൂപീകരണ-സംസ്ഥാപനത്തിന് പ്രചോദാനമുൾക്കൊണ്ടതും മുഖ്യകാരണവരായി സ്വീകരിച്ചതും മതത്തെ മയക്കുമരുന്നായി കണ്ട മാർക്സിസമാണ്. മതം പ്രസരിപ്പിക്കുന്ന സാംസ്കാരിക തത്ത്വങ്ങളും സദാചാര ബോധവും മാർക്സിസത്തിനൊരിക്കലും പ്രദാനം ചെയ്യാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, മതം സജ്ജീകരിച്ചു വെച്ച ഒരു ലോകത്തിലെ ബോധ്യമണ്ഡലങ്ങളിലെ ല്ലാം വ്യാപിച്ചു കിടക്കുന്ന സാമൂഹിക പ്രതിബദ്ധതക്ക് കോട്ടം വരുത്തുകയും ചെയ്തു.
മതത്തെ ഇത്രത്തോളം നിരാകരിക്കുന്ന ഒരു ആശയസംഹിതക്ക് കീഴിൽ ഒരു വിശ്വാസിയുടെ അടിയറവ് എത്രത്തോളം നിഷേധാത്മകമാണ്! കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് `വിശ്വാസി ´ ഇസ്ലാമിന്റെ ചട്ടക്കൂടിൽ നിന്ന് വിദൂരത്താണ്. ദൈവത്തെയും മതത്തെയും പരലോകത്തെയും നിഷേധിക്കുന്ന വാദത്തിൽ അടിയുറപ്പിക്കുന്ന മാർക്സിസം തീർത്തും അനിസ്ലാമികവും മുസ്ലിംകൾക്ക് അസ്വീകാര്യവുമാണെന്ന് പണ്ഡിതർ സമർത്ഥിക്കുന്നു. സ്വന്തം യുക്തി ബോധവും ചിന്താശേഷിയും മാത്രം അവലംബിച്ച് മതവിരോധം ഉത്പാദിപ്പിക്കുന്ന ഇത്തരം ആദർശ സംഹിതകളിൽ പെട്ട് പോകുന്ന മിഥ്യഭിമാനികൾ ഇതിലടങ്ങിയിരിക്കുന്ന വിഷബീജങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഏക ദൈവത്വത്തിലും പ്രവാചകത്വത്തിലും നിലനിൽക്കുന്ന ഒരു വിശ്വാസഘടന മുന്നോട്ട് വെക്കുന്ന ഇസ്ലാം ഒരേയവസരത്തിൽ നാസ്തികവാദത്തെ അംഗീകരിക്കുക എന്നത് നഗ്നമായ വൈരുധ്യമാണ്. അങ്ങനെയിരിക്കെ ഒരു യഥാർത്ഥ ഇസ്ലാം മതവിശ്വാസിക്ക് എങ്ങനെയാണ് മാർക്സിസത്തിൽ അണി നിരക്കാനാവുക? ഒരു മനുഷ്യന് ഒരേ സമയം രണ്ട് വൈരുദ്ധ്യാശയങ്ങളെ സമന്വയിപ്പിച്ച് കൊണ്ട് പോകൽ തീർത്തും അസാധ്യമാണ്. സ്വാഭാവികമായും ഒന്ന് പിന്തുടരാനെ സാധിക്കൂ.. അയാൾ ഏതൊന്നിന് വേണ്ടിയാണോ സർവ്വവും ഉപേക്ഷിക്കുന്നത് അതാണയാളുടെ യഥാർത്ഥ ആദർശം. അല്ലെങ്കിൽ പിന്നെ ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന തോതിൽ സ്വന്തം മതവിശ്വാസത്തെ സ്വകാര്യതയിൽ ഒതുക്കി രാഷ്ട്രീയത്തിൽ എന്തുമാകാം എന്ന ന്യായീകരണ തൊഴിൽ സ്വീകരിക്കേണ്ടി വരും. മാർക്സിസത്തെ മഹത്വവൽക്കരിക്കുന്ന `ടൂൾസ് ´ ധാരാളമുള്ളത് കൊണ്ടാണ് ജ്വലിച്ചു നിൽക്കുന്ന യുവത്വചിന്തകളിൽ ഇതിന്റെ അതിപ്രസരണം സാധ്യമാകുന്നത്. ചോര തിളയ്ക്കുന്ന മുദ്രാവാക്യങ്ങളോ ക്യാമ്പസുകളിലെ ചുവപ്പൻ വീരഗാഥകളോ അല്ല യഥാർത്ഥ കമ്മ്യൂണിസമെന്ന തിരിച്ചറിവ് മുസ്ലിം കമ്മ്യൂണിസ്റ്റുകൾക്ക് എന്നാണിനി മനസ്സിലാവുക?ചുരുക്കത്തിൽ, ഇസ്ലാമിനെയും അതിന്റെ തത്വങ്ങളെയും നിയമങ്ങളെയും അനുസരിച് ജീവിക്കുന്ന ഒരു മുസ്ലിമിന് കമ്മ്യൂണിസമെന്ന കാലഹരണപ്പെട്ട ചിന്താഗതിക്ക് പിറകിൽ പോവാനാകില്ല. ഇത്തരം ആശയങ്ങൾക് കൊടിപിടിക്കുന്ന സമത്വ -ജനാധിപത്യവാദികൾ അറിയേണ്ട ഒന്നുണ്ട്, ലോകത്തേറ്റവും ജനാധിപത്യവും മനുഷ്യാവകാശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു മതമുണ്ടെങ്കിൽ അത് ഇസ്ലാമാണ്. കാരണം, ഭൂമിയിൽ ജീവിക്കുന്നത്തിനാവശ്യമായതെല്ലാം സംഭാവന ചെയ്യുന്ന ചിന്താധാരയാണിസ്ലാം!
Fathima Ashmila kp&Nihala k
Algaith islamic and arts college
3 Comments
🌟
ReplyDeleteThis comment has been removed by the author.
ReplyDelete👍👍
ReplyDelete