സൂറത്തുൽ അമ്പിയാഅ്:പ്രവാചകോപമയും സൃഷ്ടി വൈഭവവും



പരിശുദ്ധ ഖുർആനിലെ ഇരുപത്തിയൊന്നാം അധ്യായമാണ് സൂറത്തുൽ അമ്പിയാഅ്.മക്കയുടെ വിശുദ്ധ മണൽതട്ടിലേക്ക് അവതരിച്ച  ഈ സൂറത്തിൽ 112 ആയത്തുകളെ 7 ഖണ്ഡിക കൾ ആയിട്ടാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്.'അമ്പിയാഅ്' എന്ന ശബ്ദത്തിന് പ്രവാചകന്മാർ എന്നാണർത്ഥം. പല പ്രവാചകന്മാരുടെയും ചരിത്രങ്ങൾ ഈ അധ്യായത്തിൽ പരാമർശ വിഷയമായത് കൊണ്ടാണ് ഇതിന്  അമ്പിയാഅ് എന്ന നാമം സിദ്ധിച്ചത്.

                 പ്രവാചകന്മാരിൽ പലരുടെയും ചരിത്രങ്ങളിലേക്കുള്ള സൂചനകൾ,الله വിൽ നിന്നുള്ള അതികഠിനമായ ശിക്ഷ നേരിൽ ദർശിച്ചപ്പോൾ ഓടി അകലാൻ ശ്രമിക്കുന്ന അക്രമകാരികളെ പരിഹസിക്കുന്നതും, മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കൾ ആണെന്ന് വിശ്വസിക്കുന്നവരെ ഖണ്ഡിക്കുകയും, ആകാശ ഭൂമികളുടെ സൃഷ്ടിപ്പും അതിന്റെ ക്രമീകരണവും സകല വസ്തുക്കളുടെ സൃഷ്ടിപ്പും അനാവരണവും,സത്യനിഷേധികളുടെ നാശം അവർക്ക് മുന്നിൽ തന്നെ പ്രത്യക്ഷപ്പെട്ടിട്ടും അഹങ്കരിക്കുന്നവർക്ക് നേരെയുള്ള ചോദ്യവും,ശത്രുക്കളുടെ അഗ്നികുണ്ഠത്തിൽ നിന്നും ഇബ്രാഹിം നബിക്ക് അല്ലാഹു നൽകിയ രക്ഷയും ലൂത്ത് നബിയോടൊപ്പം ഉള്ള സിറിയയിലേക്കുള്ള പലായനവും,ഉൽബോധനം ജനങ്ങളിലേക്കെത്തിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെയും അവരുടെ ക്ഷമാശീലത യെയും ഉൾക്കൊള്ളിച്ചുകൊണ്ട് 7 ഖണ്ഡികകൾ ആയിട്ടാണ് ഈ സൂറത്തിൽ പരാമർശിച്ചിട്ടുള്ളത് .

                  മുഹമ്മദ് നബിയെ സത്യനിഷേധികൾ പരിഹാസരൂപേണ ആക്ഷേപിക്കുന്നതായാണ്  സൂറത്തിന്റെ ആരംഭത്തിൽ കാണുന്നത്.മുഹമ്മദ് നബി കവിയാണെന്നും ജാലവിദ്യക്കാരൻ ആണെന്നും അവർ വാദിക്കുന്നു. അക്രമം ചെയ്ത് നാട്ടുകാരെ എടുത്തു പറഞ്ഞു കൊണ്ട് മുഹമ്മദ് നബിക്ക് الله ഉപമ പറഞ്ഞുകൊടുക്കുന്നു. മാത്രമല്ല, الله അതികഠിനമായ വേദനാജനകമായ ശിക്ഷ അവർക്ക് മുമ്പിൽ ദർശിച്ചപ്പോൾ ഓടിയകലാൻ ശ്രമിക്കുന്നവരെ അല്ലാഹു പരിഹാസപൂർവ്വം പരിഹസിക്കുന്നത് 21 മുതൽ 25 വരെയുള്ള സൂക്തങ്ങളിൽ നമുക്ക് കാണാം.

              അല്ലാഹുവിന്റെ പെൺമക്കളാണ് എന്ന് അവർ വാദിക്കുന്നു എന്നാൽ അല്ലാഹു പറയുന്നു

                وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ.

لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ

(21:26,27).മലക്കുകൾ അല്ലാഹുവിന്റെ സന്താനങ്ങൾ അല്ലെന്നും അല്ലാഹുവിൻറെ ആദരണീയരായ ദാസന്മാർ ആണെന്നും അല്ലാഹുവിന്റെ കല്പന അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് എന്നും ഈ സൂക്തത്തെ തെളിവാക്കി നമുക്ക് കണ്ടെത്താൻ സാധിക്കും.

ഇബ്രാഹിം നബി അവരുടെ ജനതയുടെ വിഗ്രഹങ്ങളെ നശിപ്പിച്ചത് കാരണത്താൽ നബിയെ വലിയൊരു അഗ്നികുണ്ഡത്തിലേക്ക്‌ എറിയുകയും തൽക്ഷണം ”

قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ

(ഓ അഗ്നി, ഇബ്രാഹിം നബിക്ക് നീ തണുപ്പും രക്ഷയുവുക) എന്ന് അഗ്നിയോട് അല്ലാഹു കല്പിച്ച സന്ദർഭം ഇതിലൂടെ പരാമർശിക്കുന്നു.ശിക്ഷിക്കാൻ ഏറ്റവും അധികാരം അല്ലാഹുവിന്നാണ് എന്ന് നമുക്ക് മുന്നിലേക്ക് ഈ സൂക്തം തുറന്നുകാട്ടുന്നു.

        ഈ സൂറത്തിന്റെ മധ്യത്തിൽ ഉടനീളം പല പ്രവാചകന്മാരുടെയും ചരിത്ര സംഭവങ്ങൾ ഉപമയായി നബി (സ്വ)തങ്ങൾക്ക്  അല്ലാഹു പറഞ്ഞു കൊടുക്കുന്നുണ്ട്. മൂസാ നബി (അ)ന്റെയും,ഹാറൂൺ നബിയുടെയും, അഗ്നികുണ്ഠത്തിൽ എറിയപ്പെട്ട ഇബ്രാഹിം നബിയുടെയും, ലൂത്ത് നബിയോടൊപ്പം അദ്ദേഹത്തെ അനുഗ്രഹിച്ച നാട്ടിലേക്ക് രക്ഷപ്പെടുത്തിയതും, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ ദാനമായി നൽകിയതും,നൂഹ് നബിയേയും കുടുംബത്തെയും നൂഹ് നബിയുടെ പ്രാർത്ഥന കാരണം  മഹാ ദുഃഖത്തിൽ നിന്നും രക്ഷപ്പെടുത്തിയതും,ദാവൂദ് നബിയും സുലൈമാൻ നബിയും വിധി കൽപ്പിച്ച സന്ദർഭവും,കൂടാതെ പർവ്വതങ്ങളെയും പറവകളെയും കീഴ്പ്പെടുത്തി കൊടുത്ത ദാവൂദ് നബിയുടെയും, കാറ്റിനേയും ജിന്നിനെയും കീഴ്പ്പെടുത്തി കൊടുത്ത സുലൈമാൻ നബിയുടെയും ചരിത്ര സംഭവങ്ങൾ الله നബി തങ്ങൾക്ക് വ്യക്തമായിക്കൊടുക്കുന്നത് കാണാം.മക്കളെ മരണപ്പെടുത്തി പരീക്ഷിച്ച സന്ദർഭത്തിൽ ക്ഷമ കൈകൊണ്ട അയ്യൂബ് നബിയുടെയും  ഇസ്മായിൽ, ഇദിരീസ്,ദുൽകിഫിൽ എന്നിവരുടെ ക്ഷമാശീലതയെയും, അപ്രകാരംതന്നെ സക്കരിയ നബിയുടെ ദുആ പ്രകാരം മകൻ യഹ്‌യ നബിയെ നൽകിയ സംഭവങ്ങളും വിവരിക്കുന്നുണ്ട്.

                 പ്രവാചകന്മാരെല്ലാം ജനങ്ങളെ ക്ഷണിച്ചത് മനുഷ്യൻ ഒരൊറ്റ സമുദായം അവർക്ക് ഒരേയൊരു ദൈവം എന്ന ആശയത്തിലേക്ക് ആയിരുന്നു.അക്രമം ചെയ്തവരെ ഖിയാമത്ത് നാളിൽ ഒരുമിച്ചു കൂട്ടപ്പെടു മെന്നും സത്യവിശ്വാസികൾക്ക് പ്രവർത്തനത്തിന് അനുസരിച്ച് പ്രതിഫലം നൽകുകയും ദുർനടപ്പുകാർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന് അല്ലാഹു വാഗ്ദാനം പൂർത്തിയാക്കുമെന്നും ഇതിൽ വിശദീകരിക്കുന്നു.എല്ലാ ഗൈബായ കാര്യങ്ങളും അള്ളാഹു അറിയുന്നുണ്ടെന്നും എല്ലാറ്റിനെക്കുറിച്ചും അവൻ അറിവുള്ളവൻ ആണെന്നും നമ്മെ ഓർമ്മപ്പെടുത്തുന്നു.


 Hajirath Mubeena

Beevi khadeeja women's academy balla kadappuram