കെ. റെയിൽ: കേരളക്കരയുടെ അദൃശ്യ ആരാച്ചാരോ ?


     ദൈവത്തിന്റെ സ്വന്തം നാട്ടിലെ തല മൂത്തഭരണാധികാരികൾ കോടികൾ വിലമതിക്കുന്ന " കഴുമരത്തിന് "തറക്കല്ലിടുന്ന കാഴ്ച്ചകളാണ് ഈയടുത്തായി നാം കണ്ടു കൊണ്ടിരിക്കുന്നത്. എകദേശം മൂന്നരക്കോടിയോളം വരുന്ന ജനങ്ങളുടെയും പക്ഷിമൃഗാദികളുടെയും ശ്വസന നാളിൽ കൃത്യമായിയിട്ട കുരുക്കിൽ , കൊല്ലാനുതകുന്ന രീതിയിലുള്ള എല്ലാ സുഖസംവിധാനങ്ങളും വിന്യസിക്കുന്ന പദ്ദതിക്ക് ആകെ ചിലവ് വെറും 64941രൂപ മാത്രം ......!


 ഇനി കാര്യത്തിലേക്ക് കടക്കാം .....,


   തിരുവനന്തവുരത്തു നിന്ന് കാസർക്കോട്ടേക്കും, തിരിച്ചു തലസ്ഥാനത്തേക്കും പ്രതിദിനം 80,000 യാത്രക്കാർ യാത്ര ചെയ്യാനുണ്ടാവുമെന്ന സർക്കാരിന്റെ കണക്കുകൂട്ടലിൽ കോടികൾ മുടക്കി കൊണ്ടുവരുന്ന പദ്ദതിയാണ് കെ. റെയിൽ അഥവാ സിൽവർ ലൈൻ . പാവപ്പെട്ടവരുടെയും നിരക്ഷരരുടെയും അധികാരമില്ലാത്തവരുടെയും ജീവിത ചുറ്റുപാടുകളെ തൂക്കികൊന്നാണ് പ്രൊജക്ടിന്റെ നിർമാണം . 64,941 കോടിയെന്ന് കെ.റെയിൽ അധികൃതരും 1,25,000 കോടിയെന്ന് നീതി ആയോഗും ഇതിനു രണ്ടിനുമിടയിലെന്ന് സിസ്ട്രേയും പറയുമ്പോൾ സത്യമെന്തെന്ന് അപ്പോഴും വ്യക്തമല്ല. നിലവിൽ കോടികൾ പ്രതീക്ഷിക്കുന്ന പദ്ധതി തെക്ക് - വടക്ക്  വൻമതിലായി വെട്ടി മുറിക്കുന്നതിനെപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മിൽ വേർതിരിക്കുന്ന വൻ കോട്ടയായി മാറും. 1383 ഹെക്ടർ സ്ഥലം ആവിശ്യമാവുകയും ചുരുങ്ങിയത് 20,000 കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരുകയും ചെയ്യും. 145 ഹെക്ടർ നെൽ വയൽ നികത്തുകയും 1000 മേൽപാലങ്ങളോ അടിപ്പാലങ്ങളോ നിർമിക്കുകയും ചെയ്യണം. അത്രയേ വേണ്ടൂ....!

 

        15 മുതൽ 30 അടി ഉയരത്തിലും അതിനാനുപാതികമായ വീതിയിലുമുണ്ടാക്കുന്ന സിൽവർ ലൈനിൽ 292 കി.മീ (മൊത്തം ദൂരത്തിന്റെ 55% ) എംബാങ്ക്മെന്റ് രീതിയിൽ (ഇരു ഭാഗത്തും ഭിത്തി കെട്ടി കല്ലും മണ്ണും നിർമിക്കുന്ന രീതി) വൻമതിൽ പോലെയാണ് നിർമിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിനിരുവശത്തും മതിലും കെട്ടണം. ആകെ 530 കി .മീറ്റർ നീളം ഉദ്ദേശിക്കുന്ന പദ്ധതിയിൽ 102 കി.മീറ്ററുകളോളം കുന്നും മലയും മറ്റ് ആവാസവ്യവസ്ഥകളും നിരത്തുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ പദ്ധതി നിലവിൽ വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിർഗമനമാർഗങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസി തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെട്ടിട്ടുണ്ടോ അത് താഴ്ന്ന പ്രദേശങ്ങളാണെങ്കിൽ വെള്ളപ്പൊക്കവും മലയോര മേഖലകളാണെങ്കിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്നതിന്ന് ഇനിയൊരു പഠനത്തിന്റെയും ആവശ്യമില്ല.അതിനാൽ തന്നെ ജലത്തിന്റെയും ജലസഞ്ചാരത്തിന്റെയും മറ്റ് ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും സുസ്ഥിരവും സുരക്ഷിതവുമായ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ ആകെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. ഇതൊക്കെ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാവാം കേരള ശാസ്ത്ര പരീഷണ രംഗത്ത് പോലും സർക്കാറിനെതിരെ തിരിഞ്ഞ് നിൽക്കുന്നത്.

ഇത്രയൊക്കെയായിട്ടും പിണറായി സർക്കാറിന്റെ കണ്ണ് മാത്രമെന്തേ തുറക്കാത്തത്?

           

           കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ പ്രഖ്യാപിച്ച റിപ്പോർട്ടിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളരെ മോശമായ രീതിയിലാണിപ്പോൾ. കൂടാതെ രണ്ട് മാസം 5700 കോടി രൂപയാണ് സർക്കാർ പലിശ കൊടുത്ത് കടമെടുക്കുന്നത്. 3,50,000 കോടിയോളമാണ് ഇപ്പോഴത്തെ പൊതു കടബാധ്യത. 96,000 രൂപയാണ് കേരളത്തിന്റെ ആളോഹരി കടം.സിൽവർ ലൈൻ കൂടി വന്നാൽ മൂന്നര കോടിയിലേറെ ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ആളോഹരി കടം 1,50,000 ത്തിലേക്ക് എത്തും. അതിനാൽ തന്നെ വമ്പൻ ബജറ്റിൽ കൊണ്ടു വരാനുദ്ദേശിക്കുന്ന ഈ പദ്ദതി കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതല്ല.  ജപ്പാനിൽ നിന്നും ആവശ്യമായവണ്ണം പലിശയില്ലാതെ നൽകുമെന്നാണ് സർക്കാർ പറയുന്നത്. എങ്കിൽ പോലും പലിശക്ക് സമാനമായ ബാധ്യത സംസ്ഥാന സർക്കാരിന്റെ തലയിൽ വരുമെന്നുള്ളത് ഉറപ്പാണ്. കാരണം പലിശ രഹിത വായ്പ തിരിച്ചടക്കേണ്ടത് ജപ്പാൻ കറൻസിയായ 'യെന്നി'ലായതിനാൽ ദിനം തോറും മൂല്യത്തിൽ ഇടിവ് സംഭവിക്കുന്ന ഇന്ത്യൻ രൂപ വെച്ച് നോക്കുമ്പോൾ വർഷത്തിൽ 5 ഉം 6 ഉം ശതമാനം വരെ പലിശക്ക് സമാനമായ ബാധ്യത നമ്മുടെ തലയിൽ വരുന്നതാണ്. ഒരു ലക്ഷം കോടിക്ക് അഞ്ചു ശതമാനം കണക്കാക്കിയിൽ ഓരോ വർഷവും 8000 മുതൽ 6000 കോടി വരെ രൂപയുടെ അധിക ബാധ്യതയുണ്ടാവും. സ്റ്റാൻഡേഡ് ഗേജിലുള്ള 500 കി.മീറ്റർ റെയിൽപാതയിൽ നിന്ന് പ്രവർത്തന ചെലവ്കഴിച്ച്  ഇത്രയും തുകയും കൂടി  കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പു തന്നെ. എന്നിട്ടും  കടം തരാൻ വിദേശ ബാങ്കുകളും ഏജൻസികളും ഉണ്ടെന്ന് പറഞ്ഞ് കേരളത്തിലെ ഓരോ പൗരനെയും പിഴിഞ്ഞെടുത്ത് , സ്വന്തം ജനതയെ അവർക്ക് പണയപ്പെടുത്തുകയാണ് ഇടതുപക്ഷ സർക്കാർ.



   വളരെ അപകടകരമായ കെ. റെയിലിനു പകരം നിരവധി പ്രഗത്ഭർ ഇതിനായി ബദൽ മാർഗങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട് .അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട വിദഗ്ധൻ എന്ന നിലക്ക് അലോക് വർമ്മ ചൂണ്ടിക്കാട്ടുന്ന നടപടി സ്വീകരിക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ നിലവിലെ പാതയിൽ പരമാവധി 100 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. ഇപ്പോഴുള്ള പാത നവീകരിച്ചാൽ 150 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും.സിൽവർ ലൈൻ വന്നാൽ ട്രെയിൻ ഓടിക്കാവുന്ന പരമാവധി സ്പീഡ് 200 കിലോമീറ്റർ എന്നാണ് പറയുന്നത്. അതിനാൽ ഈ പദ്ധതിയെ ഒരുപരിധിവരെ സിൽവർ ലൈനിന് ബദലായി പരിഗണിക്കാവുന്നതാണ്. ഇതുകൂടാതെ റെയിൽവേ സിഗ്നൽ ഓട്ടോമാറ്റിക്കായി നവീകരിക്കുക, മറ്റൊരു സൂപ്പർ ട്രാക്ക് കൊണ്ടുവരുക (ബ്രോഡ്ഗേജിൽതന്നെ ),

കാസർകോടിനും കാഞ്ഞങ്ങാടിനും കണ്ണൂരിലെ പോലെ മറ്റൊരു എയർപോർട്ട് (ഇതിനൊന്നും ഇപ്പോൾ കണക്കാക്കിയ കെ റെയിലിനു നിശ്ചയിച്ച ചെലവിന്റെ അഞ്ചിലൊന്ന് പോലും വരില്ലെന്നാണ്  വിദഗ്ധ വാദം)ഇവയിലേതും  ബദലായി കൊണ്ടു വരാവുന്നതാണ്. ഇവയൊന്നും ആലോചിക്കാതെ 50 കിലോമീറ്റർ സ്പീഡ് കൂടുതൽ കിട്ടാൻ വേണ്ടി അതായത്, കാസർകോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ പരമാവധി ഒന്നോ ഒന്നരയോ മണിക്കൂർ യാത്രാസമയം ലാഭത്തിനുവേണ്ടിയാണ് പ്രകൃതിയെ നശിപ്പിച്ച് നിരവധി പേരെ  കുടിയൊഴിപ്പിച്ച്, സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നുവെത് തീർത്തും വലിയ വിഡ്ഢിത്തം തന്നെ .


എന്തായാലും  സർക്കാരിന്റെ  " ഇടത് " ബുദ്ധിയിൽ തെളിഞ്ഞുവന്ന പദ്ധതി ജനലക്ഷങ്ങളുടെ ജീവൻ കവരുന്ന , അല്ലേൽ മൃതപ്രായനാക്കി ചവച്ചു തുപ്പുന്ന ആരാച്ചാറാകുമോ  ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം .....!


Munshiya .c

Bafakhy wafiyya college