സൂറത്തു റൂം: ജയപരാജയത്തിലേക്കു ള്ള വഴിത്തിരിവോ? 



പരിശുദ്ധ ഖുർആനിലെ 60 വാക്യങ്ങൾ ഉൾക്കൊള്ളുന്ന മുപ്പതാമത്തെ അദ്ധ്യായ മാണ് സൂറത്തു റൂം. യുദ്ധത്തിൽ ഇറാനി കൾക്കെതിരെയുണ്ടായ റോമക്കാരുടെ വിജയത്തെ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം  ആയതിനാലാണ് "റൂം" എന്ന് ഇതിന് നാമകരണം ചെയ്യപ്പെട്ടത്. ഈ സൂറത്തിലെ വാക്യങ്ങളിൽ ഭൂരിഭാഗവും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൈവീക ഔദാര്യങ്ങൾ, സസ്യങ്ങളിലും മൃഗങ്ങളിലും ഉള്ള ദാമ്പത്യ വ്യവസ്ഥ, മണ്ണിൽ നിന്നുള്ള മനുഷ്യന്റെ സൃഷ്ടിപ്പ്,സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം, ഉറക്കം എന്നിവയെക്കുറിച്ചാണ് അവതരിപ്പിക്കുന്നത്.



അവിശ്വാസത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളുടെ പരാജയവും ,ഇസ്ലാമിന്റെ ഉയർച്ചയും വിജയവും ഈ സൂറയുടെ മറ്റൊരു പ്രധാന വിഷയമാണ്.പേർഷ്യക്കാരുടെ മേൽ റോമക്കാരുടെ ആത്യന്തിക വിജയത്തെ കുറിച്ചുള്ള ഒരു പ്രവചനത്തിന്റെ പ്രഖ്യാപനത്തോടെയാണ് ഈ സൂറത്ത് ആരംഭിക്കുന്നത്. പേർഷ്യൻ അധിനിവേശത്തിന്റെ വേലിയേറ്റം അതിന്റെ അപ്രതിരോധ്യമായ കുതിച്ചുചാട്ടത്തിന് മുമ്പായി എല്ലാം തൂത്തുവാരുകയും റോമക്കാരുടെ അധഃപതനവും  അപമാനവും അതിന്റെ ഏറ്റവും താഴ്ന്ന ആഴത്തിലേക്ക്‌ കൂപ്പുകുത്തുകയും ചെയ്ത സമയത്താണ് ഈ പ്രവചനം ഉണ്ടാവുന്നത് . നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും തൊട്ടുമുമ്പും, അറേബ്യൻ അർദ്ധ ദ്വീപിന്റെ ചില ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി പേർഷ്യക്കാരും റോമക്കാരും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്നു. വേദക്കാരായ ക്രിസ്ത്യാനികളെന്ന നിലയിൽ റോമക്കാരോട് മുസ്ലീങ്ങൾക്കും ബഹുദൈവാരാധകരായ അറബികൾക്ക് പേർഷ്യക്കാരോടുമായിരുന്നു അനുഭാവം. ഹിജ്റക്ക്  ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പ് റോമക്കാർക്കെതിരിൽ പേർഷ്യക്കാർ വിജയം നേടിയപ്പോൾ ബഹുദൈവാരാധകർ അതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും മുസ്ലീങ്ങളെ പരിഹസിക്കുകയും ചെയ്തു. ആ സന്ദർഭത്തിലാണ്    ظهر الفسادفي الارض والبحر بما کسبت أيدی الناس ليذيقهم بعض اللذی عملوا لعلهم يرجعون    എന്ന വചനം അവതരിച്ചത്. റോമക്കാരുടെ പരാജയം താൽക്കാലികം മാത്രമാണെന്നും, ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ വിജയം നേടുമെന്നും അല്ലാഹു ഇതിലൂടെ പ്രഖ്യാപിക്കുന്നു. ഏഴു വർഷങ്ങൾക്കു ശേഷം വിശുദ്ധ ഖുർആനിന്റെ പ്രവചനം പുലർന്നു.റോമക്കാർ വിജയം നേടുകയും പേർഷ്യയുടെ അധികാരത്തിലിരുന്ന പല പ്രദേശങ്ങളിലും അവർ അധിനിവേശം നടത്തുകയും ചെയ്തു. ചരിത്രം നമുക്കിങ്ങനെ വായിക്കാം. നബിസല്ലല്ലാഹു അലൈഹി വസല്ലമയെ പ്രവാചകനായി നിയോഗിക്കുന്നതിന് മുമ്പ് ബൈസന്റൈൻ ചക്രവർത്തിയായ മൗറിസിനെ ഫോക്കസ് പുറത്താക്കി സിംഹാസനം പിടിച്ചെടുത്ത് രാജാവായി. ഫോക്കസ് ആദ്യം ചക്രവർത്തിയുടെ അഞ്ചു ആൺമക്കളെ തന്റെ മുന്നിൽവെച്ച് വധിക്കുകയും തുടർന്ന് ചക്രവർത്തിയെയും കൊലപ്പെടുത്തി അവരുടെ തല കോൺസ്റ്റാന്റിനോപ്പിളിലെ  ഒരു വഴിയിൽ തൂക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ചക്രവർത്തിയുടെ മൂന്നു പെൺമക്കളെയും വധിച്ചു. ഈ വിവരം ഇറാനിലെ സസാനിദെന്ന  രാജവംശത്തിലെ രാജാവായ കുസ്രു പർവേഷിന് ലഭിച്ചു. കൊല്ലപ്പെട്ട മൗറിസ് ചക്രവർത്തി അദ്ദേഹത്തിന്റെ ഗുണഭോക്താവ് ആയിരുന്നു. മാത്രമല്ല,  അദ്ദേഹത്തിന്റെ സഹായത്തോടെയാണ് കുസ്രു രാജാവിന് ഇറാന്റെ സിംഹാസനം ലഭിക്കുന്നതും . അതിനാൽ, തന്റെ ഗോഡ്ഫാദറിന്റെയും മക്കളുടെയും കൊലപാതകത്തിന് ഫോക്കസിനോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.അങ്ങനെ, അദ്ദേഹം 603 AD യിൽ ബൈസാന്റിയെത്തിനെതിരെ യുദ്ധം  തുടങ്ങുകയും ,ഏതാനും വർഷങ്ങൾക്കുള്ളിൽ ഫോക്കസിന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഈ അവസരത്തിൽ ഫോക്കസിന് രാജ്യത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് ബൈസന്റൈൻ മന്ത്രിമാർ കണ്ടപ്പോൾ, അവർ ആഫ്രിക്കൻ ഗവർണറുടെ സഹായം തേടുകയും അദ്ദേഹം തന്റെ മകൻ ഹെരാക്ലിയസിനെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് ശക്തമായ ഒരു കപ്പലുമായി അയക്കുകയും ചെയ്തു. പിന്നീട് അവർ ഫോകസിനെ ഉടൻ സ്ഥാനഭ്രഷ്ടനാക്കുയും ഹെരക്ലിയസിനെ ചക്രവർത്തിയാക്കുകയും ചെയ്തു. 610 ൽ നബി(സ്വ) പ്രവാചകത്വത്തിലേക്ക് നിയുക്തനായ വർഷത്തിലായിരുന്നു ഇത് സംഭവിച്ചത്. ഈ വിജയത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഇറാൻ സൈന്യം ജോർദാൻ,ഫലസ്തീൻ സിനായ് പേനിൻസുലാ മുഴുവൻ കീഴടക്കി ഈജിപ്തിന്റെ അതിർത്തിയിലെത്തി. ആ ദിവസങ്ങളിൽ തന്നെ മക്കയിൽ ചരിത്രപരമായ മറ്റൊരു സംഘർഷം കൂടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. നബി(സ്വ) യുടെ നേതൃത്വത്തിൽ ഏകദൈവ വിശ്വാസികൾ ഖുറൈശി മേധാവികളുടെ അനുയായികൾക്കെതിരെ തങ്ങളുടെ നിലനിൽപ്പിനായി പോരാടുകയായിരുന്നു. ഇതിനെ തുടർന്ന് AD 615 ൽ മുസ്ലിങ്ങളിൽ ഗണ്യമായ ഒരു വിഭാഗം തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഖ്യകക്ഷിയായിരുന്ന ഹബാഷിലെ ക്രിസ്ത്യൻ രാജ്യത്തിൽ അഭയം തേടുകയും ചെയ്തു.


മാത്രമല്ല, ഈ സൂറത്തിലെ പ്രാരംഭ വാക്യങ്ങളിലെ പ്രവചനം ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്നും നബി (സ്വ) അല്ലാഹുവിന്റെ യഥാർത്ഥ ദൂതനാണെന്നും ഉള്ളതിന്റെ ഏറ്റവും മികച്ച തെളിവുകളിൽ ഒന്നാണ്. കാരണം ഇരുപത്തി എട്ടാം വചനം മുതലുള്ളവ തൗഹീദിന്റെ സ്ഥിരീകരണത്തിലേക്കും ശിർക്കിന്റെ ഖണ്ഡനത്തിലേക്കുമാണ് തിരിയുന്നത് .കൂടാതെ, മനുഷ്യന്റെ സ്വാഭാവിക ജീവിത രീതി ഏകദൈവത്തെ മാത്രം സേവിക്കുക എന്നതാണെന്നും ഊന്നിപറയുന്നു. ശിർക്ക്  എന്നത് പ്രപഞ്ചത്തിന്റെ സ്വഭാവത്തിനും മനുഷ്യന്റെ സ്വഭാവത്തിനും  എതിരാണ്.അതിനാൽ, എപ്പോഴൊക്കെ മനുഷ്യൻ ഈ വ്യതിയാനം സ്വീകരിച്ചുവോ അപ്പോഴെല്ലാമവർ അരാജകത്വത്തിലേക്കാണ് ചെന്നെത്തുന്നതെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു . അക്കാലത്തെ രണ്ട് വൻശക്തികൾ തമ്മിലുള്ള യുദ്ധത്തിന്റെ പേരിൽ ലോകത്തെ അധപ്പതനത്തിലേക്ക് തള്ളിയിട്ട അരാജകത്വത്തെ കുറിച്ച് ഇവിടെ വീണ്ടുമൊരു സൂചനയുണ്ട്, ഈ അരാജകത്വവും ശിർക്കിന്റെ  ഫലമായിരുന്നു.


ഈ  സൂറത്തിലെ ഏറെ ചിന്തനീയമായ മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുള്ള മറ്റൊരായത്ത് നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം.

يخرج الحيّ من الميت ويخرج الميت من  الحيّ ويحی الأرض بعد موتها وکذالك تخرجون.

ദൈവം അയക്കുന്ന ഒരു മഴപെയ്യുന്നതിനാൽ നിർജീവമായ ഭൂമി പെട്ടെന്ന് ജീവിക്കുകയും സസ്യജാലങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയും ചെയ്യുന്നതുപോലെയാണ് മരിച്ചവരുടെ കാര്യവുമെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ അള്ളാഹു ഈ ഒരു ഉപമ അവതരിപ്പിക്കുന്നു . മാത്രമല്ല,മനുഷ്യത്വത്തെ വെളിപാടിന്റെയും പ്രവാചകത്വത്തിന്റെയും രൂപത്തിൽ  അള്ളാഹു മഴയായി വർഷിപ്പിക്കുമ്പോൾ ,അത് മനുഷ്യരാശിക്ക് ഒരു പുതിയ ജീവിതം നൽകുകയും അത് വളരാനും വികസിപ്പിക്കാനും കാരണമാകുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു .


ഏറെ പ്രത്യേകതകൾ സമ്മേളിക്കുന്ന ഈ സൂറത്ത് വിജയം സത്യത്തിന്റെ തെളിവല്ലെന്നും ചിലപ്പോൾ തനിക്കിഷ്ടമുള്ളവർക്ക് കൂടുതൽ പ്രതീക്ഷ നൽകാനായി അല്ലാഹു അവരെ താൽക്കാലിക വിജയം മൂലം പരീക്ഷിക്കുമെന്നും, ശത്രുക്കൾക്ക് അവരുടെമേൽ അധികാരം നൽകുമെന്നുമുള്ള സന്ദേശമാണ് നൽകുന്നത്.


  - Hafilath Fathima Nadiya

& Hafilath Fathimathu Zahra


MIC Wafiyya College Kaipamangalam