സൂറത്തുൽ അഹ്സാബ്;സത്യവിശ്വാസികൾക്കൊരു മാർഗ്ഗദർശനം
മദീനയിൽ അവതരിച്ച 73 സൂക്തങ്ങൾ അടങ്ങിയ മുപ്പത്തി മൂന്നാം അധ്യായം. ഈ അധ്യായത്തിൻ്റെ ഔന്നത്യം കഴിഞ്ഞ സൂറത്തുകളിൽ ഒന്നും പരാമർശിക്കാത്ത പല വിഷയങ്ങളും ഈ സൂറത്തിൽ പരാമർശിക്കുന്നു എന്നതാണ്. പോറ്റു മക്കളെ കുറിച്ചുള്ള വിവരങ്ങൾ, നബിതിരുമേനിയോടും നബി പത്നിമാരോടും കാണിക്കേണ്ട മര്യാദകൾ, നബി പത്നിമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,കൂടുതൽ പത്നിമാരെ സ്വീകരിക്കാൻ നബിക്കുള്ള അനുവാദം, തുടങ്ങി പല വിഷയങ്ങളും ഈ അധ്യായത്തിൻ്റെ അധ്യാപനങ്ങളാണ്. പരിശുദ്ധ സൂറത്തിന്റെ അർത്ഥതലങ്ങളിലേക്കും മഹത്വപൊരുളു കളിലേക്കും പ്രവേശിക്കും മുമ്പേ 'അഹ്സാബി'ൻ്റെ പശ്ചാത്തലം വ്യക്തമാക്കേണ്ടതുണ്ട്.
ബനുന്നളീർ എന്ന ജൂതഗോത്രത്തെ തിരുമേനി (സ്വ) മദീനയിൽ നിന്നും ഖൈബറിലേക്ക് നാടുകടത്തിയിരുന്നു.അവരുടെ തലവന്മാർ മക്കയിൽചെന്ന് നബി (സ)തങ്ങൾക്കെതിരെ യുദ്ധം ചെയ്യുവാൻ ഖുറൈശികളെ പ്രേരിപ്പിക്കുകയും എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു.അങ്ങനെ ഖു റൈശികളും ജൂതന്മാരും അനുഭാവികളും ചേർന്ന് പതിനായിരത്തോളം വരുന്ന ഒരു സഖ്യകക്ഷി സേന അബു സുഫിയാൻ്റെ നേതൃത്വത്തിൽ മദീനയിലേക്ക് നീങ്ങി.വിവരം അറിഞ്ഞ നബി തിരുമേനി ശത്രുക്കൾ മദീനയിലേക്ക് കടക്കാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളിലും കിടങ്ങ് കുഴിക്കാൻ തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകി.കിഴക്കുഭാഗത്തുള്ള കുന്നിൻ പ്രദേശങ്ങളിലും പടിഞ്ഞാറുഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളിലും എല്ലാം അവർ ഉപരോധം ഏർപ്പെടുത്തി. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അതിശക്തമായ ഒരു പരീക്ഷണ ഘട്ടമാണ് ഒരുക്കിയത്. കിടങ്ങുകൾക്കിരുവശത്തുനിന്നുമായി ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകൾ,ഉപരോധംമൂലം ഉണ്ടായിത്തീർന്ന സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾ,ശത്രുക്കളും കപടവിശ്വാസികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾ എല്ലാം മുസ്ലിമീങ്ങൾക്ക് അതികഠിനമായ ഒരു പരീക്ഷണമാണ് ഒരുക്കിയത്.പരാജയം അവർ മുന്നിൽ കാണുകയും അല്ലാഹുവിനെക്കുറിച്ച് പല ധാരണകളും അവരിൽ ഉടലെടുക്കുകയും ചെയ്തു.എന്നാൽ സർവ്വശക്തന്റെ തീരുമാനം മറ്റൊന്നായിരുന്നു.ശക്ത ശത്രുപാളയത്തിൽ അതിശക്തമായ കാറ്റ് അടിച്ചുവീശി.അതവർക്ക് വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും
അവർ ഭയചകിതരായി പിന്തിരിഞ്ഞോടുകയും ചെയ്തു.മലക്കുകൾ അവരെ പരാജയപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. സത്യവിശ്വാസികൾ വൻ വിജയം നേടി.സഖ്യകക്ഷികൾ നയിച്ച യുദ്ധമായതുകൊണ്ട് ഇതിന് 'അഹ്സാബ് യുദ്ധം' എന്നും കിടങ്ങ് കുഴിക്കൽ തന്ത്രം പ്രയോഗിച്ച യുദ്ധമായതുകൊണ്ട് ഇതിന് 'ഖന്തഖ് യുദ്ധം' എന്നും പേരുണ്ട്.
അതിപ്രധാനമായ നാല്
കാര്യങ്ങളിലുള്ള പരാമർശം സൂറത്തിൻറെ ഔന്നിത്യമാണ്.
( ഒന്ന് )ളിഹാർ -നീ എനിക്ക് എൻറെ മാതാവിൻറെ മുതുപോലെ ആണെന്ന് പറയുക- നടത്തൽകൊണ്ട് ഭാര്യ അവൻറെ മാതാവാവുകയില്ലെന്നും അതിനാൽ അവളെ മാതാവായി ഗണിക്കരുതെന്നുമാണ്.ഒരു കാര്യത്തെക്കുറിച്ച് രണ്ടുതരം വീക്ഷണം പുലർത്തുന്ന സമ്പ്രദായം അറബികൾക്കിടയിൽ നിലനിന്നിരുന്നു.ഇവയിലൊന്നാണ് 'ളിഹാർ'. ഒരാൾ തന്റെ ഭാര്യയുമായി ളിഹാർ നടത്തിയാൽ അത് വിവാഹമോചനമായി കണക്കാക്കപ്പെടുകയും ഭാര്യ അവന് നിഷിദ്ധമായി കരുതപ്പെടുകയും ചെയ്തിരുന്ന അന്ധമായ ആചാരങ്ങൾക്കുള്ള തിരുത്താണിവിടെ.
(രണ്ട്)പോറ്റുമകനോടുളള സമീപനം എപ്രകാരമാവണമെന്ന ഉണർത്തലാണ്.സ്വത്തവകാശം ഉൾപ്പെടെയുള്ള എല്ലാ നിയമങ്ങളിലും പോറ്റു മകനെ യഥാർത്ഥ മകനെപ്പോലെ കണക്കാക്കുന്ന പതിവുകളാണ് അറബികളിലുണ്ടായിരുന്നത്. സൈദ് (റ) നബിതിരുമേനിയുടെ വളർത്തുമകനായിരുന്നു.'മുഹമ്മദിന്റെ മകൻ
സൈദ്' എന്നാണ് ആളുകൾ അദ്ദേഹത്തെ വിളിച്ചിരുന്നത്.പിന്നീട് സൈദ് ത്വലാഖ് ചൊല്ലിയ സൈനബിനെ തിരുദൂതർ(സ) വിവാഹം ചെയ്തു.'മകന്റെ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ മുഹമ്മദ് ഇപ്പോഴിതാ മകന്റെ ഭാര്യയെ വിവാഹം ചെയ്തിരിക്കുന്നു' എന്ന് ആളുകൾ ആക്ഷേപമുന്നയിച്ചു.അപ്പോഴാണ് 'മക്കളെക്കുറിച്ചുള്ള ഈ നിയമം വളർത്തുമക്കൾക്ക് ബാധകമല്ല' എന്ന് സൂക്തം വ്യക്തമാക്കുന്നത്.
(മൂന്ന്)നമ്മുടെ മാർഗ്ഗദർശിയും ഗുണകാംക്ഷിയുമായ നബി തിരുമേനി (സ്വ) യെ നാം സ്വത്വത്തേക്കാളും സ്നേഹിക്കണം. നബി (സ്വ)യുടെ പത്നിമാർ സത്യവിശ്വാസികളുടെ മാതാക്കളാണ്.മറ്റൊരാൾക്കും അവരെ വിവാഹം ചെയ്യാൻ പാടുള്ളതല്ല.(നാല് )രക്തബന്ധമുള്ളവർക്ക് മാത്രമേ പിന്തുടർച്ചാവകാശമുള്ളൂ.രക്തബന്ധമോ വിവാഹബന്ധമോ ഇല്ലാത്തിടത്തോളംകാലം അവർ തമ്മിൽ പിന്തുടർച്ചാവകാശമില്ല. നാടും വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ചു വന്ന മുഹാജിറുകളെ ഉയർത്തി കൊണ്ടു വരാൻ വേണ്ടി നബിതിരുമേനി മുഹാജിറുകളും അൻസ്വാറുകളും തമ്മിൽ സാഹോദര്യ ബന്ധം സ്ഥാപിക്കുകയും പിന്തുടർച്ചാവകാശം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മുഹാജിറുകളുടെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അവർ തമ്മിലുള്ള സ്വത്തവകാശ നിയമം ദുർബലപ്പെടുത്തുകയാണുണ്ടായത്.പിന്തുടർച്ചാവകാശം ഇല്ലാത്തവർക്ക് വസ്വിയ്യത്തോ മറ്റെന്തെങ്കിലും സഹായം ചെയ്യുന്നതിനോ സ്വത്തവകാശം തടസ്സമല്ലെന്ന് കൂടെ ഇവിടെ വ്യക്തമാക്കുന്നു.
ഈ പ്രധാന പരാമർശങ്ങൾക്ക് പുറമെ, ഇസ്ലാമിക ശരീഅത്ത് (അമാനത്ത് ) ഏറ്റെടുക്കാനുള്ള സന്നദ്ധതയും വിശേഷ ബുദ്ധിയും മനുഷ്യർക്കുള്ളതിനാൽ അവർ അതിനെ ഏറ്റെടുത്തു എന്നും, ഇതെല്ലാം അല്ലാഹുവിന്റെ കിതാബിൽ രേഖപ്പെടുത്തിയിട്ടുള്ള അലംഘനീയമായ നിയമങ്ങളാണെന്നും, അതിനാൽ അവയെ മാറ്റാൻ ഒരാൾക്കും സാധ്യമല്ലെന്നും ഊന്നിപ്പറയുന്നു. "മുസ്ലിംകളായ, വിശ്വാസികളായ, ഭയ ഭക്തിയുള്ളവരായ, ഭയപ്പടുന്നവരായ, ദാനധർമ്മങ്ങൾ ചെയ്യുന്ന, നോമ്പനുഷ്ഠിക്കുന്ന, സ്വന്തം ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ, അല്ലാഹുവിനെ ധാരാളം ഓർക്കുന്ന വരുമായ എല്ലാ സ്ത്രീപുരുഷന്മാരും - ഇവർക്കെല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെക്കുക തന്നെ ചെയ്തിരിക്കുന്നു " എന്ന സന്തോഷവാർത്തയും അറിയിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ കാരുണികനുമാണ്.
Rafiya S, Sithara Parveen C
SMST WAFIYYA COLLEGE,ANJANGADI
0 Comments