സൂറത്ത് സബഅ്:അഭിവൃദ്ധി അന്ധവിശ്വാസത്തിന് വഴിമാറുമ്പോൾ...



 സബഅ് - അറേബ്യൻ ഉപദ്വീപിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ ഒരു പുരാതന രാജ്യം.പ്രശോഭിതമായൊരു സംസ്കാരവും ഉയർന്ന നാഗരികതയും നിലനിന്ന ഈ സാമ്രാജ്യത്തിന് ഷീബ  എന്നും പേരുണ്ട്. സബഇലെ റാണി ബൽഖീസിനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. അഭിവൃദ്ധിയും ഐശ്വര്യവും വിളയാടിയിരുന്ന സബഇൽ തൗഹീദിന്റെ അരുണോദയത്തിന് മുന്നേ സൂര്യനായിരുന്നു അവരുടെ ആരാധനാപാത്രം. യഥാർത്ഥ ആരാധ്യനെയും അവൻ കനിഞ്ഞേകിയ അളവറ്റ അനുഗ്രഹങ്ങളെയും വിസ്മരിച്ച് ജീവിച്ചിരുന്ന സബഇലേക്കാണ് ലോക ചക്രവർത്തി സുലൈമാൻ നബി (അ)ൽ നിന്നും സത്യദൂതുമായി ഹുദ്‌ ഹുദ് പറന്നെത്തുന്നത്. അവസാനം കീഴടങ്ങിക്കൊണ്ട് നബിയിലേക്കെത്തിയ ബൽഖീസ് രാജ്ഞി സത്യമതം പുൽകിയതും ചരിത്രം. ചിന്തോദ്ദീപകവും പഠനാർഹവുമായ പ്രകൃത്യാ എല്ലാവിധ അനുകൂല സാഹചര്യങ്ങളുമടങ്ങിയ സബഇന്റെ ചരിത്രം ഉദ്ധരിക്കപ്പെടുന്നതിനാലാണ് അധ്യായത്തിന് ഇത്തരമൊരു നാമം വരാൻ കാരണമായത് .

  

           ഹംദ് കൊണ്ട് തുടങ്ങുന്ന 5 സൂറത്തുകളിലൊന്നാണ് 22- ആം ജുസ്ഇലെ 34-ആമത്തെ അധ്യായമായി മക്കയിലവതരിച്ച സബഅ്. മക്കയിൽ അവതരിച്ചതിനാൽ തന്നെയാകണം വിശ്വാസപ്രമാണങ്ങളിലെ സുപ്രധാനവും അടിസ്ഥാനപരവുമായ കാര്യങ്ങളാണിതിൽ സന്ദർഭോചിതമായി വിവരിച്ചിരിക്കുന്നത് .ഇസ്ലാമിലേക്ക് കടന്നുവന്നവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുക തന്നെയായിരുന്നുവല്ലോ മക്കയിലവതരിച്ച  അധ്യായങ്ങളുടെ മുഖ്യ ലക്ഷ്യവും.


          അല്ലാഹുവിന്റെ ഏകത്വം, പുനരുത്ഥാനം, പരലോകം തുടങ്ങിയ സുപ്രധാന ഘടകങ്ങളാണ് 54 സൂക്തങ്ങളടങ്ങിയ ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നത്. സത്യവിശ്വാസവും സൽകർമങ്ങളും മാത്രമേ ഏതൊരു മനുഷ്യനെയും ശരിയായ വിജയത്തിലേക്കും സമാധാനത്തിലേക്കും കൊണ്ടെത്തിക്കുകയുള്ളൂ .മരണാനന്തരമുണ്ടാകുന്ന പുനർജന്മം, ആ ജന്മത്തിൽ അഥവാ പരലോകത്ത് ഉണ്ടാകുന്ന രക്ഷാശിക്ഷകൾ,

 ഇവ രണ്ടും സംബന്ധിച്ച് ശക്തമായ തെളിവുകൾ നിരത്തിയും അല്ലാഹു ഇവിടെ സംസാരിക്കുന്നുണ്ട്. 


              സത്യമതം സ്വീകരിക്കുന്നതിലും പരലോകത്തെ വിശ്വസിക്കുന്നതിലും അന്ധമായി വാശി പിടിച്ചിരുന്ന മക്കാ മുശ്‌രിക്കുകൾക്കുള്ള ശക്തമായ താക്കീതായാണ് സൂറത്തിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്.പര ലോകത്തെക്കുറിച്ചും പരിഹാസകരും നിഷേധികളുമായ ആളുകൾക്ക് അവിടെ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും ഉത്ബോധനമുള്ളതായും കാണാം.  4 നൂറ്റാണ്ട് കഴിഞ്ഞ് ഇന്നും കുറെ  മനുഷ്യർ വെച്ചുപുലർത്തുന്ന   അല്ലാഹുവിനോട് കൂടെ സ്വയംകൃത ദൈവങ്ങളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുകയെന്ന ബുദ്ധിശൂന്യവും പരിഹാസ്യകരവുമായ നയത്തെ നിഷിതമായി എതിർക്കുന്നു.  

 അന്ന് കല്ലും മണ്ണും കൊണ്ട് അവർ  സ്വകരങ്ങളാൽ ദൈവങ്ങളെ ഉണ്ടാക്കിയിരുന്നുവെങ്കിൽ ഇന്ന് പ്ലാസ്റ്റിക്കും ഫൈബറും കൊണ്ട് ഇവർ യന്ത്ര ദൈവങ്ങളെ ഉണ്ടാക്കുന്നു എന്ന വ്യത്യാസം  മാത്രം. "അന്ന് ശിലായുഗ ശിർക്ക് ,ഇന്ന് യന്ത്രയുഗ ശിർക്ക് ". 

ഈ ദൈവങ്ങൾക്ക് വല്ല ക്വാളിഫിക്കേഷനും ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ യാതൊന്നുമില്ല താനും.ആരാധകർക്കെ ല്ലാം ഇത് വ്യക്തമായി അറിയുകയും ചെയ്യാം. ഈ പശ്ചാത്തലത്തിലാണ് സൂറയിൽ പലയിടത്തും അല്ലാഹുവിന്റെ ശക്തി വിശേഷങ്ങൾ എടുത്തുദ്ധരിച്ചിരിക്കുന്നത്. ഇവയിലേതെങ്കിലുമൊന്നിന്റെ പതിനായിരത്തിലൊരംശം പോലും സ്വായത്തമാക്കാനാകാത്ത കൃത്രിമ ദൈവങ്ങൾക്ക് ബുദ്ധിയുള്ള മനുഷ്യൻ എങ്ങനെ ദിവ്യത്വം കൽപ്പിക്കുന്നു ... മഹാ കഷ്ടം തന്നെ..!

 

        മലക്കുകളെയും ജിന്നുകളെയും പിശാചുക്കളെയും കുറിച്ചുള്ള   മൂഢ വിശ്വാസങ്ങൾ മക്കാ മുശ്‌രിക്കുകൾക്കുണ്ടായിരുന്നു. അത് നിഷേധിക്കുന്നതിനായി സുലൈമാൻ നബി (അ)ന്റെ വഫാത്ത് വൃത്താന്തം സൂചിപ്പിച്ചതായി കാണാം. ഭൂലോക ചക്രവർത്തിയായിരുന്ന സുലൈമാൻ നബി (അ) ന്റെയും പിതാവ് ദാവൂദ് (അ) ന്റെയും  ചരിത്രത്തിലേക്ക് ഹ്രസ്വമായി വെളിച്ചം വീശുകയും അവർക്ക് നൽകിയ ചില മഹത്തായ അനുഗ്രഹങ്ങളുടെ രത്നച്ചുരുക്കം പറയുകയും ചെയ്തിട്ടുണ്ടിതിൽ.


         പ്രവാചകത്വം, വഹ്‌യ്‌,ഖുർആൻ എന്നിവയൊക്കെ വ്യാജമായി മുദ്രയടിക്കുകയും പരിഹാസ പാത്രമാക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ സൂറത്തിലുടനീളം ചുട്ട മറുപടി നൽകിയിരിക്കുന്നതായി കാണാം.


       തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ അവയുടെ ദാതാവായ സർവ്വശക്തനെ വിസ്മരിച്ച സബഇലെ ജനങ്ങൾക്കേറ്റ തകർച്ചയും  15 മുതൽ 18 വരെയുള്ള സൂക്തങ്ങളിൽ വിവരിക്കുന്നുണ്ട്. അധികാരത്തിനും നിഷേധത്തിനും അരാജകത്വത്തിനും വഴിമാറിയ അവരുടെ വിസ്മൃതിയും അവസാനം അണക്കെട്ട് പൊട്ടി ആ ഇഹലോക സ്വർഗ്ഗം തകർന്നുതരിപ്പണമാകുന്നതും മനുഷ്യർക്കൊരു ഗുണപാഠ കഥ കൂടിയാണ്.


           അല്ലാഹുവിന്റെ ശക്തി വിശേഷങ്ങൾ മേൽക്കുമേൽ പറഞ്ഞ് പഠിപ്പിക്കുകയും അതിനുള്ള ദൃഷ്ടാന്തങ്ങൾ ദൈനംദിനം ചൂണ്ടിക്കാണിച്ച് കൊടുക്കുകയും ചെയ്തിട്ടും സർവ്വശക്തനെയും ദിവ്യ ഗ്രന്ഥത്തെയും നിഷേധിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരുടെ അവസ്ഥ എത്ര ശോചനീയമാണ് ...


      രാജാധിരാജനായ റബ്ബിന്റെ മുമ്പിൽ നിരർത്ഥകമായ വാദപ്രതിവാദം നടത്തുന്ന കാഫിറുകൾ ഒടുവിൽ ചങ്ങലകളിൽ കുരുക്കപ്പെടുകയും നരകത്തിലെറിയപ്പെടുകയും ചെയ്യുന്ന ദയനീയ അവസ്ഥ സൂറത്തിന്റെ അവസാന ഭാഗത്തിൽ വിവരിക്കുന്നുണ്ട്. "അവരാകെ അസ്വസ്ഥരാകും... സത്യവിശ്വാസം പുൽകാൻ തയ്യാറാവുകയും ചെയ്യും... പക്ഷേ അതുകൊണ്ടൊന്നും ഫലമില്ലല്ലോ ..?"


          അടിയുറച്ച, ഏകമായ  വിശ്വാസത്തിൻറെ കെട്ടുറപ്പാണ് ഈ സൂറത്തിലൂടെ വിവരിക്കപ്പെടുന്നത് .  വിശ്വാസദാർഢ്യവും പ്രതീക്ഷയും മാത്രമേ ഒരു വ്യക്തിയെ പരിപൂർണ്ണമായ ഇഹപര വിജയത്തിൽ എത്തിക്കുകയുള്ളൂ എന്നും ഉണർത്തുകയാണ് ഈ സൂറത്ത്.ചുരുക്കത്തിൽ, അഭിവൃദ്ധിയിലും ആരാധ്യൻ അവിസ്മരണീയനാവണം എന്നർത്ഥം.





Fathima.P&Swaliha.M


Shihab Thangal Educational Academy, Maniyoor