സൂറത്തുൽ അഹ്ഖാഫ് : ചരിത്ര പാഠങ്ങളിലൂടെ ആധുനികർക്കൊരു തിരുത്ത്.....
ആറാം നൂറ്റാണ്ടിലെ അജ്ഞതയുടെ അന്ധകാരത്തിൽ അഴിഞ്ഞാടുന്ന അധർമികളിലേക്ക് ജ്ഞാനത്തിന്റെ ദിവ്യ സന്ദേശങ്ങൾ ഇഖ്റഇന്റെ ശബ്ദധ്വനികളാൽ ഹിറാ ഗുഹയിൽ അലയടിച്ചതിന്റെ ലക്ഷ്യം സുവ്യക്തമാണ്.ലോകത്ത് ധർമ്മം തകരുകയും അധർമ്മം വ്യാപിക്കുകയും ചെയ്യുമ്പോൾ ധർമ്മ സംസ്ഥാപനത്തിനും അധർമ ധ്വംസനത്തിനുമായി പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബി (സ്വ) ക്ക് ഇറക്കപ്പെട്ട...ലോകജനതയെ സംസ്കാരത്തിന്റെ അത്യുന്നത പദവിയിലേക്കും അറിവിന്റെ അത്ഭുത വിഹായസ്സിലേക്കുമെത്തിക്കുന്ന വിശുദ്ധ ഖുർആനിലെ നാല്പത്തി ആറാമത്തെ അധ്യായമാണ് സൂറത്തുൽ അഹ്ഖാഫ്.മൂന്നു സൂക്തങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം ഹിജ്റക്ക് 2 വർഷം മുമ്പ് മക്കയിലാണ് അവതരിച്ചത്. മക്കീ സൂറത്തുകളുടെ പൊതു സ്വഭാവം പോലെ ഈ സൂറത്തിലും കൂടുതലായും വിശ്വാസ സംഹിതകളാണ് ഉൾക്കൊണ്ടിട്ടുള്ളത്. 35 സൂക്തങ്ങൾ ഉള്ള ഈ അധ്യായത്തിന്റെ ഇരുപത്തിയൊന്നാം സൂക്തത്തിൽ ഹൂദ് നബി (അ) തന്റെ ജനതയായ ആദ് സമൂഹത്തെ അഹ്ഖാഫ് എന്ന സ്ഥലത്തുവച്ച് തൗഹീദിലേക്ക് ക്ഷണിക്കുകയും അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി താക്കീത് നൽകുകയും ചെയ്തതായി പ്രതിപാദിക്കുന്നതിനാലാണ് ഈ സൂറത്തിന് "നീണ്ടു വളഞ്ഞു കിടക്കുന്ന മണൽകൂനയുള്ള പ്രദേശം എന്നർത്ഥം വരുന്ന "അൽ അഹ്ഖാഫ്" എന്ന നാമം സിദ്ധിച്ചത്.
തൗഹീദിന്റെ ദൃഷ്ടാന്തങ്ങൾ, നബി (സ്വ) യുടെ പ്രവാചകത്വത്തെ പറ്റി മുശ്രിക്കുകളുടെ ആക്ഷേപം, അതിനുള്ള പ്രപഞ്ചനാഥന്റെ യുക്തിസഹമായ മറുപടി, മാതാപിതാക്കളോട് നന്നായി വർത്തിക്കുവാനുള്ള ഉപദേശം, ആദ് ജനതയുടെ ധിക്കാരം, അവർക്ക് ലഭിച്ച അതികഠിനമായ ശിക്ഷ, ജിന്നുകൾ നബി (സ്വ) ഖുർആൻ ഓതുന്നതിനെ ശ്രവിച്ചതും തുടർന്ന് അവരുടെ ജനതയെ ഉപദേശിച്ചതും തുടങ്ങിയ കാര്യങ്ങളാൽ സമ്പന്നമാണ് ഈ സൂറത്തിന്റെ ഉള്ളടക്കം.
മാനവന്റെ എക്കാലത്തെയും സംസ്കാര സമ്പന്നതയ്ക്കും സാമൂഹ്യ ക്രമത്തിലും അമൂല്യമായ വിശ്വാസ ക്രമീകരണങ്ങൾക്കും ഉദാത്തമാതൃകയായ വിശുദ്ധ ഖുർആൻ യുക്തിവാനും പ്രതാപശാലിയുമായ അല്ലാഹുവിൽ നിന്ന് ന്യായമായ ഉദ്ദേശത്തോടും നിശ്ചിത അവധിയോടും കൂടി അവതീർണമായ താണെന്നുണർത്തും വിധം ഖുർആൻ പൂർവികരുടെ കെട്ടുകഥകളാണെന്ന് വാദിക്കുന്ന മൂഢരായ മക്കാ നിവാസികളുടെ ചിന്താമണ്ഡലങ്ങൾക്ക് ഇളക്കം സൃഷ്ടിക്കുന്ന രീതിയിലാണ് ഈ സൂറത്തിന്റെ തുടക്കം കാരുണ്യവാനായ റബ്ബ് തന്റെ കലാവിദ്യയാൽ കമനീയമാക്കിയിരിക്കുന്നത്...
തുടർന്നുള്ള സൂക്തങ്ങളിൽ ഗ്രാഹ്യ ശക്തി പോലുമില്ലാത്ത അചേതന വസ്തുക്കളോടുള്ള ആരാധനയെ ചോദ്യംചെയ്ത് യുക്തിയില്ലാത്ത മക്കാ നിവാസികളുടെ മുനയൊടിക്കും വിധത്തിലുള്ള അല്ലാഹുവിന്റെ ചോദ്യങ്ങളാണ് എങ്കിൽ ഇസ്തിഗാസ ശിർക്കാണെന്ന് വാദിക്കുന്ന വഹാബികളായ പുത്തൻ വാദികൾ അവരുടെ വാദത്തിന് തെളിവെന്നോണം ഈ സൂറത്തിലെ 5,6 വാക്യങ്ങളുടെ ബാഹ്യാർഥം പിടിച്ച് മരണപ്പെട്ടവർ ഈ അചേതന വസ്തുക്കൾക്ക് തുല്യമാണെന്ന യുക്തിക്കു നിരക്കാത്തതും ഹബീബിന്റെ വചനാമൃതങ്ങൾക്കെതിരായതുമായ വാദങ്ങൾ ഉന്നയിക്കാൻ പൊതുവെ ഇവ ഉപയോഗിക്കാറുണ്ട്...
പണ്ഡിതന്മാരുടെ വ്യക്തമായ മറുപടികൾ കൊണ്ട് അവരുടെ മുടന്തൻ വാദങ്ങൾ പൊളിയാറാണ് പതിവ്. സത്യത്തിന്റെ ദൗത്യ സന്ദേശം ഉദ്ബോധനം ചെയ്യാൻ പ്രവാചകർ സ്വയം സമർപ്പിക്കപ്പെടു കയും എന്നാൽ സ്വന്തം വാദങ്ങളെയും ചിന്തകളെയും ന്യായീകരിക്കാ നെന്നോണം അവ നിഷേധിക്കുകയും ചെയ്യുന്ന പൂർവികരായ സത്യനിഷേധികളുടെ പകർപ്പുകളാണ് ഇന്നത്തെ പുത്തൻ വാദികളും ആധുനികവാദികളും മതനിരാസത്തെയും മറ്റും ഊട്ടിയുറപ്പിക്കുന്നവരുമെന്ന് കൂടി ഊന്നി പറയുകയാണ് ഈ സൂറത്തിലെ വാക്യങ്ങളോരോന്നും. അതിന് തെളിവെന്നോണം മക്കാ നിവാസികളിലെ മുശ്രിക്കുകളോട് ആദ് സമൂഹത്തിന്റെ അന്ത്യത്തെ ഗുണപാഠമായി ഉണർത്താനും അതിലൂടെ തൗഹീദിനെ ഊട്ടിയുറപ്പിച്ച് അവരെ നേർമാർഗ്ഗത്തിലേക്ക് ക്ഷണിക്കാനും ഹബീബിനെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ സൂറത്തിൽ ....
ഖുർആൻ നിരക്ഷരരായ ഹബീബ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ചവരിലേക്ക് അല്ലാഹുവിന്റെ വിധി വന്നാൽ ഞാൻ നിങ്ങളെപ്പോലെ നിസ്സഹായനണെന്നും ഞാൻ കെട്ടിച്ചമച്ച കളവാണ് ഖുർആനെങ്കിൽ എനിക്ക് ലഭിക്കാവുന്ന ശിക്ഷയെ തടുക്കാൻ നിങ്ങൾക്കും സാധ്യമല്ലെന്നുമുണർത്തി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് താക്കീത് നൽകിയും അതോടൊപ്പം അവന്റെ കാരുണ്യത്തെ വിശദീകരിച്ച് അവർക്ക് പശ്ചാത്താപത്തിനുള്ള പ്രേരണ നൽകും വിധത്തിൽ താൻ വെറുമൊരു താക്കീതുകാരൻ മാത്രമാണെന്ന് സമർത്ഥിച്ചുമാണ് തുടർന്നുള്ള സൂക്തങ്ങൾ മുന്നോട്ടുപോകുന്നത്.
തുടർന്ന് ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യൻ നല്ലവനും മോശക്കാരനുമായി തീരുന്നത് എന്ന മിഥ്യാധാരണ പുലർത്തുന്ന പൂർവികരോടും ആ പഴഞ്ചൻ ധാരണയെ ന്യായീകരിക്കുന്ന ആധുനികരെയും ഒരുപോലെ തിരുത്തുകയും ഭൗതികനേട്ടങ്ങൾ നാഥന്റെ വെറും പരീക്ഷണങ്ങളാണെന്ന് അടിവരയിട്ട് വരച്ചിടുകയും ഭൗതിക സുഖങ്ങളിൽ മാത്രം മതിമറന്നവനെ വിഴുങ്ങാൻ കത്തിയാളുന്ന നരകം കാത്തിരിക്കുന്നുണ്ടെന്നും ഓർമിപ്പിക്കുന്നു.
പല സൂറത്തുകളിലും ആവർത്തിക്കാ റുള്ളതുപോലെ ഈ സൂറത്തിലും തൗഹീദിന്റെ കൽപ്പനകളോട് അനുബന്ധിച്ചു കൊണ്ട് മാതാപിതാക്കളോടുള്ള നിലക്കാത്ത കടമയെ പറ്റി വിവരിച്ചത് വിഷയത്തിന്റെ ഗൗരവത്തെ പ്രകടമാക്കുന്നു... ഇരു ലോക വിജയത്തിന്റെ നിദാനം മാതാപ്പിതാക്കളാണല്ലോ,പിതാവിനോട് തുലനം ചെയ്യുമ്പോൾ മാതാവിനോടാണ് മനുഷ്യൻ കൂടുതൽ കടപ്പാടുള്ളതെന്ന് സൂറത്തു ലുഖ്മാനില്ലെന്ന പോലെ സൂറത്തുൽ അഹ്ഖാഫിലും നാഥൻ ആവർത്തിച്ചുണർത്തുകയാണ്.
ഗർഭധാരണം മുതൽ മുലകുടി അവസാനിക്കും വരെ ഒരു മാതാവ് തന്റെ ശിശുവിന് വേണ്ടി അനുഭവിക്കേണ്ട ക്ലേശങ്ങൾ അതിന്റെ കാലാവധിയടക്കം പ്രതിപാദിക്കുകയാണിവിടെ. മുപ്പതിൽ കുറയാത്ത മാസങ്ങളാണ് തന്റെ കുഞ്ഞിന് വേണ്ടി അവൾ ത്യാഗം ചെയ്യേണ്ടതായി വരുന്നത്. ഇതിൽ നിന്ന് ഗർഭ കാലത്തിനനുസരിച്ച് മുലകുടി കാലത്തിന് ഏറ്റകുറച്ചിൽ വരുമെന്നും പ്രസവത്തിന്റെ ചുരുങ്ങിയ കാലാവധിയായ ആറുമാസംകൊണ്ട് പ്രസവിച്ച കുഞ്ഞിന്റെ മുലകുടി കാലാവധി രണ്ട് വർഷവും , ഒമ്പത് മാസം കൊണ്ട് പ്രസവിച്ച കുട്ടിക്ക് 21 മാസം എന്ന തോതിലു മാണെന്ന് വൈദ്യശാസ്ത്ര പണ്ഡിതന്മാരും ശരിവെച്ചിട്ടുണ്ടെന്ന് ഇമാം റാസി (റ) പ്രഖ്യാപിച്ചത് ഖുർആനിന്റെ പൊരുളിനെയും കൃത്യതയെയും വ്യക്തമാക്കുന്നു.
حَتَّى إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ..
എന്ന സൂക്താംശത്തിലും..
وَالَّذِي قَالَ لِوَالِدَيْهِ أُفٍّ لَّكُمَا أَتَعِدَانِنِي أَنْ أُخْرَجَ وَقَدْ خَلَتِ الْقُرُونُ مِن قَبْلِي وَهُمَا يَسْتَغِيثَانِ اللَّهَ وَيْلَكَ آمِنْ إِنَّ وَعْدَ اللَّهِ حَقٌّ فَيَقُولُ مَا هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
എന്ന സൂക്തത്തിലുമായി ഒരു നാണയത്തിന്റെ രണ്ട് വശമെന്ന പോലെ മാതാപിതാക്കളോടുള്ള കടമ നിർവഹിക്കുകയും അവരോട് ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുകയും അവരുടെ ഹിദായത്തിന്ന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന വിവേകബുദ്ധി യുടെ പക്വത പൂർണമായി 40 വയസ്സിലെത്തിയ അബൂബക്കർ സിദ്ദീഖ് (റ) വിനെ കുറിച്ച് പരാമർശിച്ച ശേഷം മാതാപിതാക്കളെ നിന്ദിക്കുകയും പരിഹസിക്കുകയും ധിക്കരിക്കുകയും ചെയ്യുന്ന സന്താനങ്ങളുടെ നില എടുത്തു കാണിക്കുകയാണ്. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന മാതാപിതാക്കളുടെ സദുപദേശങ്ങൾ പഴഞ്ചനാണെന്ന് സ്ഥാപിക്കുകയും അവരെ വിശ്വസിക്കാതെ സ്വയം യുക്തിവാദികളായി നടിക്കുന്നവരെയും അല്ലാഹു ഉപമാരൂപത്തിൽ ഇന്നത്തെ കാലത്തിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ മുസ്ലിം സന്താനങ്ങളോട് തുലനം ചെയ്യുകയാണ് എന്നത് ഈ സൂറത്തിന്റെ പ്രത്യേകതയാണ്.
ഇന്ന് ലോകം ശാസ്ത്രത്തിന്റെ ഉത്തുംഗ നിലകൾ കീഴടക്കുമ്പോൾ സ്വയം ഉന്നതിയും പുരോഗതിയിലും എത്തിയെന്ന് അഹങ്കരിച്ച് സൃഷ്ടാവായ നാഥനെയും അതിനു കാരണക്കാരായ മാതാപിതാക്കളെയും തള്ളിപ്പറയുകയും ധിക്കരിക്കുകയുമാണ് ചെയ്യുന്നത്. അന്നും ഇന്നും ആ ധിക്കാരം മാറ്റമില്ലാതെ തുടരുകയാണ് എന്നത് വളരെ വ്യക്തമായി വരച്ചിടുകയാണ് ഈ ഖുർആൻ സൂക്തങ്ങൾ.
മനുഷ്യനെ പരീക്ഷിക്കാനെന്നോണം നാഥൻ നൽകുന്നതാണ് കഴിവും അറിവും സമ്പത്തും ശാരീരിക ശക്തിയുമെല്ലാം എന്ന് തിരിച്ചറിയുന്നതിന് പകരമായി അതിൽ അഹങ്കരിച്ച് സ്വയം നാശമടയുന്ന ചിന്താശേഷിയില്ലാത്ത സമൂഹത്തെയാണ് സൂറത്തുൽ അഹ്ഖാഫിൽ നാഥൻ ദിവ്യ വചനങ്ങളാൽ ചിത്രീകരിക്കുന്നത്. കാരുണ്യവാനായ റബ്ബ് അങ്ങേയറ്റത്തെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നൽകിയ ആദ് സമൂഹമെന്ന മഹാ അഹങ്കാരികളെ തന്നെ ഉപമയാക്കി സൂറത്തിൽ പരാമർശിച്ചത്തിന്റെ ലക്ഷ്യം മക്കാ നിവാസികൾ മുതൽ ഇന്നുള്ള ആധുനികർക്ക് വരെ വലിയ പാഠം ആവാൻ വേണ്ടിയാണ് എന്നത് സുവ്യക്തമാണ്.
സൂറത്തിന്റെ അവസാന ഭാഗങ്ങളിൽ മക്കാ മുശ്‌രിക്കുകളോട് ശാരീരിക ശക്തി കൊണ്ടും സാമ്പത്തികശേഷി കൊണ്ടും ജീവിതത്തിലെ എല്ലാ തുറകളിലും അവരെക്കാൾ മുൻപന്തിയിലായിരുന്ന യമനിന്റെയും ഹളർ മൗത്തിന്റെയും ഇടയിൽ അറേബ്യയുടെ കടലോര പ്രദേശങ്ങളിലെ പാറക്കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മണൽ പ്രദേശമായ അഹ്ഖാഫിൽ താമസിച്ച ആദ് സമൂഹത്തെക്കുറിച്ചും അവരെ നാമാവശേഷമാക്കിയ 7 രാവും 7 പകലും തുടർച്ചയായി ആഞ്ഞുവീശിയ കാറ്റിനെ കുറിച്ചും അവരുടെ ദുർഗതിയെ കുറിച്ചും ഗുണപാഠമായി മുന്നറിയിപ്പ് നൽകുകയാണ്.... അവരുടെ ശിക്ഷയിൽ അവർ വിളിച്ചു പ്രാർത്ഥിച്ച വിഗ്രഹങ്ങളെല്ലാം നിസ്സഹായരായി പൊളിഞ്ഞു നശിച്ചതും മക്കാ മുശ്രിക്കുകൾക്കൊരു മുന്നറിയിപ്പായി വിശദീകരിക്കുകയാണിവിടെ. തുടർന്ന് പരിശുദ്ധ ഖുർആൻ ഹബീബിൽ നിന്ന് കേട്ടമാത്രയിൽ ജിന്നുകളിൽ നിന്നുണ്ടായ ശ്രദ്ധേയമായ പ്രതികരണവുമാണ് പ്രതിപാദിക്കുന്നത്.
فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ..
അവസാന സൂക്തത്തിൽ നാഥന്റെ കരുണാമയമായ ആശ്വാസത്തിന്റെ വാക്കുകളാണ്. എന്ത് പ്രയാസമുണ്ടെങ്കിലും അചഞ്ചലമായ വിശ്വാസത്തിൽ ദൃഢമായി ഉറച്ചുനിന്ന "ഉലുൽ അസ്മുകളെ" മാതൃകയാക്കി മുന്നേറാനും സത്യനിഷേധികൾക്കും സത്യവിശ്വാസികൾക്കുമുള്ള അർഹമായ പ്രതിഫലം നാഥൻ നൽകുമെന്നുമു ള്ള അനിർവചനീയമായ ആശ്വാസവും ആനന്ദവും പ്രതീക്ഷയും നൽകുന്ന വാക്യങ്ങളിലൂടെയാണ് ഈ സൂറത്ത് പരിസമാപ്തി കുറിക്കുന്നത്. ഖുർആനിക തത്വസംഹിതയെ മുറുകെപ്പിടിച്ച് ഉലുൽ അസ്മിന്റെ കൂടെ ജന്നാത്തിൽ സമ്മേളിക്കാൻ നാഥൻ തുണക്കട്ടെ....ആമീൻ
Ashika. P
Cordova wafiyya college

0 Comments