സൂറത്തു മുഹമ്മദ്‌: ചിതലരിച്ച ചിന്തകൾക്കൊരു വിചിന്തനം 


അന്നും ഇന്നും ലോകത്ത് മാർഗനിർദേശക സൂചികയാണ് വിശുദ്ധ ഖുർആൻ.

 അറിവിന്റെ കൊടുമുടിയിലേക്ക് ശരവേഗത്തിൽ ലോകം നടന്നു നീങ്ങുമ്പോഴും അറിയേണ്ടതും അറിയപ്പെടേണ്ടതുമായ മഹത്തായ മൂല്യങ്ങളിൽ ഗൗനിക്കാതെ അജ്ഞതയുടെയും അന്ധകാരത്തിന്റെയും  ആഴങ്ങളിലേക്ക് ഊളിയിടുന്ന ഈ വർത്തമാനകാലത്ത് അക്രമവും അനാചാരവും കൊടികുത്തി വാഴുമ്പോൾ അതിനെതിരെ ശക്തമായി നിലകൊള്ളാൻ വ്യക്തവും ദൃഢവുമായ സ്വരത്തിൽ വിശുദ്ധ ഖുർആൻ നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്. പരിശുദ്ധ മദീനയിൽ അവതീർണ്ണമായ 38 വാക്യങ്ങളോടു കൂടിയ അധ്യായം   47 ,"സൂറത്ത് മുഹമ്മദ് "ഇത്തരം ഒരു പ്രതിരോധം ശരിയായ  മാർഗത്തിലേക്ക് ദിശാബോധം നൽകുന്നു.

 അധ്യായത്തിലെ രണ്ടാം സൂക്തത്തിൽ മുഹമ്മദ് എന്ന് പരാമർശിക്കുന്നതിനാലാണ് സൂറത്തിന് ഈ നാമം വെക്കപ്പെട്ടത്. ഈ നാമം കൂടാതെ ധർമ്മ സമര സംബന്ധിയായുള്ള ചർച്ചകൾ ഉൾക്കൊള്ളുന്നതിനാൽ അധ്യായത്തെ  "സൂറത്തു ഖിതാൽ "എന്നും വിളിക്കപ്പെടുന്നു.

 ഇരു നാമവും അധ്യായത്തിന്റെ അന്തസത്തയോട് ഇണക്കപ്പെട്ടതു തന്നെയാണ്. ജീവിതത്തിലുടനീളം ഒരു മനുഷ്യൻ സഹിക്കാവുന്നതിലപ്പുറം നാട്ടുകാരിൽ നിന്നും സ്വന്തം കൂടെപ്പിറപ്പുകളിൽ  നിന്നും അക്രമങ്ങളും അവഹേളനങ്ങളും ശരം കണക്കേ ഏറ്റിട്ടും അടിപതറാതെ, കരുത്തുറ്റ ഈമാനിന്റെ വെള്ളിവെളിച്ചത്തിൽ ക്ഷമിച്ചും പ്രതിഷേധിക്കേണ്ടിടത്ത് ശക്തമായി നിലകൊള്ളുകയും ചെയ്ത മാതൃക വ്യക്തിത്വമാണ് തിരു നബി (സ്വ ).


മനുഷ്യജീവിതത്തിന്റെ നാനാ മേച്ചിൽ പുറങ്ങളിലും അരങ്ങേറിയ ആ മഹത്വജീവിതം ഇന്നും സകല ജനങ്ങൾക്കും ദിശാബോധം നൽകുന്നു. ഏതു പ്രതിസന്ധിയെയും ഏതു തരത്തിലും കൈകാര്യം ചെയ്യണമെന്ന് മുത്ത് (സ്വ)പഠിപ്പിക്കുന്നു. അതിനാൽ എന്തുകൊണ്ടും "മുഹമ്മദ്" എന്ന നാമം ഈ സൂക്തത്തിന് ഏറെ അനുയോജ്യമാണ്. രണ്ടാമത്തെ നാമം  (ഖിതാൽ )ഈ സൂറത്തിന്റെ ആന്തരിക ആശയങ്ങളെ ഉൾക്കൊള്ളിച്ചുള്ള പദമാണ് .

 സൂറത്തിന്റെ ഉള്ളറകളിൽ  പ്രവേശിക്കുമ്പോൾ ആദ്യം സൂക്തങ്ങളിൽ സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തരത്തെ വരച്ചു ക്കാട്ടുന്നു... സത്യനിഷേധം സ്വീകരിക്കുകയും സന്മാർഗ്ഗ പാതയിൽ നിന്ന് ജനങ്ങളെ അകറ്റുന്നവരുമായ നീചരുടെ കർമ്മങ്ങൾ സൃഷ്ടാവ് നിഷ്കരുണം  വൃഥാവിലാക്കും.എന്നാൽ, അവനിറക്കിയതിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്യുന്നു.

 ഒരു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അന്തര വിവരണങ്ങൾക്കൊടുവിൽ അക്രമാസക്തരായ നിഷേധികളെ പ്രതിരോധിക്കേണ്ടതിന്റെ വ്യക്തമായ വിശകലനത്തിലേക്കാണ് പിന്നീടുള്ള സൂക്തങ്ങൾ വഴിമാറുന്നത്.


'നോക്കണേ ഖുർആനിന്റെ തുല്യതയില്ലാത്ത  സാഹിത്യ വീക്ഷണം.'


ഒന്നര പതിറ്റാണ്ടു കാലം തിരു നബി (സ്വ)ശത്രുക്കളുടെ ആട്ടും തൊഴിയും വെട്ടും കുത്തും സഹിച്ചു കഴിഞ്ഞു. അതിനുശേഷമാണ് ആത്മരക്ഷക്കായി

ആയുധമെടുക്കാനവർക്ക് അനുവാദം നൽകപ്പെട്ടത് . യുദ്ധത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ശത്രുക്കളെ പരമാവധി ഗളച്ഛേദം ചെയ്ത് ശക്തി ക്ഷയിപ്പിക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.


 'കാരണം അവരുടെ അഹങ്കാരത്തിനും അധികാരത്തിനും അറുതി വേണമല്ലോ!'


 ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ഇസ്ലാം മാനുഷികമൂല്യങ്ങൾക്ക് വില കൽപിക്കുന്നുവെന്ന് തുടർന്നുള്ള സൂക്തങ്ങളിൽ നിന്നും കാണാം. യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ നിബന്ധനകൾക്ക് വിധേയമായി വിട്ടയച്ചിരുന്നു. ഓരോ  നിബന്ധനകളും എടുത്തുനോക്കിയാൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഒരു രാഷ്ട്രത്തിന്റെ നിർമ്മാണം തന്നെ കണ്ടെത്താൻ സാധിക്കും.

 അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ നിഷേധികളെ അവൻ ഒരു നിമിഷം കൊണ്ട് നാമാവശേഷമാക്കാമാ യിരുന്നു. എന്നാൽ ആ ഉത്തരവാദിത്വം വിശ്വാസികളിലേൽപ്പിച്ചത് ഒരു പരീക്ഷണമായിട്ടാണ്. സത്യത്തിന്റെ കൊടിക്കീഴിൽ അണിനിന്നവർക്ക് പ്രതിഫലവും രക്തസാക്ഷിത്വവും നേടാനുള്ള സുവർണാവസരമാണ് ധർമ്മസമരം. തുടർന്ന് ധർമ്മ സമരത്തിന്റെ അനന്തവും ശാശ്വതവുമായ ഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നു. ഈ സൂറത്തിലെ പത്താം സൂക്തത്തിൽ  അറിയുക എന്ന ശാസന സ്വരം വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അർധപ്രസക്തി യെടുത്തുകാണിക്കുന്നു. കൂടാതെ പാപമോചനവും മഹത്തായ ആരാധനയും ചർച്ചാവിഷയമാകുന്നുണ്ടിവിടെ.

 പതിനാലാം സൂക്തത്തിൽ സത്യസന്ധരെയും അല്ലാത്തവരെയും തിരിച്ചറിയുക എന്ന് പ്രയോഗിച്ചതായി കാണാം.  അല്ലാഹുവിന്റെ പ്രായോഗിക താല്പര്യം അത് അറിയുക എന്നല്ല സർവ്വജ്ഞാനിയും ത്രികാലജ്ഞാനിയുമാണല്ലോ അവൻ.! സാധാരണക്കാർക്കെല്ലാം ബോധ്യപ്പെടും വിധം അവരുടെ കാപട്യം വെളിപ്പെടുകയും അവരെ  ജനമധ്യത്തിൽ  വഷളാക്കുകയും പരിഹാസ പാത്രമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ വിവക്ഷ. അവസാനമായി ഈ സൂറത്തിൽ ധനത്തെ കുറിച്ചും മനുഷ്യന്റെ അന്ധമായ ധന മോഹത്തെ കുറിച്ചും ചർച്ച ചെയ്യുന്നു. സാമ്പത്തികം എന്ന പരീക്ഷണ മേഖലയിലേക്ക് കൈകാര്യം ചെയ്യേണ്ടുന്ന വിധം വിശദമാക്കുന്നു. ഇസ്ലാമിക വീക്ഷണത്തിലെ ധന പ്രധാന മാർഗങ്ങൾ ഇന്നത്തെ സാമ്പത്തിക മേഖലയെ പോലും ഔന്നിത്യത്തിൽ എത്തിക്കുവാൻ തക്കവണ്ണം പ്രാപ്തമായതാണെന്ന്   നമുക്ക് ദർശിക്കാം.

 മനുഷ്യന്റെ സമസ്തമേഖലകളിലും ഇഴകിച്ചേർന്ന ഖുർആനിക വചനങ്ങൾ എന്നും അത്ഭുതമാണ്.സമകാലീന വർത്തമാന സമൂഹത്തിലെ ഇന്ത്യൻ മത കാഴ്ചപ്പാടുകളും ശ്രീലങ്കൻ സാമ്പത്തിക വ്യവസ്ഥിതിയും ഈ സൂക്തത്തിനോട് തട്ടിച്ചുനോക്കുമ്പോൾ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന വാക്യത്തിലെ പുനർവിചിന്തനം നടത്തപ്പെടുന്നു.


 അള്ളാഹു നമ്മളെ യഥാർത്ഥ സത്യവിശ്വാസികളിൽ ഉൾപ്പെടുത്തുമാറാകട്ടെ....

امين يا رب العالمين🤲



Shahina vp

Irfana AM

TIW COLLEGE AKALAD