സൂറത്തുൽ മുനാഫിഖൂൻ : വിശ്വാസികൾക്കൊരു ഉണർത്തൽ
വിശുദ്ധ ഖുർആനിലെ 63ആം അധ്യായത്തിൽ 11 ആയത്തുകൾ അടങ്ങിയിരിക്കുന്നു. സൂറത്തുൽ മുനാഫിഖൂനിൽ കപടവിശ്വാസികളെപറ്റി വളരെ ശക്തിയായ ഭാഷയിൽ ആക്ഷേപിച്ചുകൊണ്ട് അവരുടെ അന്തരംഗങ്ങൾ പലതും തുറന്നു കാട്ടിയ ശേഷം സത്യവിശ്വാസികൾ അവരെപ്പോലെ ആവാതിരിക്കാൻ സൂക്ഷിക്കേണ്ടതെങ്ങനെയാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
*إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُون.*َ
(നബിയേ കപടവിശ്വാസികൾ അങ്ങയുടെ അടുക്കൽ വരുമ്പോൾ അവർ പറയും: 'താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു' എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.)
*ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُون.َ*
തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ് (അഥവാ പരിച) ആക്കിയിരിക്കുന്നു; അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽനിന്നും അവർ (ജനങ്ങളെ) തടയുകയാണ്. നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു എത്രയോ ദുഷിച്ചതത്രെ!
മുസ്‌ലിം വേഷമണിയുകയും, അതേ സമയത്തു ഉള്ളിൽ അവിശ്വാസം പുലർത്തിപ്പോരുകയും, ഇസ്ലാമിന്നെതിരിൽ ഗൂഢപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണല്ലോ കപടവിശ്വാസികൾ. നബി (സ്വ)യുടെ അടുക്കൽ വരുമ്പോൾ ഞങ്ങൾ സത്യവിശ്വാസികളാണെന്നും, നബി (സ്വ)യിൽ വിശ്വസിച്ചിട്ടുണ്ടെന്നും നടിക്കും. അതു സത്യം ചെയ്തു സാക്ഷ്യപ്പെടുത്തുകയും ചെയ്യും. പറയുന്ന കാര്യം യഥാർത്ഥത്തിൽ ശരിയാണെങ്കിലും, മനസ്സാക്ഷിക്കെതിരായി ചെയ്യുന്ന കള്ളസത്യമാണതെന്നു വ്യക്തമാണ്.അവരുടെ മറ വെളിപ്പെടാതെയും, അവർ ഇസ്ലാമിന്റെ ശത്രുക്കളായി ഗണിക്കപ്പെടാതെയും തങ്ങൾ ഇരിക്കുവാനുള്ള ഒരു തടവായിട്ടത്രെ അവരതു ചെയ്യുന്നത്. അവരുടെ ഉള്ളുകള്ളി അറിയാത്ത മുസ്‌ലിംകളെ വഞ്ചിച്ചുകളയുവാനും, അവരുടെ ചില കെണിവലകളിൽ അവർ അകപ്പെടുവാനും അതു കാരണമായിത്തീരുന്നു. ‘അവർ അല്ലാഹുവിന്റെ മാർഗത്തിൽനിന്നു തടയുകയാണ്’ എന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ആദ്യം എല്ലാ മുസ്‌ലിംകളെയും പോലെ അവരും സത്യവിശ്വാസം രേഖപ്പെടുത്തി, പിന്നീടു അവിശ്വാസത്തിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അവരുടെ ഹൃദയങ്ങൾ അങ്ങേഅറ്റം ദുഷിക്കുകയും, മേലിൽ യാതൊരു നന്മയും സത്യവും പ്രവേശിക്കാത്ത വിധം അവ ഭദ്രമായി അടച്ചുപൂട്ടി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടിനി കാര്യം ഗ്രഹിക്കുമെന്നു പ്രതീക്ഷിക്കാവതല്ല.
9,10 ആയത്തുകളിൽ
അല്ലാഹു ധനത്തെയും സമ്പത്തിനെയും പറ്റി ഇങ്ങനെ പറയുന്നു,
*يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ .*
ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആര് അങ്ങനെ ചെയ്യുന്നുവോ, അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
*وَأَنفِقُوا۟ مِن مَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ .*
നിങ്ങളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്ക് നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുക.എന്നിട്ട് അവർ (ഇങ്ങിനെ) പറഞ്ഞേക്കും: 'എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ? - എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!'
ധനസംബന്ധമായ കാര്യങ്ങളിലും, സന്താനങ്ങളുടെ സുഖസൗകര്യാദികളിലുംബദ്ധശ്രദ്ധരായിക്കൊണ്ടു അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മയും ബോധവും നഷ്ടപ്പെടുവാൻ ഇടവരുത്തരുതെന്നു അല്ലാഹു സത്യവിശ്വാസികളെ താക്കീതു ചെയ്യുന്നു. മനുഷ്യന്റെ നന്മക്കെന്നപോലെ, തിന്മക്കും കാരണമാകുന്ന രണ്ടു വസ്തുക്കളാണ് ധനവും മക്കളും.
ശേഷം അല്ലാഹു ഇങ്ങനെ പറഞ്ഞ് സൂക്തം അവസാനിപ്പിക്കുകയാണ്
*وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ.*
ഒരു ദേഹത്തെയും അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനുമാണ്.
നമ്മെയെല്ലാം അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..
آمين يا ربّ العالمين
FATHIMA SUHILA
WMO WAFIYYA COLLEGE
WAYANAD

0 Comments