സൂറത്തുൽ ജുമുഅ:സയ്യിദുൽ അയ്യാമിൻ്റെ വിളിയാളം 



       "സയ്യിദുൽ അയ്യാം" അഥവാ ദിവസങ്ങളുടെ നേതാവ് എന്നറിയപ്പെട്ട വെള്ളിയാഴ്ച്ചയിലെ പ്രധാന കർമ്മമാണ് ജുമുഅ നമസ്കാരവും ഖുതുബയും .ജുമുഅ വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമായതും അതിലേക്ക് വേഗത്തില്‍ പോകലും അതിന് പ്രാധാന്യം നല്‍കലും അവരുടെ മേല്‍ ബാധ്യതയുമാണ്.ജുമുഅയുടെ പ്രാധാന്യത്തെ കുറിച്ച് പരിശുദ്ധ ഖുർആനിലെ 62 -ാ൦ അധ്യായമായ സൂറത്തുൽ ജുമുഅയിൽ അല്ലാഹു സുബ്ഹാനഹു വതആല പ്രതിപാദിച്ചിട്ടുണ്ട്.മദീനയിൽ അവതീർണ്ണമായ ഈ അധ്യായത്തിലെ 9 -ാ൦ സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത അധ്യായത്തിന് "ജുമുഅ" എന്ന പേര് ലഭിച്ചത്.


         11 സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ഈ അധ്യായത്തിലെ 1 - 4 വരെയുള്ള സൂക്തങ്ങളിൽ അല്ലാഹുവിന്റെ അപാരമായ കഴിവുകളെ കുറിച്ച് പ്രതിപാദിക്കുന്നു. അല്ലാഹു ഏറ്റവും പരിശുദ്ധനാണെന്നും , അക്രമകാരികളെ കുറിച്ച് അറിവുള്ളവനാണെന്നും ,അക്ഷരജ്ഞാനമില്ലാത്ത സമൂഹത്തില്‍ നിന്ന് തന്നെ ഒരു റസൂലിനെ നിയോഗിച്ചവനാണവനെന്നും അതിൽ പറയുന്നു. 

5 - 8 വരെയുള്ള സൂക്തങ്ങളിൽ അല്ലാഹുവിനോടുള്ള യഹൂദരുടെ സമീപനത്തെ കുറിച്ചും ,അല്ലാഹു അവർക്ക് നൽകുന്ന താക്കീതിനെ കുറിച്ചും ഉണ൪ത്തുന്നു. 


   ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻧُﻮﺩِﻯَ ﻟِﻠﺼَّﻠَﻮٰﺓِ ﻣِﻦ ﻳَﻮْﻡِ ٱﻟْﺠُ ﻤُﻌَﺔِ ﻓَﭑﺳْﻌَﻮْا۟ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺫَﺭُﻭا۟ ٱﻟْﺒَﻴْﻊَ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ


സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9) ഇവിടെ "فاسعوا ( വേഗത്തിൽ ഉളരുവിൻ )" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജുമുഅ നമസ്കാരത്തിന്റെ ഗൗരവത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ്.

        വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനു ബാങ്കുവിളി കേട്ടാല്‍, കച്ചവടം തുടങ്ങിയ വ്യാപാരങ്ങളെ നിറുത്തല്‍ ചെയ്തു ജുമുഅഃയില്‍ പങ്കെടുക്കണമെന്നും , അതുമൂലം പല നന്മയും ലഭിക്കുവാനുണ്ടെന്നും ,അല്ലാഹുവിന്റെ പക്കലുള്ളത്‌, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാണെന്നും അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണെന്നും അവസാനത്തെ രണ്ടു സൂക്തങ്ങളിലൂടെ അവൻ സത്യ വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നു.

         ഇന്നത്തെ ജുമുഅ സമ്പ്രദായങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ മിക്കവാറും ഒരു ചടങ്ങ് അല്ലെങ്കിൽ ഒരു പൊതു സമ്മേളനം മാത്രമായി അത് അവശേഷിച്ചിരിക്കുകയാണ് !!..നമസ്കരിക്കാറുള്ളവരിൽ പോലും ജുമുഅയിൽ സംബന്ധിക്കണമെന്ന നിർബന്ധമില്ലാത്ത പലരേയു൦ കാണാം. 


وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ. 

ഓരോ ജുമുഅ ദിവസ൦ കടന്ന് പോകുമ്പോഴും അത് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്ന ഒരു സൽക൪മ്മവും സ്വ൪ഗത്തിലേക്കുള്ള  സമ്പാദ്യവുമാക്കാൻ നമുക്കുള്ള തടസ്സം ഭൗതിക സുഖ സൗകര്യങ്ങളു൦ ജോലി തിരക്കുകളുമാണെങ്കിൽ മേൽ പറയപ്പെട്ട അല്ലാഹുവിന്റെ വാക്ക് എപ്പോഴും ഓ൪ത്തിരിക്കേണ്ടതാണ്.


അല്ലാഹു നമ്മെ ബോധവാന്മാരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ



  𝐍𝐚𝐣𝐦𝐚 

 𝐒𝐮𝐥𝐡𝐚 


SUBULURASHAD WAFIYYA COLLEGE, IRINGATTIRI