സൂറത്തുൽ ഫത്ഹ്: ഹുദൈബിയ കഥ പറയുമ്പോൾ



ഖുർആനിലെ നാൽപ്പത്തി എട്ടാമത്തെ അദ്ധ്യായമാണ് സൂറത്തുൽ ഫത്ഹ്. അൽ ഫത്ഹ് അഥവാ വിജയം എന്ന് ഈ സൂറത്തിന് പേര് വരാനുള്ള കാരണം അതിന്റെ ആദ്യത്തെ ആയത്തിൽ നിന്നും നമുക്ക് മനസിലാക്കാം

اِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا


ഈ വിജയം എന്നത് കൊണ്ടുള്ള പ്രാധാന ഉദ്ദേശം ഹുദൈബിയ സന്ധിയാണെന്നുള്ളത് ആദ്യമായി തന്നെ മനസ്സിലാക്കേണ്ട കാര്യമാണ്.


മദീനയിൽ നിന്നും ഉംറ നിർവഹണത്തിനായി പുറപ്പെട്ട നബി [സ്വ] യും സ്വഹാബതും വഴി മദ്ധ്യേ ഹുദൈബിയാ എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ആ സമയം നബി[സ്വ]യുടെ വാഹനമായിരുന്ന ഖസ് വ എന്ന ഒട്ടകം ആ പ്രദേശത്ത് മുട്ടു കുത്തി. വീണ്ടും യാത്ര തുടരാനായി ഖസ് വയെ സമീപിച്ചിട്ടും ആ ഒട്ടകം അതിന്റെ സ്ഥാനത്ത് നിന്നും വ്യതിചലിക്കാൻ തയ്യാറായില്ല. സ്വഹാബികൾ നബി[സ്വ]യോട് കാര്യം പറഞ്ഞപ്പോൾ നബി [സ്വ] മറുപടി നൽകിയത് കാരണമില്ലാതെ എന്റെ ഖസ് വ മുട്ടുകുത്തില്ലെന്നായിരുന്നു . ഇതിനോടകം തന്നെ മക്കാ ഖുറൈശികൾ നബി[സ്വ]യുടെ ആഗമനത്തെക്കുറിച്ചറിയുകയും ഉംറ നിർവഹണത്തിനവർ തടസ്സം നിൽക്കുകയും ചെയ്തു. ഉംറ നിർവഹണം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നവർ പറഞ്ഞെങ്കിലും മക്ക ഖുറൈശികൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഈ സമയം മക്കയിലുള്ള ദുർബലരായ സത്യവിശ്വാസികളുടെ ഹൃദയങ്ങൾക്ക് അൽപ്പം മനസ്സമാധാനത്തിനായി നബി [സ്വ ] പ്രമുഖ സ്വഹാബിയായ ഉസ്മാൻ(റ)നെ മക്കയിലേക്ക് അയച്ചു. മക്കക്കാരകട്ടെ ഉസ്മാൻ (റ)നെ തടഞ്ഞു വെക്കുകയും അദ്ദേഹത്തെ വധിച്ചു എന്നുള്ള ഒരു കുപ്രചാരണം മുംസ്ലിമീങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.ഇതറിഞ്ഞ നബി [സ്വ] യും സ്വഹാബത്തും ആ പ്രദേശത്ത് പടർന്ന് പന്തലിച്ചതായ ഒരു വൃക്ഷച്ചുവട്ടിൽ നിന്ന് കൊണ്ട് മരണം വരെ ഖുറൈശികളോട് യുദ്ധം ചെയ്യുമെന്നുമുള്ള പ്രതിജ്ഞ സ്വീകരിച്ചു. മുസ്ലിമീങ്ങളുടെ ബൈഅത്തിനെ പറ്റിയറിഞ്ഞ മക്ക ഖുറൈശികൾ ഒരു സന്ധിയുമായി നബിക്ക് മുന്നിലെത്തി. ആ സന്ധിയാണ് ഹുദൈബിയ സന്ധി എന്ന പേരിൽ അറിയപ്പെട്ടത്.


      ഖുറൈശികളുടെ ആവശ്യപ്രകാരം പ്രവാചകർ മുഹമ്മദ് [സ്വ]അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്ത് കൊണ്ടാണ് അവരുമായി കരാർ രേഖപ്പെടുത്തിയത്. ഈ കരാറിൽ ഖുറൈശികൾ മുന്നോട്ട് വെച്ച കാര്യങ്ങൾ ആ സമയം സ്വഹാബത്തിനിടയിൽ ബുദ്ധിമുട്ട് ഉളവാക്കിയെങ്കിലും പിന്നീടതെല്ലാം അവർക്ക് അനുകൂലമായി വന്നു.  


* ഇരുകൂട്ടര്‍ക്കുമിടയില്‍ നാലു കൊല്ലം യുദ്ധം നിറുത്തിവെക്കുക.


* ഖുറൈശികളില്‍ നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്കു വരുന്നവരെ അങ്ങോട്ടു തിരിച്ചയക്കുക


* മുസ്ലിംകളില്‍ നിന്നു ഖുറൈശികളുടെ പക്ഷത്തേക്കു വരുന്നവരെ തിരിച്ചയക്കാതിരിക്കുകയും ചെയ്യുക.


* അടുത്ത കൊല്ലം തിരുമേനിയും സ്വഹാബികളും നിരായുധരായി വന്ന് ഉംറ കര്‍മ്മം നിര്‍വഹിക്കുക, മൂന്നു ദിവസം താമസിക്കുകയും ചെയ്യാം.


* ഇരുകക്ഷികളും അവരവരുടെ ഇഷ്ടംപോലെ ആരുമായും സഖ്യം നടത്തുന്നതിനു വിരോധമില്ല.


മേൽ പറയപ്പെട്ടവയാണ് അവർ മുന്നോട്ട് വെച്ചതായ നടപടികൾ.ഈ സന്ധി മുഖേന നബിക്ക് ലഭിക്കുന്നതായ നേട്ടങ്ങളെ പറ്റി രണ്ടാം വചനത്തിൽ എടുത്ത് പറയുന്നു.

ليغفرلك الله ماتقدم من دنبك وما تاخر ويتم نعمته عليك ويهديك صراطا مستقيما

നബി തിരുമേനിയുടെ മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു പൊറുത്തു തന്നിരിക്കുന്നുക്കുമെന്നതാണ് അതിൽ ഒന്നാമത്തേത്. നബി [സ്വ] യുടെ മേൽ അല്ലാഹു അനുഗ്രഹം പരിപൂർണമാക്കി കൊടുക്കുക,ചൊവ്വായ വഴിക്ക് നയിക്കുക, പ്രബലവും അന്തസ്സോട് കൂടിയതുമായ സഹായം നൽകുക ഇവയാണ് മറ്റു നേട്ടങ്ങൾ .ഈ സന്ധിക്ക് ശേഷം അറേബ്യാ മുഴുവനും ഇസ്ലാമിനെ അംഗീകരിക്കുകയും, നൂറ്റാണ്ടുകളായി അവിടെ തേര്‍വാഴ്ച്ച നടത്തിപ്പോന്ന ശിര്‍ക്കിന്റെ ആധിപത്യം നിശ്ശേഷം അവസാനിക്കുകയും, തല്‍സ്ഥാനത്തു ഇസ്ലാമിന്റെ ഏക നേതൃത്വം സ്ഥാപിതമാകുകയും ചെയ്തു. ചുരുക്കത്തില്‍, അറേബ്യയുടെ ചരിത്രം, മിന്നല്‍വേഗം പാടുമാറി. ലോകചരിത്രം തന്നെ മാറ്റി എഴുതപ്പെടുവാനുള്ള അവസരവും അതോടെ സംജാതമായി. ഇതെല്ലാം ഈ വിജയത്തിന്റെ അനന്തരഫലങ്ങളായിരുന്നു.


لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًا قَرِيبًا


ആ വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ചു നിന്നോടു പ്രതിജ്ഞ ചെയ്യുമ്പോൾ സത്യവിശ്വാസികളെക്കുറിച്ച് തീര്‍ച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അപ്പോള്‍, അവരുടെ ഹൃദയങ്ങളിലുള്ളതു അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, അവരില്‍ അവന്‍ ശാന്തത ഇറക്കിക്കൊടുത്തു; ആസന്നമായ ഒരു വിജയം അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു.യഥാർത്ഥ ഈമാൻ ഖൽബിൽ ഉറപ്പിച്ച് ശത്രുക്കളുടെ മുന്നിൽ തെല്ലും അടിയറവ് പറയാതെ സത്യ വിശ്വാസികൾക്ക് അല്ലാഹു പ്രതിഫലത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.


ഈ സൂറത്തിൽ പരാമർശിച്ചത് പ്രധാനമായ മറ്റൊരു കാര്യമാണ് നബി[സ്വ]യുടെ സ്വപ്നം വിവരിച്ചപ്പോള്‍ ‘അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കും *لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّـهُ* എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ മാത്രമേ ഏതൊരു കാര്യവും സംഭവിക്കുകയുള്ളു അതുകൊണ്ടു വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഉറച്ചു പറയുമ്പോഴൊക്കെ إِن شَاءَ اللَّـهُ എന്നുകൂടി ചേര്‍ത്തു പറയേണ്ടതുണ്ട് എന്നു കൂടി ഇതു കാണിക്കുന്നു.ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: ഒരാള്‍ റമളാനിലെ ആദ്യരാത്രിയില്‍ സുന്നത്ത് നിസ്‌കാരത്തില്‍ സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ ആ വര്‍ഷം മുഴുക്കെ അയാള്‍ക്കല്ലാഹു സുരക്ഷിതത്വം നല്‍കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള സഹായം അയാള്‍ക്കു ലഭിച്ചുകൊണ്ടിരിക്കും... (റൂഹുല്‍ ബയാന്‍).


മേൽ പറയപ്പെട്ട സൂറത്ത് പാരായണം ചെയ്യുന്നവന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നു.അതിനാൽ ഈ സൂറത്തിനെ പതിവാക്കാൻ ശ്രമിക്കുകയും അതിനെ നിലനിർത്തുകയും ചെയ്യുക.അല്ലാഹു നമ്മെ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ..


Raseena. Mn

BKR wafiyya college