സൂറത്തുൽ ഖലം:ആക്ഷേപകർക്കൊരു മറുപടി



പകൽ കണക്കെ വ്യക്തമായ പല സത്യങ്ങളെയും യാഥാർത്ഥ്യങ്ങളെയും സംശയത്തിന്റെ ചെറു ലാഞ്ചന പോലുമില്ലാതെ തള്ളിക്കളയാനുള്ള ചില വിഭാഗങ്ങളുടെ ആവേശം ഇന്നോ ഇന്നലെയോ ഉയിർക്കൊണ്ടതല്ലല്ലോ ....പ്രകാശത്തിൻ പ്രഭ പരത്തി ഇസ്ലാമിക പ്രയാണത്തിന് പ്രാരംഭം കുറിച്ച 1400-കൾക്ക് മുമ്പും സത്യനിഷേധത്തിന്റെ വ്യത്യസ്ത തലങ്ങൾ നിലനിന്നിരുന്നതാണ്. 'സ്വഭാവം ഖുർആൻ ആണെ'ന്ന് വിശേഷിപ്പിക്കപ്പെട്ട ഉന്നത സ്വഭാവമഹിമക്കുടമയായ തിരുദൂതർ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഭ്രാന്തനെന്ന് വിളിക്കാൻ പോലും ആ ജനത മടിച്ചിരുന്നില്ല.

"مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ" 

 "നാഥന്റെ അനുഗ്രഹം കൊണ്ട് താങ്കള്‍ ഒരു ഭ്രാന്തനല്ല" എന്ന ഖുർആനിക വചനം കൊണ്ട് അത്തരത്തിലുള്ള അബദ്ധ ജടില വാദത്തെ പൂർണ്ണമായും ശക്തമായും നിരർത്ഥകമാക്കുകയാണ് സൂറത്തുൽ ഖലമിലൂടെ ..


        ഹിജ്റക്ക് മുമ്പ് അവതരിച്ച , 52 സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ,68 ാം അധ്യായമാണ് സൂറത്തുൽ ഖലം .മക്കാ മുശ്രിക്കുകളുടെ ബുദ്ധിശൂന്യമായ ഈ അധിക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാൻ ; മനുഷ്യരും മലക്കുകളുമെല്ലാം എഴുതുവാൻ ഉപയോഗപ്പെടുത്തുന്ന പേനയും അവർ രേഖപ്പെടുത്തുന്നവയെയും കൊണ്ട് അല്ലാഹു സുബ്ഹാനഹു വ തആല സത്യം ചെയ്തു പറയുന്നതിലൂടെയാണ് പ്രസ്തുത അധ്യായം ആരംഭിക്കുന്നത്.ഇമാം റാസി(റ)എഴുതുന്നു. നബി(സ)ക്ക് ഭ്രാന്തിന്റെ ലാഞ്ചന പോലുമില്ലെന്ന് തെളിവു സഹിതം അള്ളാഹു വിവരിക്കുകയാണ്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് പൂർണ്ണ ബുദ്ധിയും ശരിയായ സംസാരവും തൃപ്തികരമായ ജീവിതരീതിയും എല്ലാ വൈകല്യങ്ങളിൽ നിന്നും മുക്തവും നന്മകളുടെ സംഗമവും തങ്ങളിൽ വ്യക്തമായി കാണാം. ഇത് അള്ളാഹുവിന്റെ അനുഗ്രഹമത്രെ! ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെ ഭ്രാന്ത് കൊണ്ട് ആരോപിക്കുന്നത് മോശം തന്നെ. നബി(സ)ക്ക് ഭ്രാന്തുണ്ടെന്ന ശത്രുക്കളുടെ ആരോപണം പച്ചക്കള്ളം തന്നെ(റാസി 30/71)


     ആക്ഷേപങ്ങളുടെ അസ്ത്രശരങ്ങൾ എയ്തു വിടുന്ന മക്ക മുശ്രിക്കുകൾക്കുള്ള ശിക്ഷയെ ഒരുവിഭാഗം തോട്ടക്കാരുടെ ശിക്ഷയോട് സാദൃശ്യപ്പെടുത്തിയാണ് ഈ അധ്യായത്തിൽ അള്ളാഹു തആല വിവരിക്കുന്നത്.തോട്ടക്കാർ യമനിൽ നിന്നുള്ളവരോ അബ്സീനിയയിൽ നിന്നുള്ളവരോ ആയ വേദക്കാരാണെന്ന് അഭിപ്രായങ്ങളുണ്ട്. തന്റെ തോട്ടത്തിലെ പഴങ്ങൾ സാധുക്കൾക്ക് ദാനം ചെയ്യുമായിരുന്ന ഉദാരശീലനായ പിതാവിന്റെ മരണ ശേഷം രംഗത്തുവന്ന മക്കൾ ,ആ സൽ പാരമ്പര്യത്തെ മുറിച്ചുകളയുകയും സാധുക്കൾക്കെതിരിൽ ഗൂഢാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അല്ലാഹുതആല ആ തോട്ടം നിശ്ശേഷം നശിപ്പിച്ചുകളയുകയും ദാരിദ്ര്യവും വരൾച്ചയും കൊണ്ട് അവരെ പരീക്ഷിക്കുകയും ചെയ്തു."ദോഷങ്ങളെ നിങ്ങൾ സൂക്ഷിക്കുക, കാരണം അടിമ ചെയ്യുന്ന ദോഷം കാരണത്താൽ അവന് നിശ്ചയിക്കപ്പെട്ട ഭക്ഷണം തടയപ്പെടും" എന്ന നബിവചനം ഇതിനോട് ചേർത്ത് വായിക്കുന്നത് അഭികാമ്യമാവും.ധനവും ഇസ്ലാമിക പ്രകാശവും പ്രവാചകരെയും അനുഗ്രഹമായി നൽകിയതിന് നന്ദി കാണിക്കുന്നതിന് പകരം അഹങ്കാരത്തിന്റെയും അധിക്ഷേപത്തിന്റെയും മാർഗ്ഗം സ്വീകരിച്ചവർ ഈ തോട്ടക്കാരിൽ നിന്നും വിഭിന്നമല്ലെന്ന് ചുരുക്കം!!


      അനുയായികളുടെ നിഷേധ്യ ഭാവത്തിൽ വ്യസനം പൂണ്ട് നാടുവിട്ട യൂനുസ് നബിയെ പോലെയാകരുതെന്നും നാഥന്റെ തീരുമാനങ്ങൾക്ക് മുന്നിൽ ക്ഷമാ ഭാവം കൈവരിക്കണമെന്നും അല്ലാഹു സുബ്ഹാനവുതആല തന്റെ ഹബീബിനെ ഉണർത്തുന്നുണ്ട്.ശത്രുപക്ഷത്തിന്റെ നിലയ്ക്കാത്ത ക്രൂരതകൾക്കെതിരെ , ഉറച്ച ഈമാനിക ആവേശത്തോടെ സഹന ഭാവം പൂണ്ട തിരുദൂതർ തങ്ങൾക്ക് അവിച്ഛേദ്യമായ പ്രതിഫലം 'غير ممنون'എന്ന പ്രയോഗത്തിലൂടെ അല്ലാഹു വാഗ്ദാനം ചെയ്യുന്നതായി കാണാം.


     സത്യനിഷേധികളുടെ വ്യത്യസ്ത അടയാളങ്ങൾ പല സൂക്തങ്ങളിലായി വ്യക്തമാക്കുന്നുണ്ട്. സ്ഥാനത്തും അസ്ഥാനത്തുമായി സത്യ-അസത്യ വേർതിരിവില്ലാതെ നാഥന്റെ മഹത്വത്തെ നിസാരമാക്കും വിധത്തിൽ അധികമായി സത്യം ചെയ്ത് സ്വയം നിസ്സാരനായിത്തീരുന്ന حلاّف ഉം ജനങ്ങളിലെ ന്യൂനതകളെ കണ്ടെത്തി പരിഹസിച്ചു നടക്കുന്ന همّاز ഉം ഏഷണിക്കാരനും നന്മയെ തടയുന്നവരെയുമെല്ലാം പ്രസ്തുത വിഭാഗത്തിൽ  ഉൾക്കൊള്ളിക്ക പ്പെട്ടിട്ടുണ്ട്.നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്കെതിരെ ഉപദ്രവങ്ങളുടെ സംഹാരതാണ്ഡവം തീർത്ത വലീദു ബ്നു മുഗീറയെ زنيم (ജാരസന്തതി) പ്രയോഗത്തിലൂടെ നിഷിധമായി വിമർശിച്ചതും പ്രസ്തുത അധ്യായത്തിലാണ്.

     

        "وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ"

"സത്യത്തില്‍, മാലോകര്‍ക്കാകമാനമുള്ള ഒരു ഉദ്‌ബോധനമാണ് ഖുര്‍ആന്‍" എന്ന സൂക്തത്തോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്. മനുഷ്യരും ജിന്നും അടങ്ങുന്ന സകലർക്കും വിജയപാത വെട്ടിക്കൊടുക്കുന്ന

ഉദ്ബോധനങ്ങളുടെ മഹാ കലവറയാണ് ഖുർആൻ . ഖുർആനും തിരുസുന്നത്തും മുറുകെ പിടിച്ച് ജീവിക്കുന്ന വിജയികളിൽ നാഥൻ നമ്മെ ഏവരെയും ഉൾപ്പെടുത്തട്ടെ ....ആമീൻ.



Suhaila.k


Al-farooq Islamic Women's College,Trippanachi