സൂറത്തുൽ ഹാഖ: ഹഖിൻ്റെ നാൾവഴികൾ


  മാനവസമൂഹത്തിൻ്റെ മാർഗദർശനത്തിനായി പ്രപഞ്ച സൃഷ്ടാവ് തൻ്റെ അന്ത്യദൂതനിലൂടെ അവതരിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതിൻ്റെ ഉള്ളടക്കം പോലെ ഭാഷയും ശൈലിയും പദ ഘടനയുമെല്ലാം ദൈവീകമാണ്.ജ്ഞാന വിസ്മയങ്ങളുടെ ലോകത്ത് ആഴമറിഞ്ഞ് ചർച്ച ചെയ്യപ്പെടേണ്ടതായി ഒന്നുണ്ടെങ്കിൽ അത് വിശുദ്ധ ഖുർആൻ മാത്രമാണ്. പരിശുദ്ധ ഖുർആനിലെ 52  സൂക്തങ്ങൾ ഉൾക്കൊള്ളുന്നതും പുണ്യനഗരമായ മക്കയിൽ അവതീർണ്ണമായതുമായ  69ാം അധ്യായമാണ് സൂറത്തു ഹാഖ.


അന്ത്യ നാളിനെ കുറിച്ചും അതിനെ നിഷേധിച്ചവർക്ക് അള്ളാഹു തആല നൽകിയ ശിക്ഷയെ കുറിച്ചും പരാമർശിക്കുന്ന അധ്യായമാണ്. സൂറത്തിൻ്റെ ആരംഭത്തിൽ തന്നെ യഥാർത്ഥ സമയം( ما الحاقّة)എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് അള്ളാഹു തുടങ്ങുന്നത്. യഥാർത്ഥ സമയം എന്ന് പറഞ്ഞതിന്റെ വിവക്ഷ അന്ത്യനാളാണ്. അത് സത്യമായും സംഭവിക്കുന്നതും അതിൽ വിചാരണ , പ്രതിഫലം മുതലായവ സാക്ഷാൽകൃതങ്ങളായിത്തീരുന്നതാണ്. അതിൻ്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്നതാണ് രണ്ടും മൂന്നും സൂക്തങ്ങൾ.മുൻഗാമികളായ നിഷേധികൾക്ക് നൽകിയ ശിക്ഷയെ എടുത്ത് പറഞ്ഞ് കൊണ്ട് അള്ളാഹു തആല പിൻഗാമികൾക്ക് ഒരു മുന്നറിയിപ്പ് നൽകുക കൂടിയാണിവിടം. الحاقّة എന്നും القارعة എന്നും അന്ത്യദിനത്തെ അള്ളാഹു തആല പരാമർശിക്കുന്നു. 


മനുഷ്യ ജീവിതത്തെ മൊത്തത്തിൽ മൂന്ന് ഘട്ടങ്ങളായി തിരിക്കാം- ഐഹികം, ബർസഖ്, ഖിയാമത്ത് . ജനനം മുതൽ മരണം വരേ നീണ്ടുനിൽക്കുന്ന ജീവിത ഘട്ടമാണ് ഐഹികം എന്നത് കൊണ്ട് വ്യവഹരിക്കപ്പെടുന്നത്. മരണം മുതൽ അഥവാ മനുഷ്യൻ്റെ ശരീരവും ആത്മാവും തമ്മിൽ വേർപ്പെട്ടത് മുതൽ രണ്ടാമതും മനുഷ്യൻ പുനർജീവിക്കപ്പെടുന്നത് വരെ നീണ്ടു നിൽക്കുന്ന ഘട്ടമാണ് ബർസഖ്. മനുഷ്യൻ പുനർജീവിക്കപ്പെടുന്നതു മുതൽ അനന്തതയിലേക്ക് നീണ്ടു പോകുന്ന ഘട്ടത്തിനാണ് ഖിയാമത്ത് എന്ന് പറയുന്നത്.ഈ ലോകത്തേക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ദൂതന്മാരും മുന്നറിയിപ്പ് നൽകിയത്  ഈ അന്ത്യദിനത്തെ കുറിച്ച് തന്നെയാണ്. മുൻഗാമികളായ സമൂഹങ്ങൾ മുഴുവനും ഇതിനെ നിഷേധിക്കുകയും ഐഹിക ജീവിതം മാത്രമേയുള്ളൂ എന്ന് വാദിക്കുകയും ചെയ്തു. ഇത്  മൂലമാണ് അല്ലാഹു തആല അവരെ അവൻ്റെ ഭയാനകമായ ശിക്ഷ നൽകി പരീക്ഷിച്ചത്.  സമൂദ് സമുദായത്തെ നശിപ്പിച്ചത് ഘോരമായ ശബ്ദം കൊണ്ടായിരുന്നു വെന്നും , ശക്തിയായ പ്രകമ്പനം കൊണ്ടായിരുന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ട്. അതായത് ഒരു ഘോരമായ ശബ്ദവും അതോടൊന്നിച്ച് ഒരു ഭൂചലനവും ഇറക്കി കൊണ്ടാണ് അള്ളാഹു അവരെ നശിപ്പിച്ചത്. അതാണ് സൂക്തം അഞ്ചിൽ പറഞ്ഞ الطاغية ( അതിര് വിട്ട സംഭവം) എന്നതു കൊണ്ടുദ്ദേശ്യം. ആദ് സമുദായമാകട്ടെ ഘോരമായ കൊടുങ്കാറ്റു മുഖേനയാണ് സംഹരിക്കപ്പെട്ടത്.  അന്ത്യ നാളിന്റെ സംഭവ്യതയെ നിഷേധിച്ച ചില സമുദായങ്ങളുടെ ദുരന്തഫലം എടുത്തുദ്ദരിച്ച ശേഷം ആ നാളിനെ സംബന്ധിച്ചതും  അന്നുണ്ടാകാനിരിക്കുന്നതുമായ വിവിധ കാര്യങ്ങളെ കുറിച്ച് പറയാൻ തുടങ്ങുകയാണ്  13 മുതലുള്ള സൂക്തങ്ങളിൽ.


വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് അന്ത്യനാളിൽ വിശ്വസിക്കുക എന്നത്. അന്ത്യനാൾ എന്ന് സംഭവിക്കുമെന്ന് നമുക്ക് നിർണ്ണയിച്ച് തന്നിട്ടില്ലെങ്കിലും അതിന്റെ ലക്ഷണങ്ങൾ നബി(സ) പ്രവചിച്ചിട്ടുണ്ട്. അന്ത്യ നാളിനെ പറ്റിയാണല്ലോ സൂറത്തിൻ്റെ ആദ്യം പരാമർശിച്ചത്. കാരണം, ജനങ്ങൾ തിന്മ വെടിഞ്ഞ് നന്മയിലേക്ക് ഉളരുവാനും ഇതിൽ നിന്നെല്ലാം പാഠം ഉൾകൊള്ളാനുമാണ്. സജ്ജനങ്ങൾക്കാണ് തങ്ങളുടെ കർമരേഖ വലതു കയ്യിൽ നൽകപ്പെടുക. അത് ലഭിക്കുമ്പോൾ ആനന്ദതുന്ദിലരായി ആവേശഭരിതരായി " ഇതൊന്ന് എടുത്ത് വായിച്ചു നോക്കൂ" എന്ന് അവർ പറയും. കർമ്മരേഖ ഇടതുകയ്യിൽ നൽകപ്പെടുന്നവർ ദുർ ജനങ്ങളാണ്. അത് കൈയണയുമ്പോൾ അവർ അങ്ങേയറ്റത്തെ കൊടും   ഖേദത്തിലാകും.  നന്മതിന്മകൾ എഴുതുന്ന ഈ രേഖ തനിക്ക് തീരെ തന്നെ കിട്ടാതിരിക്കലായിരുന്നു ഭേദം,   മരണത്തോടു കൂടി എല്ലാം തീർന്നു പോയിരുന്നെങ്കിൽ എന്നൊക്കെ അവർ അഭിലഷിക്കും. ഇടതുകയ്യിൽ കിതാബ് നൽകപ്പെടുന്ന വിഭാഗം,  അവർ സൃഷ്ടാവിനോടും  സൃഷ്ടികളോടുമുള്ള  ബാധ്യത നിറവേറ്റിയിരുന്നില്ല.


'ഗിസ്ലീൻ' ( നരകക്കാരുടെ ദേഹത്തിൽ നിന്നും പൊട്ടിയൊഴുകുന്നതും കടുത്ത ദുർഗന്ധം വമിക്കുന്നതുമായ ദുർനീരാണ്) എന്ന പാനീയമാണ് അവരെ കുടിപ്പിക്കുന്നത്. 

പിന്നീട് ഈ സൂറത്തിൽ അല്ലാഹുതആല വിശദീകരിക്കുന്നത് മാന്യനായ ദൂതൻ എന്ന് പറഞ്ഞുകൊണ്ട് നബി(സ) യെ  കുറിച്ചാണ്. ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെന്നും 

അത് മുഴുവനും അവൻറെ വാക്യങ്ങളും വചനങ്ങളുമാണെന്നും -  ഖുർആനിൽ പല സ്ഥലത്തും,  ഇവിടെ നാൽപ്പത്തിമൂന്നാം സൂക്തത്തിൽ തന്നെയും അവൻ സ്പഷ്ടമായി പ്രഖ്യാപിച്ചതാണ്.  എന്നാൽ ജിബ്‌രീൽ (അ) നബി(സ) ക്ക്  എത്തിച്ചുകൊടുക്കുകയും നബി (സ) അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഈ നില പരിഗണിച്ച് കൊണ്ടാണ് ഇവിടെ നബി(സ) യാണ് അത് ജനങ്ങൾക്ക് എത്തിച്ചു കൊടുത്തത് എന്ന അർത്ഥത്തിൽ " ദൂതൻ്റെ വാക്ക്" ( قول الرسول)എന്ന് പറഞ്ഞത്. ജിബ്‌രീൽ (അ) ആണ് അത് നബി(സ) ക്ക് എത്തിച്ചു കൊടുത്തത് എന്ന മറ്റൊരു അർത്ഥത്തിലാണ് 'ദൂതൻ്റെ വാക്ക് 'എന്ന് പറഞ്ഞത് . എന്നാൽ,  ആദരണീയനായ ഒരു ദൂതൻ്റെ  വാക്കാണ്  ഖുർആൻ ( إنه لقول رسول كريم)എന്ന പരാമർശത്തെ പൊക്കിപ്പിടിച്ച് കൊണ്ട് ഇസ്ലാമിൻ്റെ അകത്തും പുറത്തുമുള്ള ശത്രുക്കൾ സമർത്ഥിക്കാൻ ശ്രമിക്കുന്നത് പോലെ , ഖുർആൻ നബി (സ) യുടെ വാക്കുകളാണെന്ന് ഊഹിക്കാൻ പോലും പഴുതില്ലാത്തതാണ്. ഖുർആനിൽ യാതൊരു മാറ്റത്തിരുത്തലുകളും വരുത്താൻ നബി (സ) ക്കോ ജിബ്‌രീൽ (അ) നോ സാധ്യമല്ലെന്ന് ഖുർആൻ വ്യക്തമാക്കിയിരിക്കുന്നു. ഖുർആൻ നബി (സ)യുടെ സൃഷ്ടിയല്ലെന്ന് ഇവിടെ ഊന്നിപ്പറയുകയാണ്. നബി (സ) അള്ളാഹുവിന്റെ പേരിൽ ഒന്നും കെട്ടിച്ചമക്കുകയില്ല. നബി (സ) അതിന് ശ്രമിച്ചിരുന്നുവെങ്കിൽ തന്നെ അത് പരാജയപ്പെടുമായിരുന്നു.

 

സൂക്ഷ്മത പാലിക്കുന്ന ഭയഭക്തന്മാരായിരിക്കും യഥാർത്ഥത്തിൽ ഖുർആൻ ഉപയോഗപ്പെടുത്തുക .അത് കൊണ്ടാണ് ഖുർആനിനെ പറ്റി , അത് മുത്തഖീങ്ങളെ ഓർമ്മിപ്പിക്കുന്നതാണെന്നും  അത് ഭക്തന്മാർക്ക് മാർഗദർശനമാണെന്നും  

 അള്ളാഹു പറഞ്ഞത്. 

 സത്യനിഷേധികളെ കുറിച്ച് അള്ളാഹു ശരിയായ രീതിയിൽ അറിഞ്ഞുകൊണ്ടുതന്നെയാണ് അവരെ ശിക്ഷിക്കാതെ വിട്ടിരിക്കുന്നതെന്നതാണ്  വാക്യം 49 ൻ്റെ  സാരം .ഖുർആനിൽ വിശ്വസിക്കാത്തവർക്ക്

അത് നെടും ഖേദത്തിനും തീരാത്ത ദുഃഖത്തിനും കാരണമായിത്തീരുമെന്നും  വാക്യം 50 ചൂണ്ടിക്കാണിക്കുന്നു. 

അല്ലാഹുവിനെയും  അവൻ്റെ  റസൂലിനെയും അനുസരിച്ച് ജീവിക്കുന്ന മുത്തഖീങ്ങളിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ...


Nasreen CP

Shahina M

NMC Alappuzha