സൂറത്തുൽ മആരിജ്; ബൗദ്ധിക വാദികളേ ഒരു നിമിഷം!



ആരോഹണപദങ്ങളുടെ അധിപനും പ്രപഞ്ചസത്യങ്ങളുടെ ചാലക ശക്തിയുമായ ഇലാഹെന്ന അനിർവചനീയമായ പൊരുൾ നൽകിയ വാഗ്ദ്ധത്ത ദിവസം സത്യവിശ്വാസികളെ കുളിരണിയിക്കുന്നതാണ്. ലോക രക്ഷിതാവിന്റെ നിയന്ത്രണത്തെ ചോദ്യം ചെയ്യുകയും അവന്റെ കരാറിനെ നിരസിക്കുകയും പുനർജന്മത്തെ നിഷേധിക്കുകയും ചെയ്യുന്ന സത്യനിഷേധികളുടെ പൊള്ള വാദങ്ങളെ തകർത്തെറിയുന്ന വചനങ്ങളാണ് സൂറത്തു മആരിജിൽ പ്രതിപാദിചിച്ചിട്ടുള്ളത്. പ്രബോധനത്തിന്റെ പ്രഥമ കാലത്ത് പ്രവാചകൻ മുഹമ്മദ് (സ്വ ) തങ്ങൾക്ക് നേരെയുള്ള മക്കാ മുശ്രിക്കീങ്ങളുടെ എതിർപ്പ് പ്രകടമായ സമയത്താണീ സൂറത്തിന്റെ അവതരണം.


ഉയിർത്തെഴുന്നേൽപ്പ്, പരലോകം, വിചാരണ, രക്ഷ, ശിക്ഷ എന്നിവയെല്ലാം പരിഹസിച്ചു തള്ളുകയും ശിക്ഷയെ ഉളരി ചോദിക്കുകയും പ്രവാചകനെ ഇക്കാര്യത്തിൽ വെല്ലുവിളിക്കുകയും ചെയ്ത സത്യനിഷേധികൾക്കുള്ള താക്കീതും ഉപദേശവും ആണ് ഈ സൂറത്ത്.

മക്കിയ്യായ ഈ സൂറത്ത് രണ്ട് റൂകൂഉകൾ കൂടി അടങ്ങിയതാണ്. മുൻകാല പണ്ഡിതന്മാർ നിസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന സന്ദർഭത്തിൽ ഒരു വിഷയം അവസാനിക്കുന്നിടത്താണ് റുകൂഉ ചെയ്തിരുന്നത്. അങ്ങനെ അവർ പാരായണം നിർത്തി റുകൂഇലേക്ക് പോയിരുന്ന ഭാഗത്തെയാണ് ഖുർആൻ പാരായണത്തിലെ റുകൂഉകൾ എന്ന് പറയുന്നത്. ع എന്ന അറബി അക്ഷരം കൊണ്ടാണ് സാധാരണ ഈ സ്ഥലങ്ങൾ മുസ്ഹഫിൽ അടയാളപ്പെടുത്താറുള്ളത്. ഈ സൂറത്തിലുള്ള രണ്ട് റുകൂഉകൾ വരുന്നത് 35, 44 സൂക്തങ്ങൾക്ക് ശേഷമാണ്.


സത്യനിഷേധികൾക്ക് സംഭവിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ചുള്ള ഒരാളുടെ ചോദ്യമാണ് സൂറത്തിന്റെ ആദ്യ സൂക്തം. ആ ശിക്ഷയെ തടയാൻ കഴിയുന്ന യാതൊന്നും തന്നെ ഇല്ല. മാത്രമല്ല അവിശ്വാസികളുടെ ഇത്തരം പ്രവർത്തനത്തിൽ അത്യധികം മനോഹരമായ ക്ഷമ കൈകൊള്ളാൻ അള്ളാഹു പ്രവാചകനെ ഉണർത്തുന്നു. 44 സൂക്തങ്ങൾ ഉൾകൊള്ളുന്ന ഖുർആനിലെ എഴുപതാമത്തെ അധ്യായമായ മആരിജിൽ അന്ത്യദിനത്തെ വിദൂരമായി കാണുന്നവർക്കുള്ള അല്ലാഹുവിന്റെ വ്യക്തമായ മറുപടിയാണ് 8 മുതലുള്ള സൂക്തങ്ങളിൽ വിവരിക്കുന്നത്.


`അന്ത്യനാൾ എന്ന് ?´എന്ന ചോദ്യത്തിന് വ്യക്തമായ തിയ്യതിയല്ല മറിച്ച് അന്ത്യദിനത്തിലെ ഭയാനതകളും സംഭവവികാസങ്ങളുമാണ് അല്ലാഹു ഓർമപ്പെടുത്തുന്നത്. സ്വന്തം ശിക്ഷ ഒഴിവാക്കാൻ തന്റെ ഉറ്റവരെയും, എന്തിന് ലോകത്ത് തനിക്കു ബന്ധമുള്ള എല്ലാത്തിനെയും പ്രായശ്ചിത്വം വെച്ച് നരക ശിക്ഷയിൽ നിന്ന് മോചനം നേടാൻ ഓരോ സത്യനിഷേധിയും ആഗ്രഹിക്കും. ആ മോഹം പാഴ്മോഹം തന്നെയാണ്. കത്തിയാളുന്ന നരകം അവിശ്വാസികളുടെ തൊലി പൊളിച്ചു നീക്കുക തന്നെ ചെയ്യും എന്ന് ഖുർആൻ താക്കീത് നൽകുന്നു.



അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന, നമസ്കാരം മുറ പോലെ നിർവ്വഹിക്കുന്ന, ദാന ധർമ്മം ചെയ്യുന്നവരായ സജ്ജനങ്ങളെ ഒഴിച്ച് മനുഷ്യനെ വളരെ അക്ഷമനായിട്ടാണ് അള്ളാഹു സൃഷ്ടിച്ചിരിക്കുന്നതെന്നതിനാൽ ദോഷം ബാധിച്ചാൽ അവൻ പൊറുതികേടു കാണിക്കുകയും ഗുണം വന്നാൽ അത് മറ്റുള്ളവർക്ക് നൽകാതെ പിശുക്ക് കാണിക്കുകയും ചെയ്യുന്നു. ഇവരെയും അള്ളാഹു പിടികൂടുക തന്നെ ചെയ്യുമെന്നും അല്ലാഹുവിനെ ഭയപ്പെട്ടു സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് അള്ളാഹു സ്വർഗം കൊണ്ട് പ്രതിഫലം നൽകുകയും ചെയ്യുമെന്ന് വ്യകതമാക്കുന്നു 19 മുതൽ 35 വരെയുള്ള സൂക്തങ്ങൾ.



സൂറത്തിലെ 36 മുതൽ അവസാന ആയത്തായ 44 വരെ നരകം വാഗ്ദ്ധത്തം നൽകിയ അവിശ്വാസികൾ അവർ നശ്വരലോകത്ത് സുഖസമ്പൂർണ്ണമായ സ്വർഗീയ്യ ജീവിതത്തിൽ പ്രവേശിക്കാൻ പ്രതീക്ഷിച്ചു നിൽക്കുന്നു എന്നു പറയുന്നു. എന്നാൽ അത് വ്യാമോഹമാണ്. അവരേക്കാൾ ഉത്തമരായ ജനതയെ കൊണ്ട് വരാൻ കഴിവുള്ളവനാണ് അല്ലാഹു. അല്ലാഹുവിനെ പരാജയപ്പെടുത്താൻ ഒരാൾക്കും സാധിക്കുകയില്ല. അങ്ങനെ നിഷേധികളെ ദുർവൃത്തിയിൽ മുഴുകുന്നതിൽ വിട്ടയക്കുക യെന്നും അവർ ശിക്ഷ വരും വരെ കളിക്കട്ടെ എന്നും നബിയോട് അല്ലാഹു പറയുന്നു. ലോക രക്ഷിതാവ് താക്കീതു നൽകിയ ദിവസം സത്യ നിഷേധികളിലേക്ക് അണയുമ്പോൾ ഖബറുകളിൽ നിന്നവർ ബദ്ധപ്പെട്ടു കൊണ്ട് പുറത്തു വരും. ഒരു നാട്ടകുറിയിലേക്ക് തിരക്ക് പിടിച്ചു ഓടും പോലെ. അന്നേരം അവർ നിന്ദ്യരായി കൊണ്ടും കണ്ണുകൾ വിനയാന്വതരായി കൊണ്ടുമായിരിക്കും. മരണാനന്തര പുനർ ജീവിതത്തെയും അവിടെ യാഥാർത്ഥ്യമാകുമെന്ന് മുന്നറിയിപ്പ് നൽകിയ സംഭവങ്ങളെയും നിഷേധിക്കുകയും കളവാക്കുകയും ചെയ്യുന്നവർക്കെതിരെ തെളിവായി ഉദ്ധരിക്കാവുന്ന ഖുർആനിലെ അദ്ധ്യായങ്ങളിലൊന്നാണിത്. അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച് ജീവിക്കുന്നവർക്കും സൽകർമ്മങ്ങൾ ചെയ്യുന്നവർക്കും സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുകയും അനുസരണക്കേട് കാണിക്കുന്നവർക്കും അവിശ്വാസികൾക്കും ശിക്ഷ കൊണ്ട് ഭയപ്പെടുത്തി അറിയിക്കുകയുമാണ് ഈ അദ്ധ്യായത്തിലൂടെ. അല്ലാഹു നമ്മെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ...ആമീൻ




Thoufeera mol. Ap

Asna jasmin. P

Darul Athfal Wafiyya Collage, Koppam