സൂറത്തുൽ ഖാരിഅ : മുന്നറിയിപ്പ് മുഴങ്ങുമ്പോൾ


 അൽ ഖാരിഅ എന്ന വാക്കിൽ തന്നെ മുന്നറിയിപ്പാണ്. ലോകാവസാനത്തിലേക്ക് നടുക്കത്തോടെ വിരൽ ചൂണ്ടുന്ന ശബ്ദാത്മകമായൊരു മുന്നറിയിപ്പ്.ആ ദിനമിൽ മനുഷ്യൻ തനി ദുർബലനാവുന്ന അവസ്ഥയിലേക്ക് ഭയാനകമായ ഒരു എത്തി നോട്ടമാണീ സൂറത്ത്.കേവലം 11 ആയത്തുകൾക്കുള്ളിൽ ആന്തരിക - ബാഹ്യ അർത്ഥങ്ങളെ ഉൾച്ചേർത്തു കൊണ്ടാണ് ഖുർആനിലെ ഈ നൂറ്റൊന്നാം അദ്ധ്യായത്തെ അള്ളാഹു സംവിധാനിച്ചിട്ടുള്ളത്.


الْقَارِعَةُ എന്നാൽ

ഊക്കോട് കൂടി ഉണ്ടാവുന്ന അതി കഠിന ശബ്ദമാണ്. ഇതൊരുപക്ഷേ സൂർ എന്ന കാഹളത്തിൽ ഊതപ്പെടുമ്പോഴുണ്ടവുന്ന ശബ്ദത്തിലേക്കുള്ള സൂചനയാവണം.കാഹളം ഊതുന്നതുകൊണ്ടും, ലോകമാസകലം തട്ടിത്തകരുന്നതുകൊണ്ടും ഉണ്ടാകുന്ന ഘോരശബ്ദവും,  തുടര്‍ന്നുണ്ടാകുന്ന വമ്പിച്ച ഭീകരാവസ്ഥകളും കാരണമായി ഖിയാമത്തിന് ആ പേര്‍ നല്‍കപ്പെട്ടിരിക്കുന്നു. തുടർന്നങ്ങോട്ടുള്ള ആയത്തുകളിൽ അന്നേ ദിവസമുള്ള ഭയാനതകളുടെ ആവിഷ്കാരമാണ്.


സംഭവിക്കുന്നതെന്തെന്ന് വേർതിരിച്ചറിയാനാവാതെ ഉള്ള വിഭ്രാന്തിയാൽ വേപഥു പൂണ്ട മനുഷ്യന് ചിന്നി ചിതറിയ ഈയാം പാറ്റകളെ പോലെ കൂട്ടം തെറ്റി അലയുകയും പരിതപിക്കുകയും ചെയ്യുന്ന ആ ദിവസം , മനുഷ്യ സങ്കൽപ്പങ്ങൾക്കും അതീതമാണ്.ഉറച്ചു നിൽക്കുന്ന പർവതങ്ങളോരോന്നും കടയപ്പെട്ട രോമങ്ങൾ പോലെ ധൂളികളായി അന്തരീക്ഷത്തിൽ നിറയുമ്പോഴാണ് വിഹ്വലതകൾ കൂടുന്നതും ദുനിയവ്വിയായ ജീവിതത്തിന്റെ പ്രസക്തി അസ്ഥാനത്താവുന്നതും.ഒടുവിലതിന്റെ അന്ത്യത്തെ കുറിച്ച് അള്ളാഹു തന്നെ വ്യക്തമാക്കുന്നു:


സൂറത് അഅ്റാഫിൽ അല്ലാഹു പറയുന്നു: وَالْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَن ثَقُلَتْ مَوَازِينُهُ فَأُولَـٰئِكَ هُمُ الْمُفْلِحُونَ وَمَنْ خَفَّتْ مَوَازِينُهُ فَأُولَـٰئِكَ الَّذِينَ خَسِرُوا أَنفُسَهُم (സാരം: അന്നത്തെ ദിവസം തൂക്കിനോക്കല്‍ യഥാര്‍ത്ഥമായുള്ളതാണ്. അപ്പോള്‍, യാതൊരുവരുടെ തുലാസ്സുകള്‍ – അഥവാ തൂക്കം – ഘനം തൂങ്ങിയോ അവരത്രെ ഭാഗ്യവാന്മാര്‍. യാതൊരുവരുടെ തൂക്കം ലഘുവായോ അവരത്രെ സ്വയം നഷ്ടപ്പെടുത്തിയവര്‍).


ഈ ഭാഗ്യദൗർഭാഗ്യങ്ങളിലേക്ക് വിരൽ  ചൂണ്ടുന്നതാണ് അൽ ഖാരിഅയും.മനുഷ്യന്റെ നന്മ തിന്മകൾ തൂക്കപ്പെടുകയും അതിനനുസരിച്ചു വിധി പറയപ്പെടുകയും ചെയ്യും.



"അപ്പോള്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ഘനം തൂങ്ങിയോ അവന്‍ തൃപ്തികരമായ ജീവിതത്തിലായിരിക്കും. 


എന്നാല്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ലഘുവായോ അവനാകട്ടെ,ഹാവിയ എന്ന സങ്കേതത്തിലാകുന്നു." 


ഹാവിയഃ’ (هاوية) എന്നാൽ ‘വീഴുന്നത്, ആണ്ട് പോകുന്നത്’ എന്നൊക്കെ വാക്കര്‍ത്ഥം, നരകമാണ് അതിന്റെ വിവക്ഷ.അഗ്നിജ്വാലകൾ ആളിപ്പടരുന്ന അത്യാഗാധമുള്ള തീക്കുണ്ഡാരമത്രെ അത്‌!ചൂടേറിയ അതിന്റെ അഗ്നി സ്ഫുലിംഗങ്ങൾ മനുഷ്യ മാംസത്തെ രുചിക്കുന്ന രംഗമെത്ര ഭയാനകമായിരിക്കണം!


കുറ്റവാളികൾക്കൊരു അഭയസ്ഥാനമുണ്ടെങ്കിൽ അത്‌ നരകം മാത്രമാണെന്ന് ഈ സൂറത്ത് പറഞ്ഞു വെക്കുന്നു. ഖിയാമത് നാൾ മുതൽ ഹാവിയയിലേക്കുള്ള ദൂരത്തെ കേവലം പതിനൊന്ന് ആയത്തുകൾക്കുള്ളിൽ മർമ പ്രധാനമായി പറഞ്ഞു തീർക്കുന്നിടത്താണ് അൽ ഖാരിഅ ദിഗന്തങ്ങൾ മുഴങ്ങുന്ന മുന്നറിയിപ്പാവുന്നത്.ഈ മുന്നറിയിപ്പിനെ മുഖവിലക്കെടുക്കുന്നവർക്ക് അവൻ ഹാവിയയെ ഹറാം ആക്കിയേക്കാം.


അല്ലാഹു നമ്മെ സല്‍ക്കര്‍മങ്ങള്‍ക്ക്  മുന്‍‌തൂക്കം ലഭിക്കുന്ന,സ്വർഗാവകാശികളായ ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.


FATHIMA V U

WADEEMA MOHAMED BUTTI WOMEN'S COLLEGE