സൂറത്തുൽ ആദിയാത്ത് :അശ്വത്തിൽ ആണയിട്ട അധ്യായം
പരിശുദ്ധ ഖുർആനിലെ നൂറാം അദ്ധ്യായം, നാൽപത് പദങ്ങളുടെ ദൈവിക വിന്യാസത്തിൽ വിരിഞ്ഞ പതിനൊന്ന് സൂക്തങ്ങൾ. ആരംഭം അഞ്ചായത്തുകളിൽ തന്നെ അശ്വത്തിനു മേൽ അല്ലാഹു സാക്ഷിയിടുന്നത് കാണാം. മനുഷ്യനോട് ഇണക്കവും മെയ്‌വഴക്കവും യുദ്ധക്കളത്തിൽ ശൂര്യരുമായ മുന്തിയ ഇനം കുതിരകൾ,യന്ത്രവൽകൃത യുദ്ധസന്നാഹങ്ങളില്ലാത്ത സമയങ്ങളിൽ ധർമ്മ സമരങ്ങളിലെ മുൻ സാന്നിധ്യമായിരുന്നു.
"وَٱلْعَـٰدِيَـٰتِ ضَبْحًا
ശീഘ്രഗതിയില്‍ കുതിച്ചോടുന്ന കുതിരയെ തന്നെയാണ് സത്യം "
മാത്രവുമല്ല ശക്തമായ ഓട്ടത്തിന്റെ ഉശിരിൽ കുളമ്പിൽ നിന്നും തീ പാറുകയും ശത്രുപരാജയത്തിനായ് പ്രഭാതത്തിൽ തന്നെ പടനയിക്കുകയും അന്തരീക്ഷം പൊടിപടലം പരത്തി എതിരാളി മദ്ധ്യേ പുകമറ തീർക്കുന്നവരുമായ കുതിരകൾ.കുതിരകളെ ഉത്തമഗുണമുള്ള ഗണമായി വർണ്ണിച്ച ശേഷം അല്ലാഹു ചിന്താശേഷിയുള്ള മനുഷ്യനെ പറ്റി പ്രതികരിക്കുകയാണ്,അശ്വങ്ങൾ അവരുടെ അധ്വാനങ്ങൾ എങ്ങനെ അനുഗ്രഹമാക്കി മാറ്റിയെന്നു പറഞ്ഞ് മനുഷ്യന്റെ നന്ദികേടിനെ പറ്റി അല്ലാഹു ഉണർത്തുന്നു.
"إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ
നിശ്ചയമായും, മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ."
സത്യവും സന്മാർഗ്ഗവും തിരിച്ചറിഞ്ഞിട്ടും സ്രഷ്ടാവിനോട് നന്ദി കാണിക്കാത്ത ധിക്കാരിയായ മനുഷ്യൻ!
ഖുർആൻ മനുഷ്യനോട് ചിന്തിക്കാൻ പറഞ്ഞത് വിവേകവും വിചിന്തനവും വ്യർത്ഥമാക്കാനല്ല അതിന്റെ മെയ്യും മനസ്സും ഉൾക്കൊണ്ട് നാഥനെ ആരാധിക്കാനാണ്.
ധനത്തോടുള്ള ആർത്തിയിൽ മനുഷ്യൻ ധന്യനായി ഈ ദുനിയാവിൽ ഭ്രമിക്കുന്നു. സമ്പത്ത് കൊണ്ടുള്ള അനുഗ്രഹങ്ങളിൽ അല്ലാഹുവിനോട് നന്ദി കാണിക്കാത്ത അടിമയോട് അവൻ പറയുന്നു : മനുഷ്യ നീ സൗഖ്യങ്ങളോടുള്ള പ്രിയം ശക്തിയായിട്ടുണ്ട്.
എന്നാൽ,
"أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ
അവന്‍ അറിയുന്നില്ലേ ? ഖബ്റുകളിലുള്ളത് ഇളക്കി മറിച്ചു പുറത്താക്കപ്പെട്ടാല്‍...! "
മനുഷ്യൻ മരണം കഴിഞ്ഞ് മറികടക്കേണ്ട കടമ്പകളിലൊന്നാണല്ലോ ഖബറും അതിൽ നിന്നുള്ള പുതിയൊരു ജീവിതവും. അന്നേ ദിനം അവൻ ഹൃദയത്തിൽ മൂടി,ഒളിപ്പിച്ച് വച്ചത് പുറത്താകുകയും ചെയ്‌താൽ...!!! കാരണം,അവസാന നാളിൽ ഒരു അവ്യക്തതകളുമില്ല, ദുനിയാവിലെ അനുസാരിച്ചവൻ അനുഗ്രഹീതനാകും അധർമ്മകാരി നിഗ്രഹീതനാവുകയും ചെയ്യും.ശേഷം അദ്ധ്യായം ഇങ്ങനെ അവസാനിക്കുന്നു,
"إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ..."
അന്ന് ഖിയാമത് നാളിന്റെ അനന്യമായ ഏടുകളെ അല്ലാഹു മറിക്കുകയും വിധികൾ യഥേഷ്ടം നടപ്പാക്കുകയും ചെയ്യും. അറിവിന്റെ സൂചീ തലങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കൽ ഭദ്രമാണ്. അതിലൊരു ദ്വാരവും വീഴുന്നതല്ല...!
Fousiya. Kp
Darul anwar wafiyya college

0 Comments