സൂറത്തുതകാസുർ ;ദൈവ സ്മരണയെ ബാധിക്കുന്ന ആഢത്വ പ്രകടനം .



വിശുദ്ധ ഖുർആനിലെ നൂറ്റിരണ്ടാം അദ്ധ്യായമായ സൂറത്തുതകാസുർ മക്കയിൽ അവതരിച്ചതാണെന്ന് മുഫസ്സിറുകളായ അബൂഹയ്യാനും ശൗകാനിയും പ്രസ്ഥാവിച്ചിട്ടുണ്ട് ഇതേ അഭിപ്രായം തന്നെയാണ് സുയൂത്വി ഇമാമിനും.ഈ സൂറത്തിലെ تكاثر എന്ന പദമാണ് സൂറത്തിന്റെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.


      ഈ സൂറത്ത് ഭൗതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയാണ്.ഭൗതികബ്രമത്താൽ അവർ അന്ത്യശ്വാസം വരെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പ്രതാപവും സുഖാനന്ദങ്ങളും വാരിക്കൂട്ടാൻ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവ നേടിയതിന്റെ പേരിൽ അവർ അഭിമാന പുളകിതരാവുന്നു.അതിനുപരി മറ്റൊന്നും ശ്രദ്ധിക്കാനുള്ള പ്രജ്ഞയെ ഇല്ലാത്ത വണ്ണം അവർ അതിനെക്കുറിച്ചുള്ള വിചാരത്തിൽ ആണ്ടുപോയിരിക്കുന്നു. അതിന്റെ പരിണിതിയെക്കുറിച്ചുണർത്തിയശേഷം ആളുകളോട് പറയുന്നു. നിങ്ങൾ ബോധമില്ലാതെ വാരിക്കൂട്ടുന്ന ഈ ആഗ്രഹങ്ങൾ ഉണ്ടല്ലോ അവ ആഗ്രഹങ്ങൾ മാത്രമല്ല, നിങ്ങളെ പരീക്ഷിക്കാനുള്ള ഉപാധികൂടിയാണ്. ഈ ആഗ്രഹങ്ങളിലോരോന്നിനെക്കുറിച്ചും നിങ്ങൾ പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടിവരും.


   لهو അശ്രദ്ധ എന്ന പദംالهكم  ൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. ഒരാൾ സുപ്രധാനമായ മറ്റു കാര്യങ്ങളിലെല്ലാം അശ്രദ്ധനായി ഒരു വിഷയത്തിൽ തന്നെ മുഴുകിപ്പോകാൻ മാത്രം അതിൽ ആകൃഷ്ടനാവുക എന്ന അർത്ഥത്തിലാണ് അറബി ഭാഷയിൽ ഈ പദം ഉപയോഗിക്കുന്നത്.


     ...تكاثر എന്ന പദം كثرةഎന്ന പദത്തിൽ നിന്നാണ്. അതിന് മൂന്ന് അർഥങ്ങൾ ഉണ്ട്. ഒന്ന് : ഏറെ സമൃദ്ധി ആർജിക്കാൻ ശ്രമിക്കുക. രണ്ട് : സമൃദ്ധി കൈവരിക്കുന്നതിൽ മറ്റുള്ളവരെ മറികടക്കാൻ ശ്രമിക്കുക.മൂന്ന് :താൻ മറ്റുള്ളവരെക്കാൾ സമൃദ്ധിനേടിയിട്ടുണ്ടെന്ന്  അഭിമാനിക്കുക

      ആഢത്വ  പ്രകടനവും പെരുമകാട്ടലും മനുഷ്യനെ ദൈവ സ്മരണയിലും പാരത്രിക തയ്യാറെടുപ്പിലും നിന്ന് വ്യതിചലിപ്പിച്ചു കളയുന്നുവല്ലോ എന്ന് സഗൗരവം ഉണർത്തുകയാണ്. പരിസരം ഉപരിപ്ലവമായി മാത്രം കണ്ട് വസ്തുതകൾ മറന്ന് ചതിക്കുഴിയിൽ വീഴുകയാണവൻ. ഇമാം ഹസനുൽബസരി (റ)പറഞ്ഞു :"ചുറ്റും കാണുന്നവരിൽ വഞ്ചിതനാവേണ്ട.നീ മരിക്കുന്നതും പുനർജീവിക്കപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും ഒറ്റക്കാണ്. "

 

    സൂറത്തിന്റെ അവസാന ആയത്തിൽ ഇങ്ങനെ പറയുന്നു.. അന്ത്യനാളിൽ അനുഗ്രഹങ്ങളെ സംബന്ധിച്ചു നിശ്ചയം നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. വിശന്നു വലഞ്ഞ നബി (സ), ഹസ്രത്ത് അബൂബക്കർ, ഹസ്രത്ത് ഉമർ എന്നിവരൊന്നിച്ച് അബൂത്വൽഹ (റ)നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അന്ന് ഉണർത്തിയത് പ്രസിദ്ധമാണ്. അന്ത്യനാളിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഒരനുഗ്രഹം തന്നെയാണിത്. (മുസ്ലിം).



Saleena Salim

Wmo women's college (wafiyya)