സൂറത്തുൽ ഇൻഫിത്വാർ:അന്ത്യനാൾ ഒരു വിളിപ്പാടകലെ
നശ്വരമായ ഈ ദുനിയാവിന്റെ ആനന്ദങ്ങളിൽ മനുഷ്യൻ അവനെയും അവന്റെ ദൗത്യത്തെയും മറന്ന് പോവുകയാണ്. മനുഷ്യന്റെ ഈ അവസ്ഥയ്ക്ക് അവനിലൊരു ബോധമുയർത്തുന്നതാണ് ഖുർആനിലെ 82ആമത്തെ സൂക്തമായ ഇൻഫിത്വാർ. 'പൊട്ടിക്കീറൽ' എന്ന് അർത്ഥം വരുന്ന നാമമുള്ള ഈ സൂറത്ത് അവതരിച്ചത് മക്കയിലാണ്.19 വചനങ്ങൾ (ആയത്തുകൾ)അടങ്ങുന്നതാണ് ഇൻഫിത്വാർ എന്ന സൂറത്ത്.
ഖിയാമത് നാളിന്റെ ഭയാനകമായ അന്തരീക്ഷം വിവരിച്ചു കൊണ്ടാണ് സൂറത്തുൽ ഇൻഫിത്വാർ തുടങ്ങുന്നത്.
ആകാശങ്ങൾ പൊട്ടിപിളരുകയും നക്ഷത്രങ്ങളും ഗ്രഹങ്ങളും കൊഴിഞ്ഞു വീഴുകയും, സമുദ്രങ്ങൾ പൊട്ടിയൊഴുകുകയും ചെയ്യുന്ന ഖിയാമത് നാളിന്റെ അന്തരീക്ഷത്തെ വിവരിക്കുകയാണ് സൂക്തത്തിലെ ആദ്യത്തെ 3 ആയത്തുകൾ. നാലാമത്തെ ആയത്തിൽ ഖബറുകളെ ഇളക്കി മറിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. അന്ത്യനാളിൽ ഖബറാളികളെ ഉയർത്തെഴുന്നേല്പിക്കുന്നതിനെയാണ് ഈ ആയത്തിൽ പ്രതിപാദിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.
ഓരോ മനുഷ്യനും ചെയ്തതും ചെയ്യാം എന്ന് കരുതി മാറ്റിവെച്ചതിനെയും, സർവ്വ ശക്തനായ അല്ലാഹുവിന്റെ അടുക്കൽ കൃത്യമായ രേഖയുണ്ടെന്ന് നമ്മെ അല്ലാഹു ഓർമപ്പെടുത്തുകയാണ്.
അല്ലാഹു മനുഷ്യനെ ഒരു ഇന്ദ്രീയത്തുള്ളിയിൽ നിന്നും അവനുദ്ദേശിച്ചതായ ഒരു രൂപത്തിൽ സൃഷ്ടിക്കുകയും., അപൂർണമായ ഒന്ന് എന്നതിന് പകരം ഏറ്റവും പരിപൂർണമായ അവസ്ഥയിൽ അവൻ നിന്നെ സൃഷ്ടിക്കുകയും ചെയ്തു .ഇത്രയും കൃത്യമായ പാകത്തിൽ നിന്നെ സൃഷ്ടിച്ച ആദരണീയനും ഉദാരനുമായ സ്രഷ്ടാവിനെ തൊട്ട് നിന്നെ വഞ്ചിച്ചതെന്താണെന്ന ഗൗരവമേറിയ ഒരു ചോദ്യം നമ്മളിലേക്ക് ഉന്നയിക്കുകയാണ് സൂറത്തുൽ ഇൻഫിത്വാർ.. അല്ലാഹുവിന്റെ അത്യുന്നമായ അനുഗ്രഹങ്ങളെ കാറ്റിൽ പറത്തികൊണ്ട് നശ്വരമായ സുഖങ്ങൾക്ക് പിന്നാലെ നാം എപ്പോഴും ചുറ്റിപറ്റുമ്പോൾ നാം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത് ശാശ്വതമായ., ഒരിക്കലും നശിക്കാത്ത., സത്യത്തിന്റെ മാർഗം സ്വീകരിച്ചവർക്ക് നൽകുന്ന അതിമനോഹരമായ സ്വർഗത്തെയാണ്. അല്ലാഹുവിന്റെ ഭയാനകമായ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പുണ്ടായിട്ട് പോലും വഴികേടിന്റെ അങ്ങേതലപ്പത്തേക്ക് നാം എത്തിച്ചേരുന്നത് വളരെ ആശ്ചര്യം ഉളവാകുന്നതാണ്.
അല്ലാഹു വീണ്ടും നമ്മളോട് ചോദിക്കുകയാണ്. "പ്രതിഫല ദിനത്തേയും നിങ്ങൾ വ്യാജമാക്കുകയാണോ..?" ഈ ചോദ്യം തന്നെ അടുത്തുവരുന്ന ആയത്തുകളിലായി അല്ലാഹു വീണ്ടും ആവർത്തിക്കുകയാണ്. നമ്മുടെ മേൽ നമ്മെ സൂക്ഷിച്ചു വീക്ഷിക്കുന്ന ചില മാന്യന്മാരെ(മലക്കുകളെ ) അല്ലാഹു നിർത്തിയിട്ടുണ്ട്. അവർ നാം പ്രവർത്തിക്കുന്നതായ എല്ലാത്തിനെയും കുറിച്ച് അറിവുള്ളവരാണ്. നമ്മുടെ പ്രവർത്തികളെ കുറിച്ച് അവരെഴുതിവെക്കുന്നതാണ് എന്നും അല്ലാഹു നമുക്ക് താക്കീത് നൽകുകയാണ്..! നമ്മുടെ പ്രവർത്തികൾക്കുള്ള പ്രതിഫലം നൽകുക തന്നെ ചെയ്യും എന്നത് നമുക്കീ ആയത്തുകൾക്കിടയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
പ്രതിഫല ദിനത്തിന്റെ അന്തരീക്ഷം വിവരിച്ചു കൊണ്ട് നന്മ തിന്മകൾക്കുള്ള പ്രതിഫലത്തെ കുറിച്ച് അല്ലാഹു പറയുകയാണ്.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
"നിശ്ചയമായും, പുണ്യവാന്മാര് സുഖാനുഗ്രഹത്തില് തന്നെയായിരിക്കും."
പരമാധികാരനും പരമകാരുണ്യവാനുമായ അല്ലാഹു മനുഷ്യന് നൽകിയ കുറഞ്ഞ ഇച്ഛാ സ്വാതന്ത്ര്യത്തെ ശക്തമായ ഈമാനിന്റെ കടിഞ്ഞാൺ കൊണ്ട് ശരീരത്തിന്റെ ഇച്ഛകളെ നിയന്ത്രിച്ചു കൊണ്ട്., അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നന്ദിയുള്ള അടിമയായി ജീവിച്ചവർക്കുള്ള പ്രതിഫലത്തെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്.
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ .
(ദുര്മാര്ഗികളായ തോന്നിവാസികള് ജ്വലിക്കുന്ന അഗ്നിയിലും തന്നെയായിരിക്കും).കുറഞ്ഞ ഇച്ഛാ സ്വാതന്ത്ര്യം കൊണ്ട് അല്ലാഹുവിന്റെ ഉൽബോധനത്തെ അസത്യമാക്കിയവർക്കുള്ള പ്രതിഫലത്തെ കുറിച്ചാണ് അല്ലാഹു പിന്നീട് പറയുന്നത്.
ആ ദിവസം ജ്വലിക്കുന്ന നരകത്തിൽ അവർ അതിൽ കിടന്നു കരിയുന്നതാണെന്ന് അല്ലാഹു നമ്മെ ഓർമ്മപെടുത്തുകയാണ്.ഒരിക്കലും നമുക്ക് ആ ഭയാനകമായ ശിക്ഷയെ തൊട്ട് ഒഴിവായി പോകാൻ കഴിയുന്നതല്ല.
ശേഷം അല്ലാഹു നമ്മോട് ചോദിക്കുകയാണ്.
"പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്നു നിനക്കു എന്തറിയാം?!.."
വീണ്ടും അല്ലാഹു സൂറത്തുൽ ഇൻഫിത്വാറിൽ ആ ചോദ്യം ആവർത്തിക്കുകയാണ്. ഒരാൾക്കും യാതൊന്നും അധീനമാക്കാൻ കഴിയാത്ത., ആ സാഹചര്യത്തിൽ എല്ലാ അധികാരവും അല്ലാഹുവിനാകുന്നു എന്ന് അല്ലാഹു നമുക്ക് താക്കീത് നൽകി കൊണ്ട് സൂറത്തുൽ ഇൻഫിത്വറിലെ പത്തൊമ്പതാമത്തെ ആയത് പൂർണമാവുകയാണ്.
ഒരു തരത്തിലുള്ള ഇച്ഛാ ശക്തിയുമില്ലാതെ., എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാവുന്ന ഒരു ദിനത്തെ ഓർമ്മ പെടുത്തി തരുന്ന ഒരു സൂറത്താണ് ഇൻഫിത്വാർ. നാം നമ്മുടെ പരിധികളിൽ നിന്നും വഴുതിമാറുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോൾ., സൂറത്തുൽ ഇൻഫിത്വാർ, നാം നേരിടേണ്ടി വരുന്ന ഭയാനകമായ സാഹചര്യത്തെ പറ്റി നമുക്ക് ഉൽബോധനം നൽകുംന്നു.അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകാഗ്നിക്ക് പകരം മനസ്സിനും ശരീരത്തിനും കുളിർമയേകുന്ന സ്വർഗത്തെ വരവേൽക്കുന്ന മുത്തഖീങ്ങളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയും നമ്മുടെ അഹ്ലുകാരെയും ഉൾപെടുത്തട്ടെ.. ആമീൻ
പരലോകത്തു സുഖാനുഗ്രഹത്തിൽ കഴിയുന്നവരാവാൻ നമ്മുടെ ഇഹലോക ജീവിതം പാകപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ...ആമീൻ

2 Comments
Ma. Sha allah 🤍
ReplyDeleteആമീൻ
ReplyDelete