സൂറത്തുൽ ഹുജുറാത്ത്:മാനുഷിക പെരുമാറ്റ ചട്ടങ്ങൾക്കൊരു നേർരേഖ
പരിശുദ്ധ ഖുർആനിലെ നാല്പത്തി ഒൻപതാമത്തെ അദ്ധ്യായമായ സൂറത്തുൽ ഹുജുറാത്ത് മദീനയിലാണ് അവതീർണ്ണമായത്.ഹബീബായ തിരു നബി(സ്വ) തങ്ങളും അവിടുത്തെ സ്വഹാബികൾ തമ്മിലും,മറ്റു സത്യ വിശ്വാസികൾ തമ്മിലും എങ്ങനെ പെരുമാറണം എന്നിങ്ങനെ പെരുമാറ്റ മര്യാദകളെ കുറിച്ചു ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു.വെറും പതിനെട്ടു ആയത്തുകളടങ്ങിയ ഈ സൂറത്തിന്റെ തുടക്കത്തിൽ കാണും പോലെ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ.
ഹേ വിശ്വസിച്ചവരേ, അല്ലാഹുവിന്റെയും, അവന്റെ റസൂൽ (സ്വ) യുടെയും മുമ്പിൽ നിങ്ങൾ മുൻകടന്നു (ഒന്നും) പ്രവർത്തിക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു (എല്ലാം) കേൾക്കുന്നവനാണ്, അറിയുന്നവനാണ്.
'സത്യവിശ്വാസികളേ’ എന്ന അഭിസംബോധന ഇടക്കിടെ ആവർത്തിക്കുന്നതിനാൽ തന്നെ ഈ സൂറത്തിലെ മിക്ക വിഷയങ്ങളും മുസ്‌ലിം സമുദായത്തെ അഭിമുഖീകരിക്കുന്നവയാകുന്നു.
അക്കാലഘട്ടത്തിലെ അറബികള്‍ യാതൊരുവിധ സാംസ്‌കാരിക ശിക്ഷണവും ലഭിച്ചവരായിരുന്നില്ല. അതിനാൽ തന്നെ അപരിഷ്‌കൃതരായ അറബികളും, അറേബ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ ഉള്‍നാടന്‍ ഗ്രാമീണ ഗോത്രക്കാരും പ്രവാചക വസതികള്‍ക്കരികിലെത്തി അവരുടെ പരുക്കന്‍ സ്വരത്തില്‍ പ്രവാചകനെ ഉച്ചത്തില്‍ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ഒരു ദയയും കാണിക്കാതെ അദ്ദേഹത്തെ നേരില്‍ കാണാന്‍ തിടുക്കം കാണിക്കുകയും ചെയ്തിരുന്നു.ഇത്തരത്തിലുള്ള ക്ഷമകെട്ട സമീപനത്തെ തിരുത്തുകയും, സ്‌നേഹനിര്‍ഭരമായ ശൈലിയില്‍ അതിലെ സംസ്‌ക്കാര ശൂന്യതയെ ഉണര്‍ത്തുകയും ചെയ്യുന്നതാണ് ഈ സൂക്താവതരണ പശ്ചാത്തലമെങ്കിലും, സത്യവിശ്വാസികള്‍ അന്യഭവനങ്ങള്‍ സന്ദര്‍ശിക്കുകയോ സമീപിക്കുകയോ ചെയ്യുമ്പോള്‍ പൊതുവില്‍ പുലര്‍ത്തേണ്ട സാമൂഹ്യ സാംസ്‌കാരിക രീതിശാസ്ത്രബോധവും കൂടി ഈ സൂക്താശയത്തിൽ പ്രദിനിദാനം ചെയ്യുന്നുണ്ട്.
തന്റെ നേതൃത്വത്തോട് കൂറും മതിപ്പും പുലര്‍ത്തുന്നതും അച്ചടക്കത്തോടും അനുസരണയോടും, പരസ്‌പര സ്‌നേഹത്തോടുംകൂടി വര്‍ത്തിക്കുന്നതുമായിരിക്കണം ഓരോ സമൂഹവും.ഏതൊരു സമുദായത്തിന്റെയും ഭദ്രതയും പുരോഗതിയും ആ സമുദായത്തിന്റെ നേതൃത്വം വഹിക്കുന്ന നേതാവിന്റെയും ആ നേതൃത്തിൻ കീഴിൽ അണിനിരക്കുന്ന സമൂഹത്തിന്റെയും കെട്ടുറപ്പിനെയും ഗുണങ്ങളെയും സംസ്കാരങ്ങളെയും ആശ്രയിച്ചിരിക്കുമല്ലോ! നേതൃത്വം സമർത്ഥമായിരിക്കണം. സമൂഹം അതിനോട് കൂറും മതിപ്പും പുലർത്തണം.ഇത് പൊതുവായിട്ടുള്ള തത്വമാണെങ്കിൽ നബി ﷺ യോട് നമുക്കുള്ള ബാധ്യത ഇതിലും എത്രയോ വലുതാണ്.
വലിയ സൂറത്തുകളിൽ പോലും പരാമർശിക്കാത്തത്ര സ്വഭാവ പരമായ കാര്യങ്ങൾ ഈ സൂറത്തിൽ പരാമർശിക്കുന്നുണ്ട്.
സത്യവിശ്വാസികളുടെ സ്വഭാവമാണ് ഈ സൂറത്തിൻറെ പൊതുവായ ആശയം. അതിനാൽ തന്നെ ചില മഹാരഥന്മാർ ഇതിനെ 'സൂറത്തുൽ അഖ്ലാഖ്' എന്ന പേരിലും വിളിച്ചിട്ടുണ്ട്. അല്ലാഹുവുമായുള്ള ബന്ധം ചിട്ടപ്പെടുത്തുകയും അല്ലാഹുവുമായി പെരുമാറേണ്ട മര്യാദകളെ കുറിച്ചും റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോടുള്ള ബന്ധം ചിട്ടപ്പെടുത്തുകയും റസൂലുമായി പുലർത്തേണ്ട മര്യാദകളെ കുറിച്ചും അത്തരം ഇടപെടലുകളിൽ നാം ചെയ്യാൻ പറ്റാതതായ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇതിൽ പറയുന്നുണ്ട്. ഒരാളുടെ അഭാവത്തിൽ ചെയ്യാൻ പാടില്ലാത്തതായ പരദൂഷണം, ഊഹം പറയൽ പോലെയുള്ള കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോട് പെരുമാറുമ്പോൾ പാലിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പരിശുദ്ധ ഖുർആനിനെ കൂടുതൽ അറിഞ്ഞു നമ്മുടെ ജീവിതത്തിൽ അതിനെ പ്രാവർത്തികമാക്കാൻ നാഥൻ നമുക്ക് ഏവർക്കും നൽകുമാറാകട്ടെ- ആമീൻ.
Fathimath Sulthana Parveen & Salima P.സി
Noorul islam womens college, Alampady

0 Comments