സൂറത്തുൽ ഫജ്ർ:തിരിച്ചറിവുകൾക്കൊരു സുപ്രഭാതം...


അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ നിന്ന് സത്യവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്കും അനാചാരത്തിന്റെ തടവറയില്‍ നിന്ന് സംസ്കാരത്തിന്റെ മലര്‍വാടിയിലേക്കും ആനയിക്കുന്ന വിശുദ്ധ ഖുർആനിലെ 89-ആം അദ്ധ്യായമായ സൂറത്തുൽ ഫജ്ർ....

പേര് പോലെ തന്നെ അന്ധകാരത്തിന്റെ കരിമ്പടം നീക്കി വെളിച്ചത്തിന്റെ തിരി നീട്ടുന്ന സുപ്രഭാതം....

അജ്ഞതയിലും സുഖലോലുപതയിലും മുങ്ങിത്താഴുന്ന അടിമകൾക്ക് ഏകദൈവത്തിലേക്കും പരലോക വിജയത്തിലേക്കും കണ്ണും കാതും തിരിക്കാൻ പ്രകൃതിയിലെ അഞ്ചു കാര്യങ്ങൾ മുൻ നിർത്തി സത്യം ചെയ്യുകയാണ് സന്മാർഗികൾക്ക് ഉത്തമ മാർഗദർശിയായ " സൂറത്തു ഫജ്ർ"...


 പ്രഭാതം കൊണ്ട് തന്നെയാണ് ഒന്നാമത്തെ സത്യം. ഭൂമുഖത്ത്‌ നിന്ന് അന്ധകാര നിബിഢമായ ഭീകരാവസ്ഥയെ അകറ്റിക്കൊണ്ട്‌ പ്രഭാതം പൊട്ടിവിടരുകയും മരണതുല്യമായ ഗാഢ നിദ്രയിൽനിന്നു മനുഷ്യൻ ഉണരുകയും അവനൊരു നവ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.ഇത്തരമൊരു മാറ്റം വരുത്തുന്ന അല്ലാഹു മരണശേഷം വീണ്ടും മനുഷ്യനെ പുനർജ്ജനിപ്പിക്കാൻ കഴിവുള്ളവനാണെന്ന് മനസിലാക്കാൻ പ്രയാസമില്ലല്ലോ എന്നാണിത് സൂചിപ്പിക്കുന്നത്‌.


പത്ത്‌ രാത്രികളെക്കൊണ്ടാണ്‌ പിന്നീടുള്ള സത്യം.ഇവ കൊണ്ട്‌ ഉദ്ദേശ്യം മുഹറം മാസത്തിലെ ആദ്യത്തെ പത്ത്‌ ദിനങ്ങളാണെന്നും റമളാനിലെ അവസാനത്തെ പത്ത്‌ ദിനങ്ങളാണെന്നും ആ രാത്രികളുടെ സവിശേഷതകൾ ചൂണ്ടിക്കാട്ടി ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും കൂടുതൽ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടതും പ്രബലമായതും ദുൽഹിജ്ജയിലെ ആദ്യ പത്ത്‌ നാളുകളാണെന്നാണ് . ഹജ്ജ്‌ കർമ്മങ്ങളിലെ സുപ്രധാനമായ പല കർമ്മങ്ങളും നടക്കുന്ന ആ ദിനങ്ങളുടെ മഹത്വം അവിശ്വാസികളായിരുന്ന അറബികൾക്കും അറിവുള്ളതായിരുന്നു. ഇസ്‌ലാം വരുന്നതിനു മുമ്പും അവർ സമാദരണീയമായി കരുതിയിരുന്ന ആ ദിനങ്ങളെക്കൊണ്ട്‌ ആണയിട്ടു പറയുന്നത്‌ അവരുടെ ശ്രദ്ധ പ്രത്യേകമായും അല്ലാത്തവരുടേത്‌ പൊതുവിലും ക്ഷണിക്കാൻ സഹായകമാണ്‌.


      ഒറ്റയും ഇരട്ടയും കൊണ്ടാണ്‌ അടുത്ത സത്യം .ഈ ഒറ്റയും ഇരട്ടയും കൊണ്ട്‌ എന്താണ്‌ ഉദ്ദേശ്യമെന്നതിൽ ധാരാളം അഭിപ്രായങ്ങൾ കാണാം .രണ്ട്‌ കൊണ്ട്‌ ഭാഗിച്ചാൽ ശിഷ്ടം വരാത്ത സംഖ്യക്ക്‌ ഇരട്ട എന്നും അല്ലാത്തതിനു ഒറ്റ എന്നും പറയുന്നു.അപ്പോൾ ലോകത്തുള്ള എന്തും ഒന്നുകിൽ ഒറ്റ അല്ലെങ്കിൽ ഇരട്ട എന്ന് പറയാവുന്നതാണ്‌.മറ്റൊരു നിലക്ക്‌ പറഞ്ഞാൽ ലോകത്ത്‌ ഒരു തരത്തിലുള്ള ഇണയോ തുല്യതയോ സാമ്യമോ ഒന്നുമില്ലാതെ എല്ലാ നിലക്കും പരിപൂർണ്ണമായി ഒറ്റയായുള്ളത്‌ അല്ലാഹു മാത്രമാണ്‌. അവന്റെ സത്തയിലും ഗുണങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാം അവൻ ഒരു തരത്തിലും മറ്റൊന്നുമായി തുല്യത ഉള്ളവനല്ല.അതിനാൽ ഒറ്റ അല്ലാഹുവും അല്ലാത്തതെല്ലാം ഇരട്ടയും എന്ന് വന്നാൽ ഈ സത്യത്തിന്റെ വൈപുല്യം വ്യക്തമാവും.


    അഞ്ചാമത്തെ സത്യം ചരിക്കുന്ന രാത്രിയെക്കൊണ്ടാണ്‌. ചരിക്കുക എന്നത്‌ രാത്രിയുടെ വരവിനെയോ പോക്കിനെയോ രാത്രിയിലുള്ള അതിന്റെ നീക്കത്തെയോ ഉദ്ദേശിച്ചാവാം. പ്രഭാതം കൊണ്ട്‌ നേരത്തേ സത്യം ചെയ്ത സ്ഥിതിക്ക്‌ രാത്രിയുടെ പോക്ക്‌ അതിൽ നിന്ന് തന്നെ മനസിലാക്കാനാവുമെന്നതിനാൽ ഇവിടെ രാവിന്റെ പ്രാരംഭത്തെ-വരവിനെ-സൂചിപ്പിക്കുന്നത്‌ കൂടുതൽ , പ്രഭാതത്തെക്കുറിച്ചു പറഞ്ഞപോലെ രാത്രിയും ലോകത്തെ വലിയ ദൃഷ്ടാന്തം തന്നെയാണ്‌ അത്‌ ആലോചിക്കാനും അതുവഴി ഖുർആൻ പ്രബോധനം ചെയ്യുന്ന ആശയം മനസിലാക്കാനും ഇത്‌ സഹായകാമാവും.ഈ പറഞ്ഞ രാത്രി എല്ലാ രാത്രിയുമാണെന്നാണ്‌ പ്രഭല അഭിപ്രായമെങ്കിലും വലിയ പെരുന്നാൾ രാവിൽ ഹാജിമാർ മുസ്ദലിഫയിൽ ഒത്തുകൂടുന്ന ആ രാത്രിയാണ്‌ ഇവിടെ ഉദ്ദേശമെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്‌.സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് കാര്യബോധവും ബുദ്ധിയുമുള്ളവർക്ക്‌ മനസിലാക്കുവാൻ ഈ സത്യങ്ങളിൽ തീർച്ചയായും വകയുണ്ട്‌. 


ഇതിനെ തുടർന്നുള്ള ആയത്തുകളിൽ അല്ലാഹു ആദ്,ഥമൂദ്‌ ഗോത്രങ്ങളുടെ അവസ്ഥകളെ പറ്റി ചോദിക്കുകയാണ്.ആദ്‌, ഥമൂദ്‌, ഫറോവ എന്നിവരുടെയൊക്കെ ചരിത്രം സംശയത്തിനിടയില്ലാത്തവിധം അറബികൾക്കിടയിൽ സുപരിചിതമായിരുന്നു.അവരുടെ ചരിത്രം ഉണർത്തുന്നതിലൂടെ ധിക്കാരികൾക്ക്‌ അതിൽ നിന്ന് മടങ്ങാനുള്ള പ്രചോദനവും വിശ്വാസികൾക്ക്‌ ലഭ്യമായ സത്യത്തിൽ അടിയുറച്ച്‌ നിൽക്കാനുള്ള പ്രോത്സാഹനവുമാണ് ലഭിക്കുന്നത്.ധിക്കാരികൾ എത്ര തന്നെ ഉന്നതരായാലും അല്ലാഹുവിനു പ്രശ്നമല്ലെന്ന് തിരിച്ചറിയാൻ ഇവരുടെ ചരിത്രത്തിൽ നിന്നുള്ള ഗുണപാഠം തന്നെ നമുക്ക്‌ സഹായകമാണ്.അത്‌ പോലുള്ളവർ സൃഷ്ടിക്കപ്പെട്ടില്ല എന്നതിന്റെ ആശയം അവർ ആജാനബാഹുക്കളും കരുത്തന്മാരും ആയിരുന്നു എന്നാവാം.ഇത്രയും ശക്തരായിട്ടും നിമിഷനേരം കൊണ്ട്‌ അല്ലാഹു അവരെ നശിപ്പിച്ചെങ്കിൽ താരതമ്യേന ബലഹീനന്മാരായ അറബികളെ ശിക്ഷിക്കുക എന്നത്‌ അല്ലാഹുവിനു ഒരു വിഷയമേ അല്ലെന്നും അതിനാൽ നബി (സ) യോടുള്ള ധിക്കാരം അവർ സൂക്ഷിക്കണമെന്നുമാണുദ്ദേശ്യം. തുടർന്നുള്ള ആയത്തുകളിലും പ്രവാചകന്മാരെ ധിക്കരിച്ചവരെ പറ്റി തന്നെയാണ് പരാമർശം.

പിന്നെ അല്ലാഹുവിന്റെ നിരീക്ഷണത്തെ പറ്റിയാണ് പറയുന്നത്.


 إِنَّ رَبَّكَ لَبِالْمِرْصَادِ



നിശ്ചയം തങ്ങളുടെ നാഥൻ പതി സ്ഥാനത്ത്‌ (വീക്ഷിച്ചുകൊണ്ടിരിക്കുക) തന്നെയാണ്‌.


വേട്ട ജന്തുക്കളെ പിടികൂടാനും മറ്റുമായി പതിയിരിക്കുന്ന സ്ഥലത്തിനാണ്‌ مرصاد എന്ന് പറയുക. ഇവിടെ അതിന്റെ വിവക്ഷ കുറ്റവാളികളെ അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും തക്ക സമയത്ത്‌ അവരെ പിടിക്കുക തന്നെ ചെയ്യുമെന്നും ഉണർത്താനാണ്‌.അവന്റെ നിയന്ത്രണത്തിൽ നിന്ന് മാറി തെറ്റ്‌ ചെയ്യാൻ സാധ്യമല്ലെന്ന് വരുമ്പോൾ തെറ്റിൽ നിന്ന് മാറി അച്ചടക്കമുള്ളൊരു ദാസനായി ജീവിക്കാൻ മനുഷ്യൻ ശ്രമിച്ചേ മതിയാവൂ. അല്ലാഹു നമുക്കെല്ലാം അതിനു സൗഭാഗ്യം നൽകട്ടെ ആമീൻ...


മനുഷ്യരിൽ പൊതുവെ കാണുന്ന ഒരു സ്വഭാവത്തെ കുറിച്ചാണ് പിന്നീട് പ്രതിപാദിക്കുന്നത്.സമൃദ്ധിയും സന്തോഷവും ലഭിച്ചാൽ അത്‌ തനിക്ക്‌ അല്ലാഹു തന്ന അംഗീകാരവും ആദരവുമാണെന്ന് ധരിക്കുകയും വിഷമവും ദാരിദ്ര്യവുമാണ്‌ ലഭിക്കുന്നതെങ്കിൽ അല്ലാഹു എന്നെ അപമാനിച്ചു എന്ന് പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ ഭൗതിക ജീവിതത്തിൽ ലഭിക്കുന്ന സുഖങ്ങളാവട്ടെ ദുരിതങ്ങളാവട്ടെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമല്ല. അത് കൊണ്ട് തന്നെ ഇത് ശരിയായ നിലപാടല്ലെന്നു അള്ളാഹു ഉണർത്തുകയാണ്‌.അല്ലാഹുവിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ്‌ ഈ സൂക്തം. അതായത്‌ മനുഷ്യൻ പരലോക രക്ഷക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന് അല്ലാഹു നിരീക്ഷിക്കുന്നു.പക്ഷെ അവന്റെ ചിന്ത മുഴുവനും ഭൂമിയിലെ സുഖങ്ങളിലായിപ്പോകുന്നു ഇവിടെ സുഖം കിട്ടിയാൽ അവൻ സന്തോഷിക്കുകയും കിട്ടിയില്ലെങ്കിൽ വ്യസനിക്കുകയും ചെയ്യുന്നു.


ഈയൊരു സൂക്തത്തിന് അടിവരയിട്ടു കൊണ്ടാണ് അടുത്ത സൂക്തവും അവതരിക്കുന്നത്..

നന്മയിൽ നന്ദി രേഖപ്പെടുത്തുകയും തിന്മയിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നില്ലെന്നു മാത്രമല്ല അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ ശ്രദ്ധിക്കുന്നുമില്ല. ഏതെങ്കിലും വിധേന സ്വത്ത്‌ വാരിക്കൂട്ടാനും ധനത്തോട്‌ അമിതമോഹം കാണിക്കാനും അവർ വ്യഗ്രത കാണിക്കുന്നു എന്ന് അല്ലാഹു ഇവിടെ പ്രയോഗിച്ചത്‌ ചിന്തനീയമാണ്‌. അതെ, അഗതികളെയും അനാഥകളെയും അശരണരെയും പരിഗണിക്കാത്തവരുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കും എന്ന് ഇവിടെ നിന്നും വ്യക്തമാകുന്നു .


   പിന്നീട് കടന്നുവരുന്ന സൂക്തങ്ങൾ 

ഭൂമി പൊടി പൊടിയാക്കപ്പെടുന്ന ഖിയാമത്ത്‌ നാളിനെ സംബന്ധിച്ചാണ്.സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ മുന്നിൽ ഒരു അഭിഭാഷകന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ വിചാരണ ചെയ്യപ്പെടുന്ന ആ ഘട്ടത്തെ കുറിച്ച്.ഭൂമിയിലെ പ്രവർത്തനത്തിന്റെ ഫലം നേരിൽ കാണുമ്പോൾ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ദുർമാർഗികൾ കൊതിക്കുന്ന സമയം!!!"ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവനാണ്‌ "എന്ന നബി വചനം ശ്രദ്ധേയമത്രെ!പിന്നീട് അള്ളാഹുവിന്റെ ജന്നത്തിലേക്ക് പ്രവേശിപ്പിക്കുന്ന ആളുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.


സൃഷ്ടിച്ചു സംരക്ഷിക്കുന്ന നാഥനിൽ വിശ്വസിച്ചും അവന്റെ മഹത്വം അംഗീകരിച്ചും അവനെ മാത്രം ആരാധിച്ചും അവന്റെ വിധിവിലക്കുകൾ പാലിച്ചും നിയമ നിർദ്ദേശങ്ങൾ നടപ്പാക്കിയും സന്തോഷത്തിൽ നന്ദി രേഖപ്പെടുത്തിയും വിഷമങ്ങളിൽ ക്ഷമിച്ചും സദാ സമയവും അല്ലാഹുവിനെ സ്മരിച്ചും കഴിഞ്ഞു കൂടുന്നവരെത്ര സമാധാനമടഞ്ഞ ആത്മാക്കൾ എന്ന് പറഞ്ഞു കൊണ്ട് ഈ 89-ആം അദ്ധ്യായം ഇവിടെ അവസാനിക്കുകയാണ്.


ചിന്തകൾ മുറുകും തോറും ആഴങ്ങളിലേക്ക് ഊളിയിടാമെങ്കിലും വിശുദ്ധ ഖുർആനിലെ ഏതൊരു സൂറത്തിന്റെയും അടിത്തട്ട് കാണുക അസാധ്യമാണ്. അത്രയും ആഴവും പരപ്പുമുള്ളതാണ് ഒരോ സൂറത്തും...


Shifa Sulthana M

Ansila CP


VMHM Wafiyya College,Mukkam