സൂറത്തു ഖ്വാഫ് : പുനരുത്ഥാനം ദൈവികമോ...?


അത്ഭുതങ്ങളുടെ കലവറയായ പരിശുദ്ധ ഖുർആൻ അതിലുപരി മാനവർക്ക് ഉത്തമ വഴികാട്ടിയാണ്.ആദിമകാലം മുതൽ അന്ത്യനാൾ വരെ ലോകത്ത് സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളെ കുറിച്ചും 114 അദ്ധ്യായങ്ങളിലായി ഖുർആനിൽ പരാമർശിക്കപ്പെടുന്നു.പുണ്യ റസൂലിന്റെ ഏറ്റവും വലിയ മുഅ്ജിസത്താണ് ഖുർആൻ.നബി (സ)യുടെ പ്രവാചകത്വത്തെയും,മരണാനന്തര ജീവിതത്തെയും, നിഷേധിക്കപ്പെടുന്ന അവിശ്വാസികൾക്ക് അത് അസംഭവ്യമായ ഒരു കാര്യമല്ലെന്നാണ് സൂറത്തു ഖ്വാഫിലൂടെ വ്യക്തമാക്കുന്നത്. മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യസമൂഹത്തെ പുനരുത്ഥാനം ചെയ്യൽ ഒട്ടും പ്രയാസമില്ലെന്നും ഈ അദ്ധ്യായത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു.


ഖുർആനിനാൽ സത്യം ചെയ്തു കൊണ്ടാണ് ഈ സൂറത്ത് ആരംഭിക്കുന്നത്.45 സൂക്തങ്ങളുള്ള അമ്പതാമത്തെ അദ്ധ്യായമായ സൂറത്ത് ഖ്വാഫ് ഹിജ്റയുടെ മുമ്പ് അവതീർണ്ണമായ മക്കീ സൂറത്തുകളിലാണ് ഉൾപ്പെടുന്നത്.സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ഒരു അദ്ധ്യായം കൂടിയാണ് സൂറത്തു ഖ്വാഫ്.നിരവധി മഹാത്മ്യങ്ങൾ നൽകപ്പെടുന്ന ഈ സൂറത്തിനെ നബി (സ) രണ്ട് പെരുന്നാൾ നിസ്കാരത്തിലും പാരായണം ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.വെള്ളിയാഴ്ച ഒന്നാം ഖുത്വുബയിൽ ഓതപ്പെടുന്ന സൂക്തം സൂറത്തു ഖ്വാഫിൽ നിന്നായിരിക്കൽ പ്രത്യേകം സുന്നത്താണ് (ഹാശിയത്തുസ്വാവി: 4/110).സുബ്ഹി നിസ്കാരത്തിലും നബി (സ) സൂറത്തു ഖ്വാഫ് പാരായണം ചെയ്യാറുണ്ടായിരുന്നു.ഇതിലൂടെയെല്ലാം ഇതിന്റെ മഹത്വം നമുക്ക് ഗ്രഹിച്ചെടുക്കാം.


സൃഷ്ടിയുടെ തുടക്കം,മരണം, മരണാനന്തരജീവിതം, സ്വർഗ്ഗനരകങ്ങൾ,വിചാരണ, തുടങ്ങിയവയെ സംബന്ധിച്ചാണ് ഈ സൂറത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത്.മനുഷ്യഹൃദയങ്ങളിൽ ഭയഭക്തി ഉളവാക്കുവാനും ചിന്തിക്കുന്നവർക്ക് ചിന്തിച്ചറിയുവാനും ഈ മഹത്തായ സൂറത്ത് സഹായകമാകുന്നു.


أفلم ينظروا إلى السّماء فوقهم كيف بنينٰها وزينّٰها وما لها من فروج.


(എന്നാൽ, തങ്ങളുടെ മീതെ ആകാശത്തേക്ക് അവർ നോക്കുന്നില്ലേ,എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും അതിനെ അലങ്കരിച്ചിരിക്കുന്നതെന്നും...യാതൊരു വിടവുകളും അതിന് ഇല്ലതാനും). നിത്യജീവിതത്തിൽ മനുഷ്യൻ അനുഭവിച്ചറിഞ്ഞ സത്യങ്ങളെല്ലാം അവൻ്റെ മുമ്പിൽ വരച്ചുകാട്ടി കൊണ്ട് അവയെല്ലാം പുനർജീവിതത്തിനും തൗഹീദിനും തെളിവാണെന്നും കറുത്തിരുണ്ട ഹൃദയങ്ങൾക്ക് ഗ്രഹിച്ചെടുക്കാൻ മതിയായവയാണെന്നും ഇതിലൂടെ ഉണർത്തുന്നു.


ഈ അദ്ധ്യായം സത്യനിഷേധികളോടുള്ള മുന്നറിയിപ്പു കൂടിയാണ്.അവരിൽ നിന്ന് തന്നെ മുന്നറിയിപ്പുമായി പ്രവാചകൻ വന്നപ്പോൾ അവർ വിശ്വസിക്കാൻ തയ്യാറാകാത്തതിനെ അല്ലാഹു ഇതിൽ ഉണർത്തുന്നു.ഇവരെ പോലെയായിരുന്നു നൂഹ് (അ) ന്റെ ജനതയും,റസ്സുകാരും,ആദ് സമുദായവും, ഫിർഔനും,ലൂത്വിന്റെ സഹോദരങ്ങളുമെല്ലാം എന്ന് വിശദീകരിക്കുകയും ചെയ്തു കൊണ്ടാണ് സത്യനിഷേധികൾക്ക് മുന്നറിയിപ്പ് നൽകുന്നത്.അവരുടെ പ്രവർത്തനങ്ങളെല്ലാം തന്നെ ഇടത് നിന്നും വലത് നിന്നും നിരീക്ഷിക്കുകയും കുറിച്ച് വെക്കുകയും ചെയ്യുന്നുണ്ടെന്നും അള്ളാഹു അവരിലേക്ക് നാഡിയേക്കാൾ അടുത്തവനാണെന്നുള്ള വസ്തുതയും ഇതിലൂടെ വ്യക്തമാകുന്നു.


وأزلفت الجنّة المتّقين غير بعيد.


സൂക്ഷ്മത പാലിക്കുന്നവർക്ക് സ്വർഗ്ഗം അകലത്തല്ലാത്ത വിധം വളരെ സമീപത്ത് കൊണ്ടുവരപ്പെടുന്നതാണ്.മരണത്തിനു ശേഷം വീണ്ടുമൊരു ജീവിതമുണ്ടെന്ന് മനസ്സിലാക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്തവർക്ക് അള്ളാഹു അവന്റെ സ്വർഗ്ഗം ഔദാര്യമായി നൽകുന്നതാണ്.അല്ലാഹുവിനെ വഴിപ്പെട്ട് ജീവിച്ച് അവന്റെ പ്രീതി കരസ്ഥമാക്കിയവർക്ക് അല്ലാഹു സ്വർഗ്ഗത്തിലേക്കുള്ള വഴി തുറന്നു കൊടുത്തു കൊണ്ടിരിക്കും.


മരണം ഒരിക്കലും ഒടുക്കമല്ലെന്നും എല്ലാത്തിന്റെയും തുടക്കമാണെന്നും അവരെ ഓർമിപ്പിക്കുമ്പോൾ അവർ അതിനെ നിഷേധിക്കുന്നു.എന്നാൽ നിർജീവമായ ഭൂമിയിൽ നിന്ന് കൗതുകകരമായ സസ്യങ്ങളെ മുളപ്പിച്ച അള്ളാഹുവിന് മരണത്തിനുശേഷം പുനർജീവിപ്പിക്കൽ നിഷ്പ്രയാസമാണ് എന്ന വസ്തുതയും ഖ്വാഫിലൂടെ തെളിയിക്കുന്നു.ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ! തൻ്റെ ചുറ്റും കണ്ണോടിച്ചാൽ വിടവില്ലാത്ത ആകാശത്തെയും സമ്പൽസമൃദ്ധമായ ഭൂമിയെയും സത്യത്തിലേക്ക് മടങ്ങുന്ന ദാസന് അനുസ്മരിക്കാൻ കഴിയുന്നതാണ്.എന്നാൽ അല്ലാഹു പറയുന്നു: മരണവെപ്രാളം യാഥാർത്ഥ്യം കൊണ്ടുവരുന്നതാണ്.


ശേഷം അല്ലാഹു ഖ്വാഫി ലൂടെ സത്യനിഷേധിയുടെ മരണാനന്തര ജീവിതത്തെ പരാമർശിക്കുന്നു. അവരിൽ മറക്കപ്പെട്ട മൂടുപടത്തെ അള്ളാഹു നീക്കം ചെയ്യുകയും ശേഷം യാഥാർത്ഥ്യം അവർ ഉൾക്കൊള്ളുകയും ചെയ്യും.എന്നാൽ അന്ന് അവർ രേഖകൾ കയ്യിലേൽപ്പിക്കപ്പെട്ട പരാജിതർ മാത്രമാവും.അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുകയും അവൻ്റെ വാഗ്ദാനത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വിജയികളിൽ നമ്മെ ഉൾപ്പെടുത്തട്ടെ .... ആമീൻ.


Irfana Ahammed &

Fathimath Rafna A.k


Vadinoor Islamic and Arts College For Girls, Vanimel.