സൂറത്തു സൽസല:അന്ത്യനാളിലെ ഭൂമിയുടെ വർത്തമാനങ്ങൾ


عن علي بن أبي طالب رضي اللَّه عنه قال ، قال رسول الله صلى الله عليه وسلم:

      "من قرأ إذا زلزلت أربع مرات كان كمن قرأ القرآن كله"



ലോകത്തിനു വെളിച്ചം

 കാണിച്ചു കൊടുക്കാനും മനുഷ്യസമൂഹത്തെ വിജയത്തിൻ്റെയും  മോക്ഷത്തിൻ്റെയും മാർഗത്തിലേക്ക്  നയിക്കാനും വേണ്ടി ഇറക്കപ്പെട്ട അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിലെ ഏവർക്കും ഏറ്റവും സുപരിചിതമായ ഭാഗത്തിലൂടെയാണ് "വചനപ്പൊരുൾ" കടന്നു പോവുന്നത് .

ഖുർആനിലെ അധ്യായ സംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗവും ഉൾക്കൊള്ളുന്ന മുപ്പതാം ജുസ്ഇൽ 8 ആയത്തുകളും 36 കലിമതുകളും 156 ഹർഫുകളും അടങ്ങിയ ഒട്ടനവധി അർത്ഥ തലങ്ങളിലേക്ക് മനുഷ്യകുലത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന 99 ത്തെ അധ്യായമാണ് سورة الزلزلة. നിത്യ ജീവിതത്തിൽ നമ്മൾ പലപ്പോഴായി പാരായണം ചെയ്യുന്ന ചെറിയ അധ്യായങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ട ഈ സൂറത്ത് മദീനയിലാണ് അവതീർണമായത് . ഖിയാമത് നാളാണ് സൂറത്തിന്റെ വിവക്ഷ. ഇതിന് തൊട്ടുമുമ്പുള്ള അധ്യായമായ سورة البينة യുടെ  അവസാനത്തിൽ,  സത്യവിശ്വാസവും സൽപ്രവർത്തനങ്ങളും ചെയ്തിരുന്നവർക്ക് പ്രതിഫലം ഉണ്ടാകും എന്നാണല്ലോ പറഞ്ഞിരുന്നത്. സ്വാഭാവികമായും ഏതൊരു സത്യവിശ്വാസിക്കും ജിജ്ഞാസ ഉണ്ടാക്കുന്ന കാര്യമാണ് 'എപ്പോഴാണത് സംഭവിക്കുക' എന്നത്. അതിൻ്റ ഉത്തരമാണ് سورة الزلزلة. 


       സൂർ എന്ന കാഹളത്തിലെ ഒന്നാമത്തെ ഊത്ത് നടക്കുമ്പോൾ ഉണ്ടാവുന്ന പ്രകമ്പനമാണ് ഒന്നാം ആയത്തായ إذا زلزلت الأرض زلزالها എന്നതിലൂടെ الله നമ്മെ ഉണർത്തുന്നത്. ഭൂമി അതിശക്തമായി പ്രകമ്പനം കൊള്ളുന്നതിലൂടെ ലോകത്തിൻ്റെ സർവ്വ നാശവും സംഭവിക്കും .ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെടുകയും മലകൾ തകർക്കപ്പെടുകയും അങ്ങനെ അവ വിതറപ്പെട്ട  ധൂളികളാവുകയും ലോകം നാശത്തിലേക്ക് മുഖം കുത്തി വീഴുകയും ചെയ്യുന്ന രംഗത്തെ പറ്റിയാണ് ആയത്ത് വിശദമാക്കുന്നത് .

ഭൂമി പ്രകമ്പനം കൊള്ളിക്കുക മാത്രമല്ല , തൻ്റെ ഉള്ളിലുള്ള ഭാരങ്ങളെ മുഴുവൻ പുറംതള്ളുകയും പരിഭ്രാന്തനായി മനുഷ്യൻ ഇതിനു എന്തു പറ്റിയെന്ന് ചോദിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചാണ് തുടർന്നുള്ള ആയത്തുകളിൽ വ്യക്തമാക്കുന്നത്.      

      ഭൂമിക്കുള്ളിൽ കിടക്കുന്ന വിലമതിക്കുന്ന സ്വർണ്ണഖനികളും മറ്റു നിധികളും മറമാടപ്പെട്ടിരുന്ന മനുഷ്യരുമുൾപ്പെടെ അതിനകത്തുള്ളവയെ എല്ലാം ഭൂമി പുറത്തുകൊണ്ടുവരുന്ന കാലമാണ് ഖിയാമത് നാൾ. സൂറിലെ രണ്ടാമത്തെ ഊത്തിലൂടെയാണ് ഇത് സംഭവിക്കുക . അന്നത്തെ ഭീകരാവസ്ഥ കണ്ട് പരിഭ്രമിച്ച് ഓരോ വ്യക്തിയും 'ഭൂമിക്ക് എന്ത് സംഭവിച്ചു' എന്ന് പരസ്പരം ചോദിച്ച് ഭയവിഹ്വലരായി കഴിഞ്ഞ്കൂടും. മനുഷ്യരുടെ ആധികൾക്ക് മറുപടിയായി ഭൂമി തന്നെ അവരോട് സംസാരിക്കും എന്ന് يومئذ تحدث أخبارها എന്ന ആയത്തിലൂടെ الله  വ്യക്തമാക്കുന്നു . അല്ലാഹു ബോധനം നൽകിയത് നിമിത്തം ഭൂമി തൻ്റെ  വൃത്താന്തങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങും. ഭൂമിക്ക് എങ്ങനെ സംസാരിക്കാൻ സാധിക്കും എന്ന് നാം സംശയിക്കേണ്ടതില്ല . കാരണം , അല്ലാഹു അതിന് قادر ആണെന്ന് പലയിടങ്ങളിലും ഖുർആൻ ഉണർത്തുന്നുണ്ടല്ലോ.  ഭൂമി തൻ്റെ മുകളിൽവെച്ച് നന്മ ചെയ്തവർക്ക് നന്ദി രേഖപ്പെടുത്തുകയും തിന്മ ചെയ്തവരെ കുറിച്ച് അന്നേദിവസം പരാതി പറയുകയും ചെയ്യുന്നതാണ്.


ഈ സൂക്തം ഓതിക്കൊണ്ട് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഒരിക്കൽ തൻ്റെ സ്വഹാബികളോട് ചോദിച്ചു :  എന്താണ് ഭൂമിയുടെ വൃത്താന്തങ്ങൾ എന്ന് നിങ്ങൾക്കറിയുമോ?  അവർ പറഞ്ഞു :  അല്ലാഹുവിനും റസൂലിനും അറിയാം . നബി തങ്ങൾ മറുപടി നൽകി : ഓരോ വ്യക്തിയും ഇന്ന ദിവസം ഇന്ന പ്രവർത്തി ചെയ്തിരുന്നു എന്ന് അത് വെളിപ്പെടുത്തുന്നതാണ്. അതാണ് ഭൂമിയുടെ  വൃത്താന്തങ്ങൾ.

       അലി റളിയള്ളാഹു അൻഹു പൊതുമുതൽ ശേഖരിച്ച് അത് വിതരണം ചെയ്തു കഴിഞ്ഞാൽ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിച്ചു പറയും : "ഭൂമിയെ,  സത്യ സമേതം നിന്നെ ഞാൻ നിറച്ചു ... സത്യ സമേതം തന്നെ ഞാൻ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു എന്ന് നീ സാക്ഷിയാവണം" . ഭൂമുഖത്ത് വെച്ച് യാതൊരു ശ്രദ്ധയുമില്ലാതെ നിരന്തരം തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് സ്വകാര്യമായി സഞ്ചരിക്കുമ്പോൾ , ഭൂമി ഒരു നാൾ ഇതെല്ലാം പുറത്ത് വിട്ട് നമ്മെ വഷളാക്കുന്ന ദിനം ഉണ്ടാവുമെന്ന ഓർമ ഓരോരുത്തരിലും ഉണ്ടായിരിക്കട്ടെ എന്ന വലിയൊരു സന്ദേശമാണ് ഈ സൂക്തം നമുക്ക് നൽകുന്നത് .


ഇമാം റാസി റളിയള്ളാഹു അൻഹു പറയുന്നു :  "അന്നേദിവസം തങ്ങളുടെ പ്രവർത്തന ഫലങ്ങൾ കാട്ടി കൊടുക്കുവാനായി മനുഷ്യർ വിഭിന്ന സംഘങ്ങളായി രംഗത്ത് വരുന്നതായിരിക്കും." സർവ്വമനുഷ്യരും ഖബറുകളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മഹ്ശറയിലേക്ക് കൂട്ടം കൂട്ടമായി തങ്ങളുടെ കർമ്മങ്ങൾ പ്രദർശിപ്പിക്കപ്പെടാൻ വേണ്ടി പുറപ്പെടുമെന്നാണ് ശേഷമുള്ള ആയത്തിൽ പറയുന്നത്.  ചിലർ ഭംഗിയുള്ള വസ്ത്രത്തിലായി പ്രസന്ന മുഖത്തോടെ വാഹനപ്പുറത്ത് മഹ്ശറയിലേക്ക് വരും, അദ്ദേഹത്തിൻ്റെ മുന്നിൽ ഒരാൾ 'ഇത് അല്ലാഹുവിൻറെ ഇഷ്ട ദാസൻ' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കും.  മറ്റുചിലർ കറുത്ത മുഖവുമായി ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മഹ്ശറയിലേക്ക് മുന്നിടും. മുന്നിൽ ഒരാൾ 'ഇവൻ അല്ലാഹുവിൻറെ ശത്രുവാണെന്ന്' വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.  ഇതാണ് "أشتاتا" (വ്യത്യസ്ത സംഘങ്ങളായി) എന്ന പദത്തിന്റെ താല്പര്യം .


ഏറെ ചിന്തിക്കേണ്ട രണ്ട് ആയത്തുകളിലൂടെയാണ് സൂറത്തിന്റെ സമാപ്തി. 

"فمن يعمل مثقال ذرة خيراً يره

ومن يعمل مثقال ذرة شرا يره"

 അപ്പോൾ ഒരു അണുമണിത്തൂക്കം നന്മ ആര് അനുവർത്തിച്ചിരുന്നുവോ അതവൻ കാണും . ഒരു അണുവിൻ്റെ തൂക്കം തിൻമ ആര് ചെയ്തിരുന്നുവോ അത് അവനും കാണുന്നതാകുന്നു.

മുഖാതിൽ  റളിയള്ളാഹു അൻഹു പറയുന്നു : ഈ ആയത്ത് രണ്ട് വ്യക്തികളുടെ വിഷയത്തിൽ ഇറങ്ങിയതാണ്. ഒരാൾ 'ആരെങ്കിലും വല്ലതും ചോദിച്ചാൽ ഒരു കാരക്കയോ മറ്റോ കൊടുക്കുന്നത് നിസ്സാരമായി കണ്ട് 'ഇത് കൊടുത്തിട്ട് എന്ത് കാര്യം' എന്ന രൂപത്തിൽ സംസാരിച്ചവനാണ്. മറ്റൊരാൾ 'ചെറിയ തെറ്റുകൾ കൊണ്ടൊന്നും നാം ശിക്ഷിക്കപ്പെടില്ല ,ചെറിയ തെറ്റുകളൊന്നും പ്രശ്നം ആക്കേണ്ടതില്ല' എന്ന് പറഞ്ഞവനും ആണ് . അപ്പോൾ ഇറങ്ങിയ ഈ ആയത്തിൽ നന്മ എത്ര ചെറുതാണെങ്കിലും ചെയ്യണമെന്നും തിന്മ എത്ര ചെറുതാണെന്ന് തോന്നിയാലും അത് ഒഴിവാക്കണമെന്നും  അല്ലാഹു ഉണർത്തുന്നു. കാരണം നന്മ ചെറുതാണെങ്കിലും പലതവണ ആവർത്തിക്കുമ്പോൾ നന്മകൾ കുന്നുകൂടും . ചെറിയ തിന്മയാണെങ്കിലും പലതവണ ചെയ്യുമ്പോൾ അത് കുറെ ഉണ്ടാവും . അതിനാൽ ചെറിയ താണെങ്കിലും നന്മ ഉപേക്ഷിക്കരുത്. തിന്മ ചെറുതാണെന്ന് തോന്നിയാലും ചെയ്യരുത് . "നന്മയിൽ നിന്ന് ഒന്നിനെയും നിസ്സാരമാക്കരുത്" എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞ ഹദീസ് ഇവിടെ നാം ഓർക്കേണ്ടതാണ് . 


പ്രസന്ന മുഖത്തോടെയും കറുത്ത മുഖത്തോടെയും വാഹനപ്പുറത്ത് മുഖം കുത്തി നടന്ന് പലതരത്തിലായി ജനങ്ങൾ മഹ്ശറയിലേക്ക് വന്ന് വിചാരണയെ നേരിടുന്ന ദൃശ്യങ്ങളാണിവിടെ സൂചിപ്പിക്കുന്നത് . ജീവിതത്തിൽ ചെയ്തുകൂട്ടിയ ഓരോരോ പ്രവർത്തനങ്ങളുടെയും പ്രതിഫലം അതിസൂക്ഷ്മമായ കണക്ക് പരിശോധനയിലൂടെയും നീതി നിഷ്ഠമായ വിധിയിലൂടെയും കാണിച്ച് കൊടുക്കാനാണ് ഈ രംഗ പ്രവേശനം.

ഒരു അണുവോളം ആണെങ്കിൽ പോലും കാണിക്കപ്പെടുന്ന അന്നേ ദിനം ഓരോരുത്തരും അവനവനെ സ്വയം ആക്ഷേപിക്കും . നന്മ ചെയ്തവൻ 'എന്തുകൊണ്ട് താൻ നന്മ വർദ്ധിപ്പിച്ചില്ലെന്നും' തിന്മ ചെയ്തവൻ 'എന്തുകൊണ്ട് തെറ്റുകളിൽ നിന്ന് താൻ പിന്തിരിഞ്ഞില്ല' എന്നും പറഞ്ഞായിരിക്കും ആക്ഷേപം എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞിട്ടുണ്ട്. 


 ഈ സൂറത്തിന് വലിയ മഹത്വമുണ്ട് . അനസ് റളിയല്ലാഹു അൻഹു നിവേദനം ചെയ്ത ഹദീസിൽ കാണാം . 

قال رسول الله صلى الله عليه وسلم: من قرأ إذا زلزلت عدلت له بنصف القرآن

ആരെങ്കിലും സൂറത്ത് സൽസല ഓതിയാൽ അത് ഖുർആനിൻറെ പകുതിയോട് കിടപിടിക്കുന്നതാണ്.  ചുരുക്കത്തിൽ زلزلة അഥവാ زلزال ( ഭൂമി കുലുക്കം, പ്രകമ്പനം) എന്ന നാമത്തിൽ അവതരിച്ച سورة الزلزلة ഖിയാമത്ത് നാളിനെയും പുനരുഥാനത്തിൻ്റെ വിഹ്വലതകളെ കുറിച്ചുമാണ് പ്രധാന ഊന്നൽ നൽകുന്നത്

 നന്മ ചെയ്യാനുള്ള ഉൽബോധനവും തിന്മക്കെതിരായ മുന്നറിയിപ്പുമെല്ലാം ചുരുങ്ങിയ വാക്കുകളിലൂടെ , എന്നാൽ വലിയ ആശയ അർത്ഥ  തലങ്ങളിലൂടെ ഹൃസ്വമായ ഈ സൂറത്തിൽ അള്ളാഹു ഉൾക്കൊള്ളിക്കുന്നു . 


ഖുർആനിനെ കേവലമൊരു യാന്ത്രികമായ പാരായണം എന്നതിൽ മാത്രം ഒതുക്കി തീർക്കുന്ന നാം ഒന്ന് കണ്ണ് തുറക്കേണ്ടതുണ്ട്. ഖുർആനിലെ ഓരോ ആയത്തിൻ്റെയും ചിന്താതീതമായ ആശയങ്ങൾ ഉൾക്കൊണ്ട് മനസ്സിലാക്കാനും അത് മൂലം പാരത്രിക വിജയം കൈവരിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ . آمين


Maimoona Thasleema zahraviyya

Grace valley Wafiyya college